വിജയകുമാർ ബ്ലാത്തൂർ
ഈ ജീവിയെ കണ്ടിട്ടുണ്ടോ? മിന്നാമിനുങ്ങിന്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. നല്ല ഉറപ്പുള്ള പരന്ന കവച പ്ലേറ്റുകൾ ഒന്നിനു മേൽ ഒന്ന് എന്ന പോലെ ക്രമമായി ഘടിപ്പിച്ച നീളൻ രൂപം കണ്ടാൽ ആദ്യമൊന്ന് അമ്പരക്കും. പുറകിലെ വാൽ ഭാഗം കുത്തി പൊക്കിയാണ് സഞ്ചാരം. മണ്ണിലെ ഒച്ചുകളുടെ അന്തകരാണ് ഇവർ. തങ്ങളേക്കാൾ എത്രയോ വലിയ ഒച്ചുകളെ വരെ തപ്പിപ്പിടിച്ച് വിഷം കുത്തി മയക്കി ദഹനരസങ്ങൾ തൂവി ജ്യൂസാക്കി കുടിക്കും. മണ്ണിര കളേയും മറ്റ് ലാർവകളേയും ഇതു പോലെ കഴിക്കും.
ഇവയുടെ പിറകിലും പ്രകാശസംവിധാനം ഉണ്ടാകും. പല സ്പീഷിസുകളിലും ലാർവ ഘട്ടം കഴിഞ്ഞ് പൂർണ രൂപാന്തരണം കഴിഞ്ഞ പെൺ മിന്നാമിന്നികൾ ലാർവകളെപ്പോലെ തന്നെയാണ് കാഴ്ചയിൽ. ചിറകില്ലാത്ത പുഴുരൂപികൾ തന്നെ. സംയുക്ത നേത്രങ്ങൾ അധികമായുണ്ടാകും എന്ന് മാത്രം.
വയറിനടിയിൽ പിറകിലായി മിന്നി മിന്നി തിളങ്ങുന്ന പ്രകാശവുമായി പാറിക്കളിക്കുന്ന ഒരു പ്രാണി എന്നാണ് മിന്നാമിനുങ്ങ് എന്ന് കേൾക്കുമ്പോൾ മനസിൽ തെളിയുക. എന്നാൽ മിന്നാമിന്നി ഒരു വണ്ടാണ്. ലേഡി ബേഡിനേയും, കൊമ്പൻ ചെല്ലിയേയും പോലെ. മുട്ട , ലാർവ , പ്യൂപ്പ എന്നീ ഘട്ടങ്ങൾ കടന്നാണ് ഒരു മിന്നാ മിനുങ്ങി പൂർണ രൂപാന്തരണം കഴിഞ്ഞ് അവതരിക്കുക. ഈ നാലു ഘട്ടങ്ങളിലെ അവസാന ഘട്ടമായ “മിന്നാമിനുങ്ങി “ന്റെ ആയുസ് ആഴ്ചകൾ മാത്രമാണ്.
രണ്ട് മൂന്ന് ആഴ്ച കൊണ്ട് വിരിയുന്ന മുട്ടകളിൽ നിന്ന് ഉണ്ടാകുന്ന ലാർവ പക്ഷെ മാസങ്ങളും വർഷങ്ങളും അതേ രീതിയിൽ കഴിയും. നിരവധി തവണ മോൾട്ടിങ്ങ് എന്ന് ഉറ പൊഴിയലിലൂടെ വളരും. പിന്നെ പ്യൂപ്പാവസ്ഥയിൽ പോയി കുറച്ച് ആഴ്ച കൊണ്ട് തന്നെ രൂപാന്തരണം സംഭവിച്ച് ശരിയ്ക്കുള്ള മിന്നാമിനുങ്ങ് ആവും. 2200 ൽ അധികം സ്പീഷിസുകളെ ഇതു വരെ ആയി ലോകത്ത് കണ്ടെത്തീട്ടുണ്ട്. ഏറെ സ്പീഷിസുകളിലും ആൺ മിന്നാമിനുങ്ങിന് മാത്രമേ ചിറക് ഉണ്ടാവൂ. അയാണ് പറന്ന് കളിക്കുക. പെൺ മിന്നാമിനുങ്ങുകൾ ചിറകില്ലാതെ മണ്ണിൽ തന്നെ തിരിഞ്ഞ് കളിക്കും. പുഴു രൂപി ആയി. ആൺ മിനുങ്ങികൾ വിളക്ക് കെടുത്തിയും കത്തിച്ചും ഇണയെ തേടി പ്രണയ സിഗ്നൽ അയക്കുന്നു. പെൺ മിനുങ്ങികൾ തിരിച്ച് പ്രകാശ സിഗ്നൽ അയക്കും. ഓരോ സ്പീഷിസിനും കൃത്യമായ ശൈലിയിലുള്ളതാണ് ഈ സിഗ്‌നൽ. മിന്നാമിനുങ്ങുകൾ എല്ലാവർക്കും ഈ മിന്നിക്കളി കഴിവ് ഉണ്ടാവണം എന്നില്ല. അത്തരത്തിലുള്ളവ ചില രാസ സംയുക്തങ്ങൾ പ്രസരിപ്പിച്ചാണ് ഇണയെ കണ്ടെത്തുന്നത്. വായ ഇല്ലാത്തവയാണ് പല ഇനങ്ങളും. ലാർവ ഘട്ടത്തിൽ തിന്നതിൻ്റെ കരുത്തിൽ ഇണചേരാനായി മാത്രം ജീവിച്ച് മരിച്ച് പോവും ഇണചേരാനും മുട്ടയിടാനും വേണ്ട കാലമേ ഇവയ്ക്ക് ആയുസ്സും ഉണ്ടാവു.