Read Time:6 Minute
വിനയ രാജ് വി.ആർ
വർഷം തോറും 4000 ടൺ തവളക്കാലുകൾ ആണ് ഫ്രഞ്ചുകാർ ഭക്ഷിക്കുന്നത്. അതായത് ശരാശരി പത്തുകോടിയോളം തവളകളുടെ കാലുകൾ. ഇതുമുഴുവൻ തന്നെ ഇറക്കുമതി ചെയ്യുന്നതുമാണ്. തവളയിറച്ചി ഫ്രഞ്ചുകാരുടെ ദേശീയ വിശിഷ്ടവിഭവമാണ്. ബെൽജിയവും അമേരിക്കയുമാണ് മറ്റു രണ്ടുപ്രധാന ഇറക്കുമതി രാജ്യങ്ങൾ. ഫ്രാൻസിലെ വിറ്റലിൽ വർഷംതോറും നടക്കുന്ന ഉൽസവത്തിൽ തവളക്കാൽ രുചിക്കുന്നതിനായി മാത്രം ഒരു വിഭാഗമുണ്ട്. 20000 ത്തോളം ആൾക്കാർ എത്തുന്ന രണ്ടു ദിവസത്തെ പരിപാടിയിൽ മാത്രം ഏഴു ടണ്ണോളം തവളക്കാൽ ആണ് തിന്നുതീർക്കുന്നത്.
1987-89 കാലത്ത് ഇന്ത്യയും ബംഗ്ലാദേശും തവളക്കാൽ കയറ്റുമതി നിരോധിച്ചതിനുശേഷം ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതൽ തവളക്കാൽ കയറ്റുമതി ചെയ്യുന്നരാജ്യം. വർഷംതോറും ഏതാണ്ട് 5000 ടൺ. മുസ്ലീം രാജ്യമായ ഇന്തോനേഷ്യ പല മുസ്ലീംവിഭാഗങ്ങൾക്കും ഹലാൽ അല്ലാത്ത തവളക്കാൽ കയറ്റുമതി ചെയ്യുന്നത് വിചിത്രമായി തോന്നാം. വളർത്തുന്ന ഫാമുകളിൽ നിന്നാണ് ഇവിടെ ഇത് ഉൽപ്പാദിപ്പിക്കുന്നതെങ്കിലും ധാരാളം എണ്ണത്തെ വന്യതയിൽ നിന്നും തന്നെ പിടികൂടുന്നതാണ്. വളർത്തുന്നതാണോ കാട്ടിൽനിന്നും പിടിക്കുന്നതാണോ എന്നൊന്നും കണ്ടുപിടിക്കുന്നത് അത്ര എളുപ്പമല്ലതാനും.
ശീതരക്തജീവികൾ ആയ തവളകളെ മധ്യരേഖാപ്രദേശങ്ങളിലാണ് വളർത്താൻ എളുപ്പം, പക്ഷേ അവയുടെ വിപണി മുഴുവൻ തന്നെ യൂറോപ്പിലാണ്. ഇപ്പോഴും തവളവളർത്തൽ അതിന്റെ പരീക്ഷണഘട്ടത്തിലാണ് എന്നുപറയാം.
അമേരിക്കൻ തദ്ദേശവാസിയായ 20 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന അമേരിക്കൻ ബുൾഫ്രോഗ് ഒറ്റത്തവണ തന്നെ 25000 മുട്ടകൾ ഇടാറുണ്ട്. അതിനാൽത്തന്നെ ഇവയെ വളർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതടക്കം പല തവള ഇനങ്ങളും ജീവനുള്ള, അല്ലെങ്കിൽ ജീവനുണ്ടെന്നു തോന്നിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. അതുവലിയ പ്രശ്നമാണ്, കാരണം ഒന്നുമുതൽ മൂന്നിരട്ടിയോളം ഇറച്ചി കൊടുത്ത് തവളയിറച്ചി ഉണ്ടാക്കുന്നത് നഷ്ടമാണല്ലോ. പിന്നീട് തവളയുടെ മൂക്കിനുമുന്നിൽ കുമിളകളുടെ സഹായത്തോടെയോ വെള്ളത്തിന്റെ ഒഴുക്കിനൊപ്പമോ അല്ലെങ്കിൽ ഭക്ഷണപാത്രത്തിൽ മോട്ടോർ ഉപയോഗിച്ച് ചലിപ്പിച്ചോ ഭക്ഷണം നൽകിയാൽ തവളകളെ പറ്റിച്ച് തീറ്റിക്കാമെന്ന് കണ്ടെത്തി.
ഇന്ന് പലരാജ്യങ്ങളിലും ഈ തവളയെ വ്യാവസായികമായി വളർത്തുന്നുണ്ട്. മറ്റു ചില ഇനമായ കടുവത്തവളയ്ക്ക് ഭക്ഷണം ഇളകണമെന്നില്ലാത്തതിനാൽ വളർത്താൻ കൂടുതൽ അനുയോജ്യമാണ്. വാൽമാക്രിയെ തവളയാക്കി എടുക്കൽ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. വാൽമാക്രിയിൽ നിന്നും തവളയിലേക്കുള്ള രൂപമാറ്റത്തിൽ അവയുടെ വലിപ്പം, പ്രായം, ഭാരം എന്നിവയെല്ലാം വളരെ പ്രധാനമാണ്. ചൂട്, വളർത്തുന്നവയുടെ എണ്ണം, വെള്ളത്തിൽ അടങ്ങിയിട്ടുള്ള ലവണങ്ങളുടെയും ധാതുക്കളുടെയും അളവ്, ഗുണം എന്നിവയെല്ലാം ഇവിയുടെ വളർച്ചയെ ബാധിക്കുന്നു. രൂപമാറ്റത്തിനിടയിൽ വളർത്തുന്നയിടത്തെ വൃത്തി ഏറ്റവും പ്രധാനമാണ്. മറ്റു പലകാര്യങ്ങളിലും എന്നപോലെ തവളവളർത്തലിലും ഗവേഷണത്തിലും കയറ്റുമതിയിലും ചൈന പെട്ടെന്ന് കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫ്രാൻസിന്റെയും ബെൽജിയത്തിന്റെയും തവളയിറച്ചി ആർത്തി തീർക്കാൻ വ്യാവസായികമായി തവളകളെ വളർത്തിയേ തീരൂ, അല്ലെങ്കിൽ കാട്ടിലെ മുഴുവൻ തവളകളെയും പിടിച്ചുതീർത്ത് അവയുടെ വംശനാശം വരുത്തും, പ്രത്യേകിച്ച് ഇന്തോനേഷ്യയിൽ. ഇപ്പോഴത്തെ രീതിയിൽ പിടിച്ചാൽ തുർക്കിയിലെ അനടോലിയൻ വാട്ടർ ഫ്രോഗ് 2032 -ൽ ഒടുങ്ങുമെന്നാണ് കണക്ക്. ഇപ്പോൾത്തന്നെ ലോകത്തിലെ മൂന്നിലൊന്ന് ഉഭയജീവികളും വംശനാശഭീഷണിയിലാണ്.
എന്നാലും ലോകം ഉപദേശിക്കുന്നതു മുഴുവൻ ഏഷ്യൻ രാജ്യങ്ങളോട് ഇവയെ കാട്ടിൽ നിന്നു പിടിക്കരുതെന്നാണ്, ഫ്രാൻസിനോട് തീറ്റ കുറയ്ക്കാൻ ആരും പറയില്ല. രണ്ടുമൂന്നുനൂറ്റാണ്ടുകൾ മുഴുവൻ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ നേരിട്ടു കൊള്ളയടിച്ചവന്മാർ ഇപ്പോൾ അവിടുത്തെ പരിസ്ഥിതിയേയും സമ്പത്തിനേയും പരോക്ഷമായി മുടിക്കുകയാണ്, അതിപ്പോൾ തവളയായാലും, ചോക്കളേറ്റ് ആയാലും, ധാതുക്കൾ ആയാലും.
പലയിനം കാർഷിക കീടങ്ങളെയും രോഗകാരികളായ പ്രാണികളെയും നിയന്ത്രിക്കുന്നതിൽ തവളയുടെ പങ്ക് നിസ്തുലമാണ്. വെള്ളത്തിലെ ആൽഗകളെ നശിപ്പിക്കുന്നതിൽ വാൽമാക്രികൾ ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റു പലജീവികൾക്കും ഭക്ഷണമായ തവളകൾ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണിയാണ്.
Related
0
1