Read Time:7 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ശാസ്ത്രമേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗത്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. പക്ഷെ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകള പരിചയപ്പെടുത്തുന്ന ലേഖനപരമ്പര..

ഫോട്ടോ കടപ്പാട് : വിക്കിപീഡിയ
[dropcap][/dropcap]ലയാളികൾ വേണ്ടത്ര അംഗീകരിക്കാതെ പോയ, സ്വതന്ത്ര്യാനന്തര ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ജി.എൻ.ആർ എന്നും റാമെന്നും സുഹൃത്തുക്കൾ വിളിച്ചിരുന്ന ഗോപാലസുന്ദരം നാരായണ അയ്യർ രാമചന്ദ്രൻ (G. N. Ramachandran). 1922-ൽ എറണാകുളത്തു ജനിച്ച ജി.എൻ. രാമചന്ദ്രൻ, തന്റെ പിതാവ് ജി. നാരായണ അയ്യർ പ്രിൻസിപ്പലായിരുന്ന മഹാരാജാസ് കോളേജിലാണ് പഠിച്ചത്. തിരുച്ചിയിലെ സെയിന്റ് ജോസഫ് കോളേജിൽനിന്നും ഭൗതികത്തിൽ ബി.എസ്.സി. (ഓണേഴ്‌സ്) ബിരുദം ഒന്നാം റാങ്കിൽ നേടിയ രാമചന്ദ്രൻ ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഉപരിപഠനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അന്നവിടെ പ്രൊഫസറായിരുന്ന നോബൽ ജേതാവ് സി.വി. രാമന്റെ ശിഷ്യത്വം സ്വീകരിച്ച് ഭൗതിക ശാസ്ത്രഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു.


എക്‌സ്‌റേ ഡിഫ്രാക്ഷൻ, ക്രിസ്റ്റലോഗ്രാഫി എന്നീ ശാസ്ത്രശാഖകളിലെ സംഭാവനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു 1947-ൽ ഡി.എസ്.സി. ബിരുദം ലഭിച്ചു. പിന്നീട് ബ്രിട്ടനിലെ കാവെൻഡിഷ് ലബോറട്ടറിയിൽ നിന്നും പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ഡബ്ലിയു.എ. വൂസ്റ്ററിന്റെ കീഴിൽ 1949-ൽ പി.എച്ച്.ഡി. നേടി. പിൽക്കാലത്ത് രാമചന്ദ്രനെ വളരെയധികം സ്വാധീനിച്ച ലിനസ് പൗളിങ്ങുമായി അദ്ദേഹം പരിചയപ്പെട്ടത് ഇവിടെ വെച്ചായിരുന്നു.

തിരികെ വീണ്ടും ബാംഗ്ലൂരിലെത്തിയ രാമചന്ദ്രൻ അന്നത്തെ മദ്രാസ് സർവകലാശാലാ വൈസ് ചാൻസലറായിരുന്ന എ. ലക്ഷ്മണസ്വാമി മുതലിയാരുടെ ക്ഷണം സ്വീകരിച്ച് മദ്രാസ് സർവകലാശാലയിൽ ഭൗതികശാസ്ത്രവിഭാഗം മേധാവിയായി സ്ഥാനമേറ്റു. രാമചന്ദ്രന്റെ മേൽനോട്ടത്തിലാണ് മദ്രാസ് സർവകലാശാലയിൽ എക്‌സ്‌റേ ക്രിസ്സ്റ്റലോഗ്രാഫി ലബോറട്ടറി ആരംഭിച്ചത്. 1952-ൽ ഡിപ്പാർട്ടുമെന്റ് സന്ദർശിച്ച പ്രസിദ്ധ ശാസ്ത്ര ചരിത്രകാരനായിരുന്ന ജെ.ഡി. ബർണലാണ് പിൽക്കാലത്ത് രാമചന്ദ്രൻ മൗലിക സംഭാവന നൽകിയ കൊളാജൻ ഘടനാ ഗവേഷണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്.

കടപ്പാട് : iucr.org

സഹപ്രവർത്തകനായിരുന്ന ഗോപിനാഥ് കർത്തായുമായി ചേർന്ന് നടത്തിയ ഗവേഷണങ്ങളെ തുടർന്ന് മൂന്ന് സമാന്തര പോളിപെപ്‌റ്റൈഡ് ശൃംഖലകൾ ചേർന്നതാണ് കൊളാജന്റെ ഘടന എന്ന നിഗമനത്തിൽ അദ്ദേഹം എത്തിചേർന്നു. ജെയിംസ് വാട്ട്‌സണും, ഫ്രാൻസിസ് ക്രിക്കും കണ്ടെത്തിയ ഡി.എൻ.എ.യുടെ ഘടന സംബന്ധിച്ച ഡബിൾ ഹെലിക്‌സ് സിദ്ധാന്തത്തെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്തവർഷം തന്നെ (1954) രാമചന്ദ്രനും കർത്തായും ചേർന്നെഴുതിയ കൊളാജന്റെ ട്രിപ്പിൾ ഹെലിക്‌സ് ഘടനയെ സംബന്ധിച്ച ലേഖനം നേച്ചർ മാസിക പ്രസിദ്ധീകരിച്ചു.
1970-ൽ മദ്രാസ് സർവകലാശാല വിട്ട രാമചന്ദ്രൻ ഒരു വർഷത്തോളം ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബയോഫിസിക്‌സ് ഡിപ്പാർട്ടുമെന്റിൽ ഗവേഷണം നടത്തി. തിരികെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എത്തിയ രാമചന്ദ്രൻ 1971-ൽ അവിടെ മോളിക്കുലാർ ബയോഫിസിക്‌സ് യൂണിറ്റ് സ്ഥാപിച്ചു. 1978-ൽ ഔപചാരിക ഗവേഷണ ചുമതലകളിൽ നിന്നൊഴിഞ്ഞ ശേഷം അദ്ദേഹം മാത്തമാറ്റിക്കൽ ഫിലോസഫി പ്രൊഫസറായി 1989 വരെ സേവനം അനുഷ്ഠിച്ചു.

ഫോട്ടോ കടപ്പാട് : Iucr.org

പെപ്‌റ്റൈഡിന്റെ ഘടന വിവരിക്കുന്ന രാമചന്ദ്രൻ മാപ്പ് ((Ramachandran Map) സി.വി. രാമന്റെ പ്രസിദ്ധമായ രാമൻ ഇഫക്ടു ((Raman Effect) പോലെ ശാസ്ത്രലോകം വിലമതിച്ചിരുന്നു. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിക്കു പുറമേ പോളിപെപ്‌റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്‌സ് തുടങ്ങിയ നിരവധി നവീന ശാസ്ത്രശാഖകളിൽ മൗലിക സംഭാവനകൾ നൽകിയ ജി.എൻ.ആർ. നോബൽ സമ്മാനാർഹനായിരുന്നെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ശാസ്ത്രവിഷയങ്ങൾക്കു പുറമേ തത്വചിന്തയിലും പാശ്ചാത്യ-കർണ്ണാട്ടിക് സംഗീതത്തിലും അവഗാഹം നേടിയ രാമചന്ദ്രൻ ”പ്രായോഗിക തർക്കശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ” എന്ന പേരിൽ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ചിത്രം കടപ്പാട് : വിക്കിപീഡിയ

നോബൽ സമ്മാനം കൈവിട്ടുപോയെങ്കിലും ശാസ്ത്രലോകത്തെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1972-ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി രാമാനുജൻ സ്മാരക സമ്മാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ക്രിസ്റ്റലോഗ്രാഫിയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി 1999-ൽ നൽകിയ അഞ്ചാമത് ഇവാൽഡ് പ്രൈസാണ് അദ്ദേഹത്തിനു ലഭിച്ച ഏറ്റവും അവസാനത്തെ പുരസ്‌കാരം. 1989 മുതൽ പാർക്കിൻസൻ രോഗബാധിതനായ രാമചന്ദ്രൻ 2001 ഏപ്രിൽ 7ന് നിര്യാതനായി.


അധിക വായനയ്ക്ക് 

  1. https://www.iucr.org
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
Next post സിങ്ക്/നാകം – ഒരു ദിവസം ഒരു മൂലകം
Close