Read Time:8 Minute

ഡോ. ആശിഷ്  ഐ. എടക്കളത്തൂർ
അസിസ്റ്റന്റ് പ്രൊഫസർ, ജനിതക ശാസ്ത്ര വിഭാഗം, കോളേജ് ഓഫ് അഗ്രിക്കൾച്ചർ, കേരള കാർഷിക സർവകലാശാല

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. പഴം – പച്ചക്കറി വർഷം ലേഖനപരമ്പരയിൽ മുളക് കൃഷി: പരിണാമവും വ്യാപനവും -ഡോ. ആശിഷ്  ഐ. എടക്കളത്തൂർ എഴുതുന്നു.

മദ്ധ്യ-ദക്ഷിണ അമേരിക്കൻ വൻകരയിൽ, ആൻഡീസ്‌ പർവ്വത നിരകളുടെ താഴ്‌വാരം മുതൽ ആമസോൺ നദീതടം ഉൾപ്പെടെയുള്ള ഭൂഭാഗത്താണ് മുളക് ജന്മമെടുത്തതും കാർഷികവിളയായി  പരിണമിച്ചതും. BC 4000 മുതലെങ്കിലും, മുളക് ചോളത്തോടൊപ്പം ഭക്ഷ്യ വിഭവമായി ഉപയോഗിച്ചുപോന്നു. ഭക്ഷ്യാവശ്യങ്ങൾക്കു പുറമെ, മരുന്നായും മായൻ, ഇൻകാ സാംസ്‌കാരികവാസികൾ മുളക് ഉപയോഗിച്ചിരുന്നു.  AD 15 നൂറ്റാണ്ടിൽ, അമേരിക്കയിൽ എത്തിച്ചേർന്ന കൊളംബസ് ആണ് മുളകിനെ പുറം ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് യൂറോപ്പിലും, അവിടെ നിന്ന് സ്പാനിഷ്-പോർച്ചുഗൽ നാവിക-വാണിജ്യ മാർഗ്ഗങ്ങളിലൂടെ ലോകമെങ്ങും മുളക് എത്തിച്ചേർന്നു. വൈറ്റമിൻ സി, കാപ്‌സൈസിൻ, കാരോട്ടീൻ തുടങ്ങിയവയുടെ കലവറയായ മുളക്, പച്ചക്കറി, സുഗന്ധവ്യജ്ഞനം, ഔഷധം, വേദനസംഹാരി, പ്രകൃതിദത്ത നിറം എന്നീ നിലകളിൽ ഇന്ന് ഉപയോഗിച്ച് വരുന്നു.

തക്കാളി, വഴുതന എന്നിവയോടൊപ്പം മുളകും സൊളനേസിയെ കുടുംബത്തിലെ അംഗമാണ്. ഈ മൂന്നു പച്ചക്കറികളിലും, ഓരോ കോശത്തിലും 24 ക്രോമോസോമുകൾ കാണാം. എന്നാൽ, ആവർത്തനസ്വഭാവമുള്ള ഡി.എൻ. എ യുടെ ആധിക്യവും, ക്രോമോസോം ഭാഗങ്ങളുടെ വിപരീതക്രമത്തിലുള്ള വിന്യാസവും മുളകിനെ മേൽപച്ചക്കറികളിൽ നിന്ന് ജനിതകപരമായി വ്യത്യസ്തമാക്കുന്നു. ഏകദേശം  35,000 ജീനുകൾ ഉള്ള മുളക് ക്യാപ്സികം ജനുസ്സിൽ  ഉൾപ്പെടുന്നു.

മുളകിന് എരിവ് നൽകുന്നത് കാപ്‌സൈസിനോയിഡുകൾ എന്ന സംയുക്തമാണ്. ഇതിൽ കാപ്‌സൈസിൻ ആണ് ഏറ്റവും പ്രധാനം. കാപ്‌സൈസിനുകളുടെ സാന്നിധ്യമാണ് ജനുസ്സിനു ക്യാപ്സികം എന്ന പേര് ലഭിക്കാൻ കാരണം. മുളകിൽനിന്നുള്ള എരിവ് അനുഭവിച്ചറിഞ്ഞ കൊളംബസ്‌, കുരുമുളകിൽ നിന്നുള്ള എരിവിനെ ഓർമ്മിച്ചു, മുളകിനെ പെപ്പർ എന്ന് വിളിച്ചു. നാല്പതോളം സ്‌പീഷീസുകൾ ഉൾപ്പെടുന്ന ഈ ജനുസ്സിലെ അഞ്ചു സ്‌പീഷീസുകൾ കൃഷി ചെയ്യുന്നു. ഇവയിൽ, ആൻഡീസ്‌ താഴ്വരകളിലെ ശൈത്യകാലാവസ്ഥക്കു അനുയോജ്യമായ ഒരിനം ഒഴിച്ചു, മറ്റു നാല് സ്‌പീഷീസുകൾ ലോകമെങ്ങും കാണാം.

എരിവളക്കാന്‍ സ്‌കോവില്ലി(Scoville) സ്‌കെയില്‍ ഉപയോഗിക്കുന്നു.

കടും ചെമപ്പ് നിറമുള്ള  ചെറിയ മുളകുഫലങ്ങൾ, നിവർന്ന തണ്ടിന്മേൽ ആകാശത്തേക്ക് ഉന്മുഖമായി നിൽക്കുന്നതായിരുന്നു മുളകുചെടികളുടെ വന്യരൂപം. കാപ്‌സൈസിനുകളോട് സംവേദനക്ഷമത ഇല്ലാത്ത നാഡീവ്യുഹമായതിനാൽ, പക്ഷികൾ മുളക് ഭക്ഷിക്കുകയും, അങ്ങനെ പ്രകൃതിയിലെ വിത്ത് വാഹകവിതരണക്കാരായി വർത്തിക്കുകയും ചെയ്തുപോന്നു. കാലക്രമേണ മനുഷ്യൻ വലിയതും ഭാരം കൂടിയതും ആയ മുളകുഫലങ്ങൾക്കായി തെരെഞ്ഞെടുക്കലും നിർദ്ധാരണവും നടത്തി. തത്ഫലമായി മുളകുഫലങ്ങളുടെ തണ്ടുകൾ, വർധിച്ചുവന്ന ഭാരത്തെ ക്രമീകരിക്കുന്നതിനായി, നിലത്തോട്ടു ചാഞ്ഞ രീതിയിലായി പരിണമിച്ചു.

കാപ്സികം ആന്നം (Capsicum annuum)
ഇന്ത്യയിൽ മുളക് എത്തിച്ചത് പറങ്കികൾ ആണെന്ന് കരുതുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്നതും, ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ഇനം മുളകുമായ ബൂത് ജോലോക്യയ, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ കൃഷിചെയ്യുന്ന സനം മുളക്, കാശ്മീർ താഴ്വരകളിൽ കൃഷിചെയ്യുന്ന കടുംചെമപ്പ് മുളക്, ഭൗമസൂചികാ പദവി ലഭിച്ച മലപ്പുറം ജില്ലയിലെ എടയൂർ മുളക്, കർണാടകത്തിലെ ഭ്യാഡ്ഗി മുളക് തുടങ്ങിയവ ഈ വിള തദ്ദേശീയ കാലാവസ്ഥകളോട് എത്രമാത്രം അനുരൂപപെട്ടുവെന്നതിന് തെളിവാണ്. ഇന്ന് ഏറ്റവും കൂടുതൽ ഉണക്കമുളക് ഉത്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്.

നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന പച്ചമുളക്, ഉണ്ടമുളക്, കാന്താരിമുളക് എന്നിവ, മുളകിലെ മൂന്നു സ്‌പീഷീസുകളെ പ്രതിനിധാനം ചെയ്യുന്നു. ലോക ഉല്പാദനത്തിൽ 90 ശതമാനത്തിൽ അധികവും കാപ്സികം ആന്നം (Capsicum annuum) എന്ന സ്‌പീഷീസ് ആണ്. ഈ  സ്‌പീഷീസിൽ, കാപ്‌സൈസിൻ തോത് കുറഞ്ഞ ഇനങ്ങളെ സ്വീറ്റ് പെപ്പർ എന്നും, കാപ്‌സൈസിൻ അളവ് താരതമ്യേന കൂടിയ ഇനങ്ങളെ ഹോട്ട് പെപ്പർ എന്നും വിളിക്കുന്നു. ക്യാപ്‌സിക്കം എന്ന് സാധാരണ വിളിക്കാറുള്ള സ്വീറ്റ് പെപ്പർ ഇനങ്ങൾ പച്ചക്കറി ആവശ്യത്തിനായി ഉപയോഗിക്കുമ്പോൾ, എരിവ് കൂടിയ ഹോട്ട് പെപ്പർ വിഭാഗത്തിൽപ്പെടുന്നവ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.

വിവിധതരം മുളകുകൾ

വിത്തു പാകി മുളപ്പിച്ചെടുക്കുന്ന തൈകൾ ഒരു മാസത്തിനുശേഷം കൃഷിയിടത്തിലേക്ക് പറിച്ചുനടാം. പറിച്ചുനട്ടു ഒരു മാസത്തിനുശേഷം മുളകുചെടി പുഷ്പിക്കാൻ തുടങ്ങുന്നു. പൂവിട്ടു രണ്ടു മൂന്ന് ആഴ്ചകൾക്കുള്ളിൽ മുളക് പറിച്ചുതുടങ്ങാം. പൂവിടുന്നതിനുമുൻപായി തായ്തണ്ട്, വശങ്ങളിലേക്ക് വളരുന്ന ശാഖകളായി പിരിയുന്നു. ആൺ-പെൺ ലിംഗങ്ങൾ ഒരേ പുഷ്പത്തിൽ കാണുന്നുവെങ്കിലും, കാലാവസ്ഥ, താപനില, ജനിതകഘടന തുടങ്ങിയവയെ ആശ്രയിച്ചു പരപരാഗണം 30 ശതമാനം വരെ ഉണ്ടാകാറുണ്ട്. കാപ്സികം ആന്നം (Capsicum annuum) ഇനങ്ങൾ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ഋതു അഥവാ ഒരു വർഷം മാത്രം നിൽക്കുമ്പോൾ, മറ്റു പ്രധാന സ്‌പീഷീസുകളിലെ ഇനങ്ങൾ ദിവർഷികളോ ബഹുവർഷികളോ ആണ്.  ബാക്റ്റീരിയ മൂലമുള്ള വാട്ടരോഗം, വൈറസ് ബാധ മൂലമുള്ള ഇലകളുടെ കുരുടിപ്പ്‌, നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച,  മുഞ്ഞ, ഇലപ്പേൻ മുതലായവയാണ്‌ മുഖ്യ രോഗകീടങ്ങൾ. ഹെക്ടറിന് 38 ടൺ ഉത്പാദനശേഷിയുള്ള സങ്കരയിനം മുളക് ഇനങ്ങൾ ഭാരതത്തിലെ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം 2021

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനവ വികാസ സൂചകം വീണ്ടും പരിഷ്കരിക്കപ്പെടുന്നു
Next post ഡാർവിനും പരിണാമവും – ഡോ. ആർ.വി.ജി മേനോൻ
Close