Read Time:3 Minute

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. 

1871 ഓഗസ്റ്റ് 30ന് ന്യൂസിലാന്റിലെ ഒരു കർഷക കുടുംബത്തിലാണ് റഥർഫോർഡ് ജനിച്ചത്. പഠനത്തിൽ അസാമാന്യമായ സാമർഥ്യം ചെറുപ്പം മുതലേ പ്രദർശിപ്പിച്ചു. അങ്ങനെ സ്കോളർഷിപ്പ് ലഭിച്ചതുകൊണ്ട്  ഉപരിപഠനം നടത്തുവാനും സാധിച്ചു. ന്യൂസിലാന്റ് യൂണിവേഴ്സിറ്റിയിലാണ് ആദ്യം പഠിച്ചത്. പിന്നീട് 1895-ൽ കേംബ്രിഡ്ജിൽ ചേർന്നു. അവിടെവെച്ച് ജെ.ജെ. തോംസണോടൊപ്പം ഗവേഷണം ചെയ്യാൻ അവസരം കിട്ടി. രണ്ടുപേരും ചേർന്ന് ആദ്യം തന്മാത്രകൾ അയണീകരിക്കപ്പെടുന്നതു സംബന്ധിച്ച ഗവേഷണത്തിൽ ഏർപ്പെട്ടു. റേഡിയോ ആക്റ്റിവിറ്റി എന്ന പ്രതിഭാസം കണ്ടുപിടിക്കപ്പെട്ടതോടെ റഥർഫോർഡ് യുറേനിയത്തിന്റെ റേഡിയേഷൻ സംബന്ധിച്ച പഠനത്തിലേർപ്പെട്ടു. 1898-ൽ മോൺട്രിയൽ സർവകലാശാലയിലെ ഊർജതന്ത്രം പ്രൊഫസറായി നിയമിക്കപ്പെട്ടു. അതോടെ റേഡിയോ ആക്ടീവ് മൂലകങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ അവസരം കിട്ടി. രസതന്ത്രജ്ഞനായ ഫ്രഡറിക് സോഡിയുടെ സഹായവും ഇതിനായി ലഭിച്ചു.

യുറേനിയവും തോറിയവും റേഡിയോ ആക്റ്റിവിറ്റി വഴി പുതിയ  മൂലകങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്നതായി റഥർഫോർഡും ഫ്രഡറിക് സോഡിയും കണ്ടെത്തി. റേഡിയോ ആക്റ്റീവ് പരമ്പരയിലെ വിവിധ മൂലകങ്ങൾ ഓരോന്നും മറ്റൊന്നിന്റെ ശോഷണം മൂലം ഉണ്ടാകുന്നതാണെന്നും, ശോഷണം വഴി ഓരോ മൂലകവും കൃത്യമായ ഇടവേളയ്ക്കുശേഷം പകുതിയായി കുറയുമെന്നും മനസ്സിലാക്കി. ഈ ഇടവേളയാണ് ആ മൂലകത്തിന്റെ അർധായുസ്സ്.

1907-ൽ റഥർഫോർഡ് കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ തലവനായി. അവിടെവച്ച് ആൽഫാ കണങ്ങൾ ഉപയോഗിച്ച് ലളിതമായ മൂലകങ്ങളുടെ അണുകേന്ദ്രത്തെ വിഛേദിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നൈട്രജനിൽ ഇങ്ങനെ നടത്തിയ പരീക്ഷണം പ്രോട്ടോണിന്റെ കണ്ടുപിടുത്തത്തിന് കാരണമായി. അണുവിഛേദനം നടത്താൻ സാധിക്കുമെന്ന് ആദ്യമായി തെളിയിച്ചത് റഥർഫോർഡാണ്. ഇത് പിന്നീട് പുതിയ മൂലകങ്ങളുടെ നിർമാണത്തിനും ആണവോർജ  ഉത്പാദനത്തിലേക്കുമൊക്കെ വഴിതെളിച്ചു. അണുകേന്ദ്രഭൗതികമെന്ന ഒരു ശാസ്ത്രശാഖ തന്നെ ഉടലെടുത്തു. 1908 -ൽ – റഥർഫോർഡിന് രസതന്ത്രത്തിൽ നോബൽ – സമ്മാനം നൽകുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് ആവര്‍ത്തനപ്പട്ടികയിലെ 104ാം മൂലകത്തിന് റൂഥർഫോർഡിയം എന്ന പേര് 1997 ല്‍ നല്‍കിയത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? – പാട്ട് കേള്‍ക്കാം
Next post ആമസോൺ കത്തുമ്പോൾ, നമ്മൾ വേവലാതിപ്പെടേണ്ടതുണ്ടോ?
Close