പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം
കേരളത്തില്‍, തലശ്ശേരിയിലെ ഒരു മധ്യവര്‍ഗകുടുംബത്തില്‍ 1897ലാണ് ജാനകി അമ്മാള്‍ ജനിച്ചത്. അന്ന് മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന ആ പ്രദേശത്തെ സബ്ജഡ്ജിയായിരുന്നു അമ്മാളുടെ അച്ഛന്‍. ആറ് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ് ജാനകി അമ്മാളിന് ഉണ്ടായിരുന്നത്. തലശ്ശേരിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനുശേഷം മദ്രാസില്‍ പോയി ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബാച്ചിലര്‍ ബിരുദവും 1921ല്‍ പ്രസിഡന്‍സി കോളജില്‍ നിന്ന് ബോട്ടണിയില്‍ ഓണേഴ്‌സ് ബിരുദവും എടുത്തു.
തുടര്‍ന്ന് മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപികയായി ചേര്‍ന്നു. ഇടയ്ക്ക് അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബാര്‍ബോര്‍ സ്‌കോളറായി പഠനം തുടങ്ങി. 1925ല്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി. ഇന്ത്യയിലേക്ക് മടങ്ങി വന്നശേഷം വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപനം തുടര്‍ന്നെങ്കിലും വീണ്ടും മിഷിഗണിലേക്ക് ആദ്യത്തെ ഓറിയന്റല്‍ ബാര്‍ബോര്‍ ഫെല്ലോ എന്ന നിലയ്ക്ക് മടങ്ങിപ്പോയി. 1931ല്‍ ഡോക്ടറേറ്റ് എടുത്തു. 1932ല്‍ കേരളത്തില്‍ മടങ്ങിയെത്തിയ ജാനകി അമ്മാള്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളജ് ഓഫ് സയന്‍സില്‍ ബോട്ടണി പ്രൊഫസറായി ചേര്‍ന്നു. 1934 വരെ അവിടെ തുടര്‍ന്നു. പിന്നീട് കോയമ്പത്തൂരില്‍ ഷുഗര്‍കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനിതകശാസ്ത്രജ്ഞയായി പ്രവര്‍ത്തനം തുടങ്ങി. 1940 മുതല്‍ 1945 വരെ ലണ്ടനിലെ ജോണ്‍ ഇന്നസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അസിസ്റ്റന്റ് സൈറ്റോളജി സ്റ്റായിരുന്നു. 1945 മുതല്‍ 1951 വരെ വിസ്ലെയിലെ റോയല്‍ ഹോര്‍ട്ടിക്കള്‍ചറല്‍ സൊസൈറ്റിയിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ക്ഷണമനുസരിച്ച് 1951ല്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ബി.എസ്.ഐ) പുനഃസംഘടിപ്പിക്കുക എന്ന ദൗത്യമാണ് ജാനകി അമ്മാളിന് ലഭിച്ചത്. അന്നു മുതല്‍ വിവിധ പദവികളിലായി അവര്‍ ഇന്ത്യാ ഗവണ്മെന്റിനു കീഴിലാണ് പ്രവര്‍ത്തിച്ചത്. അലഹാബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറിയുടെ മേധാവിയായും ജമ്മുവില്‍ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായും പ്രവര്‍ത്തിച്ചു.
ട്രോംബെയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലും ജാനകി അമ്മാള്‍ അല്‍പ്പകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് 1970ല്‍ മദ്രാസില്‍ സ്ഥിരതാമസമായത്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എമറിറ്റസ് ശാസ്ത്രജ്ഞയായി അവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. മദ്രാസ് പട്ടണത്തിനടുത്ത് മധുര കോവിലിലാണ് അമ്മാള്‍ താമസിച്ചിരുന്നത്. 1984 ഫെബ്രുവരിയില്‍ മരിക്കുന്നതുവരെയും അവര്‍ ഇവിടെതന്നെയായിരുന്നു. ഇവിടെയുള്ള യൂണിവേഴ്‌സിറ്റി സെന്ററിന്റെ ഫീല്‍ഡ് ലബോറട്ടറിയായിരുന്നു ജാനകി അമ്മാളിന്റെ പ്രവര്‍ത്തനമണ്ഡലം.
1935ല്‍ ജാനകി അമ്മാള്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെയും 1957ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടേയും ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956ല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചു. 1957ല്‍ ഇന്ത്യാഗവണ്‍മെന്റും പത്മശ്രീ നല്‍കി ജാനകി അമ്മാളെ ആദരിച്ചു. 2000ല്‍ ഇന്ത്യാഗവണ്‍മെന്റിന്റെ പരിസ്ഥിതി-വനവല്‍ക്കരണ മന്ത്രാലയം ജാനകി അമ്മാളുടെ പേരില്‍ വര്‍ഗീകരണശാസ്ത്രത്തില്‍ (taxonomy) ദേശീയ അവാര്‍ഡും ഏര്‍പ്പെടുത്തി.
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിലുള്ള കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക്, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലുള്ളവരേക്കാള്‍ സ്വാതന്ത്ര്യവും പദവിയും ലഭിച്ചിരുന്നു. ജാനകി അമ്മാളുടേതുപോലുള്ള പുരോഗമനാശയങ്ങളുള്ള കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ബൗദ്ധികവും കലാപരവുമായ കാര്യങ്ങളില്‍ പ്രോത്സാഹനം കിട്ടിയിരുന്നു. ജാനകി അമ്മാള്‍ക്കാകട്ടെ, സസ്യങ്ങളോടും പ്രകൃതിയോടുമുള്ള സ്‌നേഹവും താല്‍പര്യവും ജന്മസിദ്ധവുമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവര്‍ സസ്യശാസ്ത്രം പഠിച്ചതും മദ്രാസിലേക്ക് പോയി ആ രംഗത്ത് പ്രവര്‍ത്തിച്ചതും. പ്രസിഡന്‍സി കോളേജിലെ അധ്യാപകരുടെ സ്വാധീനം മൂലം ജാനകി അമ്മാളുടെ പ്രകൃതി സ്‌നേഹത്തിന് ശക്തിയും മൂര്‍ച്ചയും വര്‍ധിച്ചു. സസ്യങ്ങളെ അവയുടെ സ്വാഭാവികപരിസ്ഥിതിയില്‍ തന്നെ പഠിക്കാനും അവര്‍ക്ക് സാധിച്ചു.
ഒരു ജീവിതവൃത്തിയും ലക്ഷ്യവും നേടിയെടുക്കാന്‍ വേണ്ടി, പ്രത്യേകിച്ച് തന്റെ ലക്ഷ്യം നേടാന്‍ വേണ്ടി ഉള്ള നിരവധി പരീക്ഷണങ്ങള്‍ അവരുടെ ജീവിതത്തില്‍ തെളിഞ്ഞുകാണാം. ആദ്യം അവര്‍ അധ്യാപനം തെരഞ്ഞെടുത്തു. എന്നാല്‍ അതില്‍ തൃപ്തിവരാതെ ഗവേഷണത്തിലേക്ക് തിരിഞ്ഞു. സസ്യശാസ്ത്രത്തില്‍ സ്‌പെഷലൈസേഷന്‍ തെരഞ്ഞെടുക്കുന്നതില്‍ മിഷിഗണില്‍ ഉണ്ടായിരുന്ന രണ്ട് ഘട്ടങ്ങളും അമ്മാളിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായിരുന്നു. കോശവിജ്ഞാനമാണ് (cytology) അവര്‍ സ്‌പെഷലൈസേഷന് തെരഞ്ഞെടുത്തത്. അക്കാലത്ത് കോശവിജ്ഞാനശാഖയെന്നത് പ്രാഥമികമായും ന്യൂക്ലിയസ്, ക്രോമസോമുകള്‍ എന്നിവയുടെ പഠനമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് ജനിതക ശാസ്ത്രം വളര്‍ന്നുതുടങ്ങിയത്. ഗോതമ്പ്, കരിമ്പ് എന്നിവയിലുള്ള പരീക്ഷ ണങ്ങളാണ് അക്കാലത്ത് കാര്യമായി നടന്നത്. കോയമ്പത്തൂരിലെ ഷുഗര്‍ കെയിന്‍ ബ്രീഡിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സി എ ബാര്‍ബറും ടി എസ് വെങ്കട്ടരാമനുമാണ് കരിമ്പുല്‍പാദനത്തില്‍ ഗവേഷണം നടത്തിയിരുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രസിദ്ധി നേടിയ Co 419 എന്ന കരിമ്പ് വികസിപ്പിച്ചെടുത്തത് വെങ്കട്ടരാമനായിരുന്നു. വരള്‍ച്ചയെയും രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഇനമായിരുന്നു Co 419. ഇന്ത്യയുടെ എല്ലാ ഭാഗത്തും Co ഇനത്തില്‍പ്പെട്ട കരിമ്പ് കൃഷി ചെയ്തിരുന്നു. കരിമ്പ് പ്രധാനവിളയായിട്ടുള്ള മറ്റു രാജ്യങ്ങളിലും വെങ്കട്ടരാമന്റെ കരിമ്പിന് പ്രിയമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് അമ്മാള്‍ തിരുവനന്തപുരത്തെ അധ്യാപകജോലി രാജിവച്ച് കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ട പല സങ്കരവര്‍ഗങ്ങളും അമ്മാളുടേതാണ്. ഉദാ : Saccharum x zea, Saccharum x Erianhtus, Saccharum x Imperata, Saccharum x osrghum.
സങ്കരയിനത്തില്‍പ്പെട്ട കരിമ്പിന്റെയും (Saccharum officinarum) ബന്ധ പ്പെട്ട പുല്ലുവര്‍ഗങ്ങളുടെയും മുളയുടെയും കോശജനിതകശാസ്ത്രത്തില്‍ (cytogenetics)
അമ്മാള്‍ നടത്തിയ ആദ്യകാലപഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ അത് ശാസ്ത്രത്തിനായി അര്‍പ്പിച്ച ഒരു ജീവിതത്തിന്റെ തുടക്കം മാത്രമായിരുന്നു. അമ്മാള്‍ ഇംഗ്ലണ്ടില്‍ ചെലവഴിച്ച കാലത്ത് (1939-1950) പൂന്തോട്ട സസ്യവിഭാഗത്തില്‍പ്പെട്ട നിരവധി സസ്യങ്ങളുടെ ക്രോമസോം പഠനങ്ങള്‍ നടത്തി. സസ്യവര്‍ഗങ്ങളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശിയ നിരവധി പഠനങ്ങള്‍, പ്രത്യേകിച്ച് ക്രോമസോം നമ്പറുകളെക്കുറിച്ചും പ്ലോയിഡിയെക്കുറിച്ചും (ക്രോമസോം ജോഡികളെപ്പറ്റി) അവര്‍ പഠിച്ചു. 1945ല്‍ സി ഡി ഡാര്‍ലിങ്ടണോടൊപ്പം രചിച്ച ഗ്രന്ഥമാണ് ‘chromosome Atlas of cultivated Plants’. വിവിധ വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെപ്പറ്റി ജാനകി അമ്മാള്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ഈ ഗ്രന്ഥം ബൃഹത്തായൊരു വിജ്ഞാനശേഖരമാണ്.
ബഹുപ്ലോയിഡികളിലും (ഒന്നിലധികം ക്രോമസോം ജോഡികളുള്ള അവസ്ഥ) സസ്യപരിണാമത്തിലും കേന്ദ്രീകരിച്ചുള്ള ജാനകി അമ്മാളുടെ പഠനങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും തുടര്‍ന്നു. ചില പഠനങ്ങള്‍, പ്രത്യേകിച്ച്, ഔഷധസസ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ എടുത്തുപറയേണ്ടതാണ്. Solanum, Datura, Mentha, cymbopogon, Dioscorea തുടങ്ങി നിരവധി പ്രധാന വിഭാഗങ്ങളുടെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. തണുപ്പുള്ളതും വരണ്ടതുമായ വടക്കുപടിഞ്ഞാറന്‍ ഹിമാലയപ്രദേശങ്ങളെ അപേക്ഷിച്ച് തണുപ്പുള്ളതും ഈര്‍പ്പം നിറഞ്ഞതുമായ വടക്കുകിഴക്കന്‍ ഹിമാലയത്തിലെ സസ്യജാലങ്ങളുടെ ഉയര്‍ന്ന വൈവിധ്യത്തെ ബഹുപ്ലോയ്ഡിയുമായി ബന്ധപ്പെടുത്തിയത് ജാനകി അമ്മാളാണ്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സസ്യജാലങ്ങളില്‍ ചൈനീസ്, മലയന്‍ ഘടകങ്ങളുടെ സാന്നിധ്യം ഇവയും ഈ പ്രദേശത്തെ സ്വാഭാവികസസ്യങ്ങളും തമ്മിലുള്ള സങ്കരവല്‍ക്കരണത്തിലേക്ക് നയിച്ചുവെന്നും അങ്ങനെ സസ്യവൈവിധ്യത്തിന് കാരണമായെന്നും ജാനകി അമ്മാള്‍ ചൂണ്ടിക്കാട്ടി.
റിട്ടയര്‍മെന്റിനുശേഷവും ജാനകി അമ്മാളുടെ ഗവേഷണപഠനങ്ങള്‍ക്ക് ശക്തി കുറഞ്ഞില്ല. ഔഷധസസ്യങ്ങളിലേക്കും എത്‌നോബോട്ടണിയിലേക്കും അവര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും തുടര്‍ന്നു. അമ്മാള്‍ താമസിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്ന സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഫീല്‍ഡ് ലബോറട്ടറിയില്‍ ഔഷധസസ്യ ങ്ങളുടെ മനോഹരമായ ഒരു തോട്ടം അവര്‍ വളര്‍ത്തിയെടുത്തിരുന്നു. സൈറ്റോളജിയായിരുന്നു അവരുടെ മേഖലയെങ്കിലും ജാനകി അമ്മാളിന് ജനിതകശാസ്ത്രത്തിലും സസ്യപരിണാമം, ഫൈറ്റോജിയോഗ്രാഫി, എത്‌നോബോട്ടണി എന്നിവയിലും ഏറെ താല്‍പര്യമുണ്ടായിരുന്നു.
അമ്മാളുടെ ജീവിതവും പ്രവര്‍ത്തനവും നിരീക്ഷിച്ച എനിക്ക് അവരെ പറ്റിപറയാനുള്ളത് ഇതാണ് : ചെറുപ്പം മുതല്‍ക്കേ തനിക്കുവേണ്ടത് തെരഞ്ഞെടുക്കാനുള്ള ധൈര്യവും ആവശ്യമനുസരിച്ച് ദിശ മാറാനുള്ള നിപുണതയും അവര്‍ക്ക് ഉണ്ടായിരുന്നു. സസ്യങ്ങളോടും പ്രകൃതിയോടും അപാരമായ താല്‍പര്യമുണ്ടായിരുന്ന അമ്മാള്‍ തന്റെ ലക്ഷ്യങ്ങളും ജീവിതദൗത്യവും അതിനനുസൃതമായി രൂപപ്പെടുത്തി. മറ്റെല്ലാറ്റിനും മീതെ അവര്‍ അതിനെ പ്രതിഷ്ഠിക്കുകയും അവസാനശ്വാസംവരെയും അതിനെ നെഞ്ചോടുചേര്‍ത്ത് പിടിക്കുകയും ചെയ്തു. ധാന്യവിളകള്‍, പൂന്തോട്ട സസ്യങ്ങള്‍, തോട്ടവിളകള്‍, ഔഷധസസ്യങ്ങള്‍, വന്യസസ്യജാലങ്ങള്‍, ഗോത്ര ഔഷധസസ്യങ്ങള്‍… എല്ലാതരത്തിലുള്ള സസ്യങ്ങളും അവര്‍ക്ക് താല്‍പര്യമുള്ളതായിരുന്നു. കയ്യിലുള്ളതും കയ്യെത്താവുന്നതുമായ സകലതും അമ്മാള്‍ പഠനവിധേയമാക്കി. അതുതന്നെ വളരെ ഏറെയുണ്ടായിരുന്നു. ബ്രിട്ടീഷ് സസ്യങ്ങളെക്കുറിച്ച് അമ്മാള്‍ക്കുണ്ടായിരുന്ന അവഗാഹം ഉഷ്ണമേഖലാസസ്യങ്ങളെക്കുറിച്ചുള്ള വിജ്ഞാനത്തേക്കാള്‍ ഒട്ടും കുറവായിരുന്നില്ല.
ഗവേഷണത്തിനും പഠനത്തിനും വേണ്ടി ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച അമ്മാള്‍ ഏകയായി ലളിതമായി ജീവിച്ചു. ജാടയില്ലാത്ത, വിനീതയായ അമ്മാളിന് ഭൗതികമായ ആവശ്യങ്ങള്‍ വളരെ കുറവായിരുന്നു. യുദ്ധം കൊടുമ്പിരികൊണ്ട വര്‍ഷങ്ങളില്‍ അന്യദേശത്ത് പൂന്തോട്ടസസ്യങ്ങളെക്കുറിച്ചുള്ള പഠനവുമായി കഴിയാന്‍ അസാധാരണധൈര്യം തന്നെവേണം. ‘ശക്തിയാര്‍ജിച്ചുവരുന്ന കൊടുങ്കാറ്റ്’ എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച യുദ്ധകാര്‍മേഘങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉരുണ്ടുകൂടുമ്പോള്‍ എന്തിനായിരിക്കാം ജാനകി അമ്മാള്‍ സ്വന്തം രാജ്യം വിട്ട് ബ്രിട്ടനില്‍ ജോലി തേടിയത്? അവര്‍ക്ക് ബ്രിട്ടനില്‍ സഹായം ലഭിച്ചിരുന്നോ? എന്റെ ഊഹം ബ്രിട്ടനിലെ ഇന്ത്യന്‍സ്വാതന്ത്ര്യപോരാളിയും അമ്മാളിനേക്കാള്‍ ഒരു വര്‍ഷം മാത്രം കൂടുതല്‍ പ്രായമുള്ളയാളും തലശ്ശേരിയിലും മദ്രാസ് പ്രസിഡന്‍സി കോളേജിലും അവരുടെ സമകാലികനുമായിരുന്ന കൃഷ്ണമേനോന്റെ പിന്തുണ ലഭിച്ചിരിക്കാം എന്നാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായി അവര്‍ക്കുള്ള പരിചയത്തിനും മേനോനായിരിക്കാം കാരണക്കാരന്‍. എന്നാല്‍ ഇതിനൊന്നും എന്റെ കയ്യില്‍ തെളിവില്ല.
വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ജാനകി അമ്മാള്‍ തനി ഇന്ത്യക്കാരിയായിരുന്നു. അവരുടെ ജീവിതരീതി നിസ്വാര്‍ഥവും ഗാന്ധിയനുമായിരുന്നു. സേവപിടിക്കാനോ പ്രശസ്തിയില്‍ കുളിച്ചുനില്‍ക്കാനോ അവര്‍ ഇഷ്ടപ്പെട്ടില്ല. എന്നിട്ടും ബഹുമതികള്‍ അവരെ തേടിയെത്തി. മഹാന്മാരായ പലരുടെയും കാര്യം ഇങ്ങനെത്തന്നെയാണ്. 1956ല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സസ്യശാസ്ത്രത്തിലും കോശവിജ്ഞാനത്തിലും അവരുടെ സമഗ്രസംഭാവനകളെ അംഗീകരിച്ച് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചുകൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു : കൃത്യതയാര്‍ന്നതും ശ്രമകരമായതുമായ നിരീക്ഷണങ്ങള്‍ നടത്താനുള്ള ശേഷികൊണ്ട് അനുഗൃഹീതയായ ഇവരും ഇവരുടെ ക്ഷമാപൂര്‍വമായ പരിശ്രമങ്ങളും അര്‍പ്പണബോധമുള്ള ശാസ്ത്രപ്രവര്‍ത്തകര്‍ക്ക് മാതൃകയാവുന്നു. സ്വഭാവശുദ്ധിയും ശാസ്ത്രത്തോടുള്ള അഭിനിവേശവും ചേര്‍ന്ന ഹത്തായ ജീവിതം അവര്‍ സ്വയം തന്നെ സ്വീകരിച്ചതാണ്. അവരുടെ ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും നമുക്ക് അനുകരിക്കാന്‍ ഏറെയുണ്ട്.