Read Time:21 Minute
Asif
ഡോ. എം. മുഹമ്മദ് ആസിഫ്

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ജൂൺ 5 -ന് ലോകമെങ്ങും പരിസ്ഥിതിദിനമായി ആചരിക്കുകയാണ്. ‘ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (Ecosystem restoration) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന സന്ദേശം. ഈ പ്രമേയത്തിലൂന്നി  2030- വരെ ഒരു ദശകം നീളുന്ന പ്രവർത്തനങ്ങളാണ് യു. എൻ.  ലക്ഷ്യം വെയ്ക്കുന്നത്.ശാസ്ത്രലോകത്തിന് ഇതുവരെ പൂർണ്ണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസ്സിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച കോവിഡ്-19 അതിജീവിക്കാനും അതിജയിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടം തുടരുന്ന കഠിനകാലത്ത് ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിനചിന്തയ്ക്ക് ആഴവും അർത്ഥതലങ്ങളും ഏറെയുണ്ട്.

കോവിഡിന് കാരണമായ സാര്‍സ്-കോവ് -2 വൈറസ് ഉൽഭവിക്കപ്പെട്ട സ്രോതസ്സ് ഏതെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും വന്യമൃഗങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്നതായി കരുതുന്ന ഒരു  വൈറസ്‌ വകഭേദം മനുഷ്യരിലേക്ക് എത്തി പാന്‍ഡെമിക്കായി പടര്‍ന്ന് പിടിച്ചതിന്‍റെ പിന്നിൽ പരിസ്ഥിതി നശീകരണം, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന്കയറല്‍, ആവാസവ്യവസ്ഥ നശിപ്പിക്കല്‍ ,വന്യമൃഗങ്ങളെ വേട്ടയാടല്‍, അവയെ പിടികൂടി വിപണനം നടത്തല്‍, ആഹാരമാക്കല്‍ തുടങ്ങിയ അനവധി കാരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അനേകം ശാസ്ത്രപഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. സാര്‍സ്-കോവ് -2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദത്തെയും ചോർച്ചസിദ്ധാന്തത്തെയും ലോകാരോഗ്യസംഘടന തള്ളിയ വസ്തുതയും ഇതോടൊപ്പം ചേർത്ത് വായിക്കുക. കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഇടനിലയായി വർത്തിച്ച ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്.

കോവിഡ്-19 മാത്രമല്ല, വന്യമൃഗങ്ങളിൽ നിന്നും പടർന്ന് മഹാമാരികളായി പരിണമിച്ച ആരോഗ്യവെല്ലുവിളികൾക്ക് കഴിഞ്ഞ അരപ്പതിറ്റാണ്ടിനിടയിൽ മാത്രം ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ആഗോളമായി ഭീതിയുയര്‍ത്തിയ കോഗോ പനിയും, എബോളയും, മെര്‍സ് കൊറോണയും, സാര്‍സ് കൊറോണയും, നിപയും, സിക്കയും, ഹെനിപയും , മാർബെർഗും  ഈ പട്ടികയില്‍ ഉള്‍പ്പെട്ട ജന്തുജന്യ (സൂനോട്ടിക് ) പകര്‍ച്ചവ്യാധികളാണ്. ഈ  മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കൾ ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്കെത്തിയതിന്‍റെ വഴികള്‍ അന്വേഷിച്ചാല്‍ പരിസ്ഥിതിനശീകരണത്തിന്‍റെയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റത്തിന്റെയും ആവാസവ്യവസ്ഥ നശിപ്പിച്ചതിന്‍റെയുമെല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. വരും ഭാവിയിൽ ഭീഷണിയായേക്കാവുന്ന ആരോഗ്യവെല്ലുവിളികളുടെ ഫലപ്രദപ്രതിരോധത്തിനായുള്ള വഴി തേടേണ്ടതും പദ്ധതികൾ രൂപപ്പെടുത്തേണ്ടതും ഈ അന്വേഷണത്തിൽ  നിന്നും കണ്ടെത്തലുകളിൽ നിന്നുമാണ്.

ആവാസവ്യവസ്ഥകളുടെ നശീകരണവും മഹാമാരികളുടെ ആവിർഭാവവും- രോഗാണുചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ

വനങ്ങളിലെ വലിയ മരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന സ്റ്റെറോപസ് ജീനസ്സിലെ വലിയ പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണമായിരുന്നു നിപ വൈറസിനെ മനുഷ്യരിൽ എത്തിച്ചത്. നിപ വൈറസ് രോഗം ആദ്യമായി സ്ഥിരീകരിച്ച 1998- 1999 ന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽനിനോ എന്നകാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. വനനശീകരണവും വരള്‍ച്ചയും കാരണം ആവാസവ്യവസ്ഥ നഷ്ടമായ വവ്വാലുകൾ തീരപ്രദേശങ്ങളിൽ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. ഒരേ ചുറ്റുപാടിൽ നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായതോടെ വവ്വാലുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന അനേകം വൈറസുകളിൽ ഒന്നായ നിപ വൈറസുകൾ വളർത്തു പന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് നിപ മനുഷ്യരിൽ എത്തിയ വഴികണ്ടെത്താൻ വേണ്ടി നടത്തിയ വർഷങ്ങൾ നീണ്ട പഠനങ്ങൾ സംശയലേശമന്യേ വ്യക്തമാക്കുന്നു. മലേഷ്യയിലെ സംസ്ഥാനങ്ങളിൽ ഒന്നായ പെറാക്കിലെ ഐഫ് പ്രദേശത്തോട് ചേർന്ന് ഉണ്ടായ ആദ്യ നിപ രോഗവ്യാപനത്തിൽ 105 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. 
 
എയിഡ്സിന് കാരണമായ ഹ്യൂമന്‍ ഇമ്യുണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (എച്ച്. ഐ. വി.) ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരില്‍ എത്തിയത്. വനത്തിനുള്ളിൽ കടന്ന് ചിമ്പാന്‍സികളെ വേട്ടയാടുകയും അവയുടെ മാംസം ആഹാരമാക്കുകയും ചെയ്‌തതായിരുന്നു വൈറസിനെ മനുഷ്യരില്‍ എത്തിച്ചത്. 2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തിയ സാര്‍സ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരിനം വെരുകുകളിലേക്കും വെരുകിനെ പിടികൂടി വിപണനം നടത്തുകയും ആഹാരമാക്കുകയും ചെയ്ത  മനുഷ്യരിലേക്കുമായിരുന്നു പകർന്നത്.  2012 – ല്‍ ആദ്യമായി സൗദി അറേബ്യയില്‍ കണ്ടെത്തിയ മെര്‍സ് കൊറോണ രോഗം എത്തിയതാകട്ടെ ഈജിപ്ഷ്യന്‍ വവ്വാലുകളില്‍ നിന്നും ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമായിരുന്നു. ആഫ്രിക്കയിലെ  നിന്നും പരീക്ഷണത്തിനായി ജർമനിയിലെ മാർബർഗ് പട്ടണത്തിലെ ഗവേഷണ കേന്ദ്രത്തിൽ എത്തിച്ച കുരങ്ങുകളിൽ (ആഫ്രിക്കൻ ഗ്രീൻ മങ്കി ) നിന്നായിരുന്നു മാർബർഗ് ഹെമറേജിക് ഫീവറിന് കാരണമായ മാർബർഗ് വൈറസുകൾ ആദ്യമായി മനുഷ്യരിൽ എത്തിയത്.
റീസസ് കുരങ്ങുകൾക്കും കൊതുകുകൾക്കുമിടയിൽ മാത്രം ഒതുങ്ങിനിന്ന്  ജീവിതചക്രം പൂർത്തിയാക്കിയിരുന്ന ഫ്ലാവി വൈറസ് കുടുംബത്തിലെ സിക വൈറസുകൾക്ക് മനുഷ്യശരീരത്തിലേയ്ക്കുള്ള വ്യാപനം എളുപ്പമാക്കിയത് വനവ്യൂഹങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവും വനനശീകരണവും അതിവേഗത്തിലുള്ള നഗരവൽക്കരണവുമായിരുന്നു. ഉഗാണ്ടയിൽ സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുളള കൊതുകുകളാണ്  വൈറസ് വാഹകർ .  മനുഷ്യരിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് 1954-ൽ നൈജീരിയയിലാണ്.  അതിനുശേഷം ആഫ്രിക്കയിലും തെക്കൻ എഷ്യയിലും ഭൂമധ്യരേഖയുടെ സമീപപ്രദേശങ്ങളിലും രോഗമെത്തി.  2007 – ൽ ആദ്യമായി മൈക്രോനേഷ്യയിലാണ് രോഗം വ്യാപകമായി പടർന്നത്. ഏറെ താമസിയാതെ അമേരിക്കൻ വൻകരകളിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും രോഗം പടർന്നു. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2-ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരുന്നു . കൊതുകുകൾ വഴി പകരുന്ന  യെല്ലോ ഫീവര്‍,  ജപ്പാജ്വരം, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകളും സിക്ക വൈറസ് ഉൾപ്പെടുന്ന ഫ്ലാവി വൈറസ് കുടുംബത്തിൽ ഉൾപെടുന്നവയാണ്.
എബോള സൈക്കിൾ
അതീവജാഗ്രത പുലർത്തേണ്ട രോഗമായും ഒരു ആഗോള ആരോഗ്യ എമെർജിസിയായും ലോകാരോഗ്യസംഘടന  പ്രഖ്യാപിച്ച മറ്റൊരു രോഗമാണ് എബോള ഹേമേറജിക് ഫീവർ (എബോള വൈറസ് രോഗം ,ഇ.വി.ഡി.) വവ്വാലുകളിൽ നിന്നും വേട്ടയാടി വീഴ്ത്തി ആഹരിച്ച ഗൊറില്ല ,ചിമ്പാൻസി തുടങ്ങിയ ആൾകുരങ്ങുകളിൽ നിന്നുമാണ് എബോള വൈറസ് മനുഷ്യരിൽ എത്തിയത്. ഏറ്റവുമൊടുവിൽ ആഫ്രിക്കയിലുണ്ടായ രോഗവ്യാപനത്തിൽ മരണനിരക്ക് ശരാശരി 50 ശതമാനം വരെയായിരുന്നു. 1976-ൽ തന്നെ തെക്ക് സുഡാനിലും,ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും എബോള കണ്ടെത്തിയിട്ടുണ്ട്. 1976-മുതൽ ഇന്നേ വരെയുള്ള എബോള രോഗത്തിന്റെ വ്യാപനരീതി പരിശോധിച്ചാൽ ഭൂരിഭാഗം ആരംഭ കേസുകളും (ഇൻഡക്സ്) ഖനനമുൾപ്പടെയുള്ള ആവശ്യങ്ങൾക്കായി വനശീകരണവും ആൾകുരങ്ങുവേട്ടയും വ്യാപകമായി നടന്ന ആഫ്രിക്കയിലെ പ്രദേശങ്ങളോട് ചേർന്നായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന് 1994-1995 കാലഘട്ടത്തിൽ ഗാബണിൽ എബോള പൊട്ടിപുറപ്പെട്ടത് ഇവിൻഡോ നദിയൊഴുകുന്ന മഴക്കാടുകൾക്കുള്ളിലെ സ്വർണ്ണഖനികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കിടയിലായിരുന്നു. അതേ വർഷം ഗാബണിൽ ഉണ്ടായ മറ്റൊരു എബോള വ്യാപനം ചിമ്പാൻസിയെ വേട്ടയാടി ഭക്ഷിച്ച ആളുകൾക്കിടയിലായിരുന്നു. മനുഷ്യരിൽ എത്തിയ എബോള വൈറസുകൾ അതിവേഗത്തിലാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പടർന്നത്.ഏറ്റവും വലിയ എബോള രോഗവ്യാപനം ഉണ്ടായത് 2013  – 2016  കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിലാണ്. ഈ രോഗവ്യാപനത്തിൽ മാത്രം 28,000 ത്തിൽ അധികം ആളുകൾ എബോള രോഗബാധിതരാവുകയും 11,000-ത്തിൽ അധികം രോഗികൾക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി.
ബൊറീലിയ ജനുസ്സില്‍പ്പെട്ട ബൊറീലിയ ബുഗ്ഡോര്‍ഫറി  ബാക്ടീരിയകള്‍ കാരണമുണ്ടാവുന്ന ലൈം ഡിസീസ് പട്ടുണ്ണികളുടെ കടിയേല്‍ക്കുന്നതു വഴിയാണ് പകരുന്നത്. മാന്‍ ചെള്ള് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇക്സോഡസ് കാപുലാരിസ് എന്ന പട്ടുണ്ണികളാണ് ബാക്ടീരിയകളെ വന്യമൃഗങ്ങളിൽ നിന്ന്  മനുഷ്യരിലേക്ക് പടര്‍ത്തുന്നതില്‍ പ്രധാനി.  അമേരിക്കയിൽ  വലിയതോതിൽ  വനനശീകരണവും വനമേഖലയിലേക്കുള്ള കടന്നുകയറ്റവും  നടന്ന പ്രദേശങ്ങളില്‍ ലൈം രോഗം വളരെ വ്യാപകമാണ് . അമേരിക്കയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തോളം ആളുകൾക്കും യൂറോപ്പിൽ അറുപത്തിയഞ്ചായിരത്തോളം ആളുകൾക്കും ലൈം രോഗം പിടിപെടാറുണ്ടെന്നാണ് കണക്ക് . കേരളത്തില്‍ വയനാട്ടില്‍ 2013 മാര്‍ച്ചിൽ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വനനശീകരണത്തിന്റെയും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി നശിപ്പിച്ചതിന്‍റെയും ഫലമായി ജന്തുജന്യമഹാമാരികൾ പൊട്ടിപുറപ്പെട്ടതിന്റെ ഉദാഹരണങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്. പശ്ചിമഘട്ട വനമേഖലയില്‍ ഉണ്ടായ മനുഷ്യഇടപെടലുകളാണ് 1957- ല്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലെ ക്യാസനൂര്‍ വനമേഖലയില്‍ കുരങ്ങുപനി / ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്  (കെ.എഫ്.ഡി.) പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. രോഗാണുവിന്റെ സ്രോതസ്സായ കുരങ്ങുകളുടെ ശരീരത്തില്‍ വ്യാപകമായി കാണുന്ന ഒരിനം പട്ടുണ്ണികളായിരുന്നു കെ.എഫ്.ഡി. വൈറസുകളെ മനുഷ്യരിലേക്കെത്തിച്ചത്. വനത്തിൽ വെച്ച് വൈറസുകളുടെ വാഹകരായ ഈ പട്ടുണ്ണികളുടെ കടിയേല്‍ക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തും. 1957- മുതല്‍ 2006 വരെ കര്‍ണ്ണാടകയിൽ മാത്രം ഒതുങ്ങി നിന്ന കുരങ്ങുപനി പിന്നീട് പശ്ചിമഘട്ടമേഖലയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. ഇന്ന് പശ്ചിമഘട്ടത്തിലെ  വനമേഖലകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും ഓരോവര്‍ഷവും അഞ്ഞൂറിൽ അധികം കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കെ.എഫ്.ഡി. രോഗത്തിന് സമാനമായ പട്ടുണ്ണി പരാദങ്ങള്‍ വഴി പകരുന്ന നിരവധി വൈറസ് രോഗങ്ങള്‍ ലോകത്തിന്‍റെ പലയിടങ്ങളില്‍ വനമേഖലയോട് ചേർന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യയില്‍ കണ്ടെത്തിയ പട്ടുണ്ണികള്‍ വഴി പകരുന്ന റഷ്യന്‍ സ്പ്രിംഗ് സമ്മര്‍ എന്‍സഫലൈറ്റിസ്    (Tick-borne encephalitis/TBE/ Russian Spring Summer encephalitis virus ) രോഗവുമായാണ്  കെ.എഫ്.ഡി. ക്ക് ഏറ്റവും സമാനത. സൈബീരിയയില്‍ കണ്ടെത്തിയ   ഓംസ്ക് ഹെമറോജിക് ഫീവര്‍  ( Omsk hemorrhagic fever )   രോഗവുമായും കുരങ്ങുപനിയ്ക്ക് സാമ്യതയുണ്ട്. 1990 -കളില്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയ അല്‍ ഖുറുമ ഹെമറാജിക് ഫീവര്‍ (Alkhurma hemorrhagic fever) എന്ന വൈറസ് രോഗവുമായും കെ.എഫ്.ഡി. ക്ക് സമാനതകളില്‍ ഉണ്ട്. ഓര്‍ണിത്തോഡോറസ് സാവിഗ്നായി (  Ornithodoros savignyi ) എന്ന് പേരായ പട്ടുണ്ണികള്‍ വഴിയായിരുന്നു ഒട്ടകങ്ങളില്‍ നിന്നും വൈറസുകൾ മനുഷ്യരിലേക്കെത്തിയത്. കെ.എഫ്.ഡി., റഷ്യന്‍ സമ്മര്‍ സ്പ്രിംഗ് എന്‍സഫലൈറ്റിസ്, അല്‍ ഖുറുമ ഹെമറോജിക് ഫീവര്‍ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാവുന്ന വൈറസുകള്‍ ഫ്ളാവി വൈറിഡെ എന്ന വൈറസ് കുടുംബത്തില്‍പ്പെട്ടവയാണ്.
മഹാമാരികളുടെ ഉൽഭവവും ആവാസവ്യവസ്ഥയുടെ നശീകരണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് രോഗാണുക്കളുടെ ഈ ആവിർഭാവചരിത്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  . ജന്തുജന്യരോഗങ്ങളുടെ ഉൽഭവവും ആവാസവ്യവസ്ഥകളുടെ നശീകരണവുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന വളരെ കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ പരിശോധിക്കപ്പെട്ടിട്ടുള്ളത്. ഓരോ ജന്തുജന്യരോഗാണുവിന്റെയും ആവിർഭാവ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ അനേകം ഉദാഹരണങ്ങളും തെളിവുകളും  ഇനിയുമുണ്ട്.

വൈകരുത് ആവാസവ്യവസ്ഥകളുടെ വീണ്ടെടുപ്പ്

പരിസ്ഥിതിയെ പരിഗണിക്കാതെ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യവെയ്ക്കുന്ന വിഭവചൂഷണത്തിന്റെ കാലമാണിത്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമിയ്ക്ക് കഴിയുമെങ്കിലും അവന്റെ ആർത്തിയ്ക്ക് അറുതി വരുത്താൻ ഭൂമിയ്ക്ക് കഴിയില്ലെന്ന്‌ മനുഷ്യരാശിയെ പതിറ്റാണ്ടുകൾക്ക് മുൻപ് ഓർമപ്പെടുത്തിയ മഹാത്മാഗാന്ധിയുടെ വാക്കുകൾ ഒക്കെ നമ്മൾ എന്നെ മറന്നിരിക്കുന്നു. പരിസ്ഥിതിനശീകരണവും സുസ്ഥിരമല്ലാത്ത വിഭവചൂഷണവും   ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളുടെ ശിഥിലീകരണവും വലിയ ആരോഗ്യദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

മനുഷ്യന്‍റെ അറിവുകൾക്ക് ഇന്നേവരെ തീർത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കള്‍  വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയിൽ  വസിക്കുന്നുണ്ട്.ഓരോരോ  ജീവികൾക്കും പ്രകൃതി സ്വാഭാവികമായി അനുവദിച്ച ആവാസവ്യവസ്ഥക്ക് മാറ്റം വരുത്തുകയും അവയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യായമായി കടന്നുകയറുകയും അവയെ വേട്ടയാടുകയും വിപണനം ചെയ്യുകയും ആഹാരമാക്കുകയുമെല്ലാം ചെയ്യുന്നത് വഴി അതുവരെ ജീവികളില്‍ മാത്രം അഭയം പ്രാപിച്ചിരുന്ന വൈറസുകള്‍ ഉൾപ്പെടെയുള്ള രോഗാണുക്കൾക്ക് ജൈവഅതിരുകൾ മറികടന്ന് (സൂനോട്ടിക് സ്പിൽ ഓവർ) മനുഷ്യശരീരത്തിലേക്ക് കടന്ന് കയറാനുള്ള എളുപ്പ വഴി ഒരുക്കി കൊടുക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അറിയുക, കോവിഡ് 19 അവസാനത്തെ മഹാമാരിയല്ല, ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥകളുടെയും നശീകരണം തുടർന്നാൽ മനുഷ്യരിലേക്ക് കടന്നുകയറാൻ കാത്തിരിക്കുന്ന അനേകം രോഗാണുക്കൾ പ്രകൃതിയിൽ മറഞ്ഞിരിപ്പുണ്ട്.

ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും നശീകരണവും വന്യജീവി വാണിജ്യവുമെല്ലാം മഹാമാരികളിലേക്കുള്ള എടുത്തുചാട്ടം കൂടിയായിരിക്കും എന്ന അതീവ ഗൗരവമുള്ള വസ്തുത നാം ഉൾക്കൊള്ളുകയും അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്.  ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും  മനുഷ്യന്റെ ആരോഗ്യരക്ഷയുടെയും  അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അത്യാടിസ്ഥാനമാണ്. ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിന പ്രമേയം കോവിഡ് അതിജീവനകാലത്ത് മനുഷ്യരാശിയെ ഓർമിപ്പിക്കുന്ന വലിയ സന്ദേശവും  അത് തന്നെയാണ് .

വീഡിയോ കാണാം

wed2021 toolkit

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിസ്ഥിതി ദിന സ്ലൈഡുകൾ
Next post പരിസ്ഥിതി ദിനത്തിന് ചില ജല ചിന്തകൾ
Close