ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ESA). ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കുമാണ് പുതിയ ദൗത്യം, ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകൾ 2021 മാർച്ച് 31 മുതൽ സ്വീകരിച്ചു തുടങ്ങും. ആറ് ഘട്ടങ്ങളായുള്ള പ്രക്രിയ വഴിയാണ് തിരഞ്ഞെടുപ്പ്.
ഇത്തവണത്തെ പ്രത്യേകത, ശാരീരിക വൈകല്യമുള്ളവർക്കും സ്ത്രീകൾക്കും ഈ ബഹിരാകാശ യാത്രയിൽ മുൻഗണന കൊടുക്കുന്നു എന്നതാണ്. 2030 ആകുമ്പോഴേക്കും മനുഷ്യർ വിണ്ടും ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കാനും ചൊവ്വയിലേക്ക് യാത്ര ചെയ്യാനും കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ, മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ ഈ പുതിയ കാലഘട്ടത്തിലേക്കുള്ള ആദ്യപടിയായാണ് പുതിയ ബഹിരാകാശയാത്രികരെ നിയമിക്കുന്നത്. ബഹിരാകാശ യാത്രികർ നേരിടുന്ന ശാരീരിക വെല്ലുവിളികൾ ഏറെയാണ്. താപനിലയുടെ തീവ്രത, അന്തരീക്ഷമർദ്ദത്തിന്റെ അഭാവം, മൈക്രോ ഗ്രാവിറ്റി, സൗരോർജ്ജ, ഗാലക്സി കോസ്മിക് വികിരണം, അതിവേഗ മൈക്രോമീറ്റിയറൈറ്റുകൾ എന്നിവയുൾപ്പെടെയു ഉള്ള മനുഷ്യന്റെ ആരോഗ്യത്തിന് പ്രതികൂലമായ ഒരുപാട് ഘടകങ്ങൾ ബഹിരാകാശത്തുണ്ട്. ദീർഘകാല ബഹിരാകാശ യാത്രയിൽ മനുഷ്യർ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നായി മാനസിക വെല്ലുവിളികളുമുണ്ട്. മൈക്രോ ഗ്രാവിറ്റി കൈകാര്യം ചെയ്യുന്നത് മനുഷ്യ മസ്തിഷ്കത്തിന് വളരെ ബുദ്ധിമുട്ടാണ്. ഭാരക്കുറവിന്റെ ആദ്യ ദിവസങ്ങളിൽ 40% മുതൽ 60% വരെ യാത്രികർ സ്പേസ് അഡാപ്റ്റേഷൻ അസുഖം എന്ന അവസ്ഥയിൽക്കൂടെ കടന്നുപോകുന്നു. ഇതു മൂലം തലകറക്കം, വെർട്ടിഗോ, തലവേദന, തണുത്ത വിയർപ്പ്, ക്ഷീണം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ യാത്രികർ പ്രകടിപ്പിച്ചേക്കാം, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ പരിശീലനവും ഇൻ-ഫ്ളെറ്റ് മെഡിക്കൽ, ഓപ്പറേഷൻ പിന്തുണയും ബഹിരാകാശ യാത്രികരെ പരിതസ്ഥിതിയുടെ സമ്മർദ്ദങ്ങളെ നേരിടാൻ സജ്ജമാക്കും.
എഴുത്ത് : ഡോ. ദീപ.കെ.ജി, 2021 മാർച്ച് ലക്കം ശാസ്ത്രഗതി