Read Time:26 Minute

ഡോ.സീന ടി.എക്സ്.

Assistant Professor,

Kerala Veterinary and Animal Sciences University. Pookode

പകർച്ചവ്യാധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  പക്ഷിമൃഗാദികളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെപ്പറ്റി അറിയാം.

വേനൽ ചൂടിനേക്കാൾ ഇന്ന് കേരളക്കരയെ പൊള്ളിക്കുന്നത് മൂന്നു പകർച്ചവ്യാധികളാണ്. ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി കോഴിക്കോടും,മലപ്പുറത്തും  കൈസനുർ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന കുരങ്ങുപനി വയനാട്ടിലും ഒതുങ്ങുമ്പോൾ ആഗോളവ്യാപകമായ കൊറോണ രോഗഭീതിയുടെ നിഴലിലാണ് കേരളം മുഴുവനും. ഈ മൂന്നു അസുഖങ്ങളിലും രോഗകാരി വൈറസ്സാണ് എന്നുള്ളതും യാദൃച്ഛികം തന്നെ.

ഇവയിൽ ആദ്യത്തെ രണ്ട് രോഗങ്ങൾ ജന്തുജന്യമാണെന്നുള്ളത് ശ്രദ്ധേയമാണ്. അതായത് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും തിരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗങ്ങൾ എന്നർത്ഥം. ഈ മൂന്ന് പകർച്ചവ്യാധികളും പ്രതിരോധിക്കുക സാധ്യമാണ്, എങ്കിലും ജാഗ്രതയോടെയുള്ള, കൃത്യതയാർന്ന പ്രതിരോധ  പ്രവർത്തനങ്ങളാണ് വേണ്ടതെന്നു മാത്രം. അത് ഒന്നോ രണ്ടോ വ്യക്തികളോ, ഒരു പ്രദേശം മാത്രമോ അല്ല ചെയ്യേണ്ടത്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ്  പകർച്ചവ്യാധികളെ തടയാൻ കഴിയുന്നത്.

ഞങ്ങളുടെ കന്നുകാലികൾക്കും രോഗം പകരുമോ? പാലുൽപ്പാദനം കുറയുമോ? പശുക്കളെ പുറത്ത് കെട്ടാമോ? ഞങ്ങൾ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ…? തുടങ്ങിയ സംശയങ്ങൾ ക്ഷീര കർഷകരും കന്നുകാലി ഫാമിൽ ജോലി ചെയ്യുന്നവരും ചോദിക്കുമ്പോൾ അവരുടെ ആശങ്കകൾ ആ ചോദ്യങ്ങളിൽ പ്രകടമാണ് താനും. ഞങ്ങളുടെ ഓമനമൃഗങ്ങളിലേക്ക് രോഗം പകരുമോ? നായ്ക്കൾ, പൂച്ചകൾ, അലങ്കാര പക്ഷികൾ എന്നിവയെ തൊടാമോ? എന്തെങ്കിലും പ്രതിരോധ മരുന്നുകൾ കൊടുക്കണമോ? അവയെയും മാറ്റി പാർപ്പിക്കേണ്ടതുണ്ടോ…? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് ഓമന മൃഗങ്ങളെ വളർത്തുന്നവർക്കുള്ളത്. പകർച്ചവ്യാധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  പക്ഷിമൃഗാദികളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെപ്പറ്റി അറിയാം.

കോഴി, താറാവ്, വാത്ത, ഗിനിക്കോഴി  തുടങ്ങിയവയെയും ഓമന പക്ഷികളെയും വളർത്തുന്നവർ ശ്രദ്ധിക്കേണ്ടത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2015- 2019 വരെയുള്ള കാലഘട്ടത്തിൽ  160 പേർക്കാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പക്ഷിപ്പനിക്ക്‌ കാരണമാകുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ്‌   ‘എ’ ഗ്രൂപ്പിലെ H5N1 വൈറസുകളെ ശരീരത്തില്‍ വഹിച്ച്‌ കൊണ്ടുവരുന്നത് ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളുമാണ്. രോഗാണു വാഹകരായ പക്ഷികളുടെ ശ്വാസനാളത്തിലും അന്നനാളത്തിലും വസിക്കുന്ന വൈറസുകള്‍  അവയിൽ രോഗമുണ്ടാക്കില്ല. എന്നാൽ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്‌ഠത്തിലൂടെയും പുറന്തള്ളുന്ന വൈറസ് കോഴി, താറാവ് തുടങ്ങിയ പക്ഷികളുമായി സമ്പര്‍ക്കത്തിൽ വരുമ്പോൾ പക്ഷിപ്പനിക്കു കാരണമാകുന്നു. കൂടാതെ  ദേശാടന പക്ഷികളുടെ ശരീരസ്രവങ്ങളും കാഷ്‌ഠവും കലര്‍ന്ന്‌ മലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രങ്ങള്‍ മറ്റു ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്‌ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയിലൂടെ പരോക്ഷമായും രോഗം പകരാം. വായുവിലൂടെയും പകരുന്ന ഈ രോഗം ദ്രുതഗതിയിൽ പടർന്നു പിടിക്കുന്നു.

  • 4 ° സെൽഷ്യസിൽ 35 ദിവസവും, 37° സെൽഷ്യസിൽ 6 ദിവസം വരെയും നിലനിൽക്കാനാവുന്ന ഈ വൈറസ്  കോഴി, താറാവ്, കാട, ടര്‍ക്കി, ഗിനിക്കോഴി, വാത്ത,   ലൗ ബേര്‍ഡ്‌സ്‌ തുടങ്ങി എല്ലാ വളര്‍ത്തുപക്ഷികളെയും ബാധിക്കും.  പക്ഷിപ്പനിക്കു കാരണമാകുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ്‌  ഗ്രൂപ്പിലെ H5N1 വൈറസുകൾ മനുഷ്യരെയും ബാധിക്കുകയും അസുഖമുണ്ടാക്കുകയും ചെയ്യാറുണ്ട്.  ആയതുകൊണ്ട് പക്ഷിപ്പനി ബാധിച്ച പക്ഷികൾ വഴിയും, അവയുടെ കാഷ്ഠം, സ്രവങ്ങൾ എന്നിവ വഴിയും  മാംസം, മുട്ട എന്നിവ വേവിക്കാതെയോ പകുതി വേവിച്ചോ കഴിക്കുന്നത്‌ വഴിയും, മതിയായ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ചത്ത പക്ഷികളെ   കൈകാര്യം ചെയ്യുന്നത്‌ വഴിയുമെല്ലാം മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്‌. വൈറസ്സുകൾക്ക് നിരന്തരമായി ജനിതക വ്യതിയാനം സംഭവിക്കുന്നുവെന്നുള്ളത് രോഗ തീവ്രതയും വ്യാപനവും വർദ്ധിപ്പിക്കുന്നു.
  • പക്ഷികളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍, ശ്വാസതടസ്സം, മുട്ടയുത്‌പാദനം  കുറയല്‍ തുടങ്ങിയ ലഘു ലക്ഷണങ്ങള്‍ മുതൽ പച്ചകലര്‍ന്ന വയറിളക്കം, വീങ്ങി നീല നിറത്തിലുള്ള തലയും, പൂവും, ആടയും, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ വരെ രോഗ തീവ്രതയനുസരിച്ച് പക്ഷികൾ പ്രകടിപ്പിക്കാം.
  • വളര്‍ത്തുപക്ഷികള്‍, കാക്ക, കൊറ്റി  തുടങ്ങിയ പക്ഷികള്‍, ദേശാടന പക്ഷികള്‍ തുടങ്ങിയവ കൂട്ടമായി  ചാവുകയോ മറ്റ്‌ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്താൽ ഉടനെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക.
  • ലോകമൃഗാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച്  പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ പക്ഷികളെയും കൊന്ന്‌ അതീവ സുരക്ഷിതമായി സംസ്‌ക്കരിക്കരിക്കേണ്ടതാണ്.   ഇത്തരത്തിലുള്ള രോഗ പ്രതിരോധ – നിയന്ത്രണ പ്രവർത്തനങ്ങളിൽ മൃഗസംരക്ഷണ പ്രവർത്തകരോടും മറ്റ് അധികൃതരോടും സഹകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക.
  • പക്ഷിമൃഗാദികളോടുള്ള സ്നേഹ വായ്പ്പിന്റെ പേരിൽ രോഗവിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുകയോ, പക്ഷികളെ ഒളിച്ചു വച്ച് സംരക്ഷിക്കുകയോ ചെയ്യുന്നത് കൂടുതൽ അപകടകരമാകാം. രോഗബാധിത പ്രദേശത്തെ മുട്ട – മാംസോൽപ്പന്നങ്ങള്‍, കാഷ്‌ഠം എന്നിവ സുരക്ഷിതമായി സംസ്‌ക്കരിക്കണം.
  • രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുമ്പോള്‍  മാസ്‌ക്‌, കയ്യുറ, ഏപ്രണ്‍, ഗോഗിള്‍, ഗംബൂട്ട്‌ തുടങ്ങിയ വ്യക്തിഗതസുരക്ഷാ സംവിധാനങ്ങൾ (PPE- പേഴ്സണൽ പ്രൊട്ടക്റ്റീവ് ഇക്വിപ്പ്മെന്റ്സ്) സ്വീകരിക്കുക.
  • വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗവ്യാപനം തടയുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്. അതിനാൽ അണുനാശിനി ഉപയോഗിച്ച് ശരീരം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
  • രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് പത്ത്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള  പ്രദേശത്ത്‌ നിന്നും പക്ഷികളെയും മുട്ട, മാംസം, കാഷ്‌ഠം മുതലായവയും യാതൊരു കാരണവശാലും മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കൊണ്ടുപോവുകയോ അവ ഉപയോഗിക്കുകയോ ചെയ്യരുത്.
  • വലകൾ, വേലികൾ തുടങ്ങിയ ജൈവസുരക്ഷാ  മാർഗ്ഗങ്ങളുപയോഗിച്ച് ദേശാടനപ്പക്ഷികൾ, കാട്ടുപക്ഷികൾ എന്നിവയ്ക്ക് നമ്മുടെ  വളര്‍ത്തുപക്ഷികളുമായുള്ള സമ്പര്‍ക്കം തടയണം.
  • കാട്ടുപക്ഷികളെയും, ദേശാടനപക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണാവശിഷ്‌ടങ്ങളും മറ്റും ഫാമിന്റെ  ചുറ്റുവട്ടങ്ങളില്‍ നിക്ഷേപിക്കരുത്‌.
  • ഫാമുകളിലേക്ക്‌ പുതിയ കോഴികളേയും, അലങ്കാരപക്ഷികളേയും കൊണ്ടുവരുമ്പോള്‍ മൂന്നാഴ്‌ചയെങ്കിലും മുഖ്യഷെഡ്ഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ മാറ്റിപ്പാര്‍പ്പിച്ച്‌ ക്വാറന്റൈന്‍ അനുഷ്ഠിക്കേണ്ടതാണ്.
  • പകുതി വേവിച്ച ഇറച്ചി, മുട്ട, ബുള്‍സ്‌ ഐ,  തുടങ്ങിയവ കഴിക്കരുത്. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാല്‍ ഇൻഫ്ലുവൻസ വൈറസുകള്‍  നിമിഷങ്ങൾക്കുള്ളിൽ നശിച്ചുപോകുന്നതു കൊണ്ട് നന്നായി പാകം ചെയ്‌ത ഇറച്ചിയിലൂടെയും, മുട്ടയിലൂടെയും   രോഗം പകരുകയില്ല. എന്നാൽ അവ പക്ഷിപ്പനി ബാധിത മേഖലകളിൽ നിന്നുമുള്ളതല്ല എന്ന് ഉറപ്പു വരുത്തണമെന്നു മാത്രം..
  • പക്ഷികളെ കശാപ്പു ചെയ്യുന്നവർ വ്യക്തിഗത സുരക്ഷ ഉറപ്പാക്കേണ്ടതാണ്.
പക്ഷി ഫാം അണുവിമുക്തമാക്കുന്നതിന്

വീര്യം കൂടിയ  അണുനാശിനികളായ ലൈസോള്‍ (1:5000), കോസ്റ്റിക്‌  സോഡ (2%), പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ (1:1000) എന്നിവ ഉപയോഗിക്കാം

  • പക്ഷി ഫാമുകളിൽ സന്ദര്‍ശകരെ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
  • ഫാമിലേക്ക്‌ വരുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവയെയെല്ലാം അണുനശീകരണത്തിന്‌ ശേഷം മാത്രമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവൂ.
  • രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ പക്ഷികളെ പരിചരിക്കുന്നതിനു മുമ്പും അതിനു ശേഷവും  ശരീരം വൃത്തിയാക്കുകയും വസ്ത്രം, ഗംബൂട്ട്സ്, മുഖാവരണം തുടങ്ങിയവ മാറ്റുകയും വേണം.

കോവിഡ്- 19 ഉം പക്ഷി – മൃഗാദികളും

മനുഷ്യനിലും മൃഗങ്ങളിലും രോഗകാരണമാകുന്ന വിവിധ തരം കൊറോണ വൈറസ്സുകൾ ഇന്നേ വരെ കണ്ടു പിടിച്ചിട്ടുണ്ട്. ഉദാഹരണമായി പന്നികളിൽ ‘പോർസൈൻ എപ്പിഡെമിക് വയറിളക്കവും’ , കോഴികളിൽ കാണപ്പെടുന്ന ‘ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് ‘എന്ന രോഗവും, നായ്ക്കളിലെ വയറിളക്കവും വിവിധ തരം കൊറോണ വൈറസ്സ് ബാധ മൂലമാണ് എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരാനുള്ള സാധ്യത വളരെ വിരളമാണ്.

മൃഗങ്ങളിൽ തുടങ്ങി മനുഷ്യനിലേക്ക് പകർന്ന രണ്ട് കൊറോണ വൈറസ് രോഗങ്ങളാണ് സാർസ് (SARS – സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) മെർസ് (MERS – മിഡ്ഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) എന്നിവ.

കൊറോണ വൈറസ് ഡിസീസ്- 2019 അഥവാ കോവിഡ് – 19 എന്ന പകർച്ചവ്യാധിക്കു കാരണമാകുന്ന  സാർസ്- കോവ് 2 എന്ന വൈറസ് പക്ഷിമൃഗാദികളെ ബാധിക്കാറില്ല. പശു, ആട്, തുടങ്ങിയ വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും പക്ഷികളിലും പ്രസ്തുത രോഗാണു ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടാക്കിയതിനോ, മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ അസുഖങ്ങൾ പകർത്തിയതിനോ  ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടുമില്ല. മാത്രവുമല്ല, ചൈനയിൽ രൂപപ്പെട്ട കോവിഡ്- 19 ന്റെ തുടക്കം ജന്തുജന്യമായി കരുതുന്നുണ്ടെങ്കിലും ശരിയായ ഉറവിടം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.

ഹോങ് – കോങ് ൽ കോവിഡ്- 19 ബാധിച്ച ഒരു വ്യക്തിപരിചരിച്ചിരുന്ന നായയുടെ വായിലെയും നാസാരന്ധ്രങ്ങളിലേയും ശ്ലേഷ്മ സ്രവത്തിൽ കൊറോണ വൈറസ് കണ്ടെത്തിയതായി ഹോങ് – കോങ് അഗ്രികൾച്ചർ, ഫിഷറീസ് ആന്റ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ( AFCD) റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ രോഗം പകരുകയോ ഉണ്ടായില്ല. അതു കൊണ്ടു തന്നെ ഓമന മൃഗങ്ങളിലും മറ്റ് വളർത്തുമൃഗങ്ങളിലും രോഗബാധ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ടതില്ല.എന്നിരുന്നാലും മനുഷ്യരിലെ പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ  മൃഗങ്ങളെ വളർത്തുന്നവരും പാലിക്കേണ്ടതാണ്.

കോവിഡ്- 19 മായി ബന്ധപ്പെട്ട്  പക്ഷി – മൃഗാദികളെ വളർത്തുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇവയാണ്.

  • എല്ലാവരും, പ്രത്യേകിച്ച് കോവഡ്- 19 ബാധ സ്ഥിരീകരിച്ച രോഗികളായിട്ടുള്ളവരും ക്വാറന്റയ്ൻ പരിചരണത്തിൽ കഴിയുന്നവരും നായ,പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുമായിട്ടുള്ള സമ്പർക്കം നിയന്ത്രിക്കേണ്ടതാണ്.
ഓമന മൃഗങ്ങളുടെ പരിചരണം ആരോഗ്യമുള്ള വ്യക്തികളെ ഏൽപ്പിക്കുക.
  • അവയുമായി ഭക്ഷണം പങ്കുവയ്ക്കാതിരിക്കുക. അവയെ ഓമനിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക. നമ്മുടെ ദേഹത്ത് നായ്ക്കൾ, പൂച്ചകൾ എന്നിവ നക്കുവാനോ കടിക്കുവാനോ അനുവദിക്കരുത്. അവയുടെ ഭക്ഷണം വൃത്തിയോടെ കൈകാര്യം ചെയ്യുകയും മാലിന്യം സുരക്ഷിതമായി  സംസ്ക്കരിക്കുകയും ചെയ്യുക. ഓമനമൃഗങ്ങളെ തൊടുന്നതിനു മുമ്പും അതിനു ശേഷവും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. അവയെ സ്പർശിച്ചതിനു ശേഷം നമ്മുടെ മൂക്കിലും വായിലും കണ്ണിലും തൊടരുത്. അവയെ തൊടുമ്പോൾ കഴിവതും ഫെയ്സ് മാസ്ക്ക് ധരിക്കുക. ഓമന മൃഗങ്ങളുടെ ശരീര ശുചിത്വവും ആരോഗ്യവും കൃത്യമായി പരിരക്ഷിക്കുക.
  • അത്യാവശ്യ ചികിൽസകൾക്കു മാത്രം ഓമന മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുക. വീടിനു വെളിയിൽ പോയി തിരികെ വരുന്ന അരുമകളുടെ പാദവും ഉള്ളം കാലും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം നമ്മൾ ഒഴിവാക്കണം; നമ്മുടെ വളർത്തുമൃഗങ്ങളുമായി ഇടപഴകാൻ അനുവദിക്കുകയുമരുത്.
  • നായ്ക്കളിൽ വയറിളക്കത്തിന് കാരണമാകുന്ന കൊറോണ വൈറസുകൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. എങ്കിലും ഇത് ശ്വസന വ്യവസ്ഥ സംബന്ധമായ രോഗമുണ്ടാക്കുന്ന വൈറസ്സുകൾക്കു കൂടി പ്രതിരോധം നൽകുന്നതായി തെളിയിക്കപ്പെടാത്തതിനാൽ ഈയവസരത്തിൽ ഓമന മൃഗങ്ങൾക്ക് പ്രതിരോധ വാക്സിൻ നൽകേണ്ടതില്ല.
ഇറക്കുമതി ചെയ്ത പക്ഷി -മൃഗാദികളിൽ നിന്നും, അവയുടെ ഉൽപ്പന്നങ്ങളിൽ നിന്നും രോഗസംക്രമണ സാധ്യത ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ല.  കോവിഡ് – 19 ബാധിച്ചയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ സ്രവങ്ങളിലൂടെ രോഗാണുക്കൾ, പ്രസ്തുത വ്യക്തി പരിചരിക്കുന്ന ഓമന മൃഗങ്ങളുടെ മേൽ പതിക്കുകയും , അങ്ങനെ പരോക്ഷമായി മറ്റു വ്യക്തികളിലേക്ക് സമ്പർക്കം മൂലം പകരാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

2 1-23° സെൽഷ്യസ് താപത്തിലും 65% അന്തരീക്ഷഈർപ്പത്തിലും സ്രവകണങ്ങൾക്ക് (Aerosols) സമാനമായി വൈറസ് ഉൾക്കൊള്ളുന്ന കണങ്ങളിൽ മൂന്നു മണിക്കൂർ വരെ അതേ പോലെ രോഗാണുക്കൾ കേടുകൂടാതെ നിലനിൽക്കും. ചെമ്പിന്റെ പ്രതലത്തിൽ 4 മണിക്കൂർ, കാർഡ്ബോർഡിന്റെ പുറത്ത് 24 മണിക്കൂർ എന്നിങ്ങനെ വൈറസ് നശിക്കാതെ നില നിൽക്കും. പ്ളാസ്റ്റിക്കിന്റെ പുറത്തും സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ പുറത്തും 2-3 ദിവസം വരെ നില നിൽക്കാമെന്നതാണ് ശാസ്ത്രീയപഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.  അതു കൊണ്ട് പക്ഷി – മ്യഗാദികളെ വളർത്തുന്നവർ വ്യക്തി ശുചിത്വം പാലിക്കുകയും ആരോഗ്യ പ്രവർത്തകർ നൽകുന്ന ലോകാരോഗ്യ സംഘടനയുടെ മറ്റു നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

കുരങ്ങുപനി

കേരളത്തിലെ  മൃഗപരിപാലകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ജന്തുജന്യ രോഗമാണ് “കൈസനുർ ഫോറസ്റ്റ് ഡിസീസ്  അഥവാ കുരങ്ങുപനി”. കുരങ്ങുകളിൽ വൈറൽ പനിയുണ്ടാക്കുന്ന ‘ഫ്ലേവി വൈറിഡേ’ കുടുംബത്തിൽപ്പെട്ട ആർബോ വൈറസ് ( കൈസനുർ ഫോറസ്റ്റ് ഡിസീസ് വൈറസ് – KFDV)   ആണ് മനുഷ്യരിലും കുരങ്ങുപനിക്കു കാരണമാകുന്നത്. കുരങ്ങുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ഹീമോഫൈസാലിസ് സ്പിനിഗേറ എന്നയിനം പട്ടുണ്ണികളാണ് രോഗം പരത്തുന്നത്.

വൈറസ് പനി ബാധിച്ച കുരങ്ങുകളുടെ ശരീരത്തിലുള്ള പട്ടുണ്ണികൾ മനുഷ്യനെ കടിക്കുമ്പോഴാണ് രോഗകാരിയായ വൈറസ് മനുഷ്യനിലെത്തുന്നത്. പട്ടുണ്ണികളുടെ വളർച്ചാ ഘട്ടത്തിലെ നിംഫ് ഘട്ടത്തിലുള്ള പട്ടുണ്ണികളാണ് രോഗം പകർത്തുന്നത്. കൂടാതെ വൈറസ് ബാധയുള്ള കുരങ്ങുകൾ, ചെറിയ സസ്തനികൾ, ചിലയിനം പക്ഷികൾ എന്നിവരിൽ നിന്നും രോഗവാഹകരായ കുരങ്ങുകളുമായുള്ള സമ്പർക്കത്തിലൂടെയും കുരങ്ങുപനി മനുഷ്യനിലേക്ക് പകരുന്നു. രോഗം ബാധിച്ച് ചത്ത കുരങ്ങിന്റെ ശരീരത്തിൽ നിന്നും ഈ പട്ടുണ്ണികൾ പുറത്തു വരുകയും ആ വഴിയിലൂടെ കടന്നുപോകുന്ന മൃഗങ്ങളുടെയും  മനുഷ്യരുടേയും ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.

  • സാധാരണയായി മനുഷ്യനിൽ നിന്നു മറ്റു മനുഷ്യരിലേക്ക് രോഗം പകരാറില്ല. കന്നുകാലികളെ വനമേഖലകളിൽ മേയാൻ വിടുന്നവരും, തീറ്റപുല്ല്  ശേഖരിക്കാൻ വനപ്രദേശങ്ങളിൽ പോകുന്ന കർഷകരും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
  • അസാധാരണമായി കുരങ്ങുകൾ മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.കുരങ്ങു ചത്ത വനമേഖലകളിൽ നിന്ന്  അകലം പാലിക്കുക.
  • രോഗം പരത്തുന്ന പട്ടുണ്ണികൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്  തടയാൻ ഡൈ മീതൈൽ ഫ്താലേറ്റ് (DMP) , എൻ എൻ – ഡൈ ഈതൈൽ -എം-ടോളുമേഡ് (DEET) തുടങ്ങിയ രാസപദാർത്ഥങ്ങൾ അടങ്ങിയ എണ്ണകൾ മനുഷ്യരുടെ ചർമ്മത്തിൽ പുരട്ടുക. കാട്ടിലും കാടിനടുത്ത് താമസിക്കുന്നവരും, വനമേഖലകൾ സന്ദർശിക്കുന്നവരും ഇത് പുരട്ടേണ്ടതാണ്.
  • കഴുത്തും, കാലുകളും ഉൾപ്പെടെ  ശരീരം മുഴുവനുമായി പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കണം. വസ്ത്രത്തിന് പുറമെയുള്ള ശരീര ഭാഗങ്ങളിൽ ഈ മരുന്ന് പുരട്ടണം.
  • ബാഹ്യ പരാദങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ (ഇൻസെക്റ്റിസൈഡ് ) കുരങ്ങു ചത്തു കിടന്ന സ്ഥലങ്ങളിലും, 100  മീറ്റർ ചുറ്റളവിലും തളിക്കേണ്ടതാണ്. കൂടാതെ അതിന്റെ അടുത്തായി സ്ഥിരമായി ആളുകൾ സഞ്ചരിക്കുന്ന വഴികളിലും മരുന്ന് തളിക്കണം.
  • പൈറത്രോയിഡ് (Pyretroids) തുടങ്ങിയ ബാഹ്യ പരാദനാശിനികൾ വനത്തിനടുത്ത് മേയാൻ വിടുന്ന പശുക്കൾ ,ആടുകൾ, നായ്ക്കൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ പുരട്ടുന്നത് വഴി നാട്ടിൻ പുറത്തേക്ക് രോഗം പകരുന്നത് തടയാം.
  • വനമേഖലയ്ക്കു ചുറ്റും കരിയിലകൾ കത്തിക്കുന്നതും, അതിർത്തി തിരിക്കുന്നതും രോഗബാധ തടയാൻ സഹായിക്കും.
  • വനമേഖലയുടെ സമീപവാസികളെയും, കുരങ്ങു തുടങ്ങിയ വന്യ ജീവികളെ കൈകാര്യം ചെയ്യുന്ന എല്ലാവരെയും കുരങ്ങുപനിയെക്കുറിച്ച് ബോധവൽക്കരിക്കുക.
  • കാലുകളിലൂടെ പട്ടുണ്ണി കയറാത്ത വിധം ഗൺ ബൂട്ട് ധരിക്കുക. വനത്തിൽ പോയിവന്നാൽ വസ്ത്രത്തിൽ പട്ടുണ്ണിയില്ലെന്ന് ഉറപ്പാക്കുക, വസ്ത്രങ്ങളും ശരീരവും ചൂടുവെള്ളത്തിൽ സോപ്പു പയോഗിച്ച് കഴുകിയതിനു ശേഷം ഭവനത്തിൽ പ്രവേശിക്കുക.
  • പട്ടുണ്ണി കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.
  • മനുഷ്യനിലെ കടുത്ത പനിമൂലമുള്ള മരണങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.
  • കുരങ്ങു പനിക്കെതിരെയുള്ള  പ്രതിരോധ കുത്തിവയ്പ്പ് യഥാസമയം എടുക്കേണ്ടതാണ്.
  • കുരങ്ങു പനി കണ്ടെത്തിയ വനപ്രദേശത്തു നിന്നുള്ള ഇലകൾ കൊണ്ടുവന്ന് വളർത്തുമൃഗങ്ങൾക്ക് കിടക്കാനോ തിന്നാനോ നൽകരുത്. ഈ പ്രദേശത്തു നിന്ന് വന വിഭവങ്ങൾ ശേഖരിക്കുകയുമരുത്.
  • അസുഖം ബാധിച്ച കുരങ്ങിനെയോ, അതിന്റെ ശവശരീരത്തെയോ ശരിയായ സുരക്ഷാ കവചമില്ലാതെ (പേഴ്സണൽ പ്രൊട്ടക്ടീവ് ഇക്വിപ്പ്മെൻറ് -PPE)  സ്പർശിക്കുകയോ മറവുചെയ്യുകയോ അരുത്.
  • കൃത്യമായ രോഗ പ്രതിരോധ – നിയന്ത്രണ സംവിധാനങ്ങൾ അവലംബിച്ചാൽ കൈസനുർ ഫോറസ്റ്റ് ഡിസീസ്  അഥവാ കുരങ്ങുപനിയെന്ന ജന്തുജന്യരോഗത്തെ ഭയപ്പെടേണ്ടതില്ല.

പകർച്ചവ്യാധികളെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ല.  ആശങ്കപ്പെടേണ്ട ആവശ്യവുമില്ല. മറിച്ച്, സംയമനത്തോടെ, സാമൂഹിക പക്വതയോടെ സമയബന്ധിതമായ പ്രതിരോധ – നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കുകയുമാണ് മൃഗസ്നേഹികളും പക്ഷി – മൃഗാദികളെ വളർത്തുന്നവരും ചെയ്യേണ്ടത്. അതിനായി അധികൃതരെയും ആരോഗ്യ ,പ്രവർത്തകരെയും സഹായിക്കുകയും വേണം.  നാടിന്റെയും നാട്ടാരുടെയും ആരോഗ്യ സംരക്ഷണത്തിനായി ഒത്തൊരുമയോടെ നമുക്ക് പ്രതിരോധിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊറോണാക്കാലത്തെ മാനസികാരോഗ്യം
Next post രോഗവ്യാപന പ്രതിരോധത്തിൽ ഫിൻലന്റും കേരളവും – ഗവേഷക വിദ്യാർത്ഥിനിയുടെ അനുഭവം        
Close