Sun. Jul 5th, 2020

LUCA

Online Science portal by KSSP

അപൂര്‍വ്വമായ കൂട്ടിയിടിക്ക് അരങ്ങൊരുങ്ങുന്ന ചൊവ്വ

Comet-Siding-Spring-Trajectory-Mars-br2
സൈഡിംഗ് സ്പ്രിംഗിന്റെ ആലിംഗനം രേഖാ ചിത്രം : കടപ്പാട്, നാസ

അത്യപൂർവ്വമായൊരു ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണ് സൗരയൂഥം ഈ മാസം 19ന് സാക്ഷിയാകാൻ പോകുന്നത്. ഒരു ധൂമകേതു അതിന്റെ നീണ്ട വാലുകൊണ്ട് ഒരു ഗ്രഹത്തെ ആലിംഗനം ചെയ്യുന്നതു നിരീക്ഷിക്കാൻ ജ്യോതിശാസ്ത്രസമൂഹം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

സൈഡിങ് സ്പ്രിങ് (Comet C/2013 A1) എന്ന വാൽനക്ഷത്രം അന്നേദിവസം ചൊവ്വയുടെ 1,39,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോകും. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പകുതിയിലും കുറവാണ്. ഭൂമിയെ സമീപിച്ച അറിയപ്പെടുന്ന ധൂമകേതുക്കളെല്ലാം തന്നെ ഇതിന്റെ പത്തു മടങ്ങിൽ കൂടുതൽ അകലെ കൂടെ മാത്രമെ കടന്നു പോയിട്ടുള്ളു. ഇന്ത്യൻ സമയം രാത്രി 11.55നാണ് ഇത് ചൊവ്വയുടെ ഏറ്റവും സമീപത്ത് എത്തുന്നത്. ഒരു സെക്കന്റിൽ 56കി.മീറ്റർ വേഗതയിൽ കടന്നു പോകുന്ന ഈ വാൽനക്ഷത്രത്തെ ഒരു ദുരന്തമായല്ല സാധ്യതയായാണ് ശാസ്ത്രജ്ഞർ കാണുന്നത്.

Earth-Moon-Comet-Siding-Spring-Distance-Comparison2-br2
ഭൂമിയും ചന്ദ്രനും സൈഡിംഗ് സ്പ്രിംഗും – താരതമ്യം – കടപ്പാട് നാസ

സൂര്യനിൽ നിന്ന് 5,000 മുതൽ 1,00,000വരെ ജ്യോതിർമാത്ര(AU) അകലെ കിടക്കുന്ന ഊർട്ട് മേഘത്തിൽ നിന്നാണ് സൈഡിങ് സ്പ്രിങ് വരുന്നത്. സൗരയൂഥം രൂപം കൊണ്ട കാലത്തുള്ള വസ്തുക്കൾ അതേ രൂപത്തിൽ തന്നെ നിക്ഷേപിക്കപ്പെട്ട പ്രദേശമാണ് ഊർട്ട് മേഘം എന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അവിടെ നിന്നും വരുന്ന ഒരു വസ്തുവിനെ ആരംഭകാല സൗരയൂഥത്തിന്റെ ഒരു ഫോസിൽ എന്ന രീതിയിൽ കണക്കാക്കാം. ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ ആദ്യകാല സൗരയൂഥത്തെ കുറിച്ച് കൂടുതൽ അറിവുകൾ നൽകുന്നവയായിരിക്കും.

ചൊവ്വയിൽ ഇറങ്ങി പര്യവേക്ഷണം നടത്തുകയും അതിനെ പ്രദക്ഷിണം ചെയ്യുകയും ചെയ്യുന്ന പേടകങ്ങളെ സൈഡിങ് സ്പ്രിങ് എങ്ങനെ ബാധിക്കും എന്ന ഒരു ഭയവും ഇതിനിടയിലുണ്ട്. ഇതിന്റെ വാലിലെ വളരെ ഉയർന്ന പ്രവേഗത്തിലുള്ള പൊടിപടലങ്ങൾ ഈ പേടകങ്ങളെ–പ്രത്യേകിച്ച് ഓർബിറ്ററുകളെ–കേടുവരുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം ഈ പേടകങ്ങൾ ഉപയോഗിച്ചു കൊണ്ട് ധൂമകേതുവിനെ നിരീക്ഷിക്കാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിലാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. കാരണം ആദ്യം പ്രതീക്ഷിച്ചരുന്ന അത്രയും അപകടകാരികളായിരിക്കില്ല ഇവ എന്നാണ് ഇപ്പോൾ കരുതുന്നത്.

ചൊവ്വയെ പ്രദക്ഷിണം ചെയ്യുന്ന പേടകങ്ങളെ ഉപയോഗിച്ചു കൊണ്ട് വാൽനക്ഷത്രത്തിന്റെ വലിപ്പം, ആകൃതി, ന്യൂക്ലിയസിന്റെ ചലനരീതികൾ, അതിലെ വാതകങ്ങൾ, വാലിലെ കണങ്ങളുടെ വലിപ്പം, വിതരണം, ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടാവുന്ന പ്രതികരണങ്ങൾ എന്നിവയെല്ലാം പഠിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാസയിലെ ശാസ്ത്രജ്ഞർ.

Comet-Siding-Spring-Views-Earth-Night-Sky-Southern-Hemisphere-br2
ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ നിന്നും ദൂരദര്‍ശിനിയോ ശക്തിയേറിയ ബൈനോക്കുലറോ ഉപയോഗിച്ച് വീക്ഷിക്കുന്നവര്‍ക്ക് ധൂമകേതുവിനെയും ചൊവ്വയെയും കാണാന്‍ കഴിഞ്ഞേക്കും – കടപ്പാട് നാസ

ഹബ്ബിൾ, കെപ്ലർ, സ്വിഫ്റ്റ്, സ്പിറ്റ്സർ, ചന്ദ്ര തുടങ്ങിയ ആകാശദൂരദർശിനികളും നിയോവൈസ്, സ്റ്റിരിയോ, സോഹോ തുടങ്ങിയ നിരീക്ഷണ പേടകങ്ങളും മൗനാ കീ, ഹവായ് എന്നിവടങ്ങളിലെ ഭൗമദൂരദർശിനികളും ചൊവ്വയുടെ നേരെ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.
കാത്തിരിക്കാം നമുക്കും പത്തൊമ്പതാം തിയ്യതി വരെ.
[divider]

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

%d bloggers like this: