മൊഴിമാറ്റം : ജയ് സോമനാഥൻ വി കെ
ഒന്ന്
വെറുമൊരു പ്രതിമയാവുമെന്നു കരുതിയാണ് അവർ ഗാന്ധിപ്രതിമക്കു നേരെ വെടിയുതിർത്തത്.
എന്നാൽ വെടിയുണ്ട ഗാന്ധിക്ക് കൊണ്ടു.
അദ്ദേഹം പ്രതിമയുടെ പിന്നിൽ നിന്നും പുറത്തു വന്നു.
വെടി വെച്ചവർക്ക് സന്തോഷമായി.
വെടിയുണ്ട ഗാന്ധിക്കു തന്നെ കൊണ്ടിരിക്കുന്നു. നമ്മെ സംബന്ധിച്ച് ഇത് ആഹ്ലാദകരമാണ്.
എന്നാൽ ഒരു പ്രശ്നമുണ്ട് – കൂട്ടത്തിലൊരാൾ പറഞ്ഞു.
” അടുത്ത വർഷം പ്രതിമക്കു നേരെ വെടിവെക്കുമ്പോൾ ശരിക്കുള്ള ഗാന്ധി എങ്ങിനെ പുറത്തു വരും?
ഗാന്ധി പറഞ്ഞു – “ നിങ്ങൾ പരിഭ്രമിക്കണ്ട,
വർഷം തോറും നിങ്ങൾ ഗാന്ധിക്ക് നേരെ
വെടിയുതിർത്താൽ ഓരോ വർഷവും പ്രതിമക്കു പിന്നിൽ നിന്ന് ഗാന്ധി പുറത്തു വന്നുകൊണ്ടിരിയ്ക്കും .”
രണ്ട്
ഗാന്ധിപ്രതിമക്കു നേരെ വെടിവെച്ചതിനെ തുടർന്ന് ചോര ഒഴുകാൻ തുടങ്ങി.
പെട്ടെന്നാണവിടെ കേണൽ ഡയർ (Colonel Reginald Edward Dyer- 1864-1927) പ്രത്യക്ഷപ്പെട്ടത്.
ഗാന്ധിപ്രതിമക്കു നേരെ വെടി വെക്കുന്നവരെ കണ്ട് കേണൽ ഡയർ പറഞ്ഞു ” വെൽഡൺ , ഞങ്ങളുടെ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യവും ചെയ്യാത്ത കാര്യമാണ് നിങ്ങൾ കുറച്ചാളുകൾ ചെയ്യുന്നത്. നിങ്ങളോട് നന്ദിയുണ്ട് .
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞേക്കണം “
എന്നാൽ ഡയറിനു പിന്നിൽ ഉദ്ദംസിങ്ങും നിന്നിരുന്നു. അദ്ദേഹത്തെ ആർക്കും കാണാൻ കഴിഞ്ഞില്ല.
മൂന്ന്
ഗാന്ധിപ്രതിമക്കു നേരെ വെടി വെക്കുന്നവർ കുറച്ചു കൂടി ആധികാരികമായി ചെയ്യാൻ തീരുമാനിച്ചു.
ഗാന്ധിക്ക് വെടിയേറ്റപ്പോൾ “ഹേ രാം “ എന്നുച്ചരിച്ചിരുന്നതായി ചരിത്രത്തിലുണ്ടെന്ന് അവർ കേട്ടിട്ടുണ്ട്.
വെടിയുതിർത്ത ഉടനെ ‘ ഹേ രാം ‘ പറയാൻ തങ്ങളുടെ കൂട്ടത്തിലൊരാളെ ഏർപ്പാടാക്കി.
‘ഹേ രാം’ പറയാൻ ചുമതലപ്പെട്ടയാൾ റെഡിയായി.
വെടിയുതിർത്തു
ഗാന്ധിക്ക് കൊണ്ടു
ചോരയൊഴുകാൻ തുടങ്ങി.
എന്നാൽ ‘ ഹേ രാം ‘ പറയാമെന്നേറ്റ ആൾക്ക് അതിനു കഴിഞ്ഞില്ല.
അയാൾ കേവലം ഹേ.. ഹേ എന്നു പറഞ്ഞു കൊണ്ടിരുന്നു.
നാല്
ഗാന്ധിപ്രതിമക്കു നേരെ വെടിയുതിർത്തവർ
പ്രതിമ വീഴുന്നത് കണ്ട് സന്തോഷിച്ചു.
എന്നാൽ അവർ അടുത്ത് ചെന്ന് നോക്കിയപ്പോൾ പ്രതിമക്കു പിന്നിലതാ
എണ്ണമറ്റ ശവങ്ങൾ.
തിരിച്ചറിയാൻ ഒരു ശ്രമം നടത്തിയവർക്ക്,
അത് ചമ്പാരനിലെ കർഷകരുടേതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
അഞ്ച്
ഗാന്ധിപ്രതിമക്കു നേരേ നിറയൊഴിച്ചപ്പോൾ പെട്ടെന്ന് പ്രതിമക്ക് സമീപത്ത് നിന്ന് ഒരു അശരീരി ഉണ്ടായി.
വിഡ്ഢികളെ, പ്രതിമക്കു നേരെ വെടിവെച്ചിട്ടെന്താ കാര്യം? കൊല്ലാനുള്ള ഉദ്ദേശ്യമാണെങ്കിൽ ഗാന്ധിയുടെ ആത്മാവിനു നേരെയല്ലേ നിറയൊഴിയ്ക്കേണ്ടത്?
വെടി വെക്കുന്നവർ
അമ്പരന്നു. അവർ പറഞ്ഞു.
‘ ആത്‌മാവൊ.. അങ്ങിനെയൊന്നിനെ ഞങ്ങൾക്കറിയില്ല.’
അശരീരി വീണ്ടും ഉണ്ടായി .
‘എല്ലാവരുടേയുമുള്ളിൽ ആത്മാവുണ്ട്,
നിങ്ങളും അന്വേഷിച്ചു കണ്ടെത്തു’
വെടി വെക്കുന്നവർ പറഞ്ഞു. ‘ കഴിഞ്ഞ നൂറ് വർഷക്കാലമായി ഞങ്ങൾ അന്വേഷിക്കുകയാണ്, ഇതുവരെ കണ്ടെത്താനായിട്ടില്ല ‘
ആറ്
‘ എത്ര കാലം ഇങ്ങനെ പ്രതിമയേ വെടി വെച്ചു കൊണ്ടിരിക്കാൻ പറ്റും?’
ഗാന്ധി പ്രതിമക്കു നേരെ വെടിയുതിർക്കുന്നവർ തമ്മിൽ പറഞ്ഞു. അവർ പരസ്പരം ആലോചിച്ച് പുതിയൊരു പദ്ധതി തയ്യാറാക്കി. ‘ ഇനി നമുക്ക് സിനിമയിലും, നാടകത്തിലുമൊക്കെ ഗാന്ധിയായി അഭിനയിക്കുന്നവരെ പിടികൂടാം.
കേൾക്കേണ്ട താമസം ശിങ്കിടികൾ അങ്ങനെയുള്ള കുറച്ചുപേരെ പിടിച്ചു കൊണ്ടുവന്നു.
വെടി വെക്കുന്നവർ അവരോട് പറഞ്ഞു.
‘ നിങ്ങളുടെ നേരെ നിറയൊഴിക്കാൻ പോകുന്നു. നിങ്ങൾ ചെയ്ത കുറ്റം ഗാന്ധിയായി അഭിനയിച്ചു എന്നതാണ് ‘
ഇത് കേട്ട് ഗാന്ധിയായി അഭിനയിച്ചവർ പറഞ്ഞു. ‘ഞങ്ങളെ വെടി വെക്കുന്നതിന് ഗോഡ്സെ ഉണ്ടല്ലോ അല്ലേ? തൂക്കുമരത്തിൽ കെട്ടി തൂക്കാനുള്ളതാണ് ‘
ഏഴ്
ഇത്തരം ഒരു വിവാദത്തിൽ പോയി തലയിടാൻ ആദ്യം മീഡിയ തയ്യാറായിരുന്നില്ല.
എന്നാൽ ഒരു മീഡിയാ പ്രവർത്തകൻ തന്റെ ചാനൽ മുതലാളിയോട് ഇതിനോട് ഒന്ന് അഭിപ്രായം ചോദിച്ചതേയുള്ളു.
ചാനൽ മുതലാളിയുടെ മറുപടി കേട്ട് മീഡിയാ പ്രവർത്തകന് താൻ ഇരിക്കുന്നിടം പിളരുകയാണെന്ന് തോന്നി.
ചാനൽ മുതലാളി തുടർന്നു. ‘താൻ ഇരുന്ന ഭാഗം സൂക്ഷിച്ചു നോക്കു . വലിയൊരു കുഴിയിലേക്കാണത് പോകുന്നത്. തന്റെ ഭാവിയിപ്പോൾ ആ കുഴിയിലാണ് ഉള്ളത്.
മീഡിയാ പ്രവർത്തകൻ കഴിയിലേക്കൊന്ന് നോക്കിയതും ഞെട്ടി. തന്റെ ഭാവിയതാ കുഴിയിൽ തെളിഞ്ഞു കാണുന്നു.
ചാനൽ മുതലാളി പറഞ്ഞു.
‘ ഇനി നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഈ കുഴിയിലൂടെ സ്വർഗ്ഗത്തിലേക്കു പോയിക്കോളു. അവിടെ ഗാന്ധിയെ കണ്ട് ഒരു അഭിമുഖം നടത്തി വന്നോളു’
മീഡിയാ പ്രവർത്തകൻ സ്വർഗ്ഗത്തിലെത്തി ഗാന്ധിയെ കണ്ട് കാര്യം പറഞ്ഞു.
അദ്ദേഹം ഒരു ചർക്കയിൽ നൂൽ നൂൽക്കുകയായിരുന്നു.
മീഡിയാ പ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു.
‘ മഹാത്മാവേ, അങ്ങയുടെ പ്രതിമക്കു നേരെ കുറച്ചാളുകൾ നിറയൊഴിച്ചിരിക്കയാണ്. അങ്ങേക്കെന്തു തോന്നുന്നു? ‘എനിക്ക് വളരെ നല്ലതായി തോന്നുന്നു – ഗാന്ധി പറഞ്ഞു.
ആശ്ചര്യത്തോടെ മീഡിയാ പ്രവർത്തകൻ ചോദിച്ചു ‘ അങ്ങ് എന്താണ് പറയുന്നത്, എന്തുകൊണ്ടാണ് നല്ലതായി തോന്നുന്നത് ? ‘
ഗാന്ധി പറഞ്ഞു . ‘ആദ്യം അവർ ഒന്നും കയ്യിലില്ലാത്ത ഒരാൾക്കു നേരെ വെടി വെച്ചു.
ഇപ്പോഴാകട്ടെ പ്രതിമയ്ക്കു നേരെ നിറയൊഴിക്കുന്നു. കയ്യിൽ ആയുധമുള്ളവനെ ഒന്നും ചെയ്യാൻ തങ്ങൾക്ക് പറ്റില്ലെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കയാണ് ‘
എട്ട്
സ്വർഗ്ഗത്തിൽ വെച്ച് ഗാന്ധിയോട് മീഡിയാപ്രവർത്തകൻ പറഞ്ഞു.
‘ വെടിവെയ്ക്കുന്നവർ പറയുന്നത്
അങ്ങാണ് അവരുടെ മുഖ്യ ശത്രു
എന്ന് ‘
ഗാന്ധി പറഞ്ഞു ‘ അതിലെന്താണ് ഇത്ര
അദ്ഭുതം ? ‘
‘ അങ്ങക്കിത് കേട്ടിട്ട് എന്ത് തോന്നുന്നു? ‘
മീഡിയാ പ്രവർത്തകൻ വിടാനുള്ള ഭാവമില്ല.
ഗാന്ധി പറഞ്ഞു.
‘ എന്നിക്കത് നന്നായി തോന്നുന്നു ‘
‘ അതെന്താ? ‘
‘ ബ്രിട്ടീഷുകാർ അവരുടെ മുഖ്യ ശത്രുവായി
കണ്ടിരുന്നത് എന്നേയാണ്. എന്റെ
ശത്രുക്കൾക്ക് മിത്രങ്ങളെ കിട്ടിയല്ലോ ‘
ഒമ്പത്
ഗാന്ധിപ്രതിമയിൽ വെടിവെയ്ക്കുന്നവരോട് ചിലർ ചോദിച്ചു.
‘ നിങ്ങൾ എന്തിനാണിങ്ങനെ പ്രതിമയ്ക്കു
നേരെ വെടിവെയ്ക്കുന്നത്? ഗാന്ധിയെ
മുമ്പ് തന്നെ വെടിവെച്ചു കൊന്നതല്ലേ? ‘
വെടിവെക്കുന്നവർ പറഞ്ഞു. ‘ പലർക്കും
അങ്ങിനെ ഒരു തെറ്റിദ്ധാരണയുണ്ട്.
‘ പിന്നേ..? ‘
‘ ഗാന്ധിക്കു നേരെ നിറയൊഴിച്ചിരുന്നു
എന്നത് ശരിയാണ്, എന്നാൽ അദ്ദേഹം
മരിച്ചിരുന്നില്ല ‘
‘ നിങ്ങൾ എന്താണ് ഈ പറയുന്നത് ? ‘
‘ ഞങ്ങൾ പറയുന്നതാണ് സത്യം ‘
‘ അപ്പോൾ പിന്നേ…..’
” പറയാം, ഞങ്ങൾ തുടർച്ചയായി ശ്രമിച്ചു
കൊണ്ടിരിക്കയാണ്, കൊല്ലാനാവുന്നില്ല.
അടുത്ത വർഷം തുടർന്നും ശ്രമിയ്ക്കും ‘
പത്ത്
കുറച്ചുപേർ കഷ്ടപ്പെട്ട് ഗാന്ധിപ്രതിമ നിർമ്മിക്കുന്ന പണിയിലായിരുന്നു.
ഗാന്ധിപ്രതിമക്ക് നേരെ വെടിവെക്കുന്നവർ അത് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പ്രതിമ നിർമ്മിക്കുന്നവർ പണി പൂർത്തിയാക്കി അവസാനം പ്രതിമക്കു
കണ്ണട ധരിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
‘ വേണ്ട, പ്രതിമക്ക് കണ്ണട വെയ്ക്കേണ്ട’
വെടി വെക്കാനെത്തിയവർ പറഞ്ഞു.
‘അതെന്താ? അദ്ദേഹം കണ്ണട ധരിക്കാറുണ്ടല്ലോ’ – പ്രതിമാ നിർമ്മാണം നടത്തിയവർ പറഞ്ഞു.
‘ അതെ കണ്ണട ധരിക്കാറുണ്ട് . അതാണ് ഏറ്റവും വലിയ തെറ്റ്. അതിലൂടെ അദ്ദേഹത്തിന് എല്ലാം തെളിഞ്ഞു കാണാനാവും അത് ഞങ്ങളാഗ്രഹിക്കുന്നില്ല.
ആ കണ്ണട ഇങ്ങു തരു . ഒരു പ്രധാന ജോലി ബാക്കിയുണ്ട്’
‘ എന്തു ജോലിയാണ് ബാക്കിയുള്ളത് ? ‘
‘ അതിന്റെ രണ്ടു ചില്ലുകളും ഒന്നു നന്നായി തുടച്ചു വൃത്തിയാക്കാനുണ്ട്’
ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ ഒറിജിനൽ അർത്ഥത്തിനു വല്ലാതെ മാറ്റമുണ്ടാകുന്നുണ്ട്.
https://www.humsamvet.com/literature/asghar-wajahat-hindi-short-stories-2563