Read Time:9 Minute

ഏത് കമ്പ്യൂട്ടേഷണല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇതൊക്കെ മുന്നാലെ കണ്ട അഡയെ കൂടി ഒന്നോര്‍ത്തേക്കുക…!

കമ്പ്യൂട്ടര്‍ (computer) എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം “കണക്കുകൂട്ടുന്നത്” എന്നാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, സിനിമ കാണാനും, എഴുതാനും, വായിക്കാനും, ഗെയിം കളിക്കാനും ഒക്കെ ഉപയോഗിക്കുന്ന യന്ത്രത്തിനെ “കണക്കുകൂട്ടുന്നത്” എന്ന പേരില്‍ വിളിക്കുന്നത്? ഏറ്റവും ലളിതമാക്കി പറഞ്ഞാല്‍ നമ്മള്‍ കീബോര്‍ഡിലും മൗസിലും ഒക്കെയായി ഉള്ളിലേക്ക് കൊടുക്കുന്ന ഇന്‍പുട്ടുകളെ ബൈനറി സംഖ്യകളാക്കി മാറ്റി സങ്കീര്‍ണ്ണമായ ചില കണക്കുകള്‍ ചെയ്ത് അതിന്റെ ഫലം പുറത്തേക്ക് നല്‍കുകയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. ഉള്ളിന്റെയുള്ളില്‍ നമ്മുടെയെല്ലാം കമ്പ്യൂട്ടര്‍ (മൊബൈല്‍ ഫോണും ടിവിയും ഒക്കെ ഇപ്പോള്‍ അങ്ങനെ തന്നെ) ഒരു സങ്കീര്‍ണ്ണമായ കാല്‍ക്കുലേറ്ററാണ്; സംഖ്യകളെ ഇങ്ങനെ ചിത്രമോ ശബ്ദമോ പോലുള്ള മറ്റ് കാര്യങ്ങളുടെ സൂചകങ്ങളായി ഉപയോഗിക്കാം എന്ന ആശയത്തിലൂടെ ആധുനിക കമ്പ്യൂട്ടറിനെ ആദ്യം വിഭാവനം ചെയ്തത് 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ്. മനുഷ്യകുലത്തിലെ ആദ്യ പ്രോഗ്രാമര്‍ എന്ന് തന്ന് വിളിക്കാവുന്നവള്‍: അഡ ലവ്ലേസ്. (Ada Lovelace)

ലണ്ടനില്‍ 1815-ലാണ് അഡ ജനിക്കുന്നത്. അഡ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു; അമ്മയായ ലേഡി ബൈറണ്‍ ആണ് അഡയെ നോക്കിയിരുന്നത്. (ആണ്‍കുട്ടി അല്ലായിരുന്നു എന്നതുകൊണ്ട് പിതാവിന് അഡയെ വേണമെന്നുണ്ടായിരുന്നില്ല) കൗമാരത്തില്‍ മീസില്‍സ് ബാധിച്ച് കുറച്ചുകാലം ശരീരം തളര്‍ന്നിരുന്നു എങ്കിലും അഡ സയന്‍സില്‍ കുതുകിയായിരുന്നു. പക്ഷേ, ഗണിതശാസ്ത്രം എന്നത് യാന്ത്രികമായ ഒരു പ്രവര്‍ത്തിയാണ് എന്ന യാഥാസ്ഥിതിക മനോഭാവത്തോട് അഡക്ക് യോജിപ്പുണ്ടായിരുന്നില്ല. ജീവതത്തിലുടനീളം “കാവ്യാത്മകമായ സയന്‍സ്” (“poetic science”) എന്ന അഡയുടെ സ്വന്തം സമീപനമാണ് അവള്‍ സ്വീകരിച്ചത്.

മേരി സോമര്‍വില്‍ എന്ന ശാസ്ത്രജ്ഞയായിരുന്നു അഡയുടെ ഗണിതശാസ്ത്ര അധ്യാപിക; അവര്‍ വഴി അഡ ചാള്‍സ് ബാബേജ് എന്ന ഗണിതശാസ്ത്രജ്ഞനെ പരിചയപെട്ടു. ബാബേജ് സങ്കീര്‍ണ്ണമായ കണക്കുകള്‍ കൂട്ടാനായി ഒരു യന്ത്രം ഉണ്ടാക്കാം എന്ന ആശയം രൂപീകരിച്ച് വരികയായിരുന്നു; കത്തുകളിലൂടെ ബാബേജ് തന്റെ ഡിസൈനുകളെ പറ്റിയും ബാബേജിന് ഉണ്ടാക്കാന്‍ കഴിഞ്ഞ ഡിഫറന്‍സ് എഞ്ചിന്‍ എന്ന യന്ത്രത്തെ പറ്റിയും അഡയോട് സംവദിച്ചിരുന്നു. ബാബേജിന്റെ യന്ത്രങ്ങളെ പറ്റി അഡക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

1842-43 കാലഘട്ടത്തില്‍ ഒരു ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ ബാബേജിന്റെ യന്ത്രങ്ങളെ പറ്റി എഴുതിയ ചില പ്രബന്ധങ്ങള്‍ അഡ തര്‍ജ്ജമ ചെയ്തിരുന്നു. ഈ തര്‍ജ്ജമകള്‍ക്കൊപ്പം A മുതല്‍ G വരെയുള്ള തലക്കെട്ടുകളില്‍ അഡ തന്നെ എഴുതിയ ചില കുറിപ്പുകള്‍ ചേര്‍ത്തിരുന്നു. ഇവ സയന്റിഫിക് മെമ്വാര്‍സ് (Scientific Memoirs) എന്ന പുസ്തകത്തില്‍ A.A.L. (മുഴുവന്‍ പേര്: അഗസ്റ്റ അഡ ലവ്ലേസ്) എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകൃതമായി. ഇതില്‍ കുറിപ്പ് G-യില്‍ (Note G) ആണ് ആദ്യത്തെ പ്രസിദ്ധീകൃതമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉള്ളത്. ഇതിനുമുന്‍പ് ബാബേജ് പ്രോഗ്രാമുകള്‍ എഴുതി എന്ന് ഊഹിക്കാമെങ്കിലും, ആദ്യത്തെ പ്രോഗ്രാമര്‍മാരിലൊരാള്‍ എന്ന് നിസ്സംശയം പറയാന്‍ തെളിവുള്ളത് അഡയുടെ കുറിപ്പ്  G മാത്രമാണ്.

A മുതല്‍ G വരെയുള്ള ഈ കൂറിപ്പുകളില്‍ കണക്ക് മാത്രമല്ല, മറ്റൊരുപാട് സാധ്യതകള്‍ ബാബേജിന്റെ യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് അഡ സൈദ്ധാന്തീകരിച്ചു. ശബ്ദങ്ങളുടെ ഫ്രീക്വന്‍സിപ്പറ്റിയുള്ള അറിവുകളില്‍ നിന്ന് സംഗീതം രചിക്കാന്‍ അത്തരം യന്ത്രങ്ങള്‍ക്ക് സാധിച്ചേക്കാം എന്ന് ഇതിന്റെ സാധ്യതയുടെ ഉദാഹരണമായി അഡ എഴുതിയിരുന്നു; അതായത് ഗണിതത്തില്‍ സംഖ്യകള്‍ അവലോകനം ചെയ്യാന്‍ മാത്രമല്ല, വ്യക്തമായ യുക്തിബന്ധം പ്രകടിപ്പിക്കാനാകുന്ന എന്ത് വസ്തുക്കള്‍ക്കിടയിലുമുള്ള എന്ത് പ്രക്രിയക്കും ഇത് ഉപയോഗിക്കാനാകും എന്ന ഇന്നത്തെ കമ്പ്യൂട്ടറിന്റെ ഉള്‍ക്കാഴ്ച്ചയിലേക്ക് എത്തി അഡ.

പക്ഷേ, അഡയുടെ സംഭാവനകളെ പിന്നീടുള്ള ചരിത്രം ചോദ്യം ചെയ്യുകയാണുണ്ടായത്; പ്രസിദ്ധീകരിക്കാനുള്ള പണം ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയിലേക്ക് മാത്രം അഡയെ താഴ്ത്തിക്കെട്ടുന്ന തരം ചരിത്ര വായനകള്‍. തര്‍ജ്ജമയില്‍ വന്ന, ഗണിതശാസ്ത്രപരമായി വലിയ അബദ്ധമായി വായിക്കപ്പെടുന്ന, അക്ഷരപ്പിശകുകളൊന്ന് ശ്രദ്ധിക്കാത്തതുകൊണ്ട് അഡയ്ക്ക് കണക്ക് അറിയില്ലായിരുന്നു എന്ന് പോലും ഒരു ചരിത്രകാരി ഊഹിക്കുകയുണ്ടായി. പക്ഷേ, പ്രസിദ്ധീകരണത്തിന് മുന്‍പ് ഇതേ നോട്ട് വായിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞ ബാബേജിന് ഇതേ തരത്തില്‍ ഗണിതമറിയില്ല എന്നാരും പറയുന്നില്ല. മാത്രമല്ല, A.A.L. എന്നതിന് പകരം അവസാന നോട്ടില്‍ A.L.L. എന്ന് പേരെഴുതിയ അഡക്ക് ഇത്തരം പിശകുകള്‍ സഹചാരിയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല; കണക്കറിയാത്തതല്ല, എഴുത്തില്‍ ഇടയ്ക്ക് വരുന്ന തെറ്റുകളിലുള്ള ആധിക്യം മാത്രം.

1852-ല്‍ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവം മൂലം അഡ മരിച്ചു. (രക്തസ്രാവത്തിന് അന്നത്തെ ചികിത്സ മുറിച്ച് കൂടുതല്‍ ചോര കളയുക എന്നതായിരുന്നത് കൊണ്ട് ആ ചികിത്സ ആയിരിക്കാം കൊന്നത് എന്നതും സംഭാവ്യമാണ്!) 36 വയസ്സായിരുന്നു മരിക്കുമ്പോള്‍ അഡക്ക്. ചെറുപ്പത്തില്‍ മീസില്‍സ് വന്നതുപോലെ പലതരം രോഗങ്ങള്‍ കൊണ്ട് ദുര്‍ബലയായിരുന്നിട്ട് പോലും ചരിത്രം മാറ്റി മറിച്ച്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗിന് സൈദ്ധാന്തികമായി ആരംഭമിട്ടുകൊണ്ടാണ് അഡ തന്റെ ചെറിയ ജീവിതകാലം സ്മരണീയമാക്കിയത്!

എന്തായാലും, ഇനി ഏത് കമ്പ്യൂട്ടേഷണല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇതൊക്കെ മുന്നാലെ കണ്ട അഡയെ കൂടി ഒന്നോര്‍ത്തേക്കുക…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. https://ieeexplore.ieee.org/document/1253887
  2. https://online.liverpooluniversitypress.co.uk/doi/10.3828/BJ.1987.6
  3. https://www.sciencedirect.com/science/article/abs/pii/027753959580030S?via%3Dihub
  4. https://www.scientificamerican.com/article/ada-and-the-first-computer/
  5. Ada’s Algorithm: How Lord Byron’s Daughter Ada Lovelace Launched the Digital Age by James Essinger
  6. Idea Makers: Personal Perspectives on the Lives & Ideas of Some Notable People by Stephen Wolfram
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എനിയാക്ക് പ്രോഗ്രാമര്‍മാര്‍: കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!
Next post എമ്മി നോതര്‍: ഭൗതികത്തിന്റെ ഗണിതസൗന്ദര്യം വായിച്ചവള്‍…!
Close