ജീന എ.വി.
കോവിഡ് 19 രോഗം ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ രോഗവ്യാപനപ്രതിരോധ നടപടികൾ വിവരിക്കുകയാണ് ഫിൻലന്റിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജീന എ.വി. കേരളത്തിന്റെ ഒമ്പതിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്.
കോവിഡ്19 ലോകവ്യാപകമായ പശ്ചാത്തലത്തിൽ ഒരുപാട് കേൾക്കുന്ന ഒന്നാണ് ‘ഫ്ളാറ്റനിങ് ദ കർവ്’. ക്രമാതീതമായി കുത്തനെ ഉയരുന്ന കോവിഡ്19 എണ്ണത്തെ ആരോഗ്യമേഖലയ്ക്കു അമിതഭാരമാവാതെ നിയന്ത്രിതമായി കൊണ്ടുപോവേണ്ട അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു ഇത്. ഒരുപാട് മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ നോക്കിയാൽ കാണാവുന്നത്, കുത്തനെ കൂടിയ രോഗികളുടെ എണ്ണം കാരണം ആശുപത്രികൾ നിറഞ്ഞൊഴുകി. അങ്ങിനെ കൂടിയ രോഗതീവ്രതയുള്ളവർ ആവശ്യ ചികിസ്ത കിട്ടാതെ മരണമടഞ്ഞു. അതുകൊണ്ടുതന്നെ, ആരോഗ്യമേഖലയ്ക്ക് താങ്ങാൻ കഴിയുന്ന പരിധിയിൽ രോഗബാധിത നിയന്ത്രിതമാകേണ്ടത് മരണനിരക്ക് കുറയ്ക്കാൻ അനിവാര്യമാണ്.
ചിത്രം നോക്കുക; തുടക്കത്തിലേ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗം പകരുന്ന നിരക്ക് കുറയ്ക്കാൻ കഴിയും, അതുകൊണ്ടു തന്നെ ആശുപത്രി-സൗകര്യങ്ങളുടെ പരിധിയിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിച്ചു നിർത്താനും കഴിയും. പല രാജ്യങ്ങളും പല സമീപനമാണ് ‘ഫ്ളാറ്റനിങ് ദ കർവ്'(Flattening the curve) നു വേണ്ടി എടുത്തിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ യൂറോപ്യൻ യൂണിയൻ അംഗമായ ഇറ്റലിയിൽ കോവിഡ്19 ബാധിതരുടെ എണ്ണം കുത്തനെ കൂടിയത് കണ്ടു. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച ആരോഗ്യ വ്യവസ്ഥിതി ഉണ്ടെന്നു കരുതിയ രാജ്യങ്ങളിലൊരിടത്താണ് ഇത് സംഭവിച്ചത്. എന്തുകൊണ്ട്? ഇവരുടെ ആരോഗ്യ വ്യവസ്ഥിതിയുടെ പാളിച്ചയോ അതോ വേറിട്ട സമീപനമോ?
ഫിൻലന്റും കേരളവും
ആദ്യം അനുഭവങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. മാർച്ച് രണ്ടാംവാരത്തിലാണ് സർവകലാശാലയിൽ ആദ്യ കോവിഡ്19 സ്ഥിതീകരിച്ചത്; ഓസ്ട്രിയയിൽ സ്കീയിങ് അവധിയ്ക്ക് പോയി തിരികെ എത്തിയ 17 വിദ്യാർത്ഥികൾക്ക്. സർവകലാശാല അടച്ചത് മാർച്ച് 18 ന് (മൂന്നാംവാരം); അതായത്, സർവകലാശാലയിൽ കോവിഡ്19സ്ഥിതീകരിച്ച് ഒരു ആഴ്ചയോളം കഴിഞ്ഞിട്ട്. എന്തുകൊണ്ടാണ് ആരോഗ്യത്തിൽ ലോകത്തിനു തന്നെ മാതൃകയായ ഒരു രാജ്യം ഇത്തരം ഒരു കാലതാമസം വരുത്തിയത്?
ലോകത്തിന്റെ കിഴക്കൻ രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് രോഗവ്യാപനം കുറയ്ക്കുന്ന കാര്യത്തിൽ യൂറോപ്പടങ്ങുന്ന പടിഞ്ഞാറൻ രാജ്യങ്ങൾക്കുള്ളത്. കിഴക്കൻ രാജ്യങ്ങളിൽ ‘ടോപ്-ഡൗൺ’ സമീപനമായിരുന്നു കണ്ടതെങ്കിൽ, പടിഞ്ഞാറൻ EU രാജ്യങ്ങളിൽ ‘ബോട്ടം-അപ്’ സമീപനമാണ് കാണുന്നത്.
ഫിൻലന്റിലേക്കുവന്നാൽ, കേരളത്തിൽനിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ സർക്കാർ അവസാന കണ്ണിയാവുകയാണ് ചെയ്തത് – അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ. അതായത് സർക്കാർ ജനങ്ങൾക്ക് അറിയിപ്പു കൊടുക്കുന്നു, ജനം അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നു. ഉദാഹരണത്തിന് ഓസ്ട്രിയ കോവിഡ്19 ബാധിത പ്രദേശമായി പ്രഖ്യാപിച്ച ശേഷമാണ് ഔലുവിൽ (അർബൻ ജനസാന്ദ്രത: 915.8/km2) സർവകലാശാല വിദ്യാർഥികളുടെ രോഗബാധ കണ്ടെത്തുന്നത്. അതിനു ശേഷം ആദ്യം വന്ന സർവകലാശാല സർക്കുലറിൽ പറഞ്ഞത് ജലദോഷപ്പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ വീട്ടിലിരിക്കുക എന്നാണ്. കൂടാതെ വിദൂര പഠനത്തിന് നിർദേശിക്കുകയും ചെയ്തു. ഗവേഷണങ്ങളും അധ്യാപനവും ഒക്കെയായി സർവകലാശാല വീണ്ടും മുന്നോട്ടുപോയി. സ്കൂളുകളും ഡേകെയർ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഔലു ഭരണകൂടം സ്കൂളുകളോ, സർവകലാശാലകളോ അടയ്ക്കാൻ ആവശ്യപെട്ടിരുന്നുമില്ല. ഔലുവിലെ മറ്റൊരു കമ്പനിയിൽ രണ്ടു കോവിഡ്19 ബാധിതരെ കണ്ടെത്തിയപ്പോൾ, കമ്പനിയധികൃതർ അടുത്ത രണ്ടാഴ്ചക്കാലം അതടച്ചിടാൻ തീരുമാനിച്ചു (വർക്ക് ഫ്രം ഹോം).
ഇവിടെയൊന്നും ഔലു ഭരണകൂടമായിരുന്നില്ല തീരുമാനങ്ങളെടുത്തിരുന്നത്, മറിച്ച് പ്രാദേശിക സ്ഥാപങ്ങളാണ്, അതായത് ബോട്ടം-അപ് സമീപനം. ഭരണകൂടത്തിന്റെ അധിക ജോലിയൊഴിവാക്കുക എന്ന സാഹചര്യം ഇതുവഴി സൃഷ്ടിക്കാൻ സാധിക്കുന്നു. തങ്ങൾ കൊറോണ ബാധിതരാണെന്നു തോന്നിയാലും, ലക്ഷണങ്ങൾ വളരെ കുറഞ്ഞ തോതിലാണെങ്കിൽ വീട്ടിലിരുന്നാൽ മതി; ‘ആരോഗ്യമേഖലയെ വിളിക്കരുത്’ എന്ന് എടുത്തു പറയുന്നുമുണ്ട്. ലക്ഷണങ്ങൾ മോശമായി തുടങ്ങി എന്ന് കണ്ടാൽ ഹെൽപ്-ലൈൻ നമ്പറിലേക്കു വിളിക്കാം.
മാർച്ച് 17 നാണു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതെ തുടർന്ന്, മാർച്ച് 18 മുതൽ സ്കൂളുകളും കോളേജുകളും അടച്ച് വിദൂര വിദ്യാഭ്യാസത്തിലേക്ക് നീങ്ങി; അപ്പോഴും ഗവേഷങ്ങൾ തുടരാം എന്ന സ്ഥിതിയായിരുന്നു. പത്തിൽ കൂടുതൽ ആളുകൾ കൂടി നില്കരുതെന്നു നിർദ്ദേശിച്ചു; മ്യൂസിയം, തിയേറ്റർ, വായനശാല തുടങ്ങിയവ അടച്ചു; അന്താരാഷ്ട്ര യാത്രകളിൽ ക്രമീകരണം കൊണ്ടുവന്നു (പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു), അങ്ങിനെ 19 നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.1.
അവലംബം
അധിക വായനയ്ക്ക്
- https://who.maps.arcgis.com/apps/opsdashboard/index.html#/ead3c6475654481ca51c248d52ab9c61
- https://thl.fi/en/web/infectious-diseases/what-s-new/coronavirus-covid-19-latest-updates
- https://www.ecdc.europa.eu/en/cases-2019-ncov-eueea
- ലേഖികയുടെ ബ്ലോഗ് – തുഷാര