Read Time:7 Minute

ഡോ.കെ.ആര്‍.ജനാര്‍ദ്ദനന്‍

സർ ഫ്രെഡറിക് ബാന്റിങ് (Sir Frederick Banting1891-1941)

ഇപ്പോൾ ചായ/കാപ്പി ‘വിത്ത്”ആയും ‘വിത്ത്ഔട്ട്”ആയും പ്രത്യക്ഷപ്പെടുന്നത് സർവ്വ സാധാരണമായിരിക്കുന്നു. പ്രമേഹം ഭയപ്പെടേണ്ട രോഗമായി സമൂഹം പരിഗണിക്കുന്നില്ല. പ്രമേഹത്തോട് ഇണങ്ങി ജീവിക്കാൻ സമൂഹം പഠിച്ചു കഴിഞ്ഞു. ഈ അവസ്ഥ വന്നതിനു നാം ഡോക്ടർ ഫ്രെഡറിക് ബാന്റിങ്ങിനോട് കടപ്പെട്ടിരിക്കുന്നു. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ പഞ്ചസാരയെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഈ തത്വം കണ്ടുപിടിച്ചത് ബാന്റിങ്ങിന്റെ നേതൃത്വത്തിലാണ്. കൂടാതെ മൃഗങ്ങളുടെ പാൻക്രിയാസ് ഗ്രന്ഥികളിൽ നിന്ന് ഇൻസുലിൻ വേർതിരിച്ചെടുക്കുകയും, അത് മനുഷ്യരിൽ കുത്തിവെച്ച് പ്രമേഹം നിയന്ത്രിക്കാമെന്ന് തെളിയിക്കുകയും ചെയ്തു ബാന്റിങ്. വൈദ്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ കണ്ടുപിടുത്തം.

ഡോക്ടർ ഫ്രെഡറിക് ബാന്റിങ്ങ്

കാനഡയിലെ ഒരു കർഷക കുടുംബത്തിൽ നിന്നും വന്ന ബാന്റിങ് വൈദ്യശാസ്ത്ര പഠനത്തിന് ശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് കനേഡിയൻ സൈന്യത്തിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.1918ൽ യുദ്ധക്കളത്തിൽ വെച്ച് ഒരു കൈയ്യിൽ വെടിയേറ്റു. ജീവൻ രക്ഷിക്കാൻ കൈയ് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ കരമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ബാന്റിങ് പറഞ്ഞു. ഭാഗ്യവശാൽ അദ്ദേഹം സുഖം പ്രാപിച്ചു. 1920ൽ യുദ്ധം അവസാനിച്ചപ്പോൾ ബാന്റിങ് പ്രമേഹരോഗം സംബന്ധിച്ച ഗവേഷണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ടോറൊന്റോ യൂണിവേഴ്സിറ്റി ഫിസിയോളജി പ്രൊഫസർ ഡോ. മാക്ളിയോഡിന്റെ(Dr MacLeod) ലാബറട്ടറിയിലാണ് ഗവേഷണം നടത്തിയത്. ബാന്റിങ്ങിന് നല്ലൊരു സഹായിയെ ലഭിച്ചു. ഡോക്ടർ ബെസ്റ്റ് (Dr Best) എന്ന ബയോകെമിസ്റ്റ്. പേരുപൊലെ തന്നെ സ്വഭാവത്തിലും പ്രവർത്തനത്തിലും അറിവിലും ബെസ്റ്റ് ആയിരുന്നു ഡോക്ടർ ബെസ്റ്റ്. ഐക്യത്തൊടെ അവർ കഠിനാധ്വാനം ചെയ്തു. ഇൻസുലിൻ വേർതിരിച്ചെടുക്കാൻ നേരത്തെ പലരും ശ്രമിച്ചിരുന്നു, പക്ഷേ പരാജയപ്പെട്ടു. എന്നാൽ നായകളുടെ പാൻക്രിയാസ് ഗ്രന്ഥികളിൽ നിന്ന് ഇൻസുലിൻ ശുദ്ധ രൂപത്തിൽ വേർതിരിച്ചെടുക്കാൻ ബാന്റിങ് -ബെസ്റ്റ് ടീമിന് കഴിഞ്ഞു.

ഡോക്ടർ ബെസ്റ്റും ഫ്രെഡറിക് ബാന്റിങ്ങും കടപ്പാട് വിക്കിപീഡിയ

1923ൽ മഹത്തായ ഈ സാധനയെ മാനിച്ച് ഫിസിയോളജി/മെഡിസിൻ നൊബേൽ സമ്മാനം ബാന്റിങ്ങിനും മാക്ളിയോഡിനും സംയുക്തമായി നല്കി. അഹോരാത്രം തന്നോടൊപ്പം ആത്മാർഥമായി പണിയെടുത്ത ഡോക്ടർ ബെസ്റ്റിനെ അവഗണിച്ച് ഗവേഷണവുമായി നേരിട്ട് ബന്ധപ്പെടാത്ത മാക്ളിയോഡിനെ നൊബേൽ പുരസ്കാരത്തിൽ പങ്കാളിയാക്കിയതിൽ ബാന്റിങ് അമർഷവും ദുഃഖവും രേഖപ്പെടുത്തി. 1923 ഡിസംബർ മാസത്തിൽ നൊബേൽ സമ്മാനം സ്വീകരിച്ചശേഷം അദ്ദേഹം ആദ്യമായി ചെയ്ത കൃത്യം പുരസ്കാര തുകയുടെ പകുതി ബെസ്റ്റിന് അയച്ചു കൊടുക്കുകയായിരുന്നു. ഒപ്പം ഒരു സന്ദേശവും “എല്ലായ്പ്പോഴും എന്റെ പങ്കിനോടൊപ്പം നിങ്ങളും ഉണ്ടായിരിക്കും.” ഭാവിയിൽ വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാമായിരുന്ന ഇൻസുലിൻ കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാൻ പ്രഥമ കനേഡിയൻ നൊബേൽ പുരസ്കാര ജേതാവായ ബാന്റിങ് തയ്യാറായില്ല.

രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ബാന്റിങ് ആർമി മെഡിക്കൽ യൂണിറ്റിൽ മേജർ റാങ്കിൽ സേവനം അനുഷ്ഠിച്ചു. തനിക്ക് റാങ്കൊന്നും ആവശ്യമില്ലായെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും അധികൃതർ സമ്മതിച്ചില്ല.
1941 ഫെബ്രുവരിയിൽ ഒരു ബോംബർ വിമാനത്തിൽ ബാന്റിങ് ലണ്ടനിലേക്ക് യാത്ര തിരിച്ചു. ബാന്റിങ്ങിനെ കൂടാതെ ഒരു റേഡിയോ ഓപ്പറേറ്ററും പൈലറ്റും വിമാനത്തിൽ. പറക്കലിനിടയിൽ ഹിറ്റ്ലറുടെ ജർമൻ എയർഫോഴ്സ് വിമാനങ്ങളുടെ നിരീക്ഷണത്തിൽ വന്നു. അവർ ബാന്റിങ് സഞ്ചരിച്ച വിമാനം വെടിവെച്ച് വീഴ്ത്തി. വിമാനം മഞ്ഞുപാറയിൽ തകർന്നു വീണു. റേഡിയോ ഓപ്പറേറ്റർ തത്ക്ഷണം മരിച്ചു. പരിക്ക് പറ്റിയ പൈലറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബാന്റിങ്ങിനെ കണ്ടു. എന്തോ പറയാൻ തുടങ്ങിയ ബാന്റിങ്ങിന്റെ വാക്കുകൾ കുറിച്ചെടുക്കാൻ പൈലറ്റ് തയ്യാറായി . പക്ഷേ അപ്പോഴേക്കും അദ്ദേഹം ബോധരഹിതനായി. സഹായം തേടി പൈലറ്റ് കാട്ടിലൂടെ നടന്നു. പിന്നെ തിരിച്ചു വന്ന് നോക്കിയപ്പോൾ നേരത്തെ കിടന്ന സ്ഥലത്തിൽ നിന്ന് ബാന്റിങ് കുറെ ദൂരം ഇഴഞ്ഞു നീങ്ങിയതായി കണ്ടത്. പരിശോധിച്ചപ്പോൾ അദ്ദേഹം മരണപ്പെട്ടുവെന്ന് മനസ്സിലായി മഹാനായ ഒരു ശാസ്ത്രജ്ഞന്റെ ദാരുണമായ അന്ത്യം.

ടൈം മാഗസിന്റെ മുഖചിത്രം 1923 ആഗസ്റ്റ് 27 കടപ്പാട് വിക്കിപീഡിയ

ഇന്‍സുലിന്റെ കഥ –  Stanley Jackson സംവിധാനം ചെയ്ത The Quest(1958) ചലച്ചിത്രം കാണാം

മറ്റു ലൂക്ക ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിണാമത്തെ അട്ടിമറിച്ചവർ
Next post നവരത്നങ്ങളെ മനസ്സിലാക്കാം
Close