Read Time:10 Minute


സന്ദീപ് പി.

നിങ്ങള്‍ എങ്ങനെയാണ് പാട്ട് കേള്‍ക്കുന്നത്?

കൈയ്യില്‍ ഒരു സിനിമ കൊട്ടക തന്നെ കൊണ്ട് നടക്കുന്ന ഈ കാലത്ത് ഇതെന്ത് ചോദ്യമാണെന്നാകും നിങ്ങള്‍ കരുതുന്നുണ്ടാവുക! എന്നാല്‍, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ടേപ്പ് റെക്കോഡ് പ്ലയറില്‍ നമുക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് കേള്‍ക്കാന്‍ എത്ര ‘പണിയെടുക്കണം’ എന്നൊന്ന് ആലോചിച്ച് നോക്കൂ. അപ്പോള്‍ ഇരുന്നൂറ് വര്‍ഷം മുമ്പത്തെ കഥയെന്താണ്? ശബ്ദലേഖനത്തെ കുറിച്ച് അന്ന് ശാസ്ത്രജ്ഞര്‍ പോലും ചിലപ്പോള്‍ ചിന്തിച്ചു കാണില്ല. 1877 ഡിസംമ്പര്‍ 6 നാണ് ശബ്ദത്തെ എഴുതി സൂക്ഷിച്ച്, ആവശ്യമുള്ളപ്പോള്‍ പുനര്‍ സൃഷ്ടിക്കാവുന്ന ഒരു യന്ത്രം ഉണ്ടാക്കുന്നതില്‍ അമേരിക്കന്‍ ഉപജ്ഞാതാവും വ്യവസായിയുമായ തോമസ് ആല്‍വ എഡിസന്‍ ‘ഏറെക്കുറേ’ വിജയിച്ചത്. ഫോണോഗ്രാഫ് (phonograph) എന്നാണ് അന്ന് കണ്ടെത്തിയ യന്ത്രത്തിന്റെ പേര്.

എഡിസന്റെ ഫോണോഗ്രാഫ് 

ശബ്ദലേഖനം നടത്താന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 1876 ല്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍, ടെലഫോണ്‍ കണ്ടുപിടിച്ചതോടെയാണ് ശബ്ദത്തിന് രൂപമാറ്റം വരുത്തി ഉപയോഗിക്കാം എന്ന സാദ്ധ്യത തെളിഞ്ഞത്. ടെലഗ്രാഫ് മെഷീനിലെ അക്ഷരങ്ങളെ ഒരു പേപ്പറിലേക്ക് പകര്‍ത്തിയെടുക്കുന്നതിനുള്ള പരീക്ഷണത്തിനിടയിലാണ് തോമസ് ആല്‍വ എഡിസന്‍ ഇത്തരത്തില്‍ ശബ്ദത്തെ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയത്. ടെലഫോണ്‍ മൌത്ത് പീസിന്റെ ഡയഫ്രത്തിലുണ്ടാകുന്ന പ്രകമ്പനങ്ങളെ ഒരു സൂചി ഉപയോഗിച്ച് ഒരു മെഴുക് കടലാസിലോ ഒരു ടിന്‍ ഫോയലിലോ രേഖപ്പെടുത്താമെന്നും അതേ പാടുകളിലൂടെ സൂചി സഞ്ചരിക്കുമ്പോള്‍ ഡയഫ്രത്തില്‍ നിന്നും ആതേ ശബ്ദം ഉണ്ടാക്കാമെന്നും എഡിസന്‍ കണ്ടെത്തി. ഇത്തരത്തില്‍ ഒരു യന്ത്രം ഉണ്ടാക്കുന്നതിനുള്ള രേഖാചിത്രം എഡിസന്‍ തന്റെ മെക്കാനിക്ക് ആയ ജോണ്‍ ക്രുവേസി (John Kruesi) യെ ഏല്‍പ്പിച്ചു. വളരെ വേഗം തന്നെ ജോണ്‍ അത്തരത്തിലൊരു യന്ത്രം നിര്‍മ്മിച്ചു. അതിന്‍റെ ഡയഫ്രത്തില്‍ എഡിസന്‍ പ്രസിദ്ധമായ Mary had a little lamb എന്ന കുട്ടിപ്പാട്ട് പാടി. ആ വരികള്‍ ഒരു ടിന്‍ഫോയലില്‍ ആലേഖനം ചെയ്യപ്പെട്ടു. ആ ടിന്‍ഫോയലിലൂടെ യന്ത്രത്തിന്‍റെ സൂചി ചലിപ്പിച്ചപ്പോള്‍ എഡിസനെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് യന്ത്രം അത്ര വ്യക്തമല്ലാതെ ആ പാട്ട് പാടി. അങ്ങനെ ആദ്യമായി മനുഷ്യ ശബ്ദം റെക്കോര്‍ഡ് ചെയ്തത് തിരികെ കേള്‍പ്പിക്കുന്നതില്‍ മെന്‍ലോ പാര്‍ക്കിലെ ആ മാന്ത്രികന്‍ വിജയിച്ചു.

എഡിസൻ നിർമ്മിച്ച രണ്ടാമത്തെ ഫോണോഗ്രാഫുമായി- ഏപ്രിൽ 1878 കടപ്പാട് വിക്കിപീഡിയ

സംസാരിക്കുന്നതിനുള്ള ഒരു ഭാഗവും (Mouth piece) അതിനോട് ചേര്‍ന്നൊരു ഡയഫ്രവും ഒരു സൂചിയും തിരശ്ചീനമായി ഒരു ഇരുമ്പ് ദണ്ഡില്‍ ഘടിപ്പിച്ചിട്ടുള്ള ലോഹ സിലിണ്ടറും അതിന് മുകളില്‍ ഒരു ടിന്‍ഫോയിലും. ഇത്രയുമാണ് എഡിസന്‍ നിര്‍മ്മിച്ച ഫോണോഗ്രാഫിന്‍റെ ശബ്ദലേഖനം നടത്തുന്ന ഭാഗം. ഈ ടിന്‍ഫോയിലിന് മുകളിലുടെ ചലിക്കാവുന്ന പാകത്തില്‍ ഘടിപ്പിച്ചിട്ടുള്ള സൂചിയും ഒരു ഡയഫ്രമും അടങ്ങുന്ന മറുഭാഗത്തു കൂടിയാണ് ശബ്ദം പുറപ്പെടുവിക്കുന്നത് (Ear piece).

എഡിസനെന്ന വ്യവസായി

ജനങ്ങള്‍ക്ക് ഉപകാരമുള്ള, വില്ക്കാന്‍ സാധിക്കുന്ന വസ്തുക്കളേ കണ്ടെത്തുകയുള്ളൂ എന്ന് എഡിസന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. കണ്ടെത്തിയ ഉപകരണങ്ങളെ നല്ല രീതിയില്‍ വില്പന നടത്തി പണമുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളും എഡിസന് നിശ്ചയമുണ്ടായിരുന്നു. താന്‍ കണ്ടെത്തിയ ഫോണോഗ്രാഫുമായി എഡിസന്‍ Scientific American എന്ന മാസികയുടെ ഓഫീസില്‍ പോയി യന്ത്രത്തിന്‍റെ പ്രവര്‍ത്തനം വിശദീകരിച്ചു. 1877 ഡിസംബര്‍ 22 ന് ഇറങ്ങിയ മാസികയില്‍ The Talking Phonograph എന്ന ലേഖനം പ്രസിദ്ധീകരിച്ചു വന്നു. ആ സചിത്ര ലേഖനത്തില്‍ ഫോണോഗ്രാഫിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.

THE TALKING PHONOGRAPH

‘’ Mr. Thomas. A. Edison recently came into this office, placed a little machine on our desk, turned a crank, and the machine inquired as to our health, asked how we liked the phonograph, informed us that it was very well, and bid us a cordial good night.. ’’(ഇന്ന് ഈ ഓഫീസിലേക്ക് മി. തോമസ് എ എഡിസന്‍ കടന്ന് വന്ന്, മേശപ്പുറത്ത് ഒരു ചെറിയ യന്ത്രം വെച്ച് അതിന്റെ ഇരുമ്പ് ദണ്ഡ് കറക്കിയപ്പേള്‍ അത് ഞങ്ങളോട് ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചും, ഫോണോഗ്രാഫ് ഇഷ്ടപ്പെട്ടോ എന്നും അന്വേഷിച്ചു. ഞങ്ങള്‍ക്ക് ശുഭരാത്രിയും നേര്‍ന്നു.)

സംസാരിക്കുന്ന ഈ അത്ഭുതയന്ത്രത്തിന് പത്രമാധ്യമങ്ങളിലൂടെ നല്ല പ്രചരണവും ലഭിച്ചു. സ്റ്റനോഗ്രാഫറില്ലാതെ ഓഫീസ് കാര്യങ്ങള്‍ എഴുതിയെടുക്കാമെന്നും മരിച്ച് പോയവരുടെ ശബ്ദം സൂക്ഷിച്ച് വെക്കാമെന്നുമുള്ള പല മേന്മകളും ഫോണോഗ്രാഫ് കൊണ്ടുണ്ടെന്ന് എഡിസന്‍ പരസ്യപ്പെടുത്തി.

ഫോണോഗ്രാഫ് നിര്‍മ്മിക്കുന്നതിനായി The Edison Speaking Phonograph Company എന്നൊരു സ്ഥാപനം 1878 ജനുവരി 24 ന് എഡിസണ്‍ തുടങ്ങി. എന്നാലും എഡിസന്‍റെ ഫോണോഗ്രാഫിന് ന്യൂനതകള്‍ പലതുണ്ടായിരുന്നു. ആ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ല സാങ്കേതിക പരിജ്ഞാനം ആവശ്യമായിരുന്നു. ടിന്‍ഫോയില്‍ പെട്ടെന്ന് കേടുവന്ന് പോകുന്നതുമായിരുന്നു. ഇങ്ങനെയൊക്കയാണെങ്കിലും ഫോണോഗ്രാഫ് വില്പനയില്‍ നിന്ന് വലിയ തുക ലാഭമുണ്ടാക്കാനും ആദ്യകാലങ്ങളില്‍ എഡിസന് കഴിഞ്ഞു.

എഡിസന്റെ ഫോണോഗ്രാഫ് പേറ്റന്റ് പേപ്പറിലെ ചിത്രീകരണം- മെയ് 18, 1880 കടപ്പാട് വിക്കിപീഡിയ

ചില കൂട്ടിച്ചേര്‍ക്കലുകള്‍ 

ലിയോൺ സ്കോട്ട് (Edouard-Léon Scott de Martinville) എന്ന ഫ്രഞ്ച് ഉപജ്ഞാതാവ് 1857 ല്‍ ശബ്ദ ലേഖനം നടത്താന്‍ സാധിക്കുന്ന ഒരു ഉപകരണം (ഫോണാറ്റോഗ്രാഫ്) കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് ശബ്ദത്തെ  പുന:സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാൽ അന്ന് ശബ്ദ ലേഖനം നടത്തിയത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കേൾക്കാൻ സാധിച്ചിട്ടുണ്ട്.

ഒരു ഗ്രാമഫോൺ പരസ്യം

ഫ്രഞ്ച് എഴുത്തുക്കാരനും ഉപജ്ഞാതാവുമായ ചാള്‍സ് ക്രോസ് (Charles Cros) 1877 ഏപ്രില്‍ 30 ന് ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സസിന് സമര്‍പ്പിച്ച മുദ്രവെച്ച രേഖകളില്‍ ഇത്തരത്തിലുള്ള (പാലിയോഫോണ്‍ എന്ന) ഒരു യന്ത്രത്തെ കുറിച്ചുള്ള വിവരണങ്ങളും പ്രവര്‍ത്തന രീതിയുടെ വിശദീകരണവും ഉണ്ടെന്നും എന്നാല്‍ അദ്ദേഹം അത്തരത്തിലുള്ള ഒരു യന്ത്രം നിര്‍മ്മിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. 1877 ഡിസംബര്‍ നാലാം തിയതി വരെ എഡിസണ്‍ ഇത്തരത്തില്‍ ഒരു യന്ത്രം ഉണ്ടാക്കിയിട്ടില്ലെന്നും പിന്നീട് രണ്ട് ദിവസം കൊണ്ടാണ് ഈ യന്ത്രം നിര്‍മ്മിച്ചതെന്നാണ് എഡിസന്‍റെ ഒരു സഹായിയുടെ ഡയറിക്കുറിപ്പില്‍ പറയുന്നത്. ഈ സംഭവം നടന്നത് 1877 ആഗസ്റ്റ് 12 നാണെന്നും എന്നാല്‍ ഡിസംബര്‍ 24 വരെ എഡിസന്‍ തന്‍റെ ഫോണോഗ്രാഫിന് പേറ്റന്‍റിന് അപേക്ഷിച്ചിരുന്നില്ല എന്നൊരു വാദം നിലനില്ക്കുന്നുണ്ട്.

തര്‍ക്കങ്ങളും വാദങ്ങളും എന്ത്തന്നെയോ ആയിക്കോട്ടെ, ഇനി മൊബൈലിലോ ടിവിയിലോ ഒരു പാട്ടു കേള്‍ക്കുമ്പേള്‍ എഡിസന്‍റെ ഫോണോഗ്രാഫിനെയും അത്രതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റ് ശാസ്ത്രകാരന്മാരെയും അവരുടെ സ്വനഗ്രാഹികളെയും നമുക്ക് ഓര്‍ക്കാം. 


1877 ലെ എഡിസന്റെ ശബ്ദശകലം-  ടിൻ ഫോയിൽ റെക്കോർഡിൽ നിന്നും വീഡിയോ കാണാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post വാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?
Next post എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?
Close