Read Time:9 Minute

ഈ അടുത്തിടെയായി പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എഥിലീൻ ഓക്സൈഡ്. അനുവദനീയമായതിലും കൂടിയ അളവിൽ എഥിലീൻ ഓക്സൈഡ് ഉള്ളത് കൊണ്ട് ചില ഇന്ത്യൻ നിർമ്മിത കറിപ്പൊടികളെ ഏതാനും പാശ്ചാത്യ രാജ്യങ്ങൾ നിരോധിച്ചതാണ് എഥിലീൻ ഓക്സൈഡിനെ കുപ്രസിദ്ധനാക്കിയത്. ആളെക്കുറിച്ച് മാലോകർക്ക് വല്യ നിശ്ചയം ഇല്ലാത്തതിനാൽ ഒരു പരിചയപ്പെടുത്തൽ ഗുണകരമാകും എന്ന് കരുതുന്നു.

എപോക്‌സൈഡുകൾ എന്നറിയപ്പെടുന്ന വലയ സംയുക്തങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് എഥിലീൻ ഓക്സൈഡ് (EO). 1859-ൽ ചാൾസ് അഡോൾഫ് വുർട്സ് എന്ന ശാസ്ത്രജ്ഞൻ ആണ് ഈ കുഞ്ഞൻ വലയത്തെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ചാൾസ് അഡോൾഫ് വുർട്സ്

ഓക്സിറേൻ എന്ന കുടുംബപ്പേരിലും  ചിലർ EO-യെ അഭിസംബോധന ചെയ്യാറുണ്ട്. സാധാരണ താപനിലയിൽ വാതകാവസ്ഥയിൽ നിലനിൽക്കുന്ന കക്ഷിയുടെ തിളനില 10 ഡിഗ്രി സെൽഷ്യസ് ആണ്. പ്രത്യേകിച്ച് നിറമോ മണമോ ഇല്ലാത്ത EOന് അതിജ്വലന ശേഷിയാണ് ഉള്ളത്.

രണ്ട് കാർബൺ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും ചേർന്ന ഈ ചെറുസംയുക്തത്തിന്റെ വലയ-മർദ്ദം (ring strain) ഒരുപാട് കൂടുതൽ ആയതിനാൽ പുള്ളിക്കാരന്റെ ക്രിയാശീലത വളരെ കൂടുതലാണ്.

-OH, -NH, -SH, പോലുള്ള പോളാർ ഗ്രൂപ്പുകളെ എവിടെ കണ്ടാലും കേറി അറ്റാക്ക് ചെയ്ത് 2-hydroxyethyl ഡെറിവേറ്റിവുകൾ സൃഷ്ടിക്കുന്നത് ആശാന്റെ ഒരു ഹോബി ആണ്. മേൽ പറഞ്ഞ ഗ്രൂപ്പുകളും അവയുടെ ഹൈഡ്രജൻ ബന്ധനങ്ങളുമാണ് മിക്ക സൂക്ഷ്മാണുക്കളുടെയും ജനിതക വസ്തുക്കളുടെ ഘടന നിലനിർത്തുന്നത്. EO വാതകം കടത്തി വിടുമ്പോൾ സൂക്ഷ്മാണുക്കളുടെ ജനിതക ഘടനയിൽ മാറ്റം വരികയും അവ നശിക്കുകയും ചെയ്യുന്നത് കൊണ്ട് കക്ഷിയെ ഒരു നല്ല അണുനാശിനിയായി ഉപയോഗിച്ച് വരുന്നു. മെഡിക്കൽ ഉപകരണങ്ങളിൽ നിന്നും അണുക്കളെ നീക്കം ചെയ്യാൻ വളരെ കാലമായി ഈ രീതി അനുവർത്തിച്ച് വരുന്നുണ്ട്. ചൂടാക്കുമ്പോൾ സ്വഭാവ വ്യതിയാനം വരുന്നതിനാൽ, നീരാവി/ഓട്ടോക്ലേവ് വഴി അണുനാശനം സാധ്യമല്ലാത്തപോളിമർ നിർമ്മിത ഉപകരണങ്ങളുടെ അണുനശീകരണത്തിനാണ് പ്രധാനമായും ഈ രീതി അവലംബിക്കുന്നത്. അതുപോലെ സുഗന്ധവ്യഞ്ജനങ്ങൾ ഏറെക്കാലം കേടുകൂടാതെ ഇരിക്കാൻ അതിലെ സൂക്ഷ്മാണുക്കളെ EO ഉപയോഗിച്ച് നീക്കം ചെയ്യാറുണ്ട്. കൂടാതെ വ്യാവസായിക പ്രാധാന്യം ഉള്ള ഒട്ടേറെ രാസവസ്തുക്കളുടെയും പോളിമറുകളുടേയും നിർമ്മാണത്തിന് പ്രാരംഭ ഘടകമായി EO ഉപയോഗിക്കുന്നുണ്ട്.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ ജനിതക വ്യവസ്ഥയുടെ അടിസ്ഥാനവും ഹൈഡ്രജൻ ബന്ധനങ്ങൾ തന്നെ ആയതിനാൽ സൂക്ഷ്മാണുക്കളെ പോലെ നമുക്കും EO ദോഷകാരിയാണ്. നമ്മുടെ ജനിതക ഘടകങ്ങളെയും പ്രോട്ടീന്റെ നിർമ്മാണ ഘടകങ്ങളായ അമിനോ ആസിഡുകളെയും 2-hydroxyethyl ഡെറിവേറ്റീവുകൾ ആക്കി മാറ്റാൻ EOന് കഴിയും. തത്ഫലമായുണ്ടാകുന്ന ജനിതക വ്യതിയാനം അർബുദം പോലുള്ള മഹാരോഗങ്ങൾക്ക് കാരണമാകും. കൂടാതെ ഗർഭസ്ഥ ശിശുക്കളിൽ ജനിതകവൈകല്യം വരുത്താനും വൻ തീപിടുത്തം ഉണ്ടാക്കാനും EO സർവ്വസന്നദ്ധനാണ്. ഇത്രയും തീവ്രമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശേഷി ഉള്ളത് കൊണ്ട് അണുനാശനം കഴിഞ്ഞ് മെഡിക്കൽ ഉപകരണങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉള്ള EO ശേഷിപ്പുകൾ അനുവദനീയ അളവിൽ ആണോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോരാത്തതിന് EO-ന്റെ രാസപ്രവർത്തന ഫലമായുണ്ടാകുന്ന എഥിലീൻ ക്ലോറോഹൈഡ്രിൻ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ സംയുക്തങ്ങളും അപകടകാരികൾ ആണ്. EO-ന്റേയും അതിന്റെ അനുബന്ധ സംയുക്തങ്ങളുടേയും അവശേഷിപ്പ് അനുവദനീയ ലെവലിനേക്കാൾ കൂടുതൽ ആണെങ്കിൽ അത്തരം ഉപകരണങ്ങളോ, ഉത്പന്നങ്ങളോ   ഉപയോഗിക്കുന്നവരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

Fig.2. എഥിലീൻ ഓക്സൈഡുമായുള്ള സമ്പർക്കഫലമായി ഉണ്ടാകുന്ന അമിനോ ആസിഡ് ഡെറിവേറ്റീവുകൾ

മെഡിക്കൽ ഉപകരണങ്ങളിലെ EO അവശേഷിപ്പ് കണ്ടെത്താൻ ഉള്ള മാർഗ്ഗങ്ങളും പല തരം മെഡിക്കൽ ഉപകരണങ്ങളിൽ അനുവദനീയമായ അളവ് എത്രയാണെന്നും ISO-10993 സ്റ്റാൻഡേർഡിന്റെ ഏഴാം ഭാഗത്തിൽ വിശദമായി  പ്രതിപാദിച്ചിട്ടുണ്ട്. പല വിശകലന രീതികൾ നിലവിൽ ഉണ്ടെങ്കിലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഈ കക്ഷിയുടെ കൃത്യമായ വിശകലനത്തിന് ഹെഡ്സ്പേസ് ഗ്യാസ് ക്രോമാറ്റോഗ്രാഫിയാണ് അഭികാമ്യം. സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വ്യാവസായിക ഉൽപന്നങ്ങൾ തുടങ്ങിയവയിലെ EO സാന്നിധ്യം കണ്ടെത്താനും, അതിന്റെ അളവ് കൃത്യമായി നിർണ്ണയിക്കാനും ഇതേ രീതികൾ അവലംബിക്കാവുന്നതാണ്. EO ഉപയോഗിച്ച് അണുനാശനം നടത്തിയ ഉപകരണങ്ങളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനും അവയിൽ അനുവദനീയ അളവിൽ മാത്രമേ EO അവശേഷിപ്പുകൾ അടങ്ങിയിട്ടുള്ളൂ എന്ന് ഒരു അംഗീകൃത ഏജൻസി സാക്ഷ്യപ്പെടുത്തേണ്ടത് അനുപേക്ഷണീയമാണ്.

ചുരുക്കത്തിൽ മറ്റെല്ലാ രാസപദാർഥങ്ങളെയും പോലെ തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഉപകാരിയും വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നാൽ ഹാനികാരിയുമായ ഒന്നാണ് എഥിലീൻ ഓക്സൈഡ്.

അധിക വായനയ്ക്ക്

  1. Renjith et al., Trends Biomater. Artif. Organs, 34(1), 7-12 (2020).
  2. Renjith et al., MAPAN 37, 625–629 (2022).

Happy
Happy
70 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം
Next post എന്‍ഡോസള്‍ഫാന്‍ പ്രശ്നം: വൈദ്യ നൈതികതയും ബൗദ്ധിക സത്യസന്ധതയും – ഒരു അന്വേഷണം
Close