ഗ്ലെൻ ടി സീബോർഗ് ജൻമദിനം

ടി വി നാരായണൻ

ജീവിച്ചിരിക്കുമ്പോൾ തന്നെ പീരിയോഡിക് ടേബിളിൽ ഒരു മൂലകത്തിന്റെ പേരാകാൻ അവസരം ലഭിച്ചയാളാണ് സീബോർഗ്. നൂറ്റിയാറാമത് മൂലകത്തിന്റെ പേരാണ് സീബോർഗിയം (Sg)

പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്ന ഗ്ലെൻ ടി സീബോർഗ് (Glenn Theodore Seaborg, 19 April 1912 – 25 Feb 1999) എന്ന ശാസ്ത്രജ്ഞന്റെ ജൻമദിനമാണ് ഏപ്രിൽ 19.

രോഗ ചികിത്സയിലും രോഗ നിർണ്ണയത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒട്ടേറേ ഐസോടോപ്പുകൾ കണ്ടെത്തിയതിലൂടെ ലോക ജനതയുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്നതിൽ പങ്കു വഹിച്ചയാളാണ്. ന്യൂക്ലിയർ റിയാക്ടറുകളിലെ ഇന്ധനമായ പ്ലൂട്ടോണിയം കണ്ടെത്തിയെങ്കിലും ആണവ സാങ്കേതിക വിദ്യയുടെ സമാധാനപരമായ ഉപയോഗത്തിനു വേണ്ടി പ്രവർത്തിക്കുകയും ആണവ നിർവ്യാപന കരാറുകളുടെ പിന്നിലെ പ്രധാന വ്യക്തിയാവുകയും ചെയ്തു.

1912 ഏപ്രിൽ 19-ന് മിഷിഗണിൽ ജനിച്ചു. 1937-ൽ കെമിസ്ട്രിയിൽ പി എച്ച് ഡി നേടി. 1939-ൽ ബെർക്ക്‌ലിയിൽ രസതന്ത്രത്തിൽ ഇൻസ്ട്രക്ടറായി. അവിടെ അദ്ദേഹം 1945-ൽ പ്രൊഫസറായി. 1941 ഫെബ്രുവരിയിൽ എഡ്വിൻ മക്മില്ലനുമായി ചേർന്ന് പ്ലൂട്ടോണിയം മൂലകം കണ്ടെത്തിയതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. 1942-ൽ അദ്ദേഹം ഹെലൻ ഗ്രിഗ്സിനെ വിവാഹം കഴിച്ചു. 1942-1946 കാലഘട്ടത്തിൽ ചിക്കാഗോ യൂണിവേഴ്സിറ്റി മെറ്റലർജിക്കൽ ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റിലെ പ്ലൂട്ടോണിയം വേർതിരിക്കൽ ഗവേഷണത്തിന് നേതൃത്വം നൽകി.

കടപ്പാട്: wikipedia.org

പ്ലൂട്ടോണിയത്തിനു പുറമേ അമേരിസിയം, ക്യൂറിയം, ബെർക്കേലിയം, കാലിഫോർണിയം, ഐൻസ്റ്റീനിയം, ഫെർമിയം, മെൻഡലീവിയം, നോബെലിയം, സീബോർഗിയം എന്നീ മൂലകങ്ങൾ കണ്ടെത്തിയ സംഘത്തിന്റെ പ്രധാനിയായിരുന്നു സീബോർഗ്. ഭാരമേറിയ മൂലകങ്ങൾ ആവർത്തനപ്പട്ടികയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും മറ്റ് മൂലകങ്ങളുമായുള്ള അവയുടെ ബന്ധം തെളിയിക്കുകയും ചെയ്തു.

1951-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ട്രാൻസ്യുറോണിക് മൂലകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് മക്മില്ലനുമായി പങ്കിട്ടു. 1997 ഓഗസ്റ്റിൽ അദ്ദേത്തിന്റെ ബഹുമാനാർത്ഥം മൂലകം 106 ന് സീബോർഗിയം (Sg) എന്ന് നാമകരണം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് പുതിയ മൂലകത്തിനിടുന്നത് ഇതാദ്യമാണ്. 1999 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.

 


ടി വി നാരായണന്റെ #വരയുംകുറിയുംtvn പ്രതിദിന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്…

 


മറ്റു ലേഖനങ്ങൾ


Leave a Reply