ഒരു കുപ്പി ബിയറും വ്യവസായ ‘വിപ്ലവ’വും
ജി.ഗോപിനാഥൻ എഴുതുന്നു…
ലോഹസംസ്കരണത്തിൽ പ്ലവന പ്രക്രിയ ലോകമെമ്പാടും വ്യാപിക്കുകയും ധാതുക്കളുടെ ശേഖരണത്തിലെ ഏറ്റവും പ്രധാന രീതിയായി മാറുകയും ചെയ്തതിന്റെ ചരിത്രം.
നല്ല ചൂടുള്ള ഒരു സായം കാലം. ആസ്ത്രേലിയയിലെ ഒരു കെമിസ്റ്റായ ചാള്‍സ് വിന്‍സെന്റ് പോട്ടര്‍ തണുത്ത ഒരു കുപ്പി ബിയര്‍ നുകര്‍ന്നുകൊണ്ട് വിശ്രമിക്കുകയായിരുന്നു. കുപ്പിയ്ക്കുള്ളിലെ ബിയര്‍ പതഞ്ഞുപൊങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കുമിളകള്‍ നുരഞ്ഞുപൊങ്ങുന്നത് ശ്രദ്ധിച്ച അദ്ദേഹത്തിന്റെ മനസ്സില്‍ വലിയൊരു ആശയം നുരഞ്ഞുപൊങ്ങി.
1902 ആണ് കാലഘട്ടം. ധാതുക്കളും മറ്റനേകം അകാര്‍ബണിക വസ്തുക്കളും ഖനനം ചെയ്തെടുക്കാന്‍ തുടങ്ങുന്ന കാലമാണത്. ആധുനികലോകത്തിന് ഖനനം ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. നിത്യജീവിതത്തില്‍ നാമുപയോഗിക്കുന്നതെല്ലാം തന്നെ ഖനനം ചെയ്ത് എടുക്കുന്നതോ വളര്‍ത്തിയെടുക്കുന്നതോ ആണ്.
തെക്കുകിഴക്കന്‍ ആസ്ത്രേലിയയിലെ ബ്രോക്കണ്‍ ഹില്‍ പ്രദേശത്ത് വെള്ളി, ഈയം, സിങ്ക് മുതലായ ലോഹങ്ങളുടെ വലിയൊരു ശേഖരമുണ്ട്. ഈ ലോഹങ്ങളെല്ലാം ശേഖരിച്ചിരുന്നത് അവയടങ്ങിയ അയിരുകള്‍ ചൂടാക്കിയാണ്. ഓരോ ലോഹവും അതിന്റേതായ ഉരുകൽ നിലയിൽ ഉരുകിവരും, അത് സംഭരിക്കും. എന്നാല്‍ പകുതിയോളം ലോഹമേ അങ്ങിനെ അയിരില്‍ നിന്ന് വേര്‍തിരിക്കാനാവുകയുള്ളു. ബാക്കി മുഴുവന്‍ പാഴായിപ്പോവുകയായിരുന്നു. മാത്രമല്ല, ആ അയിര് മുഴുവനും ഉരുക്കിയെടുക്കാന്‍ വലിയ അളവില്‍ ഊര്‍ജ്ജവും ആവശ്യമായിരുന്നു. ഇവിടെയാണ് ബിയര്‍ കുപ്പിയിലെ പത പോട്ടറിന് പുതിയ ആശയം സമ്മാനിച്ചത്.
ലോഹസംസ്കരണത്തിന് പ്ലവനരീതി
മറ്റൊരു രീതി അന്നേ നടപ്പിലുണ്ടായിരുന്നു. അതാണ് പ്ലവനം. അതില്‍ അയിരിനെ ചെറിയ തരികളാക്കി പൊടിക്കുന്നു. പിന്നീടതില്‍ എണ്ണയോ വെള്ളമോ കലര്‍ത്തുന്നു. അതിലേക്ക് ചില പ്രത്യേകതരം ഉത്തേജകങ്ങളും പതയാന്‍ സഹായിക്കുന്ന വസ്തുക്കളും ചേര്‍ത്തശേഷം താഴേ നിന്ന് വായു കടത്തിവിട്ട് കുമിളകളുണ്ടാക്കുന്നു. ഈ ഉത്തേജകങ്ങള്‍ ലോഹത്തരികളുടെ ഉപരിതലത്തില്‍ ഒട്ടി നില്‍ക്കുകയും അവ കുമിളകളോടൊപ്പം പൊങ്ങിവരികയും ചെയ്യും. ഈ പത വടിച്ചെടുത്ത് ചൂടാക്കിയാല്‍ ഉരുകിയ ലോഹം ലഭിക്കും. കൂടുതല്‍ അളവില്‍ ലോഹം വേര്‍തിരിച്ചെടുക്കാന്‍ ഇത് സഹായകമാണ്. പാറ മുഴുവനും ചൂടാക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഊര്‍ജ്ജോപയോഗം വളരെയേറെ കുറയ്ക്കാനും കഴിയുന്നു. ഈ പ്രക്രിയ പത പ്ലവനം എന്ന പേരിലാണ് അറിയപ്പെടുന്നത്. സള്‍ഫൈഡ് പോലുള്ളവ വേര്‍തിരിച്ചെടുക്കാനുള്ള ഒരു പേറ്റന്റ് 1860 ല്‍ തന്നെ നല്‍കപ്പെട്ടിരുന്നുവെങ്കിലും അതാരും ഉപയോഗിച്ചിരുന്നില്ല.
ഇവിടെയാണ് ബ്രോക്കണ്‍ ഹില്ലിലെ ഖനികളില്‍ പാഴാക്കിക്കളയുന്ന സിങ്കിനേക്കുറിച്ച് ചാള്‍സ് പോട്ടര്‍ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ പദ്ധതി ഖനികളില്‍ പാഴാക്കിക്കളയുന്ന മണ്ണില്‍ ചൂടുള്ള സള്‍ഫ്യൂറിക് ആസിഡ് ചേര്‍ത്ത് സിങ്ക് വീണ്ടെടുക്കുന്നതിനായിരുന്നു. ആസിഡ് സിങ്കുമായി പ്രതിപ്രവര്‍ത്തിച്ചാല്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ചെറുകുമിളകളുണ്ടാകും. ഈ കുമിളകളില്‍ സിങ്ക് ചെറുതരികളായി ഒട്ടിപ്പിടിക്കുകയും കുമിളകളുടെ കൂടെ പൊങ്ങിവരികയും ചെയ്യും. ഇതുവഴി അയിരില്‍ അടങ്ങിയിരിക്കുന്ന സിങ്കിന്റെ 60 ശതമാനം വരെ വീണ്ടെടുക്കാന്‍ കഴിഞ്ഞു.
ഈ അറിവ് ലോകമെമ്പാടും വ്യാപിക്കുകയും ധാതുക്കളുടെ ശേഖരണത്തിലെ ഏറ്റവും പ്രധാന രീതിയായി മാറുകയും ചെയ്തു. ഉപയോഗശൂന്യമായവിധം നേര്‍ത്ത ധാതുശേഖരത്തില്‍ നിന്ന് ലോഹസള്‍ഫൈഡുകള്‍ വേര്‍പെടുത്തിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ പ്ലവനരീതിയായി അതു മാറി. മൈനുകളിലെ സംസ്ക്കരിക്കാന്‍ പറ്റാത്തത്ര ശുഷ്കമായ ഗ്രേഡ് കുറഞ്ഞ അവക്ഷിപ്തങ്ങളില്‍ നിന്ന് വലിയ തോതില്‍ ലോഹങ്ങളെ വീണ്ടെടുക്കാന്‍ അത് ഉപകരിച്ചു. പല ഭേദഗതികളും ഈ പദ്ധതിയില്‍ കൊണ്ടുവന്നെങ്കിലും ഇപ്പോഴും അതിന്റെ അടിസ്ഥാന തത്വം പഴയതുതന്നെയാണ്. ലോഹവ്യവസായത്തിലെ വിപ്ലവകരമായ ഒരു മാറ്റത്തിന് ചാള്‍സ് പോട്ടര്‍ അങ്ങിനെ വഴിതെളിച്ചു.