ശ്രീജിത്ത് പരിപ്പായി
തന്റെ സഹപ്രവര്‍ത്തകരോടൊപ്പമിരുന്ന എന്‍റിക്കോ ഫെര്‍മി എന്ന പ്രശസ്ത ഭൗതികജ്ഞന്‍ ഭൗമേതര ജീവനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യമാണ് “മറ്റുള്ളവരൊക്കെ എവിടെയാണ് ?” എന്നത് . നാളിതുവരെയുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും ഗണിതശാസ്ത്ര വിശകലനങ്ങളും മുന്നോട്ടുവെയ്കുന്നത് ഭൗമേതരജീവന്റെ ശക്തമായ സാദ്ധ്യതകളാണ്.
എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും – അവരില്‍ നിന്നുമുള്ള സന്ദേശങ്ങളൊന്നും – കാര്യമായി ലഭിച്ചിട്ടുമില്ല. കണക്കുകൂട്ടലുകളെ കുഴപ്പിക്കുന്ന ഈ സാഹചര്യത്തിലാണ് ഈ ചോദ്യം ഫെര്‍മി ഉയര്‍ത്തുന്നത്. Where Is Everybody എന്ന Fermi Paradox – ന് ഉത്തരം നല്‍കുവാന്‍ അനവധിയാളുകള്‍ ശ്രമിച്ചിട്ടുണ്ട്. ആ ഉത്തരങ്ങളില്‍ ചിലതിലൂടെയുള്ള യാത്ര…
സുന്ദരമായ ഒരു രാത്രിയില്‍ പുറത്തിറങ്ങി ആകാശത്തേയ്ക്ക് നോക്കിയിട്ടുണ്ടോ? നക്ഷത്രം നിറഞ്ഞു നില്‍ക്കുന്ന ആകാശം കണ്ടു അത്ഭുതപെട്ടിട്ടുണ്ടോ? അപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സിലേയ്ക്ക് കടന്നു വരുന്ന ചിന്ത? പ്രപഞ്ചത്തിന്റെ അപാരത ആലോചിച്ചു നിങ്ങള്‍ക്ക് അത്ഭുതം തോന്നാറില്ലേ? എനിക്ക് സ്വന്തം അസ്തിത്വത്തിന്റെ തന്നെ തകർച്ച അനുഭവപെടും, അടുത്ത നിമിഷങ്ങളില്‍ ചെറിയ ഭ്രാന്തുള്ള മനുഷ്യന്‍ ആയി തീരും. ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ആയ എന്‍റിക്കോ ഫെര്‍മി ഒരു ദിനം മുകളിലേയ്ക്ക് നോക്കി ഇങ്ങനെ ആലോചിച്ചു “എവിടെ മറ്റുള്ളവര്‍?, ഇവിടെ അടുത്തു തന്നെ ഉണ്ടാവേണ്ടതാണല്ലോ”. ആ ചിന്ത ആണ് ഫെര്‍മി പാരഡോക്സ്.സുന്ദരമായ ഒരു രാത്രിയില്‍ നിങ്ങള്‍ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണം പരമാവധി 2500 ആണ് (മൊത്തം നക്ഷത്രങ്ങളുടെ പത്തുകോടിയില്‍ ഒരംശം) അതും പരമാവധി 1000 പ്രകാശ വര്‍ഷം (ആകാശഗംഗയുടെ വ്യാസത്തിന്റെ ഒരു ശതമാനം) അകലെ മാത്രം ഉള്ളത്. അപ്പോള്‍ നിങ്ങള്‍ കാണുന്നത് പ്രപഞ്ചത്തിന്റെ അപാരതയില്‍ ഒന്നുമില്ലാത്ത ഒരു ബിന്ദു മാത്രമാണ്. പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മള്‍ പണ്ട് മുതല്‍ ചോദിക്കുന്നതും ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ചോദ്യമാണ് അന്യഗ്രഹ ജീവികള്‍ ഉണ്ടോ?, മറ്റൊരു ഭൂമിയുണ്ടോ?, അതോ നമ്മള്‍ ഈ മഹാ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ?
നമുക്കൊരു കണക്കു കൂട്ടല്‍ നടത്തി നോക്കാം. വളരെ രസകരമാണ് ഇതിലെ കണ്ടെത്തലുകള്‍. എന്നാല്‍ പേടിപ്പെടുത്തുന്നതും പരസ്പരവിരുദ്ധവും ആയ ചില കാര്യങ്ങളുമുണ്ട്.
നമ്മുടെ ഗാലക്സി ആയ ആകാശഗംഗയില്‍ മാത്രം 100-400 ബില്ല്യന്‍ നക്ഷത്രങ്ങള്‍ ഉണ്ടാവും. പക്ഷെ അത്രയും തന്നെ ഗാലക്സികളും ഉണ്ടാവും. മൊത്തത്തില്‍ നമ്മള്‍ കണ്ട പ്രപഞ്ചത്തില്‍ 10^22 – 10^24 (100000000000000000000000!!!!!!!!!) നക്ഷത്രങ്ങള്‍ ഉണ്ടെന്നു കണക്കാക്കുന്നു. ഭൂമിയിലെ കടല്‍തീരത്തുള്ള മൊത്തം മണല്‍തരികളുടെ ആയിരം ഇരട്ടി വരുമിത്. (മണല്‍ത്തരികളുടെ എണ്ണത്തിന് ഏകദേശം ഒരു കണക്കുണ്ട്, അത് വേറെ കഥ)
അതില്‍ എത്ര എണ്ണം സൂര്യന്റെ അതെ വലുപ്പത്തിലും പ്രകാശത്തിലും ഉണ്ട് എന്നുള്ള കാര്യത്തില്‍ ശാസ്ത്രം ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നാലും 5%-20% വരെ ഉണ്ടാവും എന്നാണു ഒരു ഏകദേശ കണക്ക്. നമ്മള്‍ക്കു 5% എന്നെടുക്കാം. ഇനി അതിനോട് ചേര്ന്നുള്ള ഗ്രഹങ്ങളില്‍ ഭൂമിയുടെ അതെ അവസ്ഥകള്‍ ഉള്ള, ജീവന്‍ ഉണ്ടാവാന്‍ സാധ്യതയുള്ള, ഗ്രഹങ്ങള്‍ എത്ര ഉണ്ടാവും എന്ന് നോക്കാം. ഈയിടെ നടന്ന ഒരു പഠനത്തില്‍ അത് 22% എന്നാണു കാണിക്കുന്നത്.
അപ്പൊ 5 x 22/100 = 1%. മൊത്തം ഭൂമി പോലുള്ള ഗ്രഹങ്ങള്‍ ഏതാണ്ട് 10^22 x 1/100 = 10^20 ആണ്. (10 ക്വാഡ്രില്യണ്‍ അഥവാ 10 മില്യണ്‍ ബില്യണ്‍)!!!!!!
ഇനി അങ്ങോട്ട് മൊത്തം അനുമാനങ്ങള്‍ ആണ്. ജീവന്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ഗ്രഹങ്ങളില്‍ ഒരു ശതമാനം ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടായി എന്ന് കരുതുക. അതിലും ഒരു ശതമാനം ഗ്രഹങ്ങളില്‍ മനുഷ്യന്റെ നിലവാരത്തില്‍ ജീവന്‍ പരിണമിച്ചു എന്ന് കരുതുക. അതായത് 10^22 x 1/10000 = 10^18 ഗ്രഹങ്ങള്‍ എങ്കിലും മനുഷ്യരുടെ അതെ നിലവാരത്തില്‍ പരിണമിച്ച ജീവന്‍ ഉള്ളവയാണ്. അതായത് ഭൂമിയില്‍ എത്ര മണല്‍ തരിയുണ്ടോ അത്രയും ഭൂമികള്‍ വേറെയുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഇനി മൊത്തം പ്രപഞ്ചം എടുക്കണ്ട. നമ്മുടെ ആകാശഗംഗയിലെ മാത്രം നക്ഷത്രങ്ങള്‍ എടുത്തു ഈ കണക്കു കൂട്ടിയാല്‍ ഒരു ബില്യന്‍ ജീവകണം ഉള്ള ഗ്രഹങ്ങളും ഒരു ലക്ഷം ഭൂമികളും (മനുഷ്യന്‍റെ അളവ് വരെ പരിണാമം പുരോഗമിച്ച ഗ്രഹം) കിട്ടും.
നമ്മുടെ ഗാലക്സിയില്‍ മാത്രം ഒരു ലക്ഷത്തില്‍ അധികം ഭൂമികളും അവിടങ്ങളില്‍ ഒക്കെ മനുഷ്യരും ഉണ്ടെങ്കില്‍ അവയില്‍ ഒരു ശതമാനം എങ്കിലും സന്ദേശങ്ങള്‍ അയക്കുന്നുണ്ടാവില്ലേ? അവരുടെ സാന്നിധ്യം എങ്ങനെയെങ്കിലും നമുക്ക് സംവേദനകരം ആകില്ലേ? പക്ഷെ ഇന്നേ വരെ വിശ്വസനീയമായ ഒരു തെളിവ് അതിനു ലഭിച്ചിട്ടില്ല. അപ്പൊ ഫെര്‍മി ചോദിച്ചത് ശരിയല്ലേ? എവിടെ ഇവരെല്ലാം?, ഇവിടെ എവിടെയൊക്കെയോ തന്നെ ഉണ്ടാവേണ്ടാതാണല്ലോ. കാണുന്നില്ല.ഇനി ഇതല്ല രസം. സൂര്യന്‍ താരതമ്യേന ചെറുപ്പക്കാരന്‍ ആണ്. സൂര്യനെക്കാള്‍ പ്രായം ഏറിയ ഒരുപാട് നക്ഷത്രങ്ങള്‍ ഉണ്ട്. അവയുടെ ഒക്കെ ഗ്രഹങ്ങളില്‍ ഉള്ള മനുഷ്യര്‍ എത്ര പുരോഗമിച്ചിരിക്കും. നമ്മള്‍ തന്നെ ആയിരം വര്‍ഷം കഴിഞ്ഞാലുള്ള പുരോഗമനം എത്ര ആയിരിക്കും? അക്കാലത്തെ ടെക്നോളജി എന്തായിരിക്കും? അപ്പൊ സൗരയൂഥത്തേക്കാള്‍ പത്തും ഇരുപതും ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള അവസ്ഥയില്‍ ഇരിക്കുന്ന ഒരു ഗ്രഹത്തിന്റെ പുരോഗതി ചിന്തിച്ചു നോക്കൂ. എന്നിട്ടും അവരുടെ ഒന്നും ഒരു പൊടി പോലുമില്ല കണ്ടുപിടിക്കാന്‍…
ഇവരൊക്കെ എവിടെ പോയിരിക്കുന്നു.??
Kardashev Scale എന്നൊരു അളവുകോല്‍ ഉപയോഗിച്ച് ഗ്രഹങ്ങളുടെ പുരോഗമന ഘട്ടങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
തരം 1: സ്വന്തം ഗ്രഹത്തിലെ മുഴുവന്‍ ഊര്‍ജവും ഉപയോഗിക്കാന്‍ കഴിവുള്ളവര്‍. നമ്മള്‍ മനുഷ്യര് ഏതാണ്ട് ഈ തരക്കാര്‍ ആണ്. എങ്കിലും മുഴുവനല്ല. കാള്‍ സാഗന്‍ ഒരു സമവാക്യം ഉപയോഗിച്ച് നമ്മള്‍ ഏതാണ്ട് 0.7 തരക്കാര്‍ ആണെന്ന് പറയുന്നു
തരം 2: സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജം മുഴുവന്‍ ഉപയോഗിക്കാന്‍ പഠിച്ചവര്‍. ഇതെങ്ങനെ സാധിക്കും എന്ന് നമ്മള്‍ തരം 1 ജാതിക്കാര്‍ക്ക് മനസിലാവില്ല. പക്ഷെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നു പറയാന്‍ പറ്റും.
തരം 3: ഇവര്‍ വന്‍ ടീമുകള്‍ ആണ്, ഒരു ഗാലക്സി മുഴുവന്‍ കയ്യടക്കി ഭരിക്കാന്‍ കഴിവുള്ളവര്‍ ആണ്. ഇന്റര്‍സ്റ്റെല്ലാര്‍ ട്രാവല്‍ ഒക്കെ ഇവര്‍ക്ക് പിടിത്തമുണ്ട്.
ഒരു അനുമാനത്തില്‍, നമ്മുടെ ഗാലക്സിയില്‍ ഉള്ള ഒരു ലക്ഷം ഭൂമികളില്‍ “തരം 3 സംസ്കാരം” ഉള്ള ഗ്രഹങ്ങള്‍ 0.5% ഉണ്ടെന്നു കണക്കാക്കിയാല്‍ പോലും നമ്മുടെ ഗാലക്സിയില്‍ മാത്രം ഇത്തരം ഒരു 500 സമൂഹങ്ങള്‍ കാണണം. ഇവരുടെ സാന്നിധ്യം എങ്ങനെ പോയാലും നമ്മള്‍ അറിയാതെ വരില്ല. എന്നിട്ടും ഒന്നും കാണുന്നില്ല. എവിടെപോയി ഇവരെല്ലാം ? ഇതാണ് ഫെര്‍മി പാരഡോക്സ്.
സാമാന്യ ഗണിതവും ഇതുവരെ ഉള്ള അറിവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അനുമാനവും വച്ച് നോക്കുമ്പോ കണക്കു ശരിയാണ്. പക്ഷേ അതിനെ സാധൂകരിക്കാന്‍ ഉള്ള തെളിവുകള്‍ കിട്ടുന്നില്ല.
ഇതിനു പല ഉത്തരങ്ങള പലരും നല്കുന്നുണ്ട്. പ്രധാനമായും രണ്ടു അഭിപ്രായക്കാര്‍ ആണുള്ളത്.
അഭിപ്രായം ഒന്ന്: നമ്മള്‍ക്ക് ആരുടേയും തെളിവുകള്‍ ലഭിക്കാത്തത് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് തന്നെയാണ്. (മിക്കവാറും എല്ലാവരും ഇത് പറയും). അപ്പൊ കണക്കും, ഇത് വരെ ഉള്ള അറിവുകളും അനുമാനങ്ങളും ഒക്കെ തെറ്റാണോ? അല്ല, മറ്റെന്തോ നടക്കുന്നുണ്ട് ഇതിന്റെ ഇടയില്‍, ആ മറ്റെന്തോ ആണ് നിര്‍ണായക ഘട്ടം (Great Filter ). പരിണാമത്തിന്റെ പാതയില്‍ എല്ലാ ജീവി സംസ്ക്കാരങ്ങള്‍ക്കും ഒരു നിര്‍ണായക ഘട്ടം തരണം ചെയ്യാനുണ്ടാവും. ആ നിര്‍ണായക ഘട്ടം മറികടക്കുന്ന ചുരുക്കം ചില ജീവി വര്‍ഗങ്ങളേ കാണൂ. ചിലപ്പോള്‍ ജീവന്‍ തന്നെ ഗ്രഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടേക്കാം. എല്ലാ ഗ്രഹങ്ങളിലും അതുണ്ടാവും. അത് മറികടക്കുന്നവര്‍ക്കേ തരം മൂന്ന് സംസ്കാരത്തിന്റെ അവസ്ഥയില്‍ എത്തിച്ചേരാന്‍ സാധിക്കൂ. അങ്ങനെയെങ്കില്‍ ഭൂമിയുടെ ആ ഘട്ടം കഴിഞ്ഞോ? അതിനു മൂന്നു സാധ്യതയാണ് ഉള്ളത്.
ഒന്ന്: ആ ഘട്ടം കഴിഞ്ഞു, അത് നമ്മള്‍ മറികടന്നു. അത് മറികടന്നു വന്ന ഒരേ ഒരു സമൂഹം ആണ് നമ്മള്‍. നമ്മള്‍ തരം 3 സംസ്കാരത്തിലെയ്ക്ക് കുതിച്ചു കൊണ്ടിരിക്കുക ആണ്. അങ്ങനെ എങ്കില്‍ ഇതിനെല്ലാം ഒരു ഉത്തരം ആയി. പക്ഷേ അപ്പൊ നമ്മുടെ പരിണാമ പാതയില്‍ ആ ഘട്ടം ഏതായിരുന്നു?
വീണ്ടും മൂന്നു സാധ്യത
- ജീവന്‍ ഉണ്ടായതാണ് ആ നിര്‍ണായകമായ ചാട്ടം. അങ്ങനെ ഭൂമിയില്‍ മാത്രമേ സംഭവിച്ചുള്ളൂ. അങ്ങനെയെങ്കില്‍ വേറെ മനുഷ്യര്‍ എന്നല്ല ജീവന്‍ തന്നെ കാണില്ല
- ഏക കോശ ജീവികളില്‍ നിന്ന് ബഹുകോശ ജീവികളിലെയ്ക്കുള്ള ചാട്ടം. സാധ്യത വളരെ കുറവാണ്. കാരണം ഇന്നും അത് നടക്കുന്നുണ്ട്.
- ബുദ്ധിയുള്ള മനുഷ്യര്‍ ഉണ്ടാവുക എന്നത് ഒരു വലിയ ചാട്ടം ആണ്. മൃഗങ്ങളില്‍ നിന്ന് ബോധവും ഇന്റലിജന്‍സും ഉള്ള മനുഷ്യര് പരിണമിച്ചു എന്നത്. അങ്ങനെയെങ്കില്‍ മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാവാം. പക്ഷേ പ്രാകൃത സംസ്കാരം ആയിരിക്കും. ചിലപ്പോ മൃഗങ്ങള്‍ മാത്രം ആയിരിക്കും. ഏതെങ്കിലും ഗ്രഹങ്ങളില്‍ ഡിനോസറും മാമത്തും ഒക്കെ വാഴുന്നുണ്ടാവും.
തിരിച്ചു നിര്‍ണായക ഘട്ടത്തിന്റെ രണ്ടാമത്തെ ഒപ്ഷനിലെയ്ക്ക് വരാം.
രണ്ട്: നമ്മള്‍ ആണ് ആദ്യം. നിര്‍ണായക ഘട്ടം ഇല്ല. ബിഗ് ബാങ്ങിനു ശേഷം ആദ്യമായാണ് ജീവന്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത ഉണ്ടായത്. അത് നമ്മളാണ്. നമ്മള്‍ ആയിരിക്കും പ്രപഞ്ചം കീഴടക്കാന്‍ ആദ്യം പോകുന്നത്.
മൂന്ന്: അപകടം കാത്തിരിക്കുന്നു. നിര്‍ണായക ഘട്ടം വരാന്‍ പോകുന്നതെ ഉള്ളൂ. ഒരു കാലത്ത് വലിയ പ്രളയം വന്നു നമ്മളെല്ലാം മരിക്കും. വീണ്ടും ജീവന്‍ ഉണ്ടായി വരും. വീണ്ടും മരിക്കും. അങ്ങനെ അങ്ങനെ കടന്നു പോകും. ഒന്നാലോചിച്ചു നോക്കൂ, നാളെ “മാര്‍സി”ല്‍ ഫോസിലുകള്‍ കണ്ടെത്തി എന്നോ മറ്റോ വാര്‍ത്ത വന്നാലുള്ള അവസ്ഥ. അതിന്റെ അര്‍ഥം എന്താണ്? അവിടെ മനുഷ്യര്‍ ഉണ്ടായിരുന്നു എന്നോ? അവരൊക്കെ എങ്ങനെയോ മരിച്ചു പോയി?, പേടിപെടുത്തുന്ന ഒരു വാര്‍ത്ത ആയിരിക്കുമത്. നിര്‍ണായക ഘട്ടം വരാനിരിക്കുന്നതെ ഉള്ളൂ എന്ന സത്യം നമ്മെ അതോര്‍മിപ്പിക്കും
അഭിപ്രായം രണ്ട്: ജീവന്‍ വേറെയും ഉണ്ട്, അവരെ നമ്മള്‍ അറിയാത്തത് വേറെ പല കാരണങ്ങള്‍ കൊണ്ടാണ്. അതില്‍ കുറെ കാരണങ്ങള്‍ ഉണ്ട്. കുറച്ചെണ്ണം ഇവിടെ പറയാം
ഒന്ന്: സൂപ്പർ ഇന്റലിജന്റ് ആള്‍ക്കാര്‍ ഭൂമിയില്‍ വന്ന കാലത്ത് മനുഷ്യര്‍ ഇല്ലായിരുന്നിരിക്കാം.
രണ്ട്: ഈ ഗാലക്സി ഒരു സമൂഹം പിടിച്ചടക്കി ഇരിക്കുകയാണ്. പക്ഷേ അതിന്റെ ഏതോ ഒരു മൂലയില്‍ ഒറ്റപെട്ടു കിടക്കുകയാണ്. അവരുടെ അനക്കങ്ങള്‍ ഒന്നും നമ്മുടെ ഭാഗത്ത് എത്തുന്നില്ല ആരും ഈ ഭാഗത്തേയ്ക്ക് വരുന്നുമില്ല.
മൂന്ന്: സന്ദേശങ്ങള്‍ അയക്കുന്നത് അപകടകരം ആണ്, വേറെ ആള്‍ക്കാര്‍ അറിഞ്ഞു നമ്മെ അപകടപെടുത്താന്‍ അത് സഹായിക്കും എന്ന അറിവില്ലാത്ത മണ്ടന്മാര്‍ ആയിരിക്കും നമ്മള്‍. മറ്റുള്ളവ ആ ബോധ്യം ഉള്ളത് കൊണ്ട് അവര്‍ ഒതുങ്ങി കൂടി കഴിയുന്നു.
നാല്: ആകെ ഒരു സൂപ്പര് ഇന്റലിജന്റ് സമൂഹം മാത്രമേ ഉള്ളൂ. ഉയർന്നു വരുന്ന എല്ലാ സമൂഹത്തിനെയും അവര്‍ തകര്ക്കും. നമ്മളെയും അവര്‍ക്കൊരു ഇര ആവുന്ന കാലം വരെ കാത്തു നില്ക്കുന്നു എന്നെ ഉള്ളൂ. അവര്‍ക്കൊരു വെല്ലുവിളി ആവും എന്ന് തോന്നിയാല്‍ എടുത്തു വലിച്ചെറിയും അവര്.
അഞ്ച്: നമ്മുടെ ടെക്നോളജി കൊണ്ട് മനസിലാക്കാവുന്ന സംഗതികള്‍ അല്ല അവരുടേത്. ഒരു മാളില്‍ വാക്കി ടാക്കി കൊണ്ട് പോയിട്ട് എന്തെങ്കിലും സന്ദേശം കിട്ടുന്നുണ്ടോ എന്ന് നോക്കുക. ഒന്നും കിട്ടില്ല, കാരണം അവിടെ എല്ലാവരും മൊബൈല്‍ ഫോണ്‍ അല്ലെ ഉപയോഗിക്കുന്നത്. അപ്പൊ അവിടെ ആരും ഇല്ല എന്നര്‍ത്ഥമില്ലല്ലൊ.
സംഗതി സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ കാര്യങ്ങള്‍ പോലെ തോന്നുന്നുണ്ട് അല്ലെ?. ഏതാണ്ട് അത് പോലൊക്കെ തന്നാണ് കാര്യങ്ങള്‍. പക്ഷേ ഒരു കാര്യം ആലോചിക്കൂ. ഇപ്പൊ നമ്മള്‍ പണ്ടത്തെ ആളുകൾ ഭൂമി പരന്നതാണെന്നും ആകാശം സ്വര്‍ഗത്തിന്റെ അടി ഭാഗം ആണെന്നും, ഒക്കെ വിചാരിചിരുന്നവര്‍ ആയിരുന്നല്ലോ എന്ന് പറഞ്ഞു ചിരിക്കാറുണ്ട്. അത് പോലെ വേറെ എവിടെയെങ്കിലും ഇരുന്നു കുറെ മനുഷ്യര്‍ ചിരിക്കുന്നുണ്ടാവും. ഇവര്‍ക്കൊന്നും അറിയില്ലല്ലോ. എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ധാരണ പോലും ഇല്ലല്ലോ എന്നോര്‍ത്തുകൊണ്ട് !
പ്രപഞ്ചത്തിന്റെ ആയുസ്സ് ഒരു കൊല്ലത്തില്‍ അളന്നാല്‍ മൂന്നോ നാലോ സെക്കണ്ട് മുന്‍പ് മാത്രം ജന്മം കൊണ്ട ഒരു പ്രാകൃത സംസ്ക്കാരമാണ് മനുഷ്യ സംസ്കാരം. നമ്മള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത സംസ്കാരങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അതിനീ പറഞ്ഞതെല്ലാം സാധ്യമാണ്.
ഫെര്‍മി പ്രഹേളിക വിശദീകരിക്കുന്ന ഒരു വീഡിയോ
കടപ്പാട് : http://waitbutwhy.com/2014/05/fermi-paradox.html
This Paradox condition will happen only when some one think on “Who we are ?” and why we here ? ..!!! Who thinks so.. only a few.. so they will become paranoid.!!!! and we indeed will be in that group.
.
QUITE INTERESTING MR.SREEJITH PARIPPAI.
EXPECTING MORE ON THE TOPIC FROM YOU.
വേറേതോ കാലത്ത് വേറേതോ ഗ്രഹങ്ങളില്‍ പരിപ്പായി ഉണ്ടാവാനുള്ള സാധ്യത… പരിപ്പായി പരടോക്സ് ….