Read Time:18 Minute

ലിജിഷ എ.ടി.

ഗവേഷണ വിദ്യാര്‍ത്ഥി, മലയാളം സര്‍വകലാശാല

തെക്കേ അമേരിക്കയിലെ 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, തുടർച്ച നഷ്ടപ്പെടാത്ത, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ. ഭൂമിയുടെ കാർബൺ ചക്രത്തിൽ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സുപ്രധാന പങ്കുണ്ട്.

ആമസോൺ മഴക്കാടുകൾ: ബ്രസീലിലെ മനൗസിനു സമീപം | കടപ്പാട് : വിക്കിപീഡിയ 

മഴക്കാടുകൾ

UNEP യുടെ world conservation Monitoring Centre ന്റെ വനവർഗീകരണരീതി പ്രകാരം ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന നിത്യഹരിതവനങ്ങളാണ് മഴക്കാടുകൾ. തെക്കേ അമേരിക്കയിലെ ആമസോൺ, ആഫ്രിക്കയിലെ കോംഗോ, ഏഷ്യയിലെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ലോകത്തെ പ്രധാനപ്പെട്ട ഉഷ്ണമേഖലാമഴക്കാടുകൾ വ്യാപിച്ചു കിടക്കുന്നത്. പ്രതിവർഷം 1750 മി.മീറ്ററിലധികമെങ്കിലും മഴ ലഭിക്കുന്ന, ഏറ്റവും സങ്കീർണമായ ജൈവവ്യൂഹങ്ങളിലൊന്നാണ് മഴക്കാടുകൾ. ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നത് മഴക്കാടുകളിലാണ്.  ഒരു പ്രദേശത്തിന്റെ പ്രാദേശിക കാലാവസ്ഥയെയും ആഗോള കാലാവസ്ഥയേയും സ്വാധീനിക്കാൻ മഴക്കാടുകൾക്ക് സാധിക്കുന്നുണ്ട്.

മഴക്കാടുകളും കാലാവസ്ഥയും

ഭൂമിയുടെ കാർബൺ ചക്രത്തിൽ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സുപ്രധാന പങ്കുണ്ട്. ലോകത്തിലെ ടെറസ്റ്റിയൽ കാർബണിന്റെ ഭൂരിഭാഗവും സംഭരിച്ചു വെയ്ക്കുന്നത് വനങ്ങളാണ്. അതു കൊണ്ടു തന്നെ ഏതെങ്കിലും തരത്തിൽ വനനശീകരണമുണ്ടാകുമ്പോൾ മരങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ട കാർബൺ ഓക്സിഡൈസ് ചെയ്ത് CO2 ആയി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. 1990 കളിലെ മഴക്കാടുകളുടെ വൻനാശത്തിൽ 1.5 ജിഗാ ടൺ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെട്ടത്. 2000-2010 വർഷത്തിനുള്ളിൽ മാത്രം 52 ലക്ഷം ഹെക്ടർ വനമാണ് ലോകത്തൊന്നാകെ നശിപ്പിക്കപ്പെട്ടത്.  ഹരിതഗൃഹപ്രഭാവത്തിനു കാരണമാവുന്ന പ്രധാനവാതകങ്ങളിലൊന്നാണ് CO2.  ഹരിത ഗൃഹ പ്രഭാവത്തിനു കാരണമാവുന്ന മറ്റു വാതകങ്ങള്‍ മീഥേൻ, ക്ലൂറോ ഫ്ലൂറോ കാർബൺ (CFC), നൈട്രസ് ഓക്സൈഡ് തുടങ്ങിയവയാണ്.  അന്തരീക്ഷത്തിൽ CO2 വിന്റെ അളവ് കൂടുമ്പോൾ അന്തരീക്ഷ താപനിലയും വർദ്ധിക്കുന്നു. അതു കൊണ്ടു തന്നെ ഉഷ്ണമേഖലാ മഴക്കാടുകളുടെ വൻനാശം ആഗോള കാലാവസ്ഥയെ സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

WWF ഉണ്ടാക്കിയ ആമസോൺ കാടുകളുടെ മാപ്. മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയതാണ് ആമസോണിലേക്കെത്തുന്ന മഴ ലഭിക്കുന്ന ഇടങ്ങൾ. രാജ്യാതിർത്തികൾ കറുപ്പിൽ കാണിച്ചിരിക്കുന്നു. നാസയുടെ ഉപഗ്രഹ ചിത്രം | കടപ്പാട് : വിക്കിപീഡിയ 

ആമസോൺ മഴക്കാടുകൾ

തെക്കേ അമേരിക്കയിലെ 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, തുടർച്ച നഷ്ടപ്പെടാത്ത, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ.ലോകത്തുള്ള ജൈവ സ്പീഷീസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ സ്പീഷീസുകൾ ആമസോൺ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്നുണ്ട്.  ആഗോള കാലാവസ്ഥയില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്താൻ, 55 ലക്ഷം ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾക്ക് സാധിക്കുന്നുണ്ട്.

ആമസോണിലെ വനനശീകരണം പലതരം മരത്തവളകളുടെയും വംശനാശത്തിനു കാരണമാവുന്നുണ്ട്. (കാണിച്ചിരിക്കുന്നത്: ഭീമൻ ഇലത്തവള-Phyllomedusa bicolor) | കടപ്പാട് : വിക്കിപീഡിയ 

ആമസോൺ മഴക്കാടുകളിലെ ജൈവവൈവിധ്യം

ലോകത്തൊന്നാകെ കണ്ടെത്തിയിട്ടുള്ള സസ്യജന്തുജാലങ്ങളിൽ പത്തിലൊന്നും ആമസോണിലാണുള്ളത്. ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും,പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷിവർഗങ്ങളും സസ്തനികളും  ഈ വനമേഖലയിൽ കാണപ്പെടുന്നു. 40000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ, 1,294 പക്ഷികൾ, 427 സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിവയെയും ഇവിടെ നിന്നും ശാസ്ത്രീയമായി വർഗ്ഗീകരിച്ചിട്ടുണ്ട്.

ലോകത്തു കാണുന്ന പക്ഷികളില്‍ അഞ്ചില്‍  ഒന്ന് ആമസോൺ മഴക്കാടുകളിലുള്ളതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ലോകത്തിൽ കാണുന്ന മൽസ്യവർഗങ്ങളിൽ അഞ്ചിൽ ഒന്ന് എന്ന വിധത്തിൽ മൽസ്യങ്ങളും ഇവിടത്തെ നദികളിൽ കാണപ്പെടുന്നു. 96660 നും 128843 നും ഇടയിൽ അകശേരുകികൾ ബ്രസീലിൽ മാത്രമുണ്ടെന്നാണു കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അനേകമനേകം സസ്യങ്ങളും ജീവജാതികളുമുള്ള ഈ മഴക്കാട് ജനിതക വൈവിധ്യത്തിന്റെ കലവറയാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ആമസോണ്‍ നദീതടം – ടോപ്പോഗ്രഫി | കടപ്പാട് : വിക്കിമീഡിയ 

ആമസോൺ നദി

ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദിയൊഴുകുന്നത് ഈ മഴക്കാടുകൾക്കിടയിലൂടെയാണ്.  ശുദ്ധജലത്തിന്റെ വലിയ സ്രോതസാണ് ആമസോൺ നദി.
ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണെന്നു പറയുമ്പോഴാണ് ഈ നദിയുടെ വലുപ്പം വ്യക്തമാവുക.

A map of uncontacted tribes, around the start of the 21st century


ആമസോണിലെ തദ്ദേശീയ ഗോത്രവർഗങ്ങൾ

‌ജൈവവൈവിധ്യത്തിലെന്നതു പോലെ തദ്ദേശീയ ഗോത്ര ജനങ്ങളുടെ വൈവിധ്യത്തിലും ആമസോൺ മഴക്കാടുകൾ ഏറെ സമ്പന്നമാണ്. ബനിവ, കുരിപാകോ, ദൊവ്, ഹുപ്ദ, നദോബ്, യുഹുപ്ദെ, അരപസൊ, ദെസ്ന, കുബെയൊ, യാനോമാമി തുടങ്ങി 200പ്പരം പ്രാക്തന ഗോത്ര സമൂഹങ്ങൾ ഈ മഴക്കാടുകൾക്കുള്ളിൽ അധിവസിക്കുന്നുണ്ട്. ബ്രസീലിലെ വനങ്ങളിൽ മാത്രം  67 ഗോത്ര വിഭാഗങ്ങൾ മുഖ്യധാര സമൂഹവുമായി യാതൊരു ബന്ധവും പുലർത്താതെ ജീവിക്കുന്നുണ്ട്. ഓരോ ഗോത്ര സമൂഹത്തിനും സ്വന്തമായി ഭാഷകളുമുണ്ട്. 180 ഓളം ഭാഷകളെയും 30ലധികം ഭാഷാ കുടുംബങ്ങളെയും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ ഭാഷാ വൈവിധ്യവും കൂടുതലായിരിക്കുമെന്ന പഠനങ്ങളെ ശരിവെയ്ക്കും വിധമാണ് ഈ പ്രദേശത്തെ ഭാഷാവൈവിധ്യം.  ആമസോൺ മഴക്കാടിന്റെ ജൈവവൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ ഗോത്രസമൂഹത്തിന്റെ ഭാഷകൾക്കു സാധിക്കും. തദ്ദേശീയ ഭാഷകളുടെ സംരക്ഷണത്തിനും തദ്ദേശീയ ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുമാണ് 2019നെ യുനെസ്കൊ തദ്ദേശീയ ഭാഷാവർഷമായി ആഘോഷിക്കുന്നത്. എന്നാൽ മഴക്കാടുകൾക്കുള്ളിലെ ഖനന മാഫിയകളെ തുരത്താനും തങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും സ്വന്തം ജീവൻ തന്നെ നൽകേണ്ടി വരുന്ന കയാപോകളെപ്പോലെ അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടി ഏറെ കഷ്ടപ്പെടുകയാണ് ഒട്ടുമിക്ക ഗോത്ര വിഭാഗങ്ങളും.

പ്രതിവർഷം മണ്ണ്, അന്തരീക്ഷം, സമുദ്രം എന്നിവിടങ്ങളിൽ കോടിക്കണക്കിന് ടൺ അളവിൽ അതിവേഗത്തിൽ നടക്കുന്ന കാർബൺ ചക്രത്തിന്റെ ചിത്രീകരണം. വെള്ളനിറത്തിൽ  കാർബണിന്റെ ശേഖരം. മഞ്ഞനിറത്തിൽ പ്രകൃതിദത്ത കാർബൺ, ചുവപ്പുനിറത്തിൽ മനുഷ്യന്റെ സംഭാവന എന്നിവ ജിഗാടൺ കണക്കിൽ നൽകിയിരിക്കുന്നു | കടപ്പാട് : wikipedia

ആമസോൺമഴക്കാടിന്റെ നാശവും കാലാവസ്ഥാ വ്യതിയാനവും

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിൽ, വലിയ കാട്ടുതീ പരമ്പരകളാണ് ഇപ്പോള്‍  ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ലധികം തവണ കാട്ടുതീ ഉണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൃഷി വ്യാപനത്തിനും ഖനനങ്ങൾക്കും മറ്റു പ്രകൃതി വിഭവങ്ങൾക്കും വേണ്ടി സർക്കാർ സമ്മതത്തോടെ നടത്തുന്ന തീയിടലാണവിടെ നടക്കുന്നതെന്നാണ് സാമൂഹ്യ-പാരിസ്ഥിതിക സംഘടനകൾ ആരോപിക്കുന്നത്.

1972 ല്‍ പട്ടാളഭരണമാണ് ബ്രസീലിലെ കർഷകരുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനെന്ന് പറഞ്ഞ് ആമസോൺ കാടുകളിലൂടെ 4000 കി.മീ. ദൈർഘ്യമുള്ള ട്രാൻസ് ആമസോണിയൻ ഹൈവേ – നിർമ്മിക്കുന്നത്. യഥാർത്ഥത്തിൽ ഭൂപരിഷ്കരണം വഴി എല്ലാ കർഷകർക്കും ഭൂമി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. എന്നാൽ ഭൂഉടമകളെ പിണക്കാൻ ഇഷ്ടപ്പെടാതിരുന്ന പട്ടാള ഭരണകൂടം കൂടുതൽ ഭൂമി കൃഷിയോഗ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഹൈവേ പ്രോജക്ട് തുടങ്ങിയത്. ഈ മേഖലയിലേയ്ക്ക് വ്യാപകമായി കുടിയേറ്റം ഇതിനെത്തുടര്‍ന്നുണ്ടായി. കൃഷി,കാലിമേയ്ക്കൽ, സ്വർണ്ണഖനനം എന്നിവയ്ക്കായി വൻതോതിൽ ഭൂമി പരിവർത്തനം ചെയ്യപ്പെട്ടു. കൃഷി ചെയ്ത ഭൂമിയിൽ വിളവെടുപ്പിന് ശേഷം തീയിട്ടു, കളകൾ ഉൾപ്പെടെയുള്ള മുൻകാല ചെടികളെല്ലാം കരിയിച്ചു, അവയെ വളമാക്കിയുള്ള പാരമ്പര്യകൃഷി രീതി ആമസോൺ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപകമാണ്. ജൈവ-ഇന്ധനനിർമ്മാണത്തിന് വേണ്ടി  വലിയ ഒരു അളവിൽ കാടുകൾ നശിപ്പിച്ചു എണ്ണപ്പനകൾ വച്ചു പിടിപ്പിക്കുന്ന പ്രവണതയ്ക്ക്  പത്തുവര്‍ഷത്തിനിടയില്‍ വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് അമേരിക്കയിലെ  Proceedings of the National Academy of Sciences (PNAS) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ജയ്ർ ബോൾസനാറോയും(Jair Bolsonaro) അദ്ദേഹത്തിന്റെ മുൻഗാമി മൈക്കിൾ ടെമറും(Michel Temer) ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി ബ്രസീലില്‍ സുസ്ഥിരകൃഷിക്കുള്ള മന്ത്രാലയം തന്നെ അഴിച്ചുപണിയുകയും പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രവ്യാപനത്തിനുമുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തു. ബ്രസീലിയൻ പരിസ്ഥിതി സംരക്ഷണ ഏജൻസി യായ ഐ ബി ബി എം എ യുടെ ഫണ്ടും വെട്ടിക്കുറച്ചു. ഇവയെല്ലാം ചേർന്ന് വനനശീകരണത്തിന്റെ തോത്  വർദ്ധിപ്പിച്ചു. . ആമസോൺ മേഖലയിൽ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അംശം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്നാണ് കോപ്പർനിക്കസ് ക്ലൈമാറ്റിക് ചെയ്ഞ്ച് സർവീസ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്.  ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനമടക്കം CO2 വർദ്ധിക്കുന്നതിനുള്ള നിരവധി കാരണങ്ങൾ നിലനിൽക്കെത്തന്നെ, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ നാശം വീണ്ടും കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവിനും അന്തരീക്ഷ താപനില വർദ്ധനവിനും കാരണമാവാതിരിക്കില്ലല്ലോ!

ഹരിതഗൃഹപ്രഭാവം  – ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി, ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു

സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ അർഹീനിയസാണ് (Svante Arrhenius-1896) ആദ്യമായി  അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിച്ചാൽ ഹരിതഗൃഹ പ്രഭാവത്തിനിടയാക്കുമെന്ന് കണ്ടെത്തിയത്. 1938 ൽ ബ്രിട്ടീഷ് എൻജിനിയറായ ഗയ് കലാണ്ടർ (Guy Stewart Callendar) 137 കാലാവസ്ഥാ കേന്ദ്രങ്ങളിലെ കണക്കുകൾ പരിശോധിച്ച് ഒരുനൂറ്റാണ്ടിനിടയിൽ അന്തരീക്ഷ താപനിലയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവും വർദ്ധിച്ചതായി കണ്ടെത്തി. അതിനുശേഷം 80 വര്‍ഷക്കാലത്തിനിടയ്ക്ക് ലോകചരിത്രത്തില്‍, സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതികമേഖലകളില്‍ വന്ന മാറ്റങ്ങള്‍ വലുതാണ്‌. അന്തരീക്ഷത്തിലെ CO2 അളവ് വര്‍ദ്ധിപ്പിക്കുന്നതിന്  മുതലാളിത്ത രാജ്യങ്ങളുടെയും മുതലാളിത വികസനരീതിയുടെയും പങ്ക് ചെറുതല്ല. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് വർദ്ധിക്കുന്തോറും ഹരിത ഗൃഹ പ്രഭാവം ശക്തിപ്പെടുകയും ഭൂമിയിൽ നിന്ന് തിരിച്ചു പോകുന്ന തെർമൽ ഇൻഫ്രാറെഡ് കിരണങ്ങളെ തടഞ്ഞു നിർത്തുകയും ആഗോള താപനത്തിന്റെ സ്വാഭാവികതോത് വർദ്ധിക്കുകയും ചെയ്യുന്നു.  ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ലോകമൊട്ടാകെ അനുഭവിച്ചു തുടങ്ങിയെന്നാണ് സമീപകാല സംഭവങ്ങളിൽ നിന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത വർദ്ധിക്കുകയും കടുത്ത ചൂടും കനത്ത മഴയും പ്രവചനാതീതമായിത്തീരുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആർടിക് പ്രദേശത്തെ മഞ്ഞുരുകുകയും സമുദ്രജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയിൽ ആമസോണിനെപ്പോലൊരു വലിയ കാട് തുടർച്ചയായി കത്തുമ്പോൾ എത്രമാത്രം കാർബൺ ഡൈ ഓക്സൈഡായിരിക്കും പുറന്തള്ളപ്പെടുന്നത്! അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ നേരിയ വർദ്ധനവ് പോലും അന്തരീക്ഷ താപനിലയുടെ വർദ്ധനവിനു കാരണമായിത്തീരുമെന്നതിനാൽ അങ്ങകലെ ഒരു വലിയ കാട് കത്തുമ്പോൾ, അതണയ്ക്കാൻ ശ്രമിക്കാതെ അവിടത്തെ ഭരണകൂടങ്ങൾ നിഷ്ക്രിയരാവുമ്പോൾ വേവലാതിപ്പെടാതിരിക്കുന്നതെങ്ങനെ? തെക്കേ അമേരിക്കയിൽ കാടു കത്തിയാൽ ഹിമാലയത്തിലെ മഞ്ഞുരുകുന്നതിന്റെ വേഗത കൂടുമെന്നും, കേരളം പോലെ സമുദ്രത്തിനോടടുത്തു കിടക്കുന്ന സംസ്ഥാനങ്ങളിലെ തീരദേശങ്ങൾ കടലെടുക്കാനുള്ള സമയം കുറഞ്ഞു കൊണ്ടിരിക്കുമെന്നുമാണ് പറഞ്ഞു വന്നത്!


അധിക വായനയ്ക്ക് 

  1. The_Compounding_Effects_of_Tropical_Deforestation_and_Greenhouse_Warming_on_Climate
  2. Deforestation_causes_effects_and_control_strategies
  3. Active wild -what-is-in-the-amazon-rainforest
  4. https://www.nationalgeographic.com/amazon-kayapo-indigenous-tribes-deforestation-environment-climate-rain-forest/

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം
Next post ജൈവവാതകം ഉണ്ടാകുന്നതെങ്ങനെ ?- മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം ഭാഗം 2
Close