തിളയ്ക്കുന്ന ഭൂമി (Global Boiling)
‘ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്’ എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു തീക്ഷ്‌ണപ്രതിഭാസങ്ങളും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ‘തിളയ്ക്കുന്ന ഭൂമി’ (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ആഡംബരമല്ലെന്നും മറിച്ച്, അടിയന്തരമായി അനുവർത്തിക്കേണ്ട അവശ്യ നടപടിക്രമങ്ങളാണെന്നും ഓർമ്മപെടുത്തുന്നവയാണ് അന്തരീക്ഷതാപനത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിദ്രുതവ്യതിയാനങ്ങൾ.
രൂക്ഷമാകുന്ന കാലാവസ്ഥാ പ്രതിസന്ധികൾ
2023 ജനവരിയിൽ അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ട കൊടുംശൈത്യം, കാലിഫോർണിയ, ബ്രസീൽ, ചൈന, ദക്ഷിണകൊറിയ, എന്നിവിടങ്ങളിലെ പ്രളയം, യൂറോപ്പിലെയും അമേരിക്കയിലെയും അസാധാരണ തീക്ഷ്ണതയാർന്ന ഉഷ്‌ണതരംഗം, കാനഡ, ഹവായ്, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിൽ ആഞ്ഞടിച്ച ഫ്രെഡ്‌ഡി ചുഴലിക്കാറ്റ്, മ്യാൻമറിൽ വീശിയടിച്ച മോച്ച ചുഴലിക്കാറ്റ്, ഫ്ലോറിഡയിൽ ആഞ്ഞുവീശിയ ഇഡാലിയ ചുഴലിക്കാറ്റ് ഗ്രീസ്, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ കനത്തനാശം വിതച്ച ഡാനിയേൽ ചുഴലിക്കാറ്റ്, ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ മേഖലയിലുണ്ടായ മിന്നൽപ്രളയം തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾമാത്രം. ഭൂമിയിലെ പല പ്രദേശങ്ങളിലും അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുകയാണ്. 50ഡിഗ്രി സെന്റിഗ്രേഡ് താപനിലപോലും ആരെയും അത്ഭുതപ്പെടുത്തുന്നില്ല. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങളുടെ അധികമായ പുറന്തള്ളലാണ് കാലാവസ്ഥാപ്രതിസന്ധികൾ രൂക്ഷമാകുന്നതിന് പ്രധാന കാരണം. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തെ പൊതിഞ്ഞു നിലകൊള്ളുന്ന ഒരു പുതപ്പെന്നതുപോലെ ഭൂമിയിൽ ചൂടേറ്റുന്നു. ‘ഹരിതഗൃഹപ്രഭാവം’ എന്നറിയപ്പെടുന്ന ഈ സ്ഥിതിവിശേഷമാണ് ഭൂമിയിൽ ആവശ്യമായ താപനില നിലനിർത്തുന്നത്. എന്നാൽ, അധികരിച്ചതോതിൽ ഹരിതഗൃഹവാതകങ്ങൾ ഉത്സർജ്ജനം ചെയ്യുന്നതുമൂലം അന്തരീക്ഷം ക്രമാതീതമായി ചൂടാവുന്നു. ഈ അവസ്ഥയാണ് വടക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മിക്കവാറുമിടങ്ങളിൽ വേനൽ രൂക്ഷവും അസഹനീയവുമാകുന്നതിന് കാരണമായത്. ആർട്ടിക്/അന്റാർടിക് മേഖലകളുടെ സവിശേഷതയെന്നത് ആ ഇടങ്ങളിലെ കനത്ത ഹിമനിക്ഷേപമാണ്. ഈ ഹിമനിക്ഷേപമാകട്ടെ താപനാധിക്യംമൂലം ഉരുകിയൊലിച്ച് കുറഞ്ഞുകൊ ണ്ടിരിക്കുകയുമാണ്. ഇത്തരം അവസ്ഥകളൊന്നും അപ്രതീക്ഷിതമോ അസംഭാവ്യമോ അല്ല. ശാസ്ത്രം നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളെയും മുന്നറിയിപ്പുകളെയും സാധൂകരിക്കുകയാണ് യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. എന്നാൽ പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ അതിവേഗത്തിൽ സംഭവിക്കുന്നുവെന്നതാണ് ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിക്കുന്നത്.
സമൂഹം ഇനിയും കാലാവസ്ഥാവ്യതിയാനത്തെ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊണ്ടിട്ടില്ല. സമുദ്രനിരപ്പ് ഉയർന്നാൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ഇപ്പോഴും അവബോധമില്ല. വർധിച്ച തീക്ഷ്ണതയിലും ആവൃത്തിയിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്‌ണതരംഗങ്ങളെപ്പറ്റിയും ജനങ്ങൾ അത്രയൊന്നും ഉൽക്കണ്ഠാഭരിതരല്ല. വരൾച്ചയും വെള്ളപ്പൊക്കവും പിടിമുറുക്കുമ്പോൾ അവയിൽ നിന്നുള്ള മഹാദുരിതങ്ങളാൽ വലയുന്നവർപോലും അവ അവസാനിക്കുമ്പോൾ എല്ലാം പാടേ മറക്കുന്നു. താപനനിയന്ത്രണ പ്രക്രിയകളിൽ കർശനമായ നിയമനിബന്ധനകൾ പ്രസക്തമാവുന്നത് അതിനാലാണ്.
2023 ജൂലൈയിൽ അനുഭവപ്പെട്ട ആഗോള ശരാശരി താപനില ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും ഉയർന്ന താപനിലയാണെന്ന് വിലയിരുത്തപ്പെടുന്നു. 1991-2020 കാലഘട്ടം പരിശോധിച്ചാൽ, ജൂലൈ മാസത്തിൽ അനുഭവപ്പെടാറുള്ള ശരാശരി താപനിലയേക്കാൾ 0.72 ഡിഗ്രി സെന്റിഗ്രേഡ് അധിക താപനിലയാണ് 2023 ജൂലൈയിൽ അനുഭവപ്പെട്ടത്. 2019 ജൂലൈമാസത്തിൽ രേഖപ്പെടുത്തപ്പെട്ട താപനിലയേക്കാൾ 0.33 ഡിഗ്രി സെന്റിഗ്രേഡ് കൂടുതലുമായിരുന്നു. 2023 ജൂലൈമാസത്തിൽ തന്നെയാണ് ദക്ഷിണ യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന എന്നീ ഭൂവിഭാഗങ്ങളിൽ മാരകമായ ഉഷ്‌ണതരംഗസാന്നിധ്യം അനുഭവപ്പെട്ടത് എന്നുകൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ അധികസാന്നിധ്യം മാത്രമല്ല, പസഫിക് സമുദ്രത്തിൽ രൂപം പ്രാപിച്ചുവരുന്ന എൽനിനോ സാഹചര്യങ്ങൾക്കും അധികതാപന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കുണ്ട്. കഴിഞ്ഞ മൂന്നുവർഷങ്ങൾ (2020,2021,2022) എൽ-നിനോയുടെ വിരുദ്ധ സാഹചര്യമായ ലാ-നിനായായിരുന്നു പസഫിക് മേഖലയിൽ നിലനിന്നിരുന്നത്. ഈ വർഷം (2023) ഉടലെടുത്ത എൽ-നിനോ സാഹചര്യങ്ങൾ മൂലം അടുത്ത അഞ്ച് വർഷങ്ങളിലൊന്നിൽ വ്യവസായവിപ്ലവത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ 1.5 ഡിഗ്രി സെന്റിഗ്രേഡിലേറെ താപനാധിക്യം അനുഭവപ്പെടാനിടയുണ്ട്. ഭേദിക്കപ്പെടരുതെന്ന് ശാസ്ത്രലോകം നിരന്തരം മുന്നറിയിപ്പ് നൽകിവരുന്ന താപവർധനാ പരിധിയാണ് 1.5 ഡിഗ്രി സെന്റിഗ്രേഡ് എന്ന് ഓർമ്മിക്കണം. ലോക കാലാവസ്ഥാസംഘടന (WMO) ആഹ്വാനം ചെയ്ത പ്രവർത്തന രീതികൾ ലംഘിക്കപ്പെട്ടു എന്നല്ല ഇത് സൂചിപ്പിക്കുന്നത്. 2023 ജൂലായിൽ അനുഭവപ്പെട്ട താപനാധിക്യവും എൽ-നിനോ വഴി ഉണ്ടാകാനിടയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്ന താപനാധിക്യഘട്ടങ്ങളും ഒറ്റപ്പെട്ട സാഹചര്യങ്ങൾ എന്ന നിലയിൽ മാത്രമാണ് ലോക കാലാവസ്ഥാസംഘടന പരിഗണിക്കുന്നത്.
Extreme weather is "the new norm."
— World Meteorological Organization (@WMO) August 18, 2023
WMO has new roundup of yet more heatwaves, national and station temperature records, devastating wildfires, as well as major flood impacts from hurricane #Hilary #StateofClimate #EarlyWarningsForAll
🔗https://t.co/kZQQToZo6y
Map @ECMWF pic.twitter.com/C6mgj0BzQ6
കടുത്തചൂടുള്ള കാലാവസ്ഥ ആഗസ്റ്റിലും തുടരുന്നതായി കാണപ്പെടുന്നു. കാലാവസ്ഥാ വിദഗ്ധർ, ഈ പ്രവണതയിൽ അത്ഭുതമൊന്നും കാണുന്നില്ല. താപ-ശൈത്യക്കാറ്റുകൾ, അതിതീവ്രമഴ എന്നിവ സമീപദശകങ്ങളിലായി ആവൃത്തിയിലും തീവ്രതയിലും വർദ്ധനവ് കാണിക്കുന്ന പ്രവണതയാണുള്ളത്. ഇതിന്റെ കെടുതികൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത്, ഏറ്റവും കുറവ് ഉത്സർജ്ജനം നടത്തുന്ന ദരിദ്ര രാഷ്ട്രങ്ങളെയായിരിക്കും എന്നതാണ് അതിലെ വൈരുധ്യം.
COP 28 @ UAE
2023 നവംബറിൽ യു.എ.ഇ (UAE) യിൽ നടക്കാൻ പോകുന്ന COP 28 ഉച്ചകോടിയിൽ ആഗോളതാപനത്തിന് അടിയന്തിരമായി കടിഞ്ഞാണിടാൻ ഉതകുന്ന പദ്ധതികൾ, കടുത്ത കാലാവസ്ഥാ പ്രതിഭാസങ്ങളോടുള്ള അതിജീവനതന്ത്രങ്ങൾ, കാലാവസ്ഥാ ദുരന്തങ്ങൾ മൂലം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരങ്ങൾ എന്നിവ വിശദമായി ചർച്ചചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ രേഖപ്പെടുത്തപ്പെട്ട കാലാവസ്ഥാചരിത്രം പരിശോധിക്കുമ്പോൾ 2023 ജൂലൈയിൽ ആണ് ഏറ്റവും ഉയർന്ന അന്തരീക്ഷതാപനില അനുഭവപ്പെട്ടതായി കാണുന്നത്. ഇതിനു സമാനമായൊരു അതിതാപനാവസ്ഥ ഭൂമിയിൽ ഇതിനുമുൻപ് അനുഭവപ്പെടുന്നത് 125000 വർഷങ്ങൾക്കുമുൻപാണ്.
പശ്ചിമേഷ്യ, വടക്കേ അമേരിക്ക, ഉത്തരാഫ്രിക്ക, ദക്ഷിണയൂറോപ്പ് എന്നിവിടങ്ങളിൽ നാലുതവണ അനുഭവപ്പെട്ട അതിതാപന വേളകളാണ് 2023 ജൂലൈ മാസത്തിൽ അനുഭവപ്പെട്ട റെക്കോഡ് അന്തരീക്ഷ താപനത്തിന് നിദാനമായത്. അതിമാരകമായ ചൂടിനൊപ്പം അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും ചില സ്ഥലങ്ങളിൽ അനുഭവപ്പെട്ടു.
ഫോസിൽഇന്ധനങ്ങളുടെ അമിതോപഭോഗം കാർബൺപരിചക്രത്തെ മാത്രമല്ല ജലപരിചക്രത്തെയും ബാധിച്ചിരിക്കുന്നു. അന്തരീക്ഷത്തിലെ അധികതാപം ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളാണ്. അതിനാൽ സമുദ്രങ്ങളിൽ ചൂടേറിവരികയാണ്. താപമേറ്റുവാങ്ങുവാൻ സമുദ്രങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൗമാന്തരീക്ഷതാപം ഇതൊന്നുമാകുമായിരുന്നില്ല. സമുദ്രങ്ങളിൽ ചൂടേറുന്നതിന്റെ ഫലമായി സമുദ്രപര്യയനവ്യൂഹങ്ങളിലും ചൂടേറിക്കൊണ്ടിരിക്കുന്നു. ചൂടുള്ള സമുദ്രജലപ്രവാഹങ്ങൾ അവ കടന്നുപോകുന്ന തീരദേശങ്ങളുടെ താപനില ഉയർത്തുന്നു. സമുദ്രജലതാപം വർധിച്ചതിൻെറ ഫലമായി അന്റാർട്ടിക്കാ ഭൂഖണ്ഡത്തിലെ അതിവിസ്തൃതമായ ഒരു മേഖലയിലെ വൻ ഹിമനിക്ഷേപം ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു. താപനം ഏറുന്നതിനാൽ മഞ്ഞ് ഉരുകുന്നതല്ലാതെ വീണ്ടും ഉറയുന്ന പ്രവണത തീർത്തും നിലച്ച മട്ടാണ്. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ചൂടേറുമ്പോൾ സമുദ്രജലം ത്തിന്റ ബാഷ്പീകരണവും കൂടുന്നു. ചൂടിനൊപ്പം അന്തരീക്ഷ ആർദ്രതയും വർധിക്കുന്ന അവസ്ഥയിൽ ചൂടിന്റെ പ്രഭാവം അതികഠിനമായിരിക്കും. ഇത്തരമൊരവസ്ഥയിൽ ‘തിളയ്ക്കുന്ന ഗ്രഹം’ എന്ന വിശേഷണം ഭൂമിയെ സംബന്ധിച്ചിടത്തോളം അന്വർത്ഥമാകുന്നു.
‘ഭൂമി തിളയ്ക്കുന്നു’ എന്ന യു.എൻ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ ആലങ്കാരികമായ ഒരു പ്രയോഗം മാത്രമായിരിക്കാം. എന്നാൽ, അത്തരമൊരു പ്രയോഗത്തിലൂടെയെങ്കിലും ഭരണകൂടങ്ങളുടെയും ലോകജനസമൂഹങ്ങളുടെയും അടിയന്തരശ്രദ്ധ കാലാവസ്ഥയുടെ അസ്ഥിരവ്യതിയാനപ്രകൃതങ്ങളിലേക്ക് തിരിച്ചുവിടാമെന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ഇതാദ്യമല്ല. ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രവചനാതീതമായ കാലാവസ്ഥാമാറ്റങ്ങൾ നേരിടുവാൻ ലോകം സുസജ്ജമായിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് 2021ൽ അദ്ദേഹം സൂചന നൽകിയിരുന്നു. താപനം ഇനിയും ഉയർന്നാൽ നിലവിൽ അനുഭവപ്പെടുന്ന കാലാവസ്ഥാപ്രതിസന്ധികളുടെ രൂക്ഷതയും വ്യാപകശേഷിയും നാൾക്കുനാൾ കൂടിവരികയേയുള്ളു എന്ന അവബോധമാണ് ജനങ്ങൾക്ക് വേണ്ടത്.
ഏതാണ്ട് ഒന്നര ദശാബ്ദം മുമ്പുവരെയുള്ള കാര്യം പരിശോധിച്ചാൽ ആസൂത്രണ രംഗത്ത് എല്ലായ്പ്പോഴും മുൻഗണന നൽകിപ്പോന്നിരുന്നത് സാമ്പത്തിക പരിപാടികൾക്കായിരുന്നു. കാലാവസ്ഥ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ ഏറെ വിഭിന്നമാണ്. കാലാവസ്ഥാപരമായ അനിശ്ചിതത്വങ്ങളിലും അതിന്റെ ദുരന്തസ്വഭാവമുള്ള പരിണതഫലങ്ങളിലുംപെട്ട് ഉഴലുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.
കുറുക്കുവഴികൾ ഇല്ല
കാലാവസ്ഥാ സംരക്ഷണാർത്ഥം ഹരിതജീവിതരീതികളിലേക്ക് മാറാനുള്ള സന്നദ്ധത സമൂഹത്തിൽ പൊതുവേ പ്രകടമാണെങ്കിൽപോലും, അന്തരീക്ഷത്തിൽ ഇതിനകം കുമിഞ്ഞുകൂടപ്പെട്ട കാർബൺ അടക്കമുള്ള ഹരിതഗൃഹവാതകങ്ങൾ ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കുവാൻ ഈ നിലപാടൊന്നും പര്യാപ്തമല്ല. കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി ഏതൊരു പരിപാടി ആസൂത്രണം ചെയ്യുമ്പോഴും അന്തരീക്ഷത്തിൽ ഇതിനകം നിക്ഷേപിക്കപ്പെട്ട് നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന കാർബൺ അടക്കമുള്ള ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷത്തിലേക്ക് തുടർന്നും നടന്നുകൊണ്ടിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജ്ജനം എന്നിവയുടെ തോത് സംബന്ധിച്ച വ്യക്തമായ ഒരു ധാരണ ആവശ്യമാണ്. അന്തരീക്ഷത്തിലേക്ക് ഉത്സർജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതഗൃഹവാതകങ്ങളേക്കാൾ അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യപ്പെടാതെ നിലനിൽക്കുന്ന ഹരിതഗൃഹവാതകങ്ങളാണ് കാലാവസ്ഥാ ദുർഘടങ്ങളുടെ യഥാർത്ഥ കാരണമെന്ന് ഇപ്പോൾ തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മഴക്കാടുകൾ, സമുദ്രങ്ങൾ മുതലായ പ്രകൃതിദത്തമായ കാർബൺ ആഗിരണികളുടെ പ്രവർത്തനങ്ങളെ നാം നന്ദിപൂർവ്വം വിലയിരുത്തേണ്ടത്.
അന്തരീക്ഷത്തിൽ അടിഞ്ഞുകൂടി അതിദീർഘകാലം നിലകൊള്ളുന്ന ഹരിതഗൃഹവാതകങ്ങളാണ് യഥാർത്ഥത്തിൽ താപനാഭിമുഖ്യത്തോടുകൂടിയ കാലാവസ്ഥാവ്യതിയാന പ്രവണതകൾക്ക് മൂലകാരണം എന്ന തിരിച്ചറിവ് ആദ്യകാലങ്ങളിൽ ഇല്ലായിരുന്നു. ഹരിതഗൃഹ വാതകങ്ങളാണ് താപനാധിക്യത്തിനുള്ള മുഖ്യഹേതുവെന്നും, ഉത്സർജ്ജനം ഘട്ടംഘട്ടമായി കുറയ്ക്കുകവഴിയേ കാലാവസ്ഥയെ സുരക്ഷിതസ്ഥിതിയിൽ തിരിച്ചെത്തിക്കാൻ കഴിയുകയുള്ളൂ എന്ന സമീപനം (gradualism) ഉടലെടുക്കുവാൻ ഇടയായത് അടുത്ത കാലത്ത് മാത്രമാണ്. 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ അന്തരീക്ഷ താപനില വർധനാപരിധി 2.0 ഡിഗ്രി സെന്റിഗ്രേഡിൽ കവിയാൻ പാടില്ലായെന്നതായിരുന്നു ആദ്യത്തെ ആഹ്വാനം. എന്നാൽ, ഈ തോതിലുള്ള താപവർധനവിനുപോലും അതീവ ദുരന്തസ്വഭാവമുള്ള പ്രത്യാഘാതങ്ങളുടെ വ്യാപ്‌തി രൂക്ഷമാക്കാനാവുമെന്ന വീണ്ടുവിചാരംമൂലമാണ് താപനം 1.5 ഡിഗ്രി സെന്റിഗ്രേഡിൽ പിടിച്ചു നിർത്താനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നണം എന്ന് പാരീസ് ഉടമ്പടിയിൽ നിബന്ധന വെച്ചത്. എന്നാൽ, പാരീസ് കാലാവസ്ഥാഉച്ചകോടി ആഹ്വാനത്തെ തൃണവൽഗണിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളിലൂടെയാണ് ലോകം പിന്നെയും മുന്നോട്ടു പോകുന്നത്. ഇപ്പോൾ ഭൂമിയിലെ ഹിമനിക്ഷേപങ്ങൾ കൂടുതൽ അളവിലും വേഗതയിലും ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു. വനങ്ങളെ നാമാവശേഷമാക്കുന്ന കാട്ടുതീ സാധാരണമായിക്കൊണ്ടിരിക്കുന്നു. ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന സാഹചര്യങ്ങളോടൊപ്പം അവയുടെ തീവ്രതയിലും വർദ്ധനവ് അനുഭവപ്പെടുകയാണ്. ഇവയെല്ലാം ചേർന്ന് ഭൂമിയെ ഒരു ‘ചൂള’ (Hothouse) എന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. താപനത്തിലുണ്ടായ ചെറു വർദ്ധനവുപോലും ഭൂമിയിൽ സൃഷ്ടിച്ച ദുരന്ത സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ചില്ലറയല്ല.
ഈ സന്ദർഭത്തിൽ പോലും ഫോസിൽ ഇന്ധനങ്ങളുടെ അമിതോപഭോഗത്തിൽ യാതൊരു പുനർവിചിന്തനവും ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. കാലാവസ്ഥാസംരക്ഷണപ്രവർത്തനങ്ങളിൽ കാണിക്കുന്ന ഈ അലംഭാവം ഒട്ടും അംഗീകരിക്കാനാവാത്തതാണ്. മറ്റാരെങ്കിലും ആദ്യം തുടങ്ങട്ടെ എന്ന മനോഭാവമോ, നിഷേധാത്മകതയോ, നിഷ്ക്രിയത്വമോ അല്ല ഈ ഘട്ടത്തിൽ വേണ്ടത്. കഴിയുന്നത്ര വേഗത്തിൽ പരിഹാര നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഘട്ടംഘട്ടമായുള്ള വിടുതൽ അനിവാര്യവും അത്യാവശ്യവുമാണ്.
പ്രത്യാശാഭരിതമായ ചില സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. – പുനരുപയോഗയോഗ്യവും പരിസ്ഥിതി സൗഹാർദ്ദപരമായ ഊർജ്ജസ്രോതസ്സുകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടതും, കപ്പൽ ഗതാഗതം, വ്യോമഗതാഗതം എന്നീ മേഖലകൾ വഴിയുണ്ടാകുന്ന താപനാധിക്യസാദ്ധ്യതകൾ തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാനാവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കപ്പെട്ടതും ശുഭസൂചകങ്ങളാണ്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങളൊന്നുംതന്നെ വേണ്ടത്ര വേഗതയോ, വേണ്ടത്ര നിലവാരമോ കൈവരിച്ചിട്ടില്ല. 2023 ജൂലൈ മാസത്തിൽ അനുഭവപ്പെട്ട താപനം അംഗീകൃതപരിധി ഭേദിച്ചുവെന്ന യാഥാർഥ്യം (Karsten Haustein, Leipzig University, Germany ) ഈ വാദഗതിയുമായി കൂട്ടി വായിക്കാവുന്നതാണ്. നിലവിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റങ്ങൾ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിട്ടില്ല. കൃത്യവും, ശാസ്ത്രീയവും, ത്വരിതവുമായ കാലാവസ്ഥാസംരക്ഷണ നടപടിക്രമങ്ങൾ സമയബന്ധിതമായി കൈക്കൊള്ളണമെന്നുമാത്രം.
വരാനുള്ളത് തിളയ്ക്കുംകാലം
ഭൂമിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന അതിതാപനാവസ്ഥ ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. ഇത്തരം ഒരവസ്ഥ ഇതിനുമുമ്പ് അനുഭവപ്പെട്ടത് ഏകദേശം 125000 വർഷങ്ങൾക്കുമുൻപാണ്; അതായത്, അവസാനത്തെ രണ്ട് ഹിമയുഗങ്ങളുടെ ഇടയിൽ. അന്നത്തെ കാർബൺഡയോക്‌സൈഡ് സാന്ദ്രത 280 ppm ആയിരുന്നു. അതിപുരാതനകാലത്ത് ഭൂമിയിൽ ഉണ്ടായ ആ അതിതാപന കാലഘട്ടത്തിലും ജീവികളുടെ അതിജീവനം ദുഷ്ക്കരമായിരുന്നു. വ്യവസായവിപ്ലവത്തിനുമുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 1.1 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതലാണ് ഇന്ന് ആഗോള ശരാശരി താപനില. 125000 വർഷങ്ങൾക്കുമുൻപ് അനുഭവപ്പെട്ട താപനിലയേക്കാൾ ഏകദേശം ഒന്ന് മുതൽ രണ്ട് വരെ ഡിഗ്രി സെന്റിഗ്രേഡ് വർധനവാണ് കൂടുതലായി അനുഭവപ്പെട്ടത്. ആർട്ടിക്ക് മേഖലയിലാകട്ടെ ഏകദേശം 8 ഡിഗ്രി സെന്റിഗ്രേഡ് വരെ കൂടുതൽ ചൂടനുഭവപ്പെട്ടിരുന്നു.
എന്നാൽ, 125000 വർഷങ്ങൾക്കുമുമ്പുണ്ടായ താപന കാലഘട്ടവും നിലവിലെ താപന സാഹചര്യങ്ങളും വിഭിന്ന സവിശേഷതകളോടുകൂടിയതാണ്. 125000 വർഷങ്ങൾക്കുമുൻപ് ഉണ്ടായ താപനവർദ്ധനവ് അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് ആധിക്യം കൊണ്ടുണ്ടായതല്ല. ഭൂമിയുടെ പരിക്രമണത്തിലുണ്ടായ ചില വ്യതിയാനങ്ങൾ മൂലമാണ്. ആ താപനകാലഘട്ടം വളരെ മന്ദഗതിയിൽ സംഭവിച്ച ഒന്നായിരുന്നു. അതിനാൽ, അന്നത്തെ ജീവിവർഗ്ഗങ്ങൾക്ക് അത്തരമൊരവസ്ഥയോട് പൊരുത്തപ്പെടുവാൻ വേണ്ടത്ര സാവകാശം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അനുഭവപ്പെടുന്ന താപനമാകട്ടെ വളരെ ത്വരിതഗതിയിൽ സംഭവിക്കുന്ന ഒന്നാണ്. വ്യവസായവിപ്ലവം ആരംഭിച്ചതിനുശേഷം ഏതാണ്ട് രണ്ടുനൂറ്റാണ്ടിൽ താഴെ കാലയളവുകൊണ്ടാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന അതിതാപന സാഹചര്യങ്ങളിൽ എത്തിനിൽക്കുന്നത്.
അറിവിൽപ്പെട്ടിടത്തോളം പൗരാണികകാലം മുതൽ ഭൂമിയിൽ ഉണ്ടായിട്ടുള്ള താപന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ത്വരിതഗതിയിൽ ഉണ്ടായ താപന കാലഘട്ടമാണ് ഇന്നത്തേത്.
കാർബൺഡയോക്‌സൈഡിന്റെ അന്തരീക്ഷസാന്ദ്രതയിലുണ്ടായ വർദ്ധനവ് മൂലം ഇതിനുമുമ്പ് ഭൂമിയിൽ ചൂടേറിയത് 2 മില്ല്യൻ വർഷങ്ങൾക്കുമുമ്പ് പ്ലിയോസിൻ (Pliocene) കാലഘട്ടത്തിലാണ്. ആ ഘട്ടത്തിൽ, സാധാരണഗതിയിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന ശരാശരി താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ് ചൂടുയർന്നത്. അക്കാലത്തെ കാർബൺഡയോക്‌സൈഡ് സാന്ദ്രത 350ppm ആയിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. സമുദ്രനിരപ്പിലും പ്രകടമായ ഉയർച്ച സംഭവിച്ചിരുന്നു. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഉരുകിയൊലിച്ച അവസ്ഥയിലായിരുന്നു. അക്കാലത്തുണ്ടായ കനത്ത മഞ്ഞുരുക്കംമൂലം സമുദ്രനിരപ്പ് 20 മീറ്ററിലേറെ ഉയർന്നു. മൺസൂൺ വ്യവസ്ഥകളും പ്ലിയോസിൻ കാലഘട്ടത്തിൽ ഏറെ ശക്തമായിരുന്നു. പ്ലിയോസിൻ കാലഘട്ടത്തിൽ അനുഭവപ്പെട്ട താപനസാഹചര്യങ്ങൾക്ക് സമാനമാണ് ഇപ്പോൾ അനുഭവപ്പെടുന്ന താപന സ്ഥിതിവിശേഷങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു.
പരിണാമശ്രേണിയുടെ ശൈശവഘട്ടത്തിലുള്ള മനുഷ്യവംശമാണ് 125000 വർഷങ്ങൾക്കുമുൻപുണ്ടായിരുന്നത്. താപനമേറിയതിനെത്തുടർന്ന് അക്കാലത്തും സമുദ്രനിരപ്പ് 6 മീറ്ററോളം ഉയർന്നിരുന്നു. തീരദേശങ്ങളിൽനിന്ന് പലായനം ചെയ്യുകവഴിയാണ് ആദിമ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ ഈ സ്ഥിതി വിശേഷം നേരിട്ടത്. എന്നാൽ, ഇത്തരമൊരു അവസ്ഥാവിശേഷം അധികം വൈകാതെ ഉണ്ടായാൽ കാര്യങ്ങൾ ഇത്രത്തോളം എളുപ്പമാകില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മഹാനഗരങ്ങൾ പലതും സ്ഥിതിചെയ്യുന്നത് തീരമേഖലകളിലാണ് എന്നതാണ് ഒരു പ്രധാന കാരണം. ഒന്നേകാൽലക്ഷം വർഷംമുമ്പ് അനുഭവപ്പെട്ട താപനാവസ്ഥയെക്കാൾ വെല്ലുവിളികൾ നിറഞ്ഞ ഒരു താപനഘട്ടത്തിലാണ് ഇപ്പോൾ ലോകം. അതിരുകടന്ന നിലയിലുള്ള ഫോസിൽഇന്ധന ഉപഭോഗംവഴി അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് സാന്ദ്രത 420 ppm എത്തിനിൽക്കുന്നു. മാരകപ്രഹരശേഷി ഉളവാക്കുവാൻ പര്യാപ്തമായ ഒരു ട്രില്ല്യൻ ടണ്ണിലേറെ അധിക കാർബൺഡയോക്‌സൈഡ് ആണ് അന്തരീക്ഷത്തിലുള്ളത്.
കാർബൺഡയോക്സൈഡ് സാന്ദ്രത 400 ppm കടക്കുമ്പോൾ
അന്തരീക്ഷത്തിലെ കാർബൺഡയോൿസൈഡ് സാന്ദ്രത 400 ppm ഭേദിച്ചു. സമാനമായ അവസ്ഥ ഉണ്ടായിരുന്ന പ്ലിയോസിൻ കാലത്ത് പൊതുവെ ചൂടേറിയ സാഹചര്യമായിരുന്നുവെങ്കിലും പൊള്ളുന്ന ചൂട് എന്ന അവസ്ഥ ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഇരു ധ്രുവങ്ങളും (പ്രത്യേകിച്ച് അന്റാർട്ടിക്ക) ഹിമ സമ്പന്നമായിത്തന്നെ നിലകൊണ്ടിരുന്നു. എന്നാൽ, ഗ്രിൻലാൻഡിലും പശ്ചിമ അന്റാർട്ടിക്കാ മേഖലയിലും ഹിമപാളികൾ ഉരുകിയൊലിക്കുന്ന അവസ്ഥയിലായിരുന്നു. സമുദ്രനിരപ്പ് 10 മീറ്ററിലേറെ ഉയർന്നുനിലകൊണ്ടു. ആഗോളശരാശരിതാപനില ഇന്നത്തേതിനേക്കാൾ ഏകദേശം 2ഡിഗ്രി സെന്റിഗ്രേഡോളം കൂടുതലായിരുന്നു. ഭൂമധ്യരേഖാപ്രദേശത്തെ അപേക്ഷിച്ച് ധ്രുവമേഖലകളിലായിരുന്നു താപനപ്രത്യാഘാതങ്ങൾ കൂടുതൽ പ്രകടമായത്. കാർബൺഡയോക്സൈഡ് സാന്ദ്രത ഇപ്പോഴെങ്കിലും നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ 3 മില്ല്യൺ വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ അനുഭവപ്പെട്ട അതേ സാഹചര്യങ്ങൾ വീണ്ടും സംജാതമായേക്കും. കാർബൺഡയോൿസൈഡ് സാന്ദ്രത ഇപ്രകാരം ഉയർന്ന് 800 ppm വരെയെത്തിയെന്നിരിക്കട്ടെ; ‘ഭൂമി തിളയ്ക്കുന്നകാലം’ എന്തെന്ന് ലോകം അറിയുവാൻ പോകുന്നത് അപ്പോഴായിരിക്കും. വർഷങ്ങൾക്കുമുൻപ് ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡയോൿസൈഡ് സാന്ദ്രത 800 ppm എത്തിയ ഘട്ടത്തിലാണ് ദിനോസറുകൾ ഭൂമുഖത്തുനിന്നും കുറ്റിയറ്റുപോയത്. ആ അവസ്ഥയിൽ ധ്രുവമേഖല ഏറെക്കുറെ ഹിമരഹിതമായും കാടുകൾ നിറഞ്ഞും ഉള്ള അവസ്ഥയിലായിരുന്നു.