അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം
മാർക്സിസ്റ്റ് ചിന്താപദ്ധതിയിൽ നിന്നുകൊണ്ട് ന്യൂറൽ വൈവിധ്യം എന്ന ആശയത്തെ വായിക്കുകയും, മാർക്സിസ്റ്റ് വിപ്ലവചിന്തയിൽ ന്യൂറൽ വൈവിധ്യത്തിന് കേന്ദ്രസ്ഥാനമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് റോബർട്ട് ചാപ്മാൻ രചിച്ചു 2023 നവംബറിൽ പ്ലൂട്ടോ പ്രസ് പുറത്തിറക്കിയതുമായ ‘Empire of Normality’ എന്ന രചന. പുസ്തകത്തിലെ ചില അംശങ്ങളെ പരിചയപ്പെടുത്തുവാനാണ് ഈ ലേഖനം, ഇത് പുസ്തകത്തിലേക്കുള്ള ഒരു പ്രവേശിക കൂടിയാകും എന്ന് പ്രത്യാശിക്കുന്നു.
ആദ്യം ന്യൂറൽ വൈവിധ്യം എന്ന ആശയത്തെ ഒന്ന് പരിചയപ്പെടാം. ഇന്ന് നമ്മുടെ ലോകത്ത് ന്യൂറൽ ഭിന്നശേഷിയെ ഒരു വിപത്തായിട്ടാണ് കാണുന്നത്. ന്യൂറൽ ഭിന്നശേഷി എന്ന വർഗ്ഗീകരണത്തിൽ താരതമ്യേന വ്യാപകമായ ADHD മുതൽ അപൂർവ്വമായ ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവവരെ പെടും. അടുത്തിടെ കേരളത്തിൽ ഓട്ടിസം കുട്ടികളുമായി ഇടപെട്ടു പ്രവർത്തിക്കുന്ന ഒരാളെ പരിചയപ്പെടാനിടയായി. ന്യൂറൽ പ്രശ്നങ്ങളുള്ള ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കാലശേഷം കുട്ടിയുടെ ജീവിതം എങ്ങനെയായിരിക്കും എന്നത് ഒരു തീരാ-ആശങ്കയായി ഭവിക്കുന്നു എന്ന സമകാലിക യാഥാർഥ്യം അദ്ദേഹം പറയുകയുണ്ടായി. അതേസമയം, ഓട്ടിസം ഉള്ള കുട്ടികളുമായി അടുത്തിടപെടുന്നവർക്ക് അവരെ അനുകമ്പയോടെ സമീപിക്കാനും അതിലൂടെ അവരെ നല്ല നിലവാരമുള്ള ജീവിതത്തിലേക്ക് കൊണ്ടെത്തിക്കാനും സാധിക്കും എന്നും നമുക്ക് കേട്ടറിവുള്ളതായിരിക്കും. മേൽപ്പറഞ്ഞ വൈരുദ്ധ്യം നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്. ന്യൂറൽ ഭിന്നശേഷി ഒരു വിപത്തായി അനുഭവപ്പെടുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് ഇന്നത്തെ സാമൂഹികവ്യവസ്ഥ അത്തരം ഭിന്നശേഷിയെ ഘടനാപരമായി പാർശ്വവൽക്കരിക്കുന്നു എന്ന വസ്തുതയാണ്. ന്യൂറൽ ഭിന്നശേഷിയെ ഒരു രോഗാവസ്ഥയായി അടയാളപ്പെടുത്തുന്നത് അത്രയേറെ പ്രശ്നകാരമാണെന്ന് സാരം – ഈ അടയാളപ്പെടുത്തലിനെ ചാപ്മാൻ ‘pathology paradigm’ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ ഉള്ളതിനെ അപേക്ഷിച്ചു പാശ്ചാത്യ മുതലാളിത്ത-ലിബറൽ സാമൂഹികവ്യവസ്ഥ ന്യൂറൽ ഭിന്നശേഷിയോട് കൂടുതൽ അനുകമ്പാപൂർണ്ണമായ നിലപാട് പുലർത്തുന്നു എന്ന ഒരു പൊതുബോധം മലയാളികൾക്കിടയിൽ ഉണ്ടെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ലെന്ന് തോന്നുന്നു. കേരളത്തിലുള്ള ആ ഒരു പൊതുബോധത്തിൽ തെല്ലും യാഥാർഥ്യമില്ല എന്ന് ഏതാനും വർഷത്തെ യു. കെ. ജീവിതം എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. മുതലാളിത്തത്തിന്റെ ആഴം ഏറുന്നതിനോടൊപ്പം ന്യൂറൽ ഭിന്നശേഷിയോടുള്ള ഘടനാപരമായ പ്രശ്നങ്ങളും വർദ്ധിക്കും എന്നാണ് എന്റെ പരിമിതമായ അനുഭവപശ്ചാത്തലത്തിൽ നിന്നും എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് കൂടിയാണ് ന്യൂറൽ ഭിന്നശേഷിയും മുതലാളിത്തവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഈ പുസ്തകം അത്രയേറെ പ്രാധാന്യം അർഹിക്കുന്നതായി തോന്നിയത്.
റോബർട്ട് ചാപ്മാൻ എന്ന ഗ്രന്ഥകാരൻ താൻ തന്നെ ന്യൂറൽ ഭിന്നശേഷിയുടെയും ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിച്ചയാളാണ് എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിന്ന് വന്ന അദ്ദേഹത്തിന് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഏറ്റവും വിമോചനപരമായി അനുഭവപ്പെട്ട സാഹചര്യം അദ്ദേഹം വ്യക്തമാക്കുന്നു. മാർക്സിസ്റ്റ് മുതലാളിത്ത വിമർശപദ്ധതിയിൽ ന്യൂറൽ ഭിന്നശേഷി എന്ന ആശയത്തിനുള്ള പങ്ക് തെളിച്ചത്തോടെ ചാപ്മാന് തന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കാണാൻ സാധിച്ചതിലൂടെയാണ് ഈ പുസ്തകം പിറവിയെടുക്കുന്നത്.
ഒരുപാട് കാര്യങ്ങളിലേക്ക് ഈ ലഘുലേഖനത്തിൽ പോകാൻ സാധിക്കില്ല എന്നതിനാൽ ഗ്രന്ഥത്തിലെ ഒരു ശ്രദ്ധേയമായ വാദം മാത്രം പരിചയപ്പെടുത്താം എന്ന് കരുതുന്നു. മാർക്സിസ്റ്റ് ചിന്തയിൽ ഉള്ള ഒരു ആശയമാണ് ‘മിച്ച ജനസമൂഹം’ (surplus population) എന്നത്. മാർക്സ് 1847 ൽ എഴുതുന്നതിലേക്ക് ശ്രദ്ധ തിരിക്കാം: ‘വലിയ വ്യവസായത്തിന് (അമിതനിർമ്മാണം ആവശ്യം വരുന്ന ഘട്ടത്തിലേക്കായി) ഉപയോഗിക്കാൻ എല്ലായ്‌പ്പോഴും തൊഴിൽരഹിതരായ പണിക്കാരുടെ ഒരു കരുതൽ സൈന്യത്തെ ആവശ്യമുണ്ട്. അങ്ങനെ ഒരു കരുതൽ സൈന്യം ഉണ്ടെങ്കിൽ അദ്ധ്വാനശേഷിയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ചു വർദ്ധിച്ചു നിൽക്കുകയും അതിലൂടെ തൊഴിലാളിയെ കുറഞ്ഞ വേതനത്തിന് ലഭ്യമാകുകയും ചെയ്യും.’ തൊഴിൽരഹിത പണിക്കാരുടെ കരുതൽ സൈന്യം (reserve army of labour) എന്നത് തൊഴിലെടുക്കുന്ന പണിക്കാരെപ്പോലെ തന്നെ മുതലാളിത്തത്തിന് അത്യന്താപേക്ഷിതമാണെന്ന് ചുരുക്കം. ഇന്നത്തെ കാലത്ത് നമുക്കറിയാവുന്ന പോലെ യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളികളെ തൊഴിലിടത്തിൽ നിന്നും കരുതൽ സൈന്യത്തിലേക്ക് നിരന്തരമായി മുതലാളിത്തം തള്ളിവിടുന്നു. ഇവിടെയാണ് ന്യൂറൽ ഭിന്നശേഷി എന്ന ആശയത്തിന്റെ പ്രസക്തി. ഒരാളിൽ ന്യൂറൽ ഭിന്നശേഷി ആരോപിച്ചുകഴിഞ്ഞാൽ അയാളെ കരുതൽ സൈന്യത്തിലേക്ക് തള്ളിവിടാൻ എളുപ്പമാണ്. ഒരു തൊഴിലാളിയെ തനിക്കെന്തോ ന്യൂറൽ ശേഷിക്കുറവുണ്ടെന്ന് ധരിപ്പിച്ചാൽ അയാൾ തീർത്തും പ്രതിരോധത്തിൽ ആവും എന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ ന്യൂറൽ ഭിന്നശേഷി എന്ന പാത ഉപയോഗിച്ച് മുതലാളിത്തത്തിന് അതിന് അത്യന്താപേക്ഷിതമായ ‘മിച്ച ജനസമൂഹ’ത്തെ സൃഷ്ടിക്കാം. ന്യൂറൽ ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നത് നമുക്ക് അറിയാവുന്നതാണ്; അതുകൊണ്ട് ന്യൂറൽഭിന്നശേഷിയും തൊഴിലും തമ്മിലുള്ള ഈ ബന്ധം ഒരു സമകാലികയാഥാർഥ്യമാണ് എന്ന് എടുത്തുപറയേണ്ട ആവശ്യമില്ല. ഇങ്ങനെ ‘ന്യൂറൽ ഭിന്നശേഷി’ എന്ന വർഗ്ഗീകരണത്തിൽ പെട്ടുകഴിഞ്ഞാൽ തൊഴിലാളിയെ സാധാരണയിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിക്കാനും ബുദ്ധിമുട്ടില്ല.
ന്യൂറൽ ഭിന്നശേഷി തൊഴിൽരഹിത കരുതൽ സൈന്യത്തെ നിർമ്മിക്കുന്നതിലൂടെ മുതലാളിത്തത്തെ മുന്നോട്ടു കൊണ്ടുപോവാനുള്ള ഒരു പാതയാണെന്നതിനാൽ ആ ആശയത്തെ മുതലാളിത്തം വികസിപ്പിക്കാൻ ശ്രമിക്കും എന്നത് സ്വാഭാവികം. കൂടുതൽ ആളുകളെ ന്യൂറൽ ഭിന്നശേഷി എന്ന വർഗ്ഗീകരണത്തിനകത്ത് കൊണ്ടുവന്നുകഴിഞ്ഞാൽ അവരെ ആവശ്യാനുസരണം തൊഴിലിൽ നിയമിക്കാനും അതുപോലെ തന്നെ പുറത്താക്കാനും സാധിക്കും – വേണമെങ്കിൽ ഇടയ്ക്കൊക്കെ ന്യൂറൽ ഭിന്നശേഷിക്കാർക്ക് തൊഴിൽനൽകി എന്ന് വീമ്പും പറയാം. ‘ന്യൂറൽ ഭിന്നശേഷി’ എന്ന ആശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നതിനോടൊപ്പം വികസിതമുതലാളിത്തത്തിൽ ‘ന്യൂറൽ സാധാരണത്വം’ എന്ന ആശയം ക്രമേണ ചുരുങ്ങുന്നു എന്ന് ചാപ്മാൻ സമകാലികനിരീക്ഷണങ്ങളിലൂടെ സമർത്ഥിക്കുന്നു. സമകാലിക മുതലാളിത്തത്തിലെ അധികതൊഴിൽഭാരം പലരുടെയും മാനസികനിലയെ ബാധിക്കുന്നു എന്നത് സാധാരണ തൊഴിലാളികൾക്ക് ‘ന്യൂറൽ ഭിന്നശേഷി’ എന്ന വർഗ്ഗീകരണത്തിലേക്ക് വഴിതുറക്കുകയും ചെയ്യുന്നു. ന്യൂറൽ ഭിന്നശേഷിയും മുതലാളിത്തവും തമ്മിലുള്ള സങ്കീർണ്ണവും ദൃഢവും ആയ ബന്ധത്തെ ചാപ്മാൻ തന്റെ ഗ്രന്ഥത്തിൽ ചരിത്രവായനയിലൂടെയും ഉദാഹരണങ്ങളിലൂടെയും ക്രമേണ അനാവരണം ചെയ്യുന്നു. പുസ്തകത്തിന്റെ ഒടുക്കം എത്തുമ്പോൾ സാമൂഹികവിശകലത്തിലേർപ്പെടാൻ താൽപര്യമുള്ള വായനക്കാർക്ക് ഒരു പുതിയ ദിശകൂടി തുറന്നുകിട്ടിയതായി അനുഭവപ്പെടേണ്ടതാണ്.
ഇന്നത്തെ സാങ്കേതികലോകത്ത് – പ്രത്യേകിച്ചും നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ അടങ്ങുന്ന ലോകത്ത് – മനുഷ്യൻ എല്ലായ്പോഴും സ്കോർ ചെയ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങൾ സ്കോർ ചെയ്യുന്നത് ഉപയോക്താക്കളുടെ വിഷയതാത്പര്യങ്ങൾക്കനുസൃതമായിട്ടാണെങ്കിൽ ആമസോൺ തൊഴിലിടങ്ങളിൽ കാര്യക്ഷമതയാണ് മാനദണ്ഡം. ന്യൂറൽ ഭിന്നശേഷിയുടെ മുതലാളിത്ത പ്രയോഗത്തിന് ഇത്തരം അൽഗോരിതം-അധിഷ്ഠിത സ്കോറിങ് ആകർഷകമാകേണ്ടതാണ്. ചാപ്മാൻ തന്റെ രചനയിൽ സാങ്കേതികവിദ്യയുടെ വിഷയത്തിലേക്ക് കാര്യമായി കടക്കുന്നില്ലെങ്കിലും മുതലാളിത്തം ന്യൂറൽ ഭിന്നശേഷി എന്ന ആശയത്തെ അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ സ്കോറിങ് അൽഗോരിതങ്ങളിലേക്ക് തിരിഞ്ഞേക്കും എന്ന് ന്യായമായും സംശയിക്കാം.
ലേഖകൻ എഴുതിയ മറ്റു പുസ്തക പരിചയങ്ങൾ
വീഡിയോ കാണാം
അനുബന്ധ വായനയ്ക്ക്
സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര
സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം