Read Time:13 Minute

ആണും പെണ്ണുമാണ് കല്യാണം കഴിക്കേണ്ടത് എന്ന പൊതുബോധം ഉൾക്കൊണ്ടാണ് കുഞ്ഞുങ്ങളും വളരുന്നത്. അതുകൊണ്ടുതന്നെ ഇവർ വളർന്നു വരുമ്പോൾ രണ്ടു വിഭാഗം മനുഷ്യരായി മാറുന്നു എന്നു പറയാം.

ഒന്ന് :
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞാൽപ്പോലും അത് മറച്ചുവെച്ച് പൊതുബോധത്തിനനുസരിച്ച് ജീവിക്കാൻ നിർബന്ധിതരാവുന്നവർ. (സ്വന്തം സന്തോഷങ്ങൾ ബലികഴിക്കുന്നതോടൊപ്പം പങ്കാളിയെക്കൂടി തീരാദു:ഖത്തിലാഴ്ത്തുന്നു എന്നതാണ് ഇവരുടെ പ്രവർത്തിയുടെ അനന്തരഫലം.)

രണ്ട് :
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിക്കാൻ തയ്യാറാവുന്നവരെ കല്ലെറിയാൻ മത്സരിക്കുന്നവർ.

സ്വന്തം സന്തോഷം നശിച്ചവരും മറ്റുള്ളവരുടെ സന്തോഷങ്ങൾ നശിപ്പിക്കുന്നവരുമായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നുവന്നുകൂടാ..ഏതൊരാൾക്കും സ്വന്തം സ്വത്വം മറച്ചുവെക്കാതെ സന്തോഷമായി ജീവിക്കാൻ കഴിയുന്ന ഇടങ്ങളായി സമൂഹങ്ങൾ വളരണം. അതു സാധ്യമാവണമെങ്കിൽ കുഞ്ഞുങ്ങളോടുതന്നെ പറഞ്ഞു തുടങ്ങണം. ഇതാ ഒരു കുഞ്ഞാപ്പിക്കഥ

എത്രയെത്ര ഫാമിലികൾ

കുഞ്ഞാപ്പീടെ ഫാമിലീല് ആരൊക്ക്യാ ഉള്ളത് ന്നറിയോ?
കുഞ്ഞാപ്പീടെ പുന്നാര പുന്നാര അമ്മ.. അച്ഛൻ..പിന്നെ ചേച്ചീം. കുഞ്ഞാപ്പിക്ക് അച്ഛനേം അമ്മേം ചേച്ചിയേം ഒരു പാടിഷ്ടം.എല്ലാരും നല്ല സ്നേഹായിട്ട് കഴിയുന്ന കുഞ്ഞു ഫാമിലി.

അച്ഛനും അമ്മേം മക്കളും കൂടിയാലേ ഫാമിലിയാവൂന്നാ കുഞ്ഞാപ്പി വിചാരിച്ചിരുന്നത്.. കുഞ്ഞാപ്പി അങ്കണവാടീല് പഠിച്ചത് അങ്ങനെയായിരുന്നൂലോ.. സ്കൂളിലെ പുസ്തകത്തിലും അങ്ങനെതന്നെയാ പറയ്ണത്.

പോസ്റ്റർ കടപ്പാട് : വനിതാശിശു വകുപ്പ്, കേരള സർക്കാർ

ഒരൂസം ഇക്റൂൻ്റെ വീട്ടിൽ പോയപ്പഴല്ലേ മനസ്സിലായത്, അങ്ങനെയല്ലാന്ന്.. ഇക്റൂനേ..രണ്ട് അമ്മമാരാ..അച്ഛനില്ല.. രണ്ട് അമ്മമാരും തമ്മിൽ എന്തോരം സ്നേഹായിട്ടാ കഴിയ്ണത്. അവർക്ക് രണ്ടാൾക്കും ഇക്റൂനോടും എന്തിഷ്ടാ..ഇക്റൂനും അങ്ങനെ തന്നെ.. ഇനി , ഇക്റു കുഞ്ഞാപ്പിയോട് പറഞ്ഞ ഒരു സ്വകാര്യം കേൾക്കണോ.
ഇക്റൂനെ പ്രസവിച്ചത് വേറെ അമ്മയാണത്രേ.ഇക്റൂൻ്റെ അമ്മമാര് അവനെ ദത്തെടുത്തതാണെന്ന്.

പോസ്റ്റർ കടപ്പാട് : വനിതാശിശു വകുപ്പ്, കേരള സർക്കാർ

ഇക്റൂൻ്റെ കാര്യം അമ്മയോടും അച്ഛനോടും പറഞ്ഞപ്പോ അച്ഛൻ പറയ്യാ, അച്ഛൻ്റെ ഓഫീസിലെ രണ്ടു മാമൻമാര് നല്ല സ്നേഹായിട്ട് ഒരുമിച്ച് ജീവിക്ക്യാണെന്ന്. അവര് കുഞ്ഞാപ്പിയെപ്പോലെ ഒരു ചക്കര വാവയേയും വളർത്തുന്നുണ്ടത്രേ.. ഇഷാൻ ന്നാണ് വാവേടേ പേര്..അവരും ഒരു ഫാമിലിയാണ് ന്ന്.. അമ്മേം അച്ഛനും കൂടി കുഞ്ഞാപ്പിയേയും ചേച്ചിയേയും ഇറുക്കി കെട്ടിപ്പിടിക്കും..കുഞ്ഞാപ്പീം ചേച്ചീം പൊട്ടിപ്പൊട്ടി ചിരിക്കും. ശാസംമുട്ടുവോളം ചിരിക്കും. അതുപോലെ അച്ഛനും അച്ഛനും ഇഷാനേയും ഇറുക്കി കെട്ടിപ്പിടിക്കുന്നുണ്ടാവും.. ഇഷാനും പൊട്ടിപ്പൊട്ടി ചിരിക്കുന്നുണ്ടാവും. എന്ത് രസാല്ലേ..രണ്ട് അച്ഛൻമാരും ഒരു കുഞ്ഞുവാവയും എല്ലാരും തമ്മിൽ സ്നേഹിച്ച് ജീവിക്കുന്ന ഒരു കുഞ്ഞ്യേ കുടുംബം.

ഒരു ദിവസം ടീവീല് ഒരു സിനിമേലും കണ്ടു. രണ്ട് മാമൻമാര് നല്ല സ്നേഹായിട്ട് ഒരുമിച്ച് ജീവിക്കുന്നത്. കുഞ്ഞാപ്പി അത് അമ്മയ്ക്ക് കാണിച്ചു കൊടുത്തപ്പോ അമ്മ പറഞ്ഞു ,സിനിമേല് മാത്രല്ല, നമ്മൾടെ നാട്ടിലും ഇങ്ങനെ ജീവിക്ക്ന്നോര് ണ്ട് ന്ന്.

കുഞ്ഞാപ്പീടെ കട്ടഫ്രണ്ടാണ് ജൂജു. കുഞ്ഞാപ്പീടെ വീടും ജൂജൂൻ്റെ വീടും അടുത്തടുത്താണ്. അമ്മേം ജൂജൂം മാത്രമുള്ള ഫാമിലി..മക്കളെ വളർത്താൻ അച്ഛനും അമ്മേം ചെയ്യുന്ന കാര്യങ്ങളൊക്കേം ഒരു അമ്മ തനിച്ചു ചെയ്യുന്നു. ഇങ്ങനെയുള്ള അമ്മമാരെ ‘സിംഗിൾ മദർ ‘ എന്നാ വിളിക്ക്യാന്ന് അമ്മ പറഞ്ഞു. അപ്പോ ജൂജൂൻ്റമ്മ ‘സിംഗിൾ മദർ ‘ ആണ് എന്ന് കുഞ്ഞാപ്പി പറഞ്ഞപ്പോ അമ്മ കുഞ്ഞാപ്പിക്ക് ഒരു ഉമ്മേം തന്നു.

പോസ്റ്റർ കടപ്പാട് : വനിതാശിശു വകുപ്പ്, കേരള സർക്കാർ

ആഴ്ചയിലൊരിക്കൽ ജൂജൂം അമ്മേം കൂടി കറങ്ങാൻ പോവും. സിനിമയ്ക്ക് പോവും. പാർക്കില് പോവും. ഇടയ്ക്ക് ടൂറു പോവും..അവര് രണ്ടാളും കൂടി അടിച്ചുപൊളിച്ചങ്ങനെ ജീവിക്കുന്നത് കാണുമ്പോ കുഞ്ഞാപ്പിയ്ക്ക് എന്തോരം സന്തോഷാണെന്നോ..

സോഫിയാൻറിയുടേം സൂരജ് മാമൻ്റേം കഥ കേൾക്കണോ ..സോഫിയാൻ്റീം സൂരജ് മാമനും ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട്.അവരു വരുമ്പോൾ കുഞ്ഞാപ്പിയ്ക്ക് എന്തു സന്തോഷാണെന്നോ. സോഫിയാൻ്റീം കുഞ്ഞാപ്പീം കൂടി പല കളികളും കളിക്കും. ഒരൂസം എല്ലാരും കൂടി സോഫയിൽ ഇരിക്കുവാരുന്നു. അവരൊക്കെ ടി.വി കണ്ടോണ്ടിരിക്കുമ്പോ കുഞ്ഞാപ്പി സോഫയിൽ കുത്തിച്ചാടി കളിക്കാൻ തുടങ്ങി. ഒരു പ്രാവശ്യം ചാടിയപ്പോൾ സോഫിയാൻ്റീടെ മടിയിലേക്കാ കുഞ്ഞാപ്പി ഉരുണ്ടുവീണത്..കുഞ്ഞാപ്പി ചെറുതായിട്ടൊന്ന് പേടിച്ചു. എന്തിനാ പേടിച്ചതെന്നോ .ഒരിക്കൽ അടുത്ത വീട്ടിലെ സുമാൻ്റിയുടെ മടീല് കേറിയിരുന്നപ്പോ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. , ‘കുഞ്ഞാപ്പീ .. സൂക്ഷിക്കണേ.,സുമാൻ്റിയുടെ കുമ്പേല് കുഞ്ഞുവാവണ്ട് ‘ ന്ന്. ഇനീപ്പോ സോഫിയാൻ്റീടെ കുമ്പേല് കുഞ്ഞുവാവണ്ടെങ്കിലോ.. കുഞ്ഞാപ്പി ചാടിയപ്പോ ആ കുഞ്ഞുവാവയ്ക്ക് എന്തേലും പറ്റീട്ടുണ്ടെങ്കിലോ..
സോറി പറഞ്ഞിട്ടും കുഞ്ഞാപ്പീടെ പേടി മാറീല്ല.
സാരല്യ സാരല്യ എന്ന് സോഫിയാൻ്റി പറഞ്ഞിട്ടും കുഞ്ഞാപ്പീടെ പേടി മാറീല്ല.

പോസ്റ്റർ കടപ്പാട് : വനിതാശിശു വകുപ്പ്, കേരള സർക്കാർ

സോഫിയാൻ്റീടെ കുമ്പേലും കുഞ്ഞുവാവണ്ടോന്ന് ചോദിച്ചു കുഞ്ഞാപ്പി.
‘ഇല്ലല്ലോ കുഞ്ഞാപ്പി..സോഫിയാൻ്റിക്ക് കുഞ്ഞാവ വേണ്ട..വേണ്ടേ വേണ്ട.’
ന്നും പറഞ്ഞ് ആൻ്റി കുഞ്ഞാപ്പീനെ കെട്ടിപ്പിടിച്ചു. അവരുടെ ഫാമിലീല് സോഫിയാൻ്റിയും സൂരജ് മാമനും
മാത്രം മതീത്രെ. ആൻ്റിക്ക് കെട്ടിപ്പിടിക്കാനും കൊഞ്ചിക്കാനും ഈ കുഞ്ഞാപ്പിയുണ്ടല്ലോ ന്നും പറഞ്ഞ് മുറുക്കെ കെട്ടിപ്പിടിച്ചു. ”സത്യായിട്ടും ” എന്ന് കുഞ്ഞാപ്പി ചോദിച്ചപ്പോ ‘അതേലോ ‘ന്ന് ചിരിച്ചു കൊണ്ട് സൂരജ്മാമനും കുഞ്ഞാപ്പിയെ കെട്ടിപ്പിടിച്ചു.
അമ്മേം അച്ഛനും ചേച്ചീം അതു കണ്ട് ചിരിച്ചു.

സോഫിയാൻ്റിയും സൂരജ് മാമനും പോയതിനു ശേഷം ചേച്ചി കുഞ്ഞാപ്പിയെ കൊറേ കളിയാക്കി. കുഞ്ഞാപ്പി സോഫിയാൻ്റിയോട് അങ്ങനെ ചോദിച്ചതിന്.. ആരോടും അങ്ങനെയൊന്നും ചോദിക്കാൻ പാടില്ലാത്രെ.
കുഞ്ഞാപ്പിക്ക് അറിയാത്തതുകൊണ്ടല്ലേ.. ഇനി ആരോടും കുഞ്ഞാപ്പി അങ്ങനെയൊന്നും ചോദിക്കില്ലാന്നു പറഞ്ഞു കുഞ്ഞാപ്പി. അപ്പോ അമ്മ കുഞ്ഞാപ്പിയ്ക്ക് ഒരുമ്മ കൊടുത്തു.എന്നിട്ട് അമ്മേടെ കൂട്ടുകാരിയായ ഒരു ചേച്ചിയുടെ കഥ പറഞ്ഞു തന്നു.അമ്മേടെ കൂട്ടുകാരിയായ ലിമച്ചേച്ചിയുടെ കഥ.

വീട്ടുകാര് കൊറേ നിർബന്ധിച്ചിട്ടും ലിമച്ചേച്ചി കല്യാണം കഴിക്കാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ലത്രേ. ഒടുവില് ലിമച്ചേച്ചീടെ സമ്മതം ചോദിക്കാതെ വീട്ടുകാര് കല്യാണമുറപ്പിച്ചു. അപ്പോ ചേച്ചി പറഞ്ഞൂന്ന് ,ചേച്ചിയ്ക്ക് ഒരു പുരുഷനെ കല്യാണം കഴിച്ച് ജീവിക്കാൻ പറ്റില്ലാന്ന്. ചേച്ചിയ്ക്ക് ഒരു കൂട്ടുകാരിയുണ്ട്. അവരൊരുമിച്ച് ജീവിക്കാൻ പോവ്വാണ് ന്ന്. വീട്ടുകാര് കൊറേ കലാപമൊക്കെ ഉണ്ടാക്കീ ത്രെ. നാട്ടുകാരും പലതും പറയാൻ തുടങ്ങി.പക്ഷേ, ചേച്ചി അതൊന്നും കൂട്ടാക്കിയില്ല. ലിമച്ചേച്ചിയും കൂട്ടുകാരിയും സന്തോഷായിട്ട് ജീവിക്കാൻ തുടങ്ങീന്ന്..
ഇതൊക്കെ കേട്ടപ്പോ കുഞ്ഞാപ്പിയ്ക്കൊരു സംശയം. ലിമച്ചേച്ചിയ്ക്ക് ഇഷ്ടപ്പെട്ട രീതിയിലല്ലേ ലിമച്ചേച്ചി ജീവിക്കേണ്ടത്. അപ്പഴല്ലേ സന്തോഷായിട്ട് ജീവിക്കാൻ പറ്റൂ.
ഒരാൾ ഇങ്ങനെ ജീവിക്കണം, അങ്ങനെ ജീവിക്കണം ന്നൊക്കെ മറ്റുള്ളോര് വാശിപിടിക്കാൻ പാടുണ്ടോ?

അച്ഛനും അമ്മേം മക്കളും ചേർന്നാലേ ഫാമിലിയാവൂന്ന് ഇനി ആരെങ്കിലും പറഞ്ഞാൽ കുഞ്ഞാപ്പി പറയും , അങ്ങനെയല്ലാന്ന്.. പല തരം ഫാമിലികൾ ഉണ്ട് ന്ന്.. ആളുകൾ തമ്മിൽ തമ്മിൽ സ്നേഹിച്ച് സന്തോഷായിട്ട് ഒരുമിച്ച് ജീവിക്കുമ്പോൾ അത് ഫാമിലിയാവും ന്ന്.

അല്ലാ..കുഞ്ഞാപ്പി വലുതാവുമ്പോൾ ഏതുതരം ഫാമിലിയിലാവും ജീവിക്കുക.. അറിയില്ല.. കുഞ്ഞാപ്പി വലുതാവട്ടെ.. വലിയ ആളാകട്ടെ..കുഞ്ഞാപ്പീടെ ഇഷ്ടങ്ങളെന്തൊക്കെയാണ് ന്ന് അപ്പഴേക്കും കുഞ്ഞാപ്പിയ്ക്ക് തിരിച്ചറിയാൻ പറ്റൂലോ.

പോസ്റ്റർ കടപ്പാട് : വനിതാശിശു വകുപ്പ്, കേരള സർക്കാർ
Happy
Happy
73 %
Sad
Sad
3 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post ഫോറൻസിക് ഭാഷാശാസ്ത്രം : കുറ്റാന്വേഷണ രംഗത്തെ നൂതനശാസ്ത്രം
Next post കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം – ലൂക്ക കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.
Close