

സമത്വമാണ് പ്രധാനം
Equality is greater
For ALL women and girls: Rights. Equality. Empowerment
അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും
ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചത് 1975 മുതൽക്കാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ വനിതാദിനസന്ദേശം “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു.

1975 അന്താരാഷ്ട്ര വനിതാ വർഷമായി (International Womens Year) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാ സമ്മേളനം ചേരുകയും ചെയ്തു. ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതും വ്യാപകമായ ജനകീയ ബോധവൽക്കരണത്തിന് സഹായകവുമായ ആശയങ്ങളും സന്ദേശങ്ങളും പ്രഖ്യാപിക്കാറുണ്ട്.

2025 ലെ സന്ദേശം
2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക. (Accelarate action for Gender Equality) എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് ഉറച്ച കാൽവയ്പ്കളോടെ മുന്നോട്ട് കുതിക്കുകയെന്നത് വളരെ പ്രധാനമാണ്.
അന്താരാഷ്ട്ര വനിതാദിന പ്രഖ്യാപനത്തിൻ്റെ അൻപതാം വാർഷികവും ബെയ്ജിങ്ങ് പ്രഖ്യാപനത്തിൻ്റെ മുപ്പതാം വാർഷികവും ഒത്ത് ചേരുന്ന വർഷമാണ് 2025. കഴിഞ്ഞ 50 വർഷമായി സ്ത്രീ ശാക്തീകരണ രംഗത്ത് നടന്നു വരുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഒരു പാട് ദൂരം മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ നേടിയ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് ഇനിയും നേടിയെടുക്കാനുള്ളവയ്ക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഈ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ബെയ്ജിങ്ങ് പ്രഖ്യാപനം
ഐക്യരാഷ്ട്രസഭ രൂപീകരണത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ച് 1995 സെപ്റ്റംബർ 4 മുതൽ 15 വരെ ബെയ്ജിങ്ങിലാണ് നാലാം ലോക വനിതാ സമ്മേളനം ചേർന്നത്.(Beijing Declaration And Platform For Action) 189 രാജ്യങ്ങളിൽ നിന്നും പതിനേഴായിരം പേരാണ് 30 വർഷങ്ങൾക്ക് മുൻപ് നടന്ന നാലാംലോകവനിതാസമ്മേളനത്തിൽ പങ്കെടുത്തത്.
സ്ത്രീകൾക്ക് സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന വേദികളിലും തുല്യത എന്ന ശക്തമായ ആശയമാണ് ഈ സമ്മേളനം മുന്നോട്ടുവച്ചത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സമൂഹത്തിൽ എല്ലായിടത്തും തുല്യ അവകാശമുണ്ടെന്നും അത് നേടിയെടുക്കാനുള്ള പോരാട്ടം തുടരണമെന്നും സമ്മേളനം പ്രധാന ലക്ഷ്യമായി അംഗീകരിച്ചു. തുല്യത എന്നത് ഒരു മനുഷ്യാവകാശ പ്രശ്നമാണ് സാമൂഹിക നീതിയുടെ പ്രശ്നവുമാണ്.
സുസ്ഥിരമായ വികസനവും സമാധാനവും കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് തുല്യതയെന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത നേടിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതും ദീർഘനാളത്തെ പോരാട്ടങ്ങൾ ആവശ്യമുള്ളതുമായ ഒന്നാണ് എന്ന കാര്യം അവർ വിസ്മരിച്ചില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായിട്ടാണ് തുല്യത എന്ന ആശയം ലോകവനിതാസമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത്.
സ്ത്രീകളും ദാരിദ്ര്യവും, സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ, നയപരമായ തീരുമാനങ്ങൾ എടുക്കുന്ന വേദികളിൽ സ്ത്രീ പങ്കാളിത്തത്തിലുള്ള അസമത്വം, ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിലുള്ള അസന്തുലിതാവസ്ഥ, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിലും പാരിസ്ഥിതിക രംഗത്തും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ, പെൺകുട്ടികൾക്കെതിരെയുള്ള വിവേചനങ്ങളും ആക്രമണങ്ങളും, തുടങ്ങിയ 12 വ്യത്യസ്ത്യ വിഷയങ്ങൾ ലോക വനിതാ സമ്മേളനം പ്രത്യേകമായി ചർച്ച ചെയ്യുകയുണ്ടായി (യു.എൻ.വുമൺ ബെയ്ജിങ്ങ്+30 റിപ്പോർട്ട് )
1993ല്‍ ചേർന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമ്മേളനത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടതിൻ്റെ തുടർച്ചയായി ചേർന്ന ലോക വനിതാ സമ്മേളനത്തിൽ സ്ത്രീകളുടെ അവകാശം മനുഷ്യാവകാശമാണെന്നും മനുഷ്യാവകാശം സ്ത്രീകളുടെ കുടി അവകാശമാണെന്നും അംഗീകരിക്കപ്പെടുകയാണുണ്ടായത്. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം എന്നത് ബെയ്ജിങ്ങ് സമ്മേളനത്തിൽ പ്രധാന ചർച്ചയായി മാറിയത്. ഇന്ന് സ്ത്രീകളുടെ അവകാശം മനുഷ്യാവകാശമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.
ലിംഗസമത്വം
ലിംഗസമത്വം എന്നത് വളരെ പ്രധാനപ്പെട്ട ഒരു മനുഷ്യാവകാശ പ്രശ്നമാണ്. അത് നേടിയെടുക്കുകയെന്നത് വലിയ വെല്ലുവിളിയുമാണ്. വിദ്യാഭ്യാസം,ആരോഗ്യം, സാമ്പത്തികപങ്കാളിത്തം രാഷ്ട്രീയശാക്തീകരണം എന്നിങ്ങനെ നാല് ഘടകങ്ങളാണ് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി വേൾഡ് എക്കണോമിക് ഫോറം പരിശോധിക്കുന്നത്.

146 രാജ്യങ്ങളിൽ പഠനം നടത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന 2024 ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് ലോകം ഇതുവരെ 68.5% ലിംഗസമത്വം മാത്രമാണ് നേടിയത് എന്ന് സൂചിപ്പിക്കുന്നു. ഇനിയും 134 വർഷങ്ങൾ കാത്തിരുന്നാൽ മാത്രമാണ് സമ്പൂർണ്ണ ലിംഗസമത്വം നേടിയെടുക്കാൻ കഴിയുക എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ഒരു രാജ്യവും ഇതുവരെ സമ്പൂർണ്ണ ലിംഗസമത്വം നേടിയെടുത്തിട്ടില്ല. ലിംഗസമത്വത്തിൻ്റെ കാര്യത്തിൽ 2009 മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രാജ്യമായ ഐസ് ലാൻ്റ് തന്നെയാണ് O.935 സ്കോറുമായി ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് . 90% ത്തിലധികം ലിംഗ സമത്വം നേടിയെടുത്തിട്ടുള്ള ഒരേ ഒരു ലോക രാജ്യവും ഐസ് ലാൻ്റ് ആണ്.
ആദ്യ പത്ത് റാങ്കിലുള്ള മറ്റ് രാജ്യങ്ങളുടെ സ്ഥിതി താഴെ ചേർക്കുന്നു.
ലിംഗസമത്വത്തിൻ്റെ കാര്യത്തിൽ ഏറ്റവും പുറകിൽ 146-ാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം സുഡാനാണ് (0.568 സ്ക്കോർ). 145 സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനുമാണ് (സ്കോർ 0.570). ഇന്ത്യ 129-ാം സ്ഥാനത്താണ് (സ്കോർ 0.641) നിൽക്കുന്നത്.
റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പരിഗണിക്കുന്ന ഒരോ വിഷയത്തിലും എത്രമാത്രം പുരോഗതി ലോകം കൈവരിക്കുന്നുണ്ട് എന്ന കാര്യം റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്.

ആരോഗ്യത്തിൽ 96% വും വിദ്യാഭ്യാസത്തിൽ 94.9% വും സാമ്പത്തിക പങ്കാളിത്തത്തിൽ 60.5% വും രാഷ്ട്രീയ ശാക്തീകരണത്തിൽ 22.5% വും ലിംഗസമത്വം കൈവരിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്. വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ്ണ ലിംഗസമത്വത്തിനായി ഇനിയും 20 വർഷം കൂടി കാത്തിരുന്നാൽ മതിയത്രെ.പക്ഷേ സാമ്പത്തിക പങ്കാളിത്തത്തിന്റെ കാര്യത്തിൽ 152 വർഷവും രാഷ്ട്രീയ ശാക്തീകരണത്തിന്റെ കാര്യത്തിൽ 169 വർഷവും കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
ബെയ്ജിങ്ങ് പ്രഖ്യാപനത്തിൻ്റെ മുപ്പത് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സമത്വം, രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന വേദികളിലുള്ള പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ വലിയ മുന്നേറ്റമൊന്നും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിൽ ലോകത്താകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സ്വാഭാവികമായും ലിംഗസമത്വത്തിന് സഹായകമായി വർത്തിക്കുന്നുവെന്നത് ശരി തന്നെയാണ്. പക്ഷേ സാമ്പത്തിക പങ്കാളിത്തം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന വേദികളിലുള്ള പങ്കാളിത്തം എന്നിവയുടെ കാര്യത്തിൽ മുന്നേറ്റമുണ്ടാക്കാൻ ബോധപൂർവ്വവും ഗൗരവതരവുമായ ഇടപെടലുകൾ അനിവാര്യമാണ്.
ലിംഗ അസമത്വ സൂചിക
UNDP പ്രസിദ്ധീകരിക്കുന്ന മാനവ വികസന റിപ്പോർട്ടിൻ്റെ (HDR) ഭാഗമായി പ്രത്യുൽപാദന ആരോഗ്യം, ശാക്തീകരണം, തൊഴിൽ വിപണി എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ പരിശോധിച്ച് കൊണ്ട് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള നേട്ടങ്ങളിലെ ലിംഗഅസമത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലിംഗ അസമത്വ സൂചിക.
മാതൃമരണ അനുപാതവും കൗമാരക്കാരുടെ ഫെർട്ടിലിറ്റി നിരക്കുമാണ് പ്രത്യുൽപ്പാദന ആരോഗ്യം അളക്കുന്നതിന് പരിഗണിക്കുന്നത്. ശാക്തീകരണ കാര്യത്തിൽ ഓരോ ലിംഗക്കാർക്കും ഉള്ള പാർലമെൻ്ററി സീറ്റുകളുടെ വിഹിതവും സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ നിലവാരവുമൊക്കെയാണ് പരിശോധിക്കുന്നത്. തൊഴിൽ ശക്തിയിലാകട്ടെ സ്ത്രീകളുടെ പങ്കാളിത്തമാണ് പരിഗണിക്കുന്നത്.
2023-2024 വർഷത്തെ മാനവ വികസന റിപ്പോർട്ടിലെ 193 രാജ്യങ്ങളുടെ പട്ടിക യോടൊപ്പമുള്ള ലിംഗ അസമത്വ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള ഡെൻമാർക്കിന് തൊട്ട് പിറകിലായി നോർവേ,സ്വിറ്റ്സർലാൻ്റ്, സ്വീഡൻ നെതർലാൻ്റ് എന്നീ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
മാനവ വികസനത്തിൽ ഇരുപതാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്ക ലിംഗ അസമത്വ സൂചികയിൽ 44-ാം സ്ഥാനത്താണ്. ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള ഐസ് ലാൻഡ് വികസന സൂചികയിൽ മൂന്നാം സ്ഥാനത്തും അസമത്വസുചികയിൽ ഒമ്പതാമത് സ്ഥാനത്തുമാണ്. വികസന സൂചികയിൽ 134 -ാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ലിംഗ അസമത്വ സൂചികയിൽ 108 -ാം സ്ഥാനത്തും.
ലോകത്താകെ പാർലമെൻ്റുകളില സ്ത്രീ പങ്കാളിത്തം 26.9% മാത്രമാണ്. (IPU റിപ്പോർട്ട് 2024 ജനുവരി 1 ലെ കണക്ക് അനുസരിച്ച് ) ഇന്ത്യയിൽ പാർലമെൻ്റിലെ സ്ത്രീ പങ്കാളിത്തം 14.6 % മാത്രമാണ്. ലോകസഭ യിൽ14% വും രാജ്യസഭയിൽ 13% വും.
സ്ത്രീകളുടെ രാഷ്ട്രീയ രംഗത്തെ പങ്കാളിത്തം ലിംഗ സമത്വത്തെയും യഥാർത്ഥ ജനാധിപത്യത്തെയും രാജ്യപുരോഗതിയേയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. പക്ഷേ പാർലമെൻറിലെ സ്ത്രീകളുടെ പങ്കാളിത്തത്തിൽ സമത്വം എന്നത് എത്രയോ ദൂരത്ത് തന്നെയാണ് എന്ന് മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾ ഇപ്പോൾ തന്നെ നേരിട്ട് കൊണ്ടിരിക്കുന്ന മാനസികമായ പിരിമുറുക്കവും ആക്രമണങ്ങളും അവരെ പിന്നോട്ടടിപ്പിക്കുന്നുമുണ്ട്. പ്രധാനപ്പെട്ട നിരവധി വനിതാ നേതാക്കൾ മാനസികമായ പൊള്ളലുകൾ ,ഭീക്ഷണികൾ, സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പീഢനങ്ങൾ എന്നിവ കാരണം രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയുണ്ടായി. പാർലമെൻറ്റിനകത്തും രാഷ്ട്രീയ വേദികളിലും അവർ വിവേചനവും ആക്രമണവും നേരിടുന്നുണ്ട്. അതിൻ്റെ ഫലമായി വീട്ടകങ്ങളിൽ നിന്ന് പോലും അവർക്ക് വിലക്കുകൾ ഉണ്ടാകുന്നു. 82% സ്ത്രീ പാർലമെന്റേറിയൻമാരും മാനസികമായ പീഡനങ്ങൾക്ക് വിധേയമാകുന്നുണ്ട് എന്നാണ് കണക്ക്കൾ സൂചിപ്പിക്കുന്നത്. (IPU റിപ്പോർട്ട് ) കൂടുതൽ സ്ത്രീകൾ പാർലമെൻറിൽ ഉണ്ടാവുക എന്നതിനർത്ഥം കൂടുതൽ ശക്തമായ ജനാധിപത്യം ഉണ്ടാകുന്നു എന്നതാണ്.

സുസ്ഥിര വികസനലക്ഷ്യങ്ങളും ലിംഗസമത്വവും
ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനും അസമത്വം കുറയ്ക്കുന്നതിനും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനും വേണ്ടിയുള്ള ചില ലക്ഷ്യങ്ങൾ 2015ൽ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. 2030ൽ നേടിയെടുക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പതിനേഴ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ’ (Sustainable Development Goals (SDG) )ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലിംഗസമത്വം.

സുസ്ഥിര വികസനലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ദാരിദ്യം, മെച്ചപ്പെട്ടആരോഗ്യ സംവിധാനങ്ങൾ, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ ശുദ്ധജല ലഭ്യത, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ ഓരോ വിഷയത്തിലും കഴിഞ്ഞ 10 വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ എന്തെന്ന് വിലയിരുത്തിക്കൊണ്ട്
ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച Progress on the Sustainable Development Goals The Gender Snapshot 2024 (UNwomen ) എന്ന റിപ്പോർട്ട് പറയുന്നത് സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദാരിദ്ര്യം മാറണമെങ്കിൽ ഇനിയും 137 വർഷം കൂടി കാത്തിരിക്കണമെന്നാണ്. ഒരുദിവസം 2.15 അമേരിക്കൻ ഡോളർ ഉൽപ്പാദിപ്പിക്കാൻ കഴിയാത്തവരെയാണ് ദാരിദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ 2050 ആകുമ്പോഴേക്കും 15.8 കോടി സ്ത്രീകളും പെൺകുട്ടികളും പുതുതായി സമ്പൂർണ്ണ ദാരിദ്ര്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുമത്രേ. ലിംഗസമത്വം നേടുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പക്ഷേ ഇന്ന് 11കോടി 93 ലക്ഷം പെൺകുട്ടികൾ ക്ലാസ്സ് മുറികൾക്ക് പുറത്താണുള്ളത്.
39 ശതമാനത്തോളം ചെറുപ്പക്കാരായ സ്ത്രീകൾ അപ്പർ സെക്കണ്ടറി തലത്തിൽ വച്ച് തന്നെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പുറന്തള്ളപ്പെടുകയാണ്. ലിംഗസമത്വമില്ലായ്മയും, വേതനത്തിലുള്ള വിവേചനവും, സമൂഹത്തിൽ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു അസമത്വങ്ങളും വിവേചനങ്ങളും എല്ലാം ഭക്ഷ്യസുരക്ഷിതത്വം ഇല്ലാത്ത സ്ത്രീകളുടെ എണ്ണം സമൂഹത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമായി മാറിയെന്നും 26.7 % സ്ത്രീകൾ ഭക്ഷ്യസുരക്ഷ ഇല്ലാത്തവരായി ജീവിക്കേണ്ടി വരുന്നുവെന്നുമാണ് റിപ്പോർട്ട് പറയുന്നത്.
51 ശതമാനം രാജ്യങ്ങളിലും തുല്യ ജോലിക്ക് തുല്യവേതനം സ്ത്രീകൾക്ക് ലഭിക്കുന്നില്ല. 15നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾ പങ്കാളികളിൽനിന്നോ സ്വന്തം കുടുംബാംഗങ്ങളായ പുരുഷന്മാരിൽ നിന്നോ ലൈംഗികമായ ആക്രമണങ്ങൾക്കോ ശാരീരിക ആക്രമണങ്ങൾക്കോ വിധേയരാകുന്നുണ്ട്.
വനിതകളിൽ മൂന്നിലൊന്ന് പേർ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ആക്രമണങ്ങൾക്ക് വിധേയരാകുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. . (WHO Data2024) സ്ത്രീകൾക്കെതിരായിട്ടുള്ള ആക്രമണങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ഒരു രാജ്യത്തിനും ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഇല്ലാത്ത ഒരു ലോകം എന്നത് ഇന്നും ഒരു ലക്ഷ്യമായി മാത്രം നിലനിൽക്കുകയാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഇനി അഞ്ചു വർഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അസമത്വവും അസന്തുഷ്ടിയും നിറഞ്ഞാടുന്ന ഇന്നത്തെ ലോകക്രമത്തിൽ എല്ലാവർക്കും സുസ്ഥിരമായ ഒരു ഭാവി എന്ന ലക്ഷ്യം നേടിയെടുക്കുന്നതിന് ഇനിയും എത്ര ദൂരം യാത്ര ചെയ്യേണ്ടി വരും. സ്ത്രീശാക്തീകരണത്തിലും ലിംഗസമത്വം അടക്കമുള്ള കാര്യങ്ങളിലുമെല്ലാം പതിയെ പോക്കാണ് ലോകത്താകെ നമുക്ക് കാണാൻ കഴിയുന്നത്.
തീരുമാനങ്ങൾ എടുക്കുന്ന വേദികളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം എന്നിവയാണ് യഥാർത്ഥത്തിൽ ലിംഗ സമത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത്. സമാധാനവും ജനാധിപത്യവും സുസ്ഥിരമായി നില നിൽക്കുന്നതിന് സഹായിക്കുന്നത്.
ഇനിയും മുന്നോട്ട്
സ്ത്രീ ശാക്തീകരണവും ലിംഗസമത്വവുമായി ബന്ധപ്പെട്ട് ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ഒരോ ഇടപെടലുകളും പരിശോധിക്കുമ്പോൾ നമ്മുടെ മുന്നോട്ടുള്ള യാത്രയുടെ വേഗത പോരായെന്ന കാര്യം നമുക്ക് കൃത്യമായി ബോദ്ധ്യപ്പെടുമെങ്കിലും ഓരോ ഇടപെടലുകളും സാമൂഹ്യ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും അവ നമുക്ക് നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്.
- 1994 ൽ ഏകദേശം 12 രാജ്യങ്ങളിൽ മാത്രമാണ് ഗാർഹിക പീഡനങ്ങൾക്കെതിരായിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കിയിരുന്നതെങ്കിൽ ഇന്ന് 193 രാജ്യങ്ങളിൽ ഇത് സംബന്ധമായി ശക്തമായ നിയമങ്ങളും നടപടികളും ഉണ്ടായിവന്നിരിക്കുന്നു.
- സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ത്യമായി ഇന്ന് ഏകദേശം 161 രാജ്യങ്ങളിൽ കൃത്യമായ സ്ഥിതിവിവരകണക്കുകൾ (ഡേറ്റകൾ ) ലഭ്യമാണു്.
- ദേശീയപാർലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം 26.9 ശതമാനവും പ്രാദേശിക ഗവൺമെന്റുകളിലേത് 35.5 ശതമാനവുമാണ്. തൊഴിൽ മേഖലയിലെ ഉയർന്ന സ്ഥാനങ്ങളിൽ 27.5% വും കൈയാളുന്നത് ഇപ്പോൾ സ്ത്രീകളാണ്.
- 74.8% പേർക്കും സ്വന്തമായി മൊബൈൽ ഫോണുണ്ട്. 65% സ്ത്രീകൾ ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നുമുണ്ട് . 35% സ്ത്രീകളും ശാസ്ത്രം, ശാസ്ത്രസാങ്കേതികവിദ്യ എൻജിനീയറിങ്, ഗണിതം തുടങ്ങിയ വ്യത്യസ്ത്യ മേഖലകളിൽ ബിരുദ നിലവാരമുള്ളവരുമാണ്. (SDG Gender Snapshot 2024)
ഇതൊക്കെ പ്രതീക്ഷ നൽകുന്നതു തന്നെയാണ് പക്ഷേ മുന്നോട്ടുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കാൻ കഴിയുന്നില്ലായെങ്കിൽ ഇന്നും തുടരുന്ന ശൈശവ വിവാഹ സമ്പ്രദായം അവസാനിപ്പിക്കാൻ ഇനിയും ഒരു 300 വർഷം വേണ്ടിവരും. സ്ത്രീകൾക്കെതിരായി നില നിൽക്കുന്ന വിവേചനപരമായ നിയമങ്ങൾ മാറണമെങ്കിൽ 286 വർഷവും രാഷ്ട്രീയ രംഗത്തും തൊഴിലിടങ്ങളിലും തുല്യതയ്ക്കായി നൂറ്റി അമ്പതിൽപ്പരം വർഷവും ഇനിയും കാത്തിരിക്കേണ്ടിവേണ്ടിവരും. ദേശീയ പാർലമെന്റുകളിൽ
തുല്യപ്രാതിനിധ്യം നേടണമെങ്കിൽ തന്നെ ഇനിയും 47 വർഷം കാത്തിരിക്കേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിന പ്രഖ്യാപനത്തിൻ്റെ അൻപതാം വാർഷികവും ബെയ്ജിങ് പ്രഖ്യാപനത്തിൻ്റെ മുപ്പതാമത് വാർഷികവും ആഘോഷിക്കുന്ന 2025 ലെ വനിതാദിനത്തിൽ ലിംഗസമത്വത്തിനും സ്ത്രീകളുടെഅവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എല്ലാ ശബ്ദങ്ങളും കേൾക്കുന്ന എല്ലാ അവകാശങ്ങളെയും ബഹുമാനിക്കുന്ന എല്ലാവരും തുല്യ അവസരങ്ങൾ ആസ്വദിക്കുന്ന ഒരു ലോകത്തിനു വേണ്ടിയിട്ടുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഇന്നിന്റെ കടമയായി നാം ഏറ്റെടുക്കുകയാണ് വേണ്ടത്.
ലേഖനം തയ്യാറാക്കിയത് :


സ്ത്രീപഠനം
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം.
വനിതാദിന ലേഖനങ്ങൾ







