കോവിഡ് 19 – ചൈനയിലെ രോഗവ്യാപനത്തിന്റെ ആദ്യ 50നാളുകള്‍

പി.കെ.ബാലകൃഷ്ണന്‍

ചൈന രോഗം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവിധങ്ങളായ റിപ്പോർട്ടുകൾ വിദേശ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായിട്ടുള്ളത് ലോകത്തെ പ്രശസ്തമായ വിവിധ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച ഒരു ഗവേഷക സംഘത്തിൻ്റെ പഠനമാണ്. അവരുടെ അന്വേഷണ റിപ്പോർട്ടിനെ അധികരിച്ച് സയൻസ് മാഗസിനിൽ വന്ന ലേഖനത്തിൻ്റെ ഒരു സംക്ഷിപ്തം.

കോവിഡ്- 19 വളരെയധികം ആശങ്കയുളവാക്കുന്ന വിധത്തിൽ ലോകത്ത് 208 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇന്ന് 2020 ഏപ്രിൽ 5ന് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധിതർ അമേരിക്കയിലാണുള്ളത്. അവിടെ 3,11,637 പേർ രോഗബാധിതരാണ്. 8,454 പേർ മരണപ്പെട്ടു.1,30759 രോഗികളുള്ള സ്പെയിനിൽ മരണമടഞ്ഞത് 12,418 പേർ.ഇറ്റലിയിൽ രോഗബാധിതർ 1,24,632 ഉം മരണമടഞ്ഞവർ 15,362 ഉം 7,560 പേർ മരണമടഞ്ഞ ഫ്രാൻസും, 4,313 പേർ മരണമടഞ്ഞ ഇംഗ്ലണ്ടും, 3,603 പേർ മരണമടഞ്ഞ ഇറാനുമെല്ലാം ചൈനയിലെ മരണമടഞ്ഞവരുടെ എണ്ണമായ 3,329 ന് ഏറെ മുകളിലായിരിക്കുകയാണ്. എന്നാൽ രോഗം പൊട്ടിപ്പുറപ്പെട്ട് അതിവേഗം തീവ്രത കൈവരിച്ച ചൈന രോഗത്തെ പൂർണമായും നിയന്ത്രണ വിധേയമാക്കിക്കഴിഞ്ഞു. അവിടെ ഇപ്പോൾ രാജ്യത്തിനകത്ത് പുതുതായി രോഗികൾ ഉണ്ടാവുന്നില്ല.എന്നാൽ രാജ്യത്തിനു പുറത്തു നിന്നു രോഗബാധിതർ അല്പാല്പമായി വരുന്നുണ്ടുതാനും. ചൈന രോഗം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവിധങ്ങളായ റിപ്പോർട്ടുകൾ വിദേശ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായിട്ടുള്ളത് ലോകത്തെ പ്രശസ്തമായ വിവിധ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച ഒരു ഗവേഷക സംഘത്തിൻ്റെ പഠനമാണ്. അവരുടെ അന്വേഷണ റിപ്പോർട്ടിനെ അധികരിച്ച് സയൻസ് മാഗസിനിൽ വന്ന ലേഖനത്തിൻ്റെ ഒരു സംക്ഷിപ്തം.

2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ അജ്ഞാതമായ ഒരു ന്യൂമോണിയ വൈറസ് കണ്ടെത്തിയെന്നും രോഗബാധിതരെ ക്ലസ്റ്റർ ചെയ്ത് പരിചരിക്കുന്നതായും അവർ റിപ്പോർട്ട് ചെയ്യുന്നു.ഇത് ചൈനയിലെ വസന്തോത്സവാഘോഷങ്ങൾക്കും, ലൂനാർ ന്യൂ ഇയർ( ചുന്യൂൻ) ആഘോഷങ്ങൾക്കും ഒരു മാസം മുമ്പായിരുന്നു. ഈ ആഘോഷങ്ങളുടെ 40 ദിവസത്തെ അവധിക്കാലത്ത് വുഹാൻ നഗരത്തിലുണ്ടാവാനിടയുള്ള ജനങ്ങളുടെ യാത്രാ തിരക്കുകൾ സൃഷ്ടിക്കാനിടയുള്ള രോഗവ്യാപനം  അവിടത്തെ ഭരണകൂട വൃത്തങ്ങളെ ആശങ്കപ്പെടുത്തി.

കടപ്പാട്  science.sciencemag.org

രോഗ പ്രതിരോധത്തിന് ഒരു ചികിത്സയും നിലവിലാത്ത അവസ്ഥയിൽ രോഗ വ്യാപനം തടയുക എന്ന മാർഗ്ഗമവലംബിക്കാൻ അവർ തീരുമാനിച്ചു. ജനുവരി 23 മുതൽ വുഹാനിലേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രകളും നിരോധിച്ചു കൊണ്ട് മനുഷ്യചരിത്രത്തിലെ ആദ്യത്തെ അടച്ചിട്ടുള്ള രോഗ പ്രതിരോധം (cordon sanitaire) നടപ്പിലാക്കുന്നു. അന്നു തന്നെ ചൈന അവരുടെ അടിയന്തിരാവസ്ഥയിലെ നാലു ഘട്ടങ്ങളിലെ ഒന്നാംഘട്ട ( ലെവൽ1-അതീവ ഗുരുതരം) ത്തിലേക്ക് പോകുന്നു.

അവരുടെ നടപടികളുടെ വിശദാംശങ്ങൾ ഇപ്രകാരം ക്രോഡീകരിക്കാം.

 • 2019 ഡിസംബർ 31. പുതിയ ഒരു കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം തിരിച്ചറിയുന്നു.
 • 2020 ജനുവരി 20. ഈ കൊറോണ വൈറസ് രോഗത്തെ ഒരു കാറ്റഗറി B സംക്രമണ രോഗമായി വർഗീകരിക്കുന്നു.
 • 2020 ജനുവരി 21. ട്രാൻസ്പോർട്ട് മന്ത്രാലയം ലെവൽ 2 അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു.
 • ജനുവരി 23. വുഹാൻ നഗരത്തിലേക്ക് യാത്രാ വിലക്ക്. 3 പ്രവിശ്യകളിൽ ലെവൽ1 അടിയന്തിരാവസ്ഥ.
 • ജനുവരി 24.14 പ്രവിശ്യകളിൽ ലെവൽ1 അടിയന്തിരാവസ്ഥ.
 • ജനുവരി 25.13 പ്രവിശ്യകളിൽ കൂടി ലെവൽ 1 അടിയന്തിരാവസ്ഥ.
 • ജനുവരി 26. ചൈനയിലെ സ്റ്റെയിറ്റ് കൗൺസിൽ വസന്താഘോഷ അവധി ഫെബ്രുവരി 2 ലേക്ക് മാറ്റുന്നു.
 • ജനുവരി 27. വിദ്യാഭ്യാസ മന്ത്രാലയം വസന്തകാല സെമസ്റ്റർ മാറ്റിവെക്കുന്നു.
 • ജനുവരി 28. ട്രാൻസ്പോർട്ട് മന്ത്രാലയം റോഡ്, ജലഗതാഗത, റെയിൽ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നു.
 • ജനുവരി 29. അവസാന പ്രവിശ്യയും ലെവൽ 1 അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു.
 • ജനുവരി 30.ദേശീയ തലത്തിൽ ബസ് സ്റ്റേഷനുകൾ, ബോട്ട് ടെർമിനലുകൾ, സേവന കേന്ദ്രങ്ങൾ, ടോൾ ഗെയിറ്റുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ 14000 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
 • ഫെബ്രുവരി 3. ഹോങ്ങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചു.
 • ഫെബ്രുവരി 10. ഹുബേയ് പ്രവിശ്യ പൂർണമായും അടച്ചു.

പകർച്ചവ്യാധികളുടെ വ്യാപനത്തിൽ മനുഷ്യരുടെ യാത്രകളെക്കുറിച്ചുള്ള പഠനങ്ങൾ ഉണ്ടെങ്കിലും യാത്രകൾക്ക് നിയന്ത്രണങ്ങളും വ്യക്തിതല അകലം പാലിക്കലും എത്രമാത്രം ഫലപ്രദമായിരിക്കുമെന്നതുമായി ബന്ധപ്പെട്ട മുൻ പഠനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് 2019 ഡിസംബർ 31 മുതൽ ഫെബ്രുവരി 19 വരെയുള്ള 50 ദിവസക്കാലത്തിനിടയിലെ നിയന്ത്രണങ്ങൾ രോഗവ്യാപനത്തെ ഏതു വിധത്തിലാണ് തടഞ്ഞത് എന്നത് പഠനവിധേയമാക്കപ്പെടുന്നത്. ഇത് ഈ രോഗത്തിൻ്റെ സാംക്രമികരോഗ ശാസ്ത്രം(epidemeology), ജനങ്ങളുടെ യാത്രകൾ, ആരോഗ്യ സേവനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയ ഒരു പഠനമായിരുന്നു.ചൈനയിലെ ഓരോ നഗരത്തിൽ നിന്നും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണവും, വുഹാനിലെ 4.3 ദശലക്ഷം ജനങ്ങളുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങളും, രോഗവ്യാപനം തടയാൻ നടന്ന നടപടികളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു കൊണ്ടാണ്  ഈ പഠനം നടന്നത്.

കടപ്പാട്  science.sciencemag.org

ആദ്യം 2020ലെ വുഹാനിലെ യാത്രകളുടെ സ്വഭാവത്തെ മുൻ വർഷങ്ങളിലെ ഈ കാലയളവിലെ യാത്രകളുമായി താരതമ്യം ചെയ്തു. ഒപ്പം ഒഴിവു ദിവസങ്ങളിലെ യാത്രകൾ ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാൻ എങ്ങിനെയെല്ലാം ഇടയാക്കാമെന്നതും പഠനവിധേയമാക്കി.2017ലെയും 2018ലെയും വസന്തോത്സവ കാലത്ത് ചൈനീസ് ലുനാർ ന്യൂ ഇയറിൻ്റെ മുമ്പത്തെ 15 ദിവസക്കാലം വുഹാൻ നഗരത്തിൽ നിന്ന് പുറത്തേക്ക് ശരാശരി 5.2 ദശലക്ഷം ആളുകൾ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി.ഈ യാത്ര 2020ൽ വുഹാൻ അടച്ചിട്ടതിനാൽ പൂർണമായും ഒഴിവായി.എന്നാൽ ജനുവരി 11നും അടച്ചിടൽ പ്രഖ്യാപിച്ച ജനുവരി 23 നുമിടയിൽ 4.3 ദശലക്ഷം ആളുകൾ സഞ്ചരിക്കുകയുണ്ടായി.2017 ലെയും 2018ലെയും ലൂനാർ ന്യൂ ഇയറിനു ശേഷമുള്ള 25 ദിവസങ്ങളിൽ അവിടെ നിന്ന് പുറത്തേക്ക് ശരാശരി 6.7 ദശലക്ഷം ആളുകൾ യാത്ര ചെയ്തിരുന്നു. 2020 ലെ യാത്രാ നിരോധനം മൂലം വുഹാന് പുറത്തേക്കുള്ള കോവിഡ്- 19 ൻ്റെ വ്യാപനം പൂർണമായും തടയപ്പെട്ടു.

കടപ്പാട്  science.sciencemag.org

വുഹാനിൽ നിന്ന് മറ്റു നഗരങ്ങളിലേക്കുള്ള കോവിഡ് -19 ൻ്റെ വ്യാപനം വളരെ വേഗത്തിലായിരുന്നു. 28ദിവസത്തിനകം 262 നഗരങ്ങളിൽ രോഗ ബാധിതർ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേ സമയം 2009 ലെ ഇൻഫ്ലുവൻസ എത്താൻ 132 ദിവസം എടുത്തിരുന്നു. വുഹാൻ അടച്ചിട്ട ജനുവരി 23ആ കുമ്പോഴേക്കും ഈ പുറത്തേക്കുള്ള വ്യാപനം ഒരു ദിവസം 59 എന്ന നിലയിൽ പാരമ്യത്തിലെത്തിയിരുന്നു. ജനുവരി 30 ഓടു കൂടി മറ്റു പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ഈ കാലയളവിൽ വുഹാനിൽ നിന്നും അവിടേക്ക് യാത്ര ചെയ്തവരുടെ എണ്ണവുമായി നേരിട്ട് ബന്ധമുള്ളവയായിരുന്നു. വുഹാനിലെ യാത്രാവിലക്കു മൂലം മറ്റു നഗരങ്ങളിൽ രോഗം പ്രത്യക്ഷപ്പെടാനുള്ള ശരാശരി കാലവിളംബം 3 ദിവസം ലഭ്യമാക്കി എന്നതിനാൽ അവിടങ്ങളിപ്രതിരോധ തയാറെടുപ്പുകൾക്ക് 3 ദിവസം കിട്ടി. ഈ സൗകര്യം 130 നഗരങ്ങൾക്ക് ലഭിക്കുകയുണ്ടായി.എന്നാൽ ഇവിടങ്ങളിൽ രോഗ ബാധിതർ നേരിട്ടെത്തിയിരുന്നെങ്കിൽ വ്യാപനം തടയാനുള്ള ഒരുക്കങ്ങൾ ഫലപ്രദമാവുമായിരുന്നില്ല.

മേൽ സൂചിപ്പിച്ച പ്രകാരം ചൈനയിൽ മൊത്തം നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി 220 നഗരങ്ങളിൽ (64.3%) ഉല്ലാസ കേന്ദ്രങ്ങൾ, പൊതുപരിപാടികൾ എന്നിവ നിർത്തി.

 • 136 നഗരങ്ങളിൽ ( 39.7%) ആന്തരിക യാത്രാ സംവിധാനങ്ങൾ റദ്ദുചെയ്തു.
 • 219 നഗരങ്ങളിൽ ( 64%) നഗരാന്തര യാത്രകൾ നിരോധിച്ചു.
 • 136 നഗരങ്ങളിൽ ഇവ മൂന്നും ഒന്നിച്ചു നടപ്പിലാക്കി.
 • കോഡ്- 19 എത്തുന്നതിനു മുമ്പ് ലെവൽ 1 അടിയന്തിരാവസ്ഥ നടപ്പിലാക്കിയ നഗരങ്ങളിൽ രോഗം ആരംഭിച്ച ആദ്യ ആഴ്ചയിൽ മറ്റു നഗരങ്ങളിലേതിനേക്കാൾ 33.3% രോഗബാധിതർ കുറവായിരുന്നു എന്നു കണ്ടു.
കടപ്പാട്  science.sciencemag.org

നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ഹുബേയ് പ്രവിശ്യയിൽ ഏറ്റവും കൂടിയത് ഫെബ്രുവരി 4 നായിരുന്നു. അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 3154 എണ്ണമായിരുന്നു. ഇത് 5.33/100,000 എന്ന നിരക്കിലായിരുന്നു. മറ്റു പ്രവിശ്യകളിൽ പരമാവധി റിപ്പോർട്ട് ചെയ്യപ്പെട്ട ജനുവരി 31ന് ഈ നിരക്ക് 0.07/100,000 എന്ന നിലയിലും. പിന്നീട് ഇത് കുറയാൻ തുടങ്ങി.നിയന്ത്രണങ്ങളുടെ 95% വും നടപ്പിലാക്കപ്പെട്ട ശേഷം ഈ നിരക്ക് 0.04/100000 എന്ന നിലയിലാവുകയും ചെയ്തു.

ഈ പഠനത്തിൽ നിന്ന് ഗവേഷകരെത്തിയ നിഗമനം മേൽ സൂചിപ്പിച്ച നടപടികളുടെ അഭാവത്തിൽ ചൈനയിലെ കോവിഡ് ബാധിതരുടെ എണ്ണം ഫെബ്രുവരി 19 ആകുമ്പോഴേക്കും 744000ത്തിനു മുകളിലെത്താനിടയുണ്ടായിരുന്നു എന്നാണ്.

വുഹാനിലേക്കുള്ള യാത്രകൾ മാത്രം ഒഴിവാക്കി മറ്റു നടപടികളൊന്നുമുണ്ടായിരുന്നില്ലെങ്കിൽ ഈ എണ്ണത്തിൽ 202000 ൻ്റെ കുറവും, ദേശീയ അടിയന്തിരാവസ്ഥ മാത്രമായിരുന്നെങ്കിൽ ഈ എണ്ണത്തിൽ 199000 ൻ്റെ കുറവും മാത്രമായിരുന്നു ഉണ്ടാവുക.

എന്നാൽ സമഗ്രമായ ഈ നടപടികൾ വഴി രോഗികളുടെ എണ്ണം ഫെബ്രുവരി 19 ആകുമ്പോഴേക്കും 29,839 ൽ പരിമിതപ്പെടുത്താൻ സാധിച്ചു. ഇത് ഈ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തിൽ ഉണ്ടാവാനിടയുണ്ടായിരുന്ന രോഗികളുടെ എണ്ണത്തിൻ്റെ 96 ശതമാനത്തിൽ കുറവായി നിർത്താൻ സാധിച്ചു.


സയൻസ് മാഗസിനിൽ വന്ന ലേഖനം : science.sciencemag.org/content/early/2020/03/30/science.abb6105

 

Leave a Reply