കൊറോണയും, കാരി മുല്ലിസും

സുരേഷ്  കോടൂര്‍    

ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ് കാരി മുല്ലിസിന്റെത്.

കാരി മുല്ലിസ്. (Kari mullis)

ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ് കാരി മുല്ലിസ്. അമേരിക്കന്‍ രസതന്ത്രജ്ഞ്യനായ ഇദ്ദേഹമാണ് ഇന്ന് നാം കൊറോണ പരിശോധനക്കായി ഉപയോഗിക്കുന്ന പി.സി.ആര്‍ (Polymerase Chain Reaction) എന്ന സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ്. ഈ കണ്ടുപിടുത്തത്തിന് 1993ൽ മുള്ളിസിന് രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. കാലിഫോര്‍ണിയയിലെ സീറ്റസ് കോര്‍പറേഷ൯ എന്ന ആദ്യകാല ബയോടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞനായിരുന്നു മുല്ലിസ്. സീറ്റസിലെ പരീക്ഷണശാലയിലെ മുല്ലിസിന്റെ ഗവേഷണങ്ങളാണ് ബയോടെക്നോളജി രംഗത്ത് തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ പി.സി.ആര്‍ സാങ്കേതികവിദ്യക്ക് രൂപംകൊടുക്കുന്നതിലേക്ക് നയിച്ചത്. സീറ്റസ് കമ്പനി ഇതിനു മുല്ലിസിന് 10,000 ഡോളര്‍ ബോണസ് നല്‍കി. പിന്നീട് സീറ്റസ് ഈ കണ്ടുപിടിത്തത്തിന്റെ പേറ്റന്‍ഡ് റോച്ചെ മോളിക്യുലർ സിസ്റ്റംസ് എന്ന കമ്പനിക്ക് വിറ്റതാകട്ടെ 300,000,000 ഡോളറിനും!

എന്താണ് ഈ പി.സി.ആര്‍. സാങ്കേതികവിദ്യ?

ഏതൊരു ജീവിയുടെയും (ഓര്‍ഗാനിസം) ജനിതക വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ഡി.എന്‍.എ തന്മാത്രകളിലാണല്ലൊ. പക്ഷെ ഈ ജനിതകവിവരങ്ങള്‍ ഡി.എന്‍.എ തന്മാത്രകളില്‍ നിന്ന് ശേഖരിച്ചു വിശകലനം ചെയ്യണമെങ്കിൽ കൂടിയ അളവിൽ ഡി.എന്‍.എ തന്മാത്രകള്‍ ലഭ്യമാവേണ്ടതുണ്ട്. ഒന്നോ അല്ലെങ്കില്‍ കുറച്ചെണ്ണമോ തന്മാത്രകളിൽ നിന്ന് ഈ വിവരങ്ങൾ വേര്‍തിരിക്കാ൯ സാധ്യമല്ല. ഉദാഹരണത്തിന് കൊറോണ പരിശോധിക്കുന്നതിന് വേണ്ടി ഒരാളിൽ നിന്ന് ശേഖരിക്കുന്ന സ്രവത്തിൽ കൊറോണ വൈറസ്സിന്റെ ഏതാനും ഡി.എന്‍.എ തന്മാത്രകള്‍ മാത്രമേ ഉള്ളൂ എന്ന് കരുതുക. ഇവയെ വേര്‍തിരിക്കാനോ കണ്ടെത്താനോ കഴിയാതെവരും. ഇവിടെയാണ്‌ പി.സി.ആര്‍ എന്ന സാങ്കേതികവിദ്യയുടെ പ്രാധാന്യവും ഉപയോഗവും. ഡി.എന്‍.എ തന്മാത്രകളുടെ അനേകം പ്രതികൾ (കോപ്പികള്‍) കുറഞ്ഞ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയ (process) കണ്ടെത്തുകയാണ് കാരി മുള്ളിസ് ചെയ്തത്. ഈ പ്രക്രിയയെയാണ് പോളിമെറേസ് ചെയി൯ റിയാക്ഷ൯ അഥവാ പി.സി.ആര്‍.എന്ന് വിളിക്കുന്നത്‌. പി.സി.ആര്‍.ആംപ്ലിഫിക്കേഷ൯ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ രോഗിയുടെ സ്രവത്തിലുള്ള നാം അന്വേഷിക്കുന്ന പ്രത്യേക വൈറസ് ഡി.എന്‍.എ. തന്മാത്രകളുടെ തത്തുല്യമായ അനേകം ഡി.എന്‍.എ. തന്മാത്രകള്‍ ഉണ്ടാക്കുകയാണ് ഇതിന്റെ അടിസ്ഥാന പ്രവർത്തനരീതി. അങ്ങിനെ ജനിതകവിവരങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ അത്രയും അളവ് ഡി.എന്‍.എ.തന്മാത്രകള്‍ ഉത്പാദിപ്പിക്കുന്നു. ഉദാഹരണത്തിന് രോഗിയുടെ സ്രവത്തില്‍ കൊറോണ വൈറസ്സിന്റെ ഒന്നോ രണ്ടോ ഡി.എന്‍.എ. തന്മാത്രകള്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത് എന്ന് കരുതുക. സ്രവത്തില്‍നിന്ന് ഈ ഡി.എന്‍.എ.തന്മാത്രകളെ വേര്‍തിരിച്ചു പരിശോധിക്കുക അസാദ്ധ്യമാവും. എന്നാൽ ഈ സ്രവത്തെ പി.സി.ആര്‍.പ്രക്രിയക്ക് വിധേയമാക്കുമ്പോള്‍ ആദ്യമുണ്ടായിരുന്ന ഒന്നോ രണ്ടോ ഡി.എന്‍.എ തന്മാത്രകള്‍ അനേക ലക്ഷം തന്മാത്രകളായി മാറും. അവയുടെ ജനിതക പരിശോധനയിലൂടെ കൊറോണ വൈറസ്സിന്‍റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് കഴിയുകയും ചെയ്യും. എച്.ഐ.വി.ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ചവ്യാധി വൈറസ്സുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് പി.സി.ആര്‍.പ്രക്രിയയാണ് ഇന്ന്‍ ഉപയോഗിക്കപ്പെടുന്നത്. ജനിതകരംഗത്തും, ചികിത്സാരംഗത്തും എന്നുവേണ്ട ഫോറന്‍സിക് ഉപയോഗിച്ചുള്ള കുറ്റാന്വേഷണരംഗത്ത് വരെ ഇന്ന് പി.സി.ആര്‍. സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പി.സി.ആര്‍. (Reverse Transcription Polymerase Chain Reaction അഥവാ RT-PCR) ടെസ്റ്റ്‌ ചെയ്താണ്. ഇന്ത്യ ഇപ്പോള്‍ ഈ ടെസ്റ്റ്‌ നടത്തുന്നതിനുള്ള ടെസ്റ്റിംഗ് കിറ്റുകൾ ജര്‍മനിയിൽ നിന്നും, സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ബഹുരാഷ്ട്ര കമ്പനിയായ റോച്ചെയുടെ ഇന്ത്യയിലെ സബ്സിഡിയറിയായ റോച്ചെ ഡയഗൊണോസ്ടിക്സ് ഇന്ത്യ എന്ന കമ്പനിക്കാണ് ഈ കിറ്റുകൾ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് ഉള്ളത്. ഈ കിറ്റുകളുടെ ലഭ്യതയിലുള്ള പരിമിതിയും അസുഖ ലക്ഷണങ്ങൾ ഉള്ളവർ മാത്രം ടെസ്റ്റ്‌ ചെയ്‌താൽ മതി എന്ന തീരുമാനത്തിന് പിന്നിലെ കാരണമാണ്.

A Strip of eight PCR tubes

കൊറോണയെകുറിച്ചും ഇന്ത്യയിലെ പരിശോധനയെ കുറിച്ചു൦, ‘ഭാരതീയ പ്രതിവിധികളെ’കുറിച്ചുമൊക്കെ ധാരാളം തെറ്റായ വിവരങ്ങളും, സങ്കല്പകഥകളും, ‘ദേശസ്നേഹ അവകാശവാദങ്ങളും’, നുണകളും ഒക്കെ വ്യാപകമായി പ്രചരിക്കുന്ന ഈ സമയത്ത് ശരിയായ അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത്തരം പൊള്ളയായ അവകാശവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതിനോപ്പം കൊറോണയെ കീഴടുക്കുന്നതിനായി ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരെ കൃതജ്ഞതയോടെ ഓര്‍ക്കുകയും ചെയ്യാം. അതില്‍ കൊറോണ വൈറസ്സിനെ കണ്ടെത്തി വേര്‍തിരിച്ച ഗവേഷകരും, വാക്സിന്‍ കണ്ടെത്തുന്നതിനായി വിവിധ ലാബുകളിൽ രാത്രികൾ പകലാക്കുന്ന ഗവേഷകരും, രോഗികളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും, എല്ലാം ചിട്ടയോടെ നടത്തുന്നതിന് മുന്നില്‍നിന്ന് നേതൃത്വം നല്‍കുന്ന ഭരണകൂടവും ഒക്കെ ഉള്‍പ്പെടും. അങ്ങനെ ഇത്തരുണത്തിലെങ്കിലും നന്ദിയോടെ സ്മരിക്കപ്പെടേണ്ട ഒരു പേരാണ് കാരി മുല്ലിസിന്റേത്. മുല്ലിസിനെ പോ മഹാപ്രതിഭകളുടെ ജീവിതം അര്‍ത്ഥവത്താകുന്നത് നാം ശാസ്ത്രത്തിന്റെ വഴിയിൽ അറിവിനെ തേടുന്നൊരു സമൂഹമായി മാറുമ്പോഴാണ്. കാരണം ഓരോ തവണ നമ്മൾ ശാസ്ത്രത്തെ തള്ളിപ്പറയുമ്പോഴും മനുഷ്യ സമൂഹത്തിന് അമൂല്യമായ ശാസ്ത്രീയ അറിവുകൾ സമ്മാനിച്ച മുല്ലിസിനെപ്പോലുള്ള പ്രതിഭകളുടെ ഓര്‍മ്മകൾ കൂടിയാണ് അപമാനിക്കപ്പെടുന്നത് എന്ന് നാം തിരിച്ചറിയണം.

Leave a Reply