പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഹബിള്‍ നിയമത്തിന്റെ ഉപജ്ഞാതാവ് എഡ്വിന്‍ പവല്‍ ഹബിളിന്റെ ജന്മദിനമാണ് നവംബ്ര 20. മൗണ്ട് വില്‍സണ്‍ വാനനിരീക്ഷണകേന്ദ്രത്തിലെ 100 ഇഞ്ച് ദൂരദര്‍ശിനിയിലൂടെ അദ്ദേഹം നടത്തിയ നീരിക്ഷണങ്ങളാണ് മനുഷ്യനെ പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകളിലേക്ക് എത്തിച്ചത്.
അമേരിക്കയിലെ മിസ്സൂറി സംസ്ഥാനത്തെ മാര്‍ഷ് ഫീല്‍ഡ് എന്ന സ്ഥലത്ത് വിര്‍ജീനിയ ലീ ജെയിംസിന്റെയും ജോണ്‍ പവല്‍ ഹബിളിന്റെയും മകനായി 1889 നവംബ്ര 20 നാണ് ഹബിള്‍ ജനിച്ചത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബുഹമുഖപ്രതിഭയായ കായികതാരമായാണ് അദ്ദേഹം ശ്രദ്ധേയനായത്. ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്നും 1910 ല്‍ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദം സമ്പാദിച്ച ഹബിള്‍, പിതാവിന്റെ അഭിലാഷത്തിന് വഴങ്ങി പിന്നീട് നിയമം പഠനത്തിലേക്ക് തിരിയുകയും ഓക്സ്ഫോഡില്‍ നിന്നും നിയമതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു. എന്നിരിക്കിലും നിയമരംഗത്ത് ജോലിനോക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഒരു സ്കൂള്‍ അദ്ധ്യാപകനായി പ്രവര്‍ത്തനമാരംഭിക്കുകയും പിന്നീട് പൂര്‍ണ്ണസമയ ജ്യോതിശാസ്ത്രജ്ഞനാകുകയുമാണുണ്ടായത്. ഇതിനിടയില്‍ ചിക്കാഗോ സര്‍വ്വകലാശാലയുടെ കീഴിലുള്ള യെര്‍ക്സ് ഒബ്സര്‍വേറ്ററിയില്‍ ചേരുകയും 1917 ല്‍ “ഫോട്ടോഗ്രാഫിക്ക് ഇന്‍വസ്റ്റിഗേഷന്‍സ് ഓഫ് ഫെയിന്റ് നെബുല” എന്ന വിഷയത്തില്‍ ഗവേഷണബിരുദം സമ്പാദിക്കുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച ഇക്കാലത്ത് അദ്ദേഹം അമേരിക്കന്‍ സൈന്യത്തില്‍ മേജറായും സേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ജ്യോതിശാസ്ത്ര ഗവേഷണം പുനരാരംഭിച്ചു. ആ സമയത്ത് കാര്‍ണഗി ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ കാലിഫോര്‍ണിയയിലെ പാസദേനയിലെ മൗണ്ട് വില്‍സണ്‍ ഒബ്സര്‍വേറ്ററിയുടെ സ്ഥാപക ഡയറക്ടറായ എല്ലെറി ഹെയ്ല്‍ അദ്ദേഹത്തെ ആ സ്ഥാപനത്തില്‍ ചേരുവാന്‍ ക്ഷണിക്കുകയും അവിടെ അദ്ദേഹം മരണംവരെ ജോലിനോക്കുകയും ചെയ്തു. ഇതിനിടയില്‍ രണ്ടാം ലോകമഹായുദ്ധത്തിലും അദ്ദേഹം സേവനമനുഷ്ടിച്ചു.
മൗണ്ട് വില്‍സണ്‍ ഒബ്സര്‍വേറ്ററിയിലെ 100 ഇഞ്ച് (2.5 m) ഹൂക്കര്‍ ദുരദര്‍ശിനിയിലൂടെയും ഹെയ്ല്‍ തുടക്കമിട്ടതും പിന്നീട് ഹബിള്‍ തന്നെ പൂര്‍ത്തിയാക്കിയതുമായ പലോമര്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ 200 ഇഞ്ച് (5.1 m)ഹെയ്ല്‍ ദൂരദര്‍ശിനിയിലൂടെയും ബാഹ്യാകാശത്തെ അനവധി അത്ഭുതങ്ങളാണ് ഹബിള്‍ വെളിച്ചത്തുകൊണ്ടുവന്നത്. നെബുലകളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന താല്പര്യമേഖല. ആന്‍ഡ്രോമീഡിയ നെബുല ഉള്‍പ്പെടെയുള്ള നിരവധി നെബുലകളെ നിരീക്ഷിക്കുകയും അവയുടെ പ്രത്യേകതകള്‍ പ്രവചിക്കുകയും ചെയ്തു.
1925- 29 കാലഘട്ടത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച മൂന്ന് പ്രബന്ധങ്ങള്‍ ഹബിള്‍ പ്രസിദ്ധീകരിച്ചു. അന്‍ഡ്രോമീഡ നെബുലയില്‍ നടത്തിയ നിരീക്ഷണത്തിലൂടെ അവയിലെ സെഫീദ് ചരങ്ങള്‍ കണ്ടെത്തി. ഒരു നിശ്ചിത ആവര്‍ത്തന ക്രമത്തില്‍ പ്രകാശം ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ് സെഫീദ് ചരങ്ങള്‍. സെഫീദ് ചരങ്ങളുടെ ആവര്‍ത്തനകാലവും പ്രകാശമാനവും തമ്മിലുള്ള ബന്ധം കണക്കാക്കി ആന്‍ഡ്രോമീഡയിലേക്കുള്ള ദൂരം അളന്നു. ആ നിരീക്ഷണങ്ങളാണ് ആന്‍ഡ്രോമീഡ ആകാശഗംഗയ്കു് പുറത്തുള്ള മറ്റൊരു ഗ്യാലക്സിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സഹായമായത്. 1931 -ല്‍ ആന്‍ഡ്രോമീഡയില്‍ ആകാശംഗംഗയ്ക് ഗംഗയ്ക് പുറത്തെ ആദ്യ ഗ്ലോബുലര്‍ ക്ലസ്റ്ററിനെ അദ്ദേഹം കണ്ടെത്തി.
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്കുമുന്‍പ്, പ്രപഞ്ചം എന്നത് നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗയില്‍ ഒതുങ്ങുന്നതായിരുന്നു. നിരീക്ഷണവിധേയമായ ആന്‍ഡ്രോമീഡ നെബുലയടക്കം പല നെബുലകളും ആകാശഗംഗയുടെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. അങ്ങനെ മനുഷ്യന്‍ ഹബിളിലൂടെയാണ് മില്‍ക്കിവേയ്ക് അപ്പുറത്തേക്ക് സഞ്ചരിച്ചതെന്ന് പറയാം. ഗാലക്സികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഗാലക്സികളെ സ്പൈറല്‍, എലിപ്റ്റിക്കല്‍ എന്നിങ്ങനെ രൂപത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനെ ഹബിള്‍ വര്‍ഗ്ഗീകരണം എന്നറിയപ്പെടുന്നു.
ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 1929 -ല്‍, എല്ലാ ഗാലക്സികളും പരസ്പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തി. എല്ലാഗാലക്സികളും നമ്മളില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, നമ്മളില്‍ നിന്നും ഏറ്റവും അകലെയുള്ളവ ഏറ്റവും വേഗത്തിലുമാണ് അകലുന്നത്. ഒരു ഗാലക്സിയുടെ ദൂരവും അത് അകലുന്ന നിരക്കും പരസ്പരം നേര്‍ അനുപാതത്തിലാണ്. ഇതാണ് ഹബിള്‍ നിയമം എന്നറിയപ്പെടുന്നത്. ദൂരവും വേഗവും തമ്മിലുള്ള അനുപാത സ്ഥിരാങ്കത്തെ ഹബ്ള്‍ സ്ഥിരാങ്കം എന്ന് വിളിക്കുന്നു. 46 ഗാലക്സികളുടെ ദൂരവും ചുവപ്പുനീക്കവും സംബന്ധിച്ച പഠനങ്ങളാണ് ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒരു ഗ്യാലക്സിയില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ ചുവപ്പുനീക്കം അളന്നാല്‍ അതിന്റെ ചലനവേഗതയും അതില്‍ നിന്ന് ദൂരവും കണക്കാക്കുന്നതിന് ഹബിള്‍ നിയമം ഉപയോഗിക്കാം. വിദൂരഗാലക്സികളുടെ അകലം കണക്കാക്കുകന്നതിന് ഈ മാര്‍ഗ്ഗമാണ് ഉപയോഗിക്കുന്നത്.
അകലെയുള്ള, അതിവേഗത്തില്‍ അകന്നുകൊണ്ടിരിക്കുന്ന ഗ്യാലക്സികളില്‍ നിന്നും പ്രകാശം നമ്മുടെ നിരീക്ഷണത്തിലേക്ക് എത്തില്ല എന്നും അദ്ദേഹം അനുമാനിച്ചു. ഏകദേശം 1300 കോടി പ്രകാശവര്‍ഷം അപ്പുറമുള്ള ഗ്യാലക്സികളില്‍ നിന്നും ഇപ്രകാരം പ്രകാശം നമ്മിലേക്കെത്തില്ലെന്ന് അദ്ദേഹം കണക്കാക്കി. ദൃശ്യപ്രപഞ്ചത്തിന്റെ “ഹബിള്‍ വ്യാസാര്‍ദ്ധം” എന്ന് ഈ ദൂരം അറിയപ്പെടുന്നു.
വേഗത്തില്‍, പരസ്പരമുള്ള ഗ്യാലക്സികളുടെ ഈ അകല്‍ച്ചയെ തിരിച്ചിട്ടാല്‍ പ്രപഞ്ചം കൂടുതല്‍ കൂടുതല്‍ ചെറുതായി വരുകയും ഒരു കേന്ദ്രത്തില്‍ സാന്ദ്രീകൃതമായിരുന്നുവെന്ന് തെളിയുകയും ചെയ്യും. അതായത് 1927 – ല്‍ ഹബിള്‍ നിയമം പ്രഖ്യാപിക്കുന്നതിനും മുന്‍പ് ജോര്‍ജ്ജസ് ലെമെയ്‌ത്തറും ഗാമോവും ചേര്‍ന്ന് അവതരിപ്പിച്ച മഹാവിസ്ഫോടന സിദ്ധാന്തത്തിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് ഹബിള്‍ നിയമത്തിലൂടെ വെളിപ്പെട്ടതെന്ന് ചുരുക്കം.
ഹബിളിന്റെ നേതൃത്വത്തില്‍ പലോമര്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചതും അക്കാലത്തെ ഏറ്റവും വലിയ ദൂരദര്‍ശിനിയുമായിരുന്ന 200 ഇഞ്ച് ദൂരദര്‍ശിനിയിലൂടെയും അദ്ദേഹം ആകാശനിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 1948 – 53 കാലത്തെ ഈ നിരീക്ഷണങ്ങളിലൂടെ വിദൂരഗ്യാലക്സികളുടെ വിതരണവും ഏതാണ്ട് ഒരേപോലെയാണെന്നും പ്രപഞ്ചത്തിലെ പദാര്‍ത്ഥ വിതരണം ഏകസമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. “1373 സിന്‍സിനാറ്റി” എന്ന ഛിന്നഗ്രഹത്തെ (ആസ്റ്ററോയിഡ്) അദ്ദേഹം കണ്ടെത്തി.
1924 ല്‍ ഗ്രേസ് ബ്രൂക്ക് ലൈബിനെ അദ്ദേഹം വിവാഹം കഴിച്ചു. മസ്തിഷ്കാഘാത്തതെ തുടര്‍ന്ന് 1953-ല്‍ പസാദേനയില്‍വെച്ച് ഹബിള്‍ മരണപ്പെട്ടു. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസിയായിരുന്ന ഹബിള്‍ പില്‍ക്കാലത്ത് ഒരു അജ്ഞേയവാദിയായി മാറി. മൂന്നു ദശാബ്ദത്തിന് ശേഷം ജ്യോതിശാസ്ത്രജ്ഞര്‍ രൂപകല്പന ചെയ്തതും ഏറ്റവും ബൃഹത്തുമായ ബാഹ്യാകാശ ദൂരദര്‍ശനിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കപ്പെട്ടു.
[divider]