Read Time:27 Minute
രുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് അഥവാ ഫോറൻസിക് ഭാഷാശാസ്ത്രം. ഫോറൻസിക് ഭാഷാശാസ്ത്രം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട  ഭാഷാപരമായ തെളിവുകളെ ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ് ഈ നൂതനവൈജ്ഞാനികമേഖലയുടെ ലക്ഷ്യം. റൗട്ട്‌ലെഡ്ജ് ഹാൻഡ്‌ബുക്ക് ഓഫ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് (2010) ഈ മേഖലയെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :

ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് ഭാഷയെയും നിയമത്തെയും കുറിച്ചുള്ള പഠനമാണ്, നിയമത്തിന്റെ ഭാഷാപരമായ സവിശേഷതകൾ മുതൽ രചനാചോരണം (Plagiarism) വരെയുള്ള നിയമപരമായ എല്ലാ മേഖലകളേയും ഉൾക്കൊള്ളുന്നതിനൊപ്പം, ഭാഷാപരമായ തെളിവുകൾ ഉൾക്കൊള്ളുന്ന ആത്മഹത്യാക്കുറിപ്പുകൾ, ബ്ലാക്‌മെയ്‌ലിംഗ്, ട്രേഡ്മാർക്ക് കേസുകൾ തുടുങ്ങിയവയുടെ ശാസ്ത്രീയമായ വിദഗ്ധാഭിപ്രായം കോടതിയിൽ നൽകുന്നതു വരെ നീണ്ടുനിൽക്കുന്നു ഇതിന്റെ  പ്രായോഗിക തലം”.

നീതിനിർവഹണത്തിന്റെ എല്ലാഘട്ടങ്ങളും ഭാഷയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. പരാതി നൽകുന്നതിൽ തുടങ്ങി വിധിപ്രസ്താവം  വരെ നീണ്ടു നിൽക്കുന്നു ഭാഷയുടെ വ്യവഹാരങ്ങൾ. അതുകൊണ്ടു തന്നെ ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ പ്രയോഗികതലവും വിപുലമാണ്. ഭാഷാപരമായ തെളിവുകളുടെ ശാസ്ത്രീയമായ പരിശോധനയിലൂടെ, കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിൽ പോലീസിന് സഹായകരമായ വിദഗ്ധ കണ്ടെത്തലുകൾ നൽകുക എന്നതാണ് ഫോറൻസിക് ഭാഷശാസ്ത്രജ്ഞരുടെ ദൗത്യം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എഴുതുകയോ, പറയുകയോ ചെയ്ത രേഖകൾ എല്ലാം തന്നെ ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ ഭാഷാപരമായ തെളിവുകളുടെ പരിധിയിൽ വരും.

കൂടുതൽ കൃത്യതയോടെ പറഞ്ഞാൽ ആത്മഹത്യ, കൊലപാതകം തുടങ്ങിയ കൃത്യങ്ങൾ നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചുവരിലെ എഴുത്തുകൾ,  അനുബന്ധ രേഖകൾ, സൈബർ ക്രൈമുമായി ബന്ധപ്പെട്ട വ്യാജഫോൺസന്ദേശങ്ങൾ, സോഷ്യൽ മീഡിയ- ഫേസ്ബുക് പോസ്റ്റുകൾ, കേസുമായി ബന്ധപ്പെട്ട വാദി- പ്രതി- സാക്ഷികൾ തുടങ്ങിയവർ നൽകിയ മൊഴികൾ,  മൊഴി-വൈരുദ്ധ്യങ്ങൾ, പരിഭാഷയുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങൾ, കമ്പനികൾ തമ്മിൽ നിലനിൽക്കുന്ന ട്രേഡ് മാർക്കുകളെ പറ്റിയുള്ള തർക്കം, അജ്ഞാതഫോൺകോളുകൾ, ശബ്ദസന്ദേശങ്ങൾ തുടങ്ങി ഭാഷാപരമായ എല്ലാത്തരം തെളിവുകളുടെയും ശാസ്ത്രീയവും, സൂക്ഷ്മവുമായ പരിശോധനയാണ് ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരുടെ പ്രവർത്തനമേഖല.

നിലവിൽ നമ്മുടെ രാജ്യത്തെ നിയമസംവിധാനം ഭാഷാപരമായി ലഭിക്കുന്ന ഇത്തരം തെളിവുകളുടെ വിദഗ്ധപരിശോധനയ്ക്ക് ഉപയോഗപ്പെടുത്തുന്ന രീതി കൈയക്ഷരസാമ്യതാനിർണയത്തെ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാൽ ഇന്ന് ലോകത്തിലെ പല വികസിതരാജ്യങ്ങളും (U.K, USA, Germany etc.) നിലവിലെ രീതികളോടൊപ്പം തന്നെ  പൂർണ്ണതോതിൽ ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ സേവനം കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും  നിയമ-നീതിനിർവ്വഹണ വ്യവസ്ഥയുടെ ഭാഗമായാണ് ഈ നൂതന ഫോറൻസിക് സാങ്കേതികവിദ്യ  ഉപയോഗിക്കുന്നത്.

ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം  കരസ്ഥമാക്കിയതിന് ശേഷമാണ് ഫോറൻസിക് ലിംഗ്സ്റ്റിക്‌സ് ഗവേഷണരംഗത്തേക് കടന്നുവരാൻ സാധിക്കുന്നത്. ഫോറൻസിക് ഭാഷാശാസ്ത്രത്തെക്കുറിച്ചും അതിന്റെ കുറ്റാന്വേഷണതലങ്ങളെക്കുറിച്ചും കൂടുതലായി ചുവടെ വായിക്കാം.

The Evans Statements: A Case for Forensic Linguistics

1950-കളിൽ ഇംഗ്ലണ്ടിന്റെ നിയമസംവിധാനത്തെ മൊത്തത്തിൽ പിടിച്ചുലച്ച തിമോത്തി ജോൺ ഇവാൻസ് എന്ന പ്രതിയുടെ വധശിക്ഷയും അതിനെ തുടർന്നുണ്ടായ നിയമ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ഫോറൻസിക് ഭാഷാശാസ്ത്രം രൂപം കൊള്ളുന്നത്.  അക്കാലത്തെ പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ജാൻ സാവർത്തികിന്റെ ഇവാൻസ് കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ The Evans statements: A Case for Forensic Linguistics. 1968 എന്ന പേരിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് എന്ന നൂതന ഫോറൻസിക് വിജ്ഞാനശാഖ തുടങ്ങുന്നത്.

തിമോത്തി ജോൺ ഇവാൻ എന്ന, 25 കാരനായ ലണ്ടൻ വാൻ ഡ്രൈവർ തന്റെ ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തി എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക്  വിധിക്കപ്പെട്ടു. 1950 മാർച്ച് 9 പെന്റോൺവില്ലെ ജയിലിൽ വെച്ച് വിധി നടപ്പിലാക്കുകയും ചെയ്തു. വിധി നടപ്പിലാക്കി മുന്ന് വർഷത്തിന് ശേഷം ഇവാൻസിന്റെ അയൽവാസിയായ ക്രിസ്റ്റിയെന്നയാൾ ഒന്നിലധികം കൊലപാതകം നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ  ഇയാൾ ഇവാൻസിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരുടെ കൊലപാതകക്കുറ്റം  സമ്മതിക്കുകയും ചെയ്തു.

ജാൻ സാവർത്തിക്ക

ഇത് തിമോത്തി ഇവാൻസിന്റെ കേസിലെ നീതിനിഷേധത്തെക്കുറിച്ച് ഇംഗ്ലണ്ടിൽ മുഴവനും വലിയ തോതിലുള്ള  നിയമപോരാട്ടങ്ങൾക്കും ചൂടേറിയ വാഗ്വാദങ്ങൾക്കും കാരണമായിത്തീർന്നു. ഭാഷാശാസ്ത്രജ്ഞനായ ജാൻ സാവർത്തിക്ക കൊലപാതകവുമായി ബന്ധപ്പെട്ട് ഇവാന്റെ മൊഴികൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. ഇവാൻസിന്റെ മൊഴികളുടെ ഗഹനവും, സൂക്ഷ്മവുമായ ഭാഷാശാസ്ത്രപരിശോധന നടത്തുകയും അതിലൂടെ കണ്ടത്തിയ മൊഴികളിലെ  വൈരുധ്യങ്ങളും, ശൈലീവിശേഷതകളും യുക്തിഭദ്രമായി തന്റെ  The Evans Statements: A Case for Forensic Linguistics എന്ന പഠനത്തിലൂടെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഈ കണ്ടെത്തലുകൾ വലിയ നിയമശ്രദ്ധ നേടി. തുടർന്നു നടന്ന അന്വേഷണങ്ങൾ ഇവാൻസ് കുറ്റക്കാരനല്ല എന്ന് കണ്ടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇവാൻസിനെ അദ്ദേഹത്തിന്റെ മരണാനന്തരം കുറ്റവിമുക്തനാക്കി മാപ്പ് നൽകുകയുമുണ്ടായി. അങ്ങനെ ഫോറൻസിക് വൈദഗ്ധ്യത്തിന്റെ ഒരു പുതിയ മേഖല ഫോറൻസിക് ലിംഗ്വിസ്റ്റിക്സ് എന്ന പേരിൽ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചു.

സവർത്തികിന്റെ കണ്ടെത്തലുകളുടെ ചുവടു പിടിച്ചു പ്രശസ്ത ഭാഷാശാസ്ത്രജ്ഞൻമാരായ റോജർ ഷുയി, ജോൺ ഓൾസോൺ, ജോൺ ഗിബ്ബൺസ് തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ ത്വരിതപ്പെടുത്തി. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫോറൻസിക് ലിംഗ്വിസ്റ്റിക്സ് (IAFL), ദി അസോസിയേഷൻ ഫോർ ലിംഗ്വിസ്റ്റിക് എവിഡൻസ് (TALE), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്വിസ്റ്റിക് എവിഡൻസ്  (ILE) തുടങ്ങി ഫോറൻസിക് ഭാഷാശാസ്‌ത്രത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ഗവേഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രശസ്തമായ  അനേകം ഏജൻസികൾ ഇന്ന് നിലവിലുണ്ട്. ഇന്ന് വികസിത രാജ്യങ്ങളിലെല്ലാം ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ  സ്ഥാനം മറ്റ് ഫോറൻസിക് വിജ്ഞാനങ്ങളോടൊപ്പമാണ്.

ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ കുറ്റാന്വേഷണ തലങ്ങൾ

ഭാഷാപരമായ തെളിവുകൾ ഉൾപ്പെടുന്ന ഏതുതരം കുറ്റകൃത്യങ്ങളിലും ഫോറൻസിക് ഭാഷാശാസ്ത്രവിജ്ഞാനത്തിന്റെ സേവനം ഉപയോഗപ്പെടുത്താനാകുന്നതാണ്. ഈ സാങ്കേതികമേഖലയുടെ പ്രായോഗികതലത്തെ രണ്ടായി തിരിക്കാം: ടെക്സ്ച്വൽ അനാലിസിസ് അഥവാ എഴുതുകയോ, പറയപ്പെടുകയോ ചെയ്യപ്പെട്ട തെളിവുകളുടെ വിശകലനം, വോയിസ് അനാലിസിസ് അഥവാ ശബ്ദ വിശകലനം എന്നിവയാണവ. ശബ്ദസാമ്പിൾ വിശകലനത്തിനെ  ഫോറൻസിക് ഫൊണെറ്റിക്സ് എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പ്രായോഗികതലത്തെ കൂടുതലായി പരിചയപ്പെടാം.

രചനാകർതൃത്വ നിർണയം (Authorship Profiling)

ഓതർഷിപ് പ്രൊഫൈലിങ് എന്ന ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ മേഖല  എഴുതപ്പെട്ടനിലയിൽ ലഭിക്കുന്ന തെളിവുകളുടെ പരിശോധനയും, വിശകലനവും ഉൾക്കൊള്ളുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകളായി ശേഖരിക്കുന്ന ആത്മഹത്യക്കുറിപ്പുകൾ, ഭീഷണിക്കത്തുകൾ, കെട്ടിച്ചമച്ച പ്രമാണങ്ങൾ, പ്രതിയോ വാദിയോ എഴുതി എന്നു പറയുന്ന കത്തുകൾ/രേഖകൾ, തുടങ്ങിയവയെല്ലാം രചനാകർതൃത്വ നിർണയത്തിന്റെ (Authorship Profiling) പരിധിയിൽ വരും. സൂക്ഷ്മവും, ശാസ്ത്രീയവുമായ പരിശോധനയിലൂടെ എഴുത്തിനുള്ളിൽ മറഞ്ഞുകിടക്കുന്ന വ്യക്തിയുടെ രചനാശൈലിസൂചകങ്ങൾ (Style Markers) അർത്ഥവ്യഖ്യാനങ്ങൾ (Semantic-Pragmatic), വൈരുദ്ധ്യങ്ങൾ (Contradiction, Ambiguity) അസത്യങ്ങൾ/കള്ളവാദങ്ങൾ (Deception, Lies etc.)  ഇവയെല്ലാം തന്നെ അന്വേഷണത്തിന്  സഹായകരമായ രീതിയിൽ കണ്ടെത്തുവാൻ ഫോറൻസിക് ഭാഷ ശാസ്ത്രജ്ഞർക്ക് ഓതർഷിപ് പ്രൊഫൈലിങ്ങിലൂടെ  സാധിക്കും.

മൊഴിപരിശോധന (Statement Analysis)

കേസുമായി ബന്ധപെട്ട് പ്രതിയിൽ നിന്നോ, വാദിയിൽ നിന്നോ, സാക്ഷിയിൽ നിന്നോ ശേഖരിക്കുന്ന മൊഴികൾ ഫോറൻസിക് ഭാഷാശാസ്ത്രവിദഗ്ധരുടെ പ്രാഥമിക പരിശോധനയിലൂടെ, എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തുവാൻ സാധിക്കും. കക്ഷികൾ അവരുടെ മൊഴി നൽകുമ്പോൾ വരുത്തുന്ന അശ്രദ്ധമായ പിഴവുകൾ, അപ്രസക്തവും, നിരർത്ഥകവുമായ വിവരങ്ങൾ, നുണകൾ, കേസിനെ വഴിതെറ്റിക്കാനോ, കുറ്റാരോപിതനെ രക്ഷിക്കാനോ ഉള്ള ശ്രമങ്ങൾ തുടങ്ങി എല്ലാം തന്നെ അവരുടെ ഭാഷാപ്രയോഗത്തിലൂടെ വെളിപ്പെടും. ഇവ സൂക്ഷ്മമായി കണ്ടെത്തി ശാസ്ത്രീയമായ  വിശകലനത്തിലൂടെ അന്വേഷണത്തിന് സഹായിക്കാനുതകുന്ന വിവരങ്ങൾ നൽകാൻ ഫോറൻസിക് ഭാഷാശാസ്ത്രവൈദഗ്ധ്യം വലിയ തോതിൽ ഉപയോഗിക്കാറുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ (Cyber Crimes)

മൊബൈൽ ഫോൺ, സാമൂഹ്യമാധ്യമങ്ങൾ എന്നിവ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാജസന്ദേശങ്ങളും, വ്യാജപ്രൊഫൈലുകളും വഴി ആളുകളെ വലിയതോതിൽ ചതിയിലകപ്പെടുത്താറുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണമായ സ്വഭാവം അന്വേഷണ പ്രക്രിയയെ വളരെയധികം പ്രയാസകരമാക്കാറുമുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം വലിയരീതിയിൽ വിദേശരാജ്യങ്ങളിൽ ഉപയോഗപ്പെടുത്താറുണ്ട്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന ടെക്സ്റ്റുകളുടെ (വ്യാജസന്ദേശം, ഫേസ്ബുക്പോസ്റ്റുകൾ, ഇ-മെയിലുകൾ തുടങ്ങിയവ) സൂക്ഷ്മമായ ഫോറൻസിക് ഭാഷാശാസ്ത്രപ്രൊഫൈലിങ്ങിലൂടെ (Forensic Linguistic Profiling)   ഭാഷാപരമായ ശൈലിസൂചകങ്ങൾ കണ്ടെത്തി തുടർ അനേഷണത്തിന് ഉപയോഗിക്കാറുണ്ട്.

ശബ്ദനിർണയം/ ശബ്ദവിശകലനം (Speaker Identification/ Speaker Verification)

വ്യാജകോളുകൾ, അജ്ഞാതകോളുകൾ, ഭീഷണിപ്പെടുതത്തുന്ന കോളുകൾ, വോയ്‌സ് വെരിഫിക്കേഷൻ തുടങ്ങിയവയെല്ലാം അനേഷണസംഘത്തിന് മുൻപിലുള്ള കുരുക്കുപിടിച്ച പ്രശ്നങ്ങളാണ്. ഫോറൻസിക് ഭാഷാശാസ്ത്രജ്ഞർ സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ക്ലസ്റ്ററുകൾ, പദങ്ങളുടെ അതിരുകൾ (word boundaries) പദഘടന എന്നിവയുടെ സ്വഭാവസവിശേഷതകൾ, സൂപ്പർ സെഗ്മെന്റൽ സവിശേഷതകൾ, പിച്ച് (pitch), ആവൃത്തി (frequency), സ്വര തീവ്രത, പദദൈർഘ്യം, തുടങ്ങിയ ശബ്‌ദങ്ങളുടെ അക്വസ്റ്റിക്‌സ് സങ്കേതങ്ങളിൽ നല്ലരീതിയിൽ പരിശീലനം നേടിയവരായിരിക്കും. തെളിവുകളായി ശേഖരിക്കുന്ന ശബ്ദസാമ്പിളുകൾ  ഫോറൻസിക് ഫൊണെറ്റിക് ലാബുകളിൽ ഫോറൻസിക് ഭാഷാശാസ്ത്രജ്ഞർ അത്യാധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വിശകലനവിധേയമാക്കുന്നതിലൂടെ ശബ്ദത്തിന്റെ യഥാർത്ഥ ഉടമ, ശബ്ദത്തിന്റെ കൃത്യത, സുതാര്യത എല്ലാം നിർണ്ണയിക്കാൻ സാധിക്കും. ഫോറൻസിക് ഫൊണെറ്റിക്സ് ഇന്ന് വലിയരീതിയിൽ   അന്വേഷണഏജൻസികൾ ഉപയോഗപ്പെടുത്തുന്ന അത്യാധുനിക ശബ്ദവിശകലന വിജ്ഞാനമേഖലയാണ്.

ട്രേഡ്മാർക്ക് കേസുകൾ (Trade mark Disputes)

ട്രേഡ്നാമങ്ങൾ, ലോഗോ തുടങ്ങിവയുടെ സാദൃശ്യവുമായി ബന്ധപ്പെട്ട്, കമ്പനികൾ തമ്മിൽ നിയമനടപടികളിൽ ഏർപ്പെടുക എന്നത് ഇന്ന് വളരെ വ്യാപകമായി നടക്കുന്ന ഒരു കാര്യമാണ്. ഇത്തരം കേസുകളുടെ പരിഹാരത്തിന് ഫോറൻസിക് ഭാഷാശാസ്ത്രവിജ്ഞാനം ഉപയോഗിക്കാവുന്നതാണ്. ട്രേഡ്നാമങ്ങൾ, ലോഗോകൾ എന്നിവയിലൊക്കെയുള്ള ഭാഷാപരമായ സാമ്യതകളും, വ്യത്യാസങ്ങളും കൃത്യമായി നിർണ്ണയിച്ച്, ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

കോടതിയുമായി ബന്ധപ്പെട്ട വിവർത്തന/വ്യാഖ്യാന വിഷയങ്ങൾ (Legal Translation/ Interpretation)

അന്യഭാഷാസ്വദേശികൾ  ഉൾപ്പെട്ട കേസുകളിൽ വിവർത്തകരുടെ സേവനം വ്യാപകമായി ഉപയോഗപ്പെടുത്താറുണ്ട്. ചോദ്യംചെയ്യലിന്റെ ഘട്ടത്തിലും, കോടതിയിൽ വിസ്താരത്തിന്റെ സമയത്തും വിവർത്തകന്റെ കൃത്യവും, വിശ്വസ്‌തവുമായ സേവനം അനിവാര്യമാണ്. ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരുടെ സേവനം ഈ മേഖലയിലും വളരെ വലിയരീതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഫോറൻസിക് ട്രാൻസ്ലേഷൻ എന്ന ഒരു നൂതനഗവേഷണ മേഖല തന്നെ വളർന്നുവന്നിട്ടുണ്ട്.

ഇത്തരത്തിൽ ലഭിക്കുന്ന എല്ലാത്തരം ഭാഷാപരമായ തെളിവുകളെയും ശാസ്ത്രീയമായി വികസിപ്പിച്ച നൂതനവിദ്യകളുടെ സഹായത്തോടെ വിദഗ്‌ധർ ഫോറൻസിക് ലിംഗ്വിസ്റ്റിക്‌സ് പ്രൊഫൈലിങ്ങിന് വിധേയമാക്കുന്നു. സ്റ്റൈലിസ്റ്റിക്, സോഷ്യോ-സ്റ്റൈൽമാർക്കേഴ്‌സ്, സെമാന്റിക്-പ്രാഗ്മാറ്റിക് പ്രിൻസിപ്പിൾസ്, ഫോറൻസിക് സ്റ്റൈലോമെട്രി, കോർപ്പസ് സ്റ്റൈലോമെട്രി, അക്വസ്റ്റിക്സ് ഫൊണറ്റിക്സ് സോഫ്റ്റ്‌വെയർസ് എന്നിങ്ങനെ ലിംഗ്വസ്റ്റിക്സ്, കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സ് അധിഷ്ഠിത പരിശോധനാരീതികളാണ് ഇതിലധികവും. മുകളിൽ വിവരിച്ച എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട് വലിയതോതിൽ ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരുടെ സേവനം ഇന്ന്  ലോകരാജ്യങ്ങൾ  ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ ഫോറൻസിക് ഭാഷാ ശാസ്ത്രത്തിന്റെ സഹായത്തോടെ തെളിക്കപ്പെട്ട, ലോകശ്രദ്ധയാകർഷിച്ച ഏതാനും കേസുകൾ കാണാം.

യൂണബോംബർ കേസ്

അമേരിക്കൻ കുറ്റഅന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (FBI)  പതിനേഴ് വർഷത്തോളം കുഴക്കിയ കേസിലെ അജ്ഞാതനായ പ്രതിയിലേക്ക് എത്തിച്ചേരാൻ നിർണ്ണായകമായത് എഫ് ബി ഐ യിലെ ബിഹേവിയർ അനാലിസിസ് യൂണിറ്റിലെ ഫോറൻസിക് ഭാഷാശാസ്ത്രജ്ഞനായ ഫിറ്റ്സ്ജെറാൾഡിന്റെ (James R. Fitzgerald) കണ്ടെത്തലുകളാണ്.  അമേരിക്കൻ ഐക്യനാടുകളിൽ ഭികരാന്തരീഷം സൃഷ്ടിച്ചുകൊണ്ട്  അജ്ഞാതൻ  അനേകം ബോംബ് സ്ഫോടനം നടത്തുകയും അതിലൂടെ മൂന്നുപേർ കൊല്ലപ്പെടുകയും, ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു (1978-1995). 

MANHUNT: UNABOMBER ടെലിവിഷൻ പരമ്പ- പോസ്റ്റർ

യൂണബോംബർ എന്നു കുപ്രസിദ്ധിയാർജിച്ച അജ്ഞാതൻ പത്ര-മാധ്യമങ്ങൾക്കയച്ച ലേഖനങ്ങളുടെ സൂക്ഷ്മമായ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫൈലിങ്ങിലൂടെയാണ് പ്രതി തിയോഡോർ ജോൺ കസിനാസ്‌കിയാണ് എന്ന് തിരിച്ചറിഞ്ഞത് . തുടർന്ന നടന്ന അനേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തു.

തിയോഡോർ ജോൺ കസിനാസ്‌കിയെ (യൂണബോംബർ) – ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു.
John Youngbear/Associated Press

ഫോറൻസിക് ഭാഷ ശാസ്ത്രത്തിന്റെ വലിയ തോതിലുള്ള ഇടപെടൽ നടന്ന കേസായിരുന്നു ഇത്. (ഡോ. ഫിറ്റ്സ്ജെറാൾഡ്, എഫ്  ബി ഐ  1979, തിയോഡോർ ജോൺ കസിനാസ്‌കി/ യൂണബോംബർ) പിന്നീട് MANHUNT: UNABOMBER എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പരയിലൂടെ ഈ വിശദാംശങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുകയുണ്ടായി.

ജന്നി നിക്കോളിനെ കാണായതായതിനെത്തുടർന്നുള്ള നോട്ടീസ്

ജന്നി നിക്കോളിന്റെ കൊലപാതകം (2008, ഇംഗ്ലണ്ട് )  

ജെന്നി നിക്കോൾ എന്ന 19-കാരിയെ ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിൽ നിന്ന് 2005 ൽ കാണാതായി. നടത്തിയ അന്വേഷണങ്ങൾ ഒന്നുംതന്നെ ഫലവത്താവാതിരുന്ന  സാഹചര്യത്തിൽ  അന്വേഷണ ഉദ്യോഗസ്ഥർ ഫോറൻസിക് ഭാഷാശാസ്ത്രജ്ഞനായ ടിം ഗ്രാന്റിന്റെ സേവനം തേടി. നിക്കോളിന്റെ മൊബൈൽ ഫോൺ ടെക്സ്റ്റ് മെസ്സേജുകളുടെ ലിംഗ്വസ്റ്റിക് പ്രൊഫൈലിങ്ങിലൂടെ അവരുടെ തിരോധാനത്തിന് പിന്നിലെ പ്രതി സുഹൃത്തായ ഡേവിഡ് ഹോഡ്‌ഗൺ ആണ് എന്ന് കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ജെനിയെ കൊന്നത് താനാണെന്ന് അയാൾ സമ്മതിച്ചു.

ക്രിസ് കോൾമാനും കുടുംബവും

ക്രിസ് കോൾമാൻ കേസ് ( 2009, കൊളംബിയ. ഇലിനോയിസ്)

ക്രിസ് കോൾമാൻ തന്റെ കുടുംബത്തിനു നേരെ അജ്ഞാതവധഭീഷണികൾ വരുന്നതിനെക്കുറിച്ച് പലരോടും പറയുമായിരുന്നു. ഈ സംഭവങ്ങൾക്ക് കുറച്ചു ദിവസങ്ങൾക്ക് ശേഷം കോൾമാന്റെ ഭാര്യയും, രണ്ടു കുഞ്ഞുങ്ങളും വീടിനുള്ളിൽ കഴുത്തുഞെരിച്ചകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചുവരിൽ കുറെയധികം എഴുത്തുകളുമുണ്ടായിരുന്നു. പോലീസിന്റെ സംശയം കോൾമാനിലേക്ക് തന്നെയായിരുന്നു എന്നാൽ ഈ സംശയം സാധൂകരിക്കാനാവശ്യമായ തെളിവുകൾ ഒന്നും അന്വേഷണസംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന അന്വേഷണസംഘം ഫോറൻസിക് ഭാഷാശാസ്ത്രജ്ഞരായ ഡോ. ജെയിംസ് ഫിറ്റ്സ്ജെറാൾഡ്, ഡോ. റോബർട്ട് എ ലിയനാർഡ് എന്നിവരുടെ സഹായം തേടി അവർ നടത്തിയ പരിശോധനയിൽ കൊലപാതകി ഭിത്തിയിൽ എഴുതിരുന്ന ഭാഷക്ക് കോൾമാന്റെ എഴുത്തിന്റെ പദശൈലി, സ്പെല്ലിങ്ങ് തുടങ്ങിയവയുമായി നല്ല സാദൃശ്യങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതിനുവേണ്ടി അവർ കോൾമാൻ മുൻപ് എഴുതിയ ഏകദേശം 200-ഓളം വരുന്ന ഇ-മെയിലുകളുടെ ലിംഗ്വസ്റ്റിക്സ് പ്രൊഫൈലിങ്ങ് നടത്തിയിട്ടുണ്ടായിരുന്നു. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ കോൾമാൻ കുറ്റം സമ്മതിക്കുകയും, ജീവപര്യന്തത്തിന് ശിക്ഷിക്കെപ്പെടുകയും ചെയ്തു (Hitt. 2012).

സംഗ്രഹം

ഫോറൻസിക് ഭാഷാശാസ്ത്രത്തിന്റെ കുറ്റാന്വേഷണ രംഗത്തെ പ്രാധാന്യം വെളിവാക്കുന്നതാണ് മുകളിൽ പറഞ്ഞ ഓരോ കേസുകളും. ഭാഷാപരമായ ഏതുതരം തെളിവുകളുടെയും സൂക്ഷ്മവും, ശാസ്ത്രീയവുമായ പരിശോധനയ്ക്ക് ഫോറൻസിക് ഭാഷ ശാസ്ത്രജ്ഞരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ രാജ്യത്ത് ഫോറൻസിക് ഭാഷാശാസ്ത്രത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഭാഷശാസ്ത്രഗവേഷണവകുപ്പുകളിൽ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സമീപഭാവിയിൽ തന്നെ ഫോറൻസിക് ഭാഷശാസ്ത്ര വിജ്ഞാനത്തിന്റെ  പൂർണ്ണതോതിലുള്ള പ്രയോഗം  കുറ്റാന്വേഷണരംഗത്ത് പ്രയോഗത്തിൽ വരും.


അധിക വായനയ്ക്ക്

  1. John Olsson and June Luchjenbroers. 2017. Forensic Linguistics. Bloomsburry. London.
  2. Malcolm Couthard, Alison Johnson and David Wright. 2017. An Introduction to Forensic Linguistics Language in Evidence. Routledge, London.
  3. Sruthi T.S. 2018. The Role of Forensic Linguistics in The Crime Scene (Unpublished Internship report). Kerala Police Academy. Thrissur.
  4. Sruthi T.S. Linguist as a Forensic Expert: Introducing Forensic Linguistics to Criminal Justice system. II Police Science Conference. KEPA. Trissur.
  5. Sruthi T.S.2019. An Introductory Note on the Role and Relevance of Forensic Linguistics in India. DEK Researcher. School of Distance Education University of Kerala.
  6. Sruthi T.S.2022. Forensic Linguistics: Redefining the viability of Linguistic Evidence in Crime Investigation. Kerala law Academy. Trivandrum
Happy
Happy
82 %
Sad
Sad
0 %
Excited
Excited
18 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാതൃദിനത്തിൽ ചില പരിണാമ ചിന്തകൾ
Next post എല്ലാതരം കുടുംബങ്ങളെയും ഉൾക്കൊള്ളാം
Close