എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!
1945-ല്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സമാനതകളില്ലാത്ത വിധം വേഗതയുള്ള ഒരു കമ്പ്യൂട്ടറായിരുന്നു എനിയാക്ക്. (ഈ വേഗത പീരങ്കിയുണ്ടകളുടെ ഉന്നം കണക്കാക്കാനും ഹൈഡ്രജന്‍ ബോംബിനും ഒക്കെ ആണ് ഉപയോഗിച്ചത് എന്നതും ഓര്‍ക്കുക) പക്ഷേ, ആധുനിക കമ്പ്യൂട്ടറുകളോട് ഇടപഴകി പരിചയമുള്ള നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമേ അല്ല എനിയാക്ക് ഒരു “കമ്പ്യൂട്ടര്‍” ആണെന്ന് പറയുമ്പോള്‍. സംഖ്യകള്‍ ഓര്‍ത്തുവയ്ക്കാന്‍ മെമ്മറി, കൂട്ടാനുള്ള കുറേ കാല്‍ക്കുലേറ്ററുകള്‍, ഗുണിക്കാന്‍ കൂറച്ച് കാല്‍ക്കുലേറ്ററുകള്‍, സ്ക്വയര്‍ റൂട്ട് എടുക്കാന്‍ ഒരു കാല്‍ക്കുലേറ്റര്‍, ഒന്നിലധികം തവണ കണക്കുകള്‍ ആവര്‍ത്തിക്കാനും കാല്‍ക്കുലേറ്ററുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍, ചോദ്യങ്ങള്‍ ഇടാനും റിസള്‍ട്ട് വരാനും റീഡറും പ്രിന്ററും; ഇതായിരുന്നു എനിയാക്ക്. അതീവ സങ്കീര്‍ണ്ണമായ ഗണിതത്തിനാണ് എനിയാക്ക് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ട്, ഈ യന്ത്രങ്ങളെ ഏത് ക്രമത്തില്‍ ബന്ധിപ്പിച്ചാലാണ് അത്തരം ഫലങ്ങള്‍ കിട്ടുക എന്ന് മനസിലാക്കുകയും അത് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യുന്ന പ്രക്രിയയെ ആയിരുന്നു “പ്രോഗ്രാമിങ്ങ്” (programming) എന്ന് എഞ്ചിനീയര്‍മാര്‍ വിളിച്ചത്.
പ്രോഗ്രാമ്മിങ്ങ് പോലുള്ള ജോലികള്‍ പ്രാധന്യമുള്ളതല്ല എന്നും ശമ്പളം കുറച്ചു കൊടുത്താല്‍ മതിയാകുന്ന സ്ത്രീകളെ ആ ജോലിക്കെടുത്താല്‍ യുദ്ധകാല ബജറ്റില്‍ ലാഭമുണ്ടാകാം എന്നുമുള്ള ചിന്തയാകാം, സ്ത്രീകളെ ആണ് ഈ ജോലിക്ക് ക്ഷണിച്ചത്. പക്ഷേ, വളരെ പെട്ടന്ന് തന്നെ ഇവര്‍ എന്തുകൊണ്ട് പ്രോഗ്രാമിങ്ങ് സുപ്രധാനമായ ഒരു ജോലിയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുത്തു. ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലെ കീബോര്‍ഡോ മോണിട്ടറോ ഒന്നും ഇല്ലാത്തതുകൊണ്ട് എനിയാക്ക് പ്രോഗ്രാം ചെയ്യാന്‍ എനിയാക്കിന്റെ ഉള്ളില്‍ എന്താണ്, അതിന്റെ എഞ്ചിനീയറിംഗ് എങ്ങനെ എന്നുകൂടി മനസിലാക്കേണ്ടിയിരുന്നു. അതായത്, കുറഞ്ഞ ശമ്പളത്തില്‍ ഇരട്ടി പണി ആയിരുന്നു എന്ന് സാരം.
എനിയാക്കിന്റെ ഉള്ളിലെ പല ഭാഗങ്ങളും (വാക്വം ട്യൂബ് എന്ന് പറയും) ഇത്രവട്ടം ആവര്‍ത്തിച്ച് പ്രവര്‍ത്ത്തിക്കാന്‍ പാകത്തിന് ഉള്ളതായിരുന്നില്ല. (ഹൈ പെര്‍ഫോമന്‍സ് ട്യൂബുകള്‍ കണ്ടുപിടിക്കാന്‍ ഒരു ദശാബ്ദം കൂടി വേണ്ടി വന്നു എന്നതുകൊണ്ട് മറ്റ് മാര്‍ഗങ്ങളും ഉണ്ടായിരുന്നില്ല) രണ്ട് ദിവസത്തില്‍ ഒന്ന് എന്ന നിലയ്ക്ക് എനിയാക്ക് കേടുവന്നുകൊണ്ടിരുന്നു. കണക്കുകളില്‍ വരുന്ന പിശകുകള്‍ നോക്കി ഏത് യന്ത്രത്തിന്റെ ഏത് വാക്വം ട്യൂബിന് കേടുവന്നു എന്ന് കൃത്യമായി ചൂണ്ടിക്കാട്ടാന്‍ പ്രോഗ്രാമര്‍മാര്‍ക്ക് കഴിഞ്ഞു. കേടുവരുമ്പോഴെല്ലാം 15 മിനിറ്റിനുള്ളില്‍ തന്നെ എനിയാക്കിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നത് ഇവരുടെ അറിവും ബുദ്ധിയും കൊണ്ട് മാത്രമാണ്.
മറ്റുള്ളവര്‍ ഉണ്ടാക്കിയ യന്ത്രം റിപ്പയര്‍ ചെയ്യാന്‍ പഠിക്കുക മാത്രമല്ല, പുതിയ പ്രോഗ്രാമിങ്ങ് രീതികള്‍ കണ്ടുപിടിക്കുകയും പ്രവര്‍ത്തിയില്‍ വരുത്തുകയും ചെയ്തു ഇവര്‍. നമ്പറുകള്‍ സോര്‍ട്ട് ചെയ്യാനും, ഒരേ കാര്യം പല വട്ടം ആവര്‍ത്തിച്ച് ചെയ്യാനും ഒക്കെയുള്ള പ്രോഗ്രാമുകള്‍ എഴുതിയതും പ്രവര്‍ത്തനത്തില്‍ വരുത്തിയതും ഇവരാണ്. ഇവര്‍ക്ക് ശേഷം നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ഈ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവരെ ഈ സാങ്കേതികവിദ്യകളും യുക്തിയും പഠിപ്പിച്ച് കൊടുത്തതും ഇവരായിരുന്നു. അതായത്, ചരിത്രത്തില്‍ ആദ്യത്തെ പ്രോഗ്രാമിങ്ങ് ടീച്ചര്‍മാരും ഇവരാറു പേര്‍ തന്നെ. എനിയാക്കിലെ ജോലിക്ക് ശേഷം മറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിലും പ്രോഗ്രാമിങ്ങിന്റെ ഭാഷകള്‍ വികസിപ്പിക്കുന്നതിലും ഒക്കെയായി ഇവരുടെ സംഭാവനകള്‍ ഇനിയും ഏറെയുണ്ട്.
എനിയാക്കിന് ബുദ്ധി കൊടുത്ത ഈ ആറുപേരെ ഇനി ഏത് പ്രോഗ്രാമിന് മുന്നിലിരിക്കുമ്പോഴും ഒരു നിമിഷം ഓര്‍ക്കുക; ചരിത്രത്തിന്റെ മറവിക്ക് ഇവരെ ഇരകളാക്കാതിരിക്കുക…!
അധികവായനയ്ക്ക്
- http://eniacprogrammers.org/eniac-programmers-project/
- https://ieeexplore.ieee.org/document/511940
- https://www.jstor.org/stable/25147356
- Recoding Gender: Women’s Changing Participation in Computing by Janet Abbate