പി.കെ.ബാലകൃഷ്ണൻ
പുനർ വിഭാവനം ചെയ്യുക, പുനസൃഷ്ടിക്കുക, പുനസ്ഥാപിക്കുക(Reimagin,Recreate, Restore) എന്നിവയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആഹ്വാനമായി ഐക്യരാഷ്ടസഭ മുന്നോട്ടു വെക്കുന്നത്. ഭൂമിയിലെ ആവാസ വ്യവസ്ഥകൾ വലിയ തോതിലുള്ള നാശത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും 4.7ദശലക്ഷം ഹെക്ടറിലധികം വനങ്ങൾ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഭൂമിയിലെ തണ്ണീർത്തടങ്ങളുടെ പകുതിയും ഇല്ലാതാക്കപ്പെട്ടു. പവിഴപ്പാറകളുടെ(coral reefs) അമ്പത് ശതമാനവും നഷ്ടമായി.
ഇതോടൊപ്പം ഭൂമിയിൽ 180 രാജ്യങ്ങളിൽ ഉള്ള ചതുപ്പുനിലങ്ങൾ(Peatlands) വലിയ അളവിൽ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.ചതുപ്പുനിലങ്ങൾ ഭൂമിയുടെ 3 ശതമാനം മാത്രമെയുള്ളൂവെങ്കിലും അവ ഭൂമിയുടെ 30 ശതമാനം കാർബണിന്റെയും നിർഗമ പാത്ര(Carbon sinks)ങ്ങളാണ്. ഇന്ന് ഭൂമിയിൽ നാം നേരിടുന്ന മൂന്ന് വലിയ പ്രതിസന്ധികളാണ് കാലാവസ്ഥാ മാറ്റവും , ജൈവ വൈവിധ്യനാശവും,മലിനീകരണവും.
കാലാവസ്ഥാ മാറ്റം
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുകയാണ്. വ്യവസായ വിപ്ലവത്തിനു മുമ്പ് ആയിരക്കണക്ക് വർഷങ്ങളിലെ അന്തരീക്ഷത്തിലെ CO2 വിന്റെ ശരാശരി അളവ് 280ppm ആയിരുന്നത് വർധിച്ച് ഇപ്പോൾ 415ppm ൽ എത്തി നിൽക്കുന്നു. ഇത് മൂലം അന്തരീക്ഷതാപനിലയിൽ വലിയ തോതിലുള്ള വർധനവുണ്ടാവുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.
നാസ(NASA)യുടെ നാഷനൽ ഓഷ്യാനിക് എന്റ് അഡ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ(NOAA) പ്രസിദ്ധീകരിച്ച ആഗോള താപനത്തിന്റെ കണക്കുകൾ പ്രകാരം1880 നും2019 നുമിടയിലെ ഏറ്റവും ചൂടു കൂടിയ വർഷങ്ങളായിരുന്നു2016 ഉം 2019 ഉം.
വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ(WMO) ഏറ്റവും ഒടുവിൽ പുറത്തുവിട്ട കാലാവസ്ഥ സംബന്ധമായ പ്രവചനങ്ങൾ പ്രകാരം2025 ആവുമ്പോഴേക്കും അന്തരീക്ഷതാപനില വ്യവസായ വിപ്ലവത്തിനു മുമ്പത്തേതിനേക്കാൾ 1.5°C വർധനവിലെത്തും.2021 നും2025 നും ഇടയിലുള്ള ഏതെങ്കിലുമൊരു വർഷമെങ്കിലും ഇതേവരെയുള്ള ഏറ്റവും ചൂടു കൂടിയ വർഷമാവാനും ഇടയുണ്ട്. ഇത് സൂചിപ്പിക്കുന്നത് 2016ലെ പാരീസ് ഉടമ്പടി പ്രകാരം അന്തരീക്ഷതാപനില നിയന്ത്രിച്ചു നിർത്താൻ ലക്ഷ്യമിട്ട പരിധി ഉടനെ തന്നെ മറികടക്കുമെന്നാണ്.
2030 ൽ അന്തരീക്ഷത്തിലേക്കുള്ള CO2 വിന്റെ ഉത്സർജനം സംബന്ധിച്ച UNEP യുടെ പ്രവചനങ്ങളും ഓരോ വർഷത്തെ യാർത്ഥ സ്ഥിതിയും തമ്മിലുള്ള വിടവ് സംബന്ധിച്ച റിപ്പോർട്ടുകൾ(emission gap reports) അതാതു വർഷം പുറത്തുവിടുന്നുണ്ട്. ഇത് പ്രകാരം ഇന്നത്തെ അവസ്ഥ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനമാവുമ്പോഴേക്കും ശരാശരി അന്തരീക്ഷതാപനില വ്യവസായ വിപ്ലവത്തിനു മുമ്പുള്ളതിനേക്കാൾ 3°C വർധനവിലെത്താനിടയുണ്ട്. ഇതെല്ലാം തന്നെ വ്യക്തമാക്കുന്നത് കാലാവസ്ഥാ മാറ്റം ഗുരുതരമായ ഒരു പ്രതിസന്ധിയായി വളരുകയാണെന്നാണ്.
ഇത്തരം കാലാവസ്ഥാ ദുരന്തങ്ങളോടൊപ്പം വന്നു ചേരുന്ന മറ്റൊരു ദുരന്തമാണ് പുതിയ രൂപത്തിലുള്ള രോഗങ്ങളുടെ ആവിർഭാവം.
കാലാവസ്ഥയിൽ മാറ്റമുണ്ടാവുമ്പോൾ വന്യ ജീവികൾ അവയ്ക്ക് അനുകൂലമായ കാലാവസ്ഥ തേടിപ്പോകും.ഇതുവരെ മനുഷ്യർ അധിവസിക്കുന്ന ഇടങ്ങളിൽ ഇല്ലാതിരുന്ന പല വന്യ ജീവികളും മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് എത്തുന്നത് സാധാരണമായിരിക്കൊണ്ടിരിക്കുന്നു.വന്യമൃഗങ്ങളെ വേട്ടയാടി മാംസ വിപണിയിലെത്തിച്ചുള്ള നിയമ രഹിതമായ ഒരു വ്യാപാരം ഇന്ന് ലോകത്തിൻ്റെ പല ഭാഗത്തും നടക്കുന്നതായി പറയപ്പെടുന്നു.ഇത് മൂലം പല തരം മൃഗജന്യ രോഗങ്ങളും മനുഷ്യരെ ബാധിക്കുന്ന സാഹചര്യം സംജാതമാകുന്നു. കഴിഞ്ഞ അമ്പത് വർഷക്കാലത്തിന്നിടയിൽ പല പുതിയ രോഗങ്ങളും ഭൂമിയുടെ പല ഭാഗത്തു നിന്നും പൊട്ടിപ്പുറപ്പെട്ട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇത്തരം രോഗങ്ങളിൽ 70 ശതമാനവും ജന്തുജന്യ രോഗങ്ങളായിരുന്നു. ജന്തുജന്യ രോഗങ്ങൾ പണ്ടുമുതലേ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ മനുഷ്യൻ്റെ പ്രകൃതിക്കുമേലുള്ള അമിത ഇടപെടലുകളും, വനനശീകരണവും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ വന്നു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും, എല്ലാം പുതിയ പലതരം രോഗാണക്കളുടെയും വൈറസുകളുടെയും പൊട്ടിപ്പുറപ്പെടലുകൾക്കും അതിൻ്റെ ഫലമായുള്ള രോഗവ്യാപനങ്ങൾക്കും ഇട വരുത്തുന്നു. അത്തരത്തിൽ ഈ നൂറ്റാണ്ടിൽ മാനവരാശിയെ വലിയ അളവിലുള്ള പ്രതിസന്ധികളിൽ എത്തിച്ച മഹാമാരിയാണ് ഇന്നു നാം നേരിടുന്ന കോവിഡ്-19.
ജൈവ വൈവിധ്യനാശം
ഭൂമിയിലെ ജൈവ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.നാമിപ്പോൾ ഏതാണ്ട് 1.7ദശലക്ഷം മൃഗങ്ങൾ,ചെടികൾ, ഫംഗസ്സുകൾ എന്നിവയെ മാത്രമെ കണ്ടെത്തിയിട്ടുള്ളൂ.എന്നാൽ 8 മുതൽ 10 ദശലക്ഷം വരെയോ അതിലധികമോ ജീവജാതികൾ ഈ ഭൂമിയിലുണ്ടാവാം. ഉഷ്ണമേഖലാ മഴക്കാടുകളിൽ ഒരു 15 ഹെക്ടർ സ്ഥലത്ത് 700 വ്യത്യസ്ത വൃക്ഷങ്ങൾ കാണും.ഇത് വടക്കേ അമേരിക്കയിലെ ആകെ വൃക്ഷവൈവിധ്യത്തിനു തുല്യമാണ്. നമുക്കു ഭക്ഷണമുണ്ടാക്കാൻ ആവശ്യമായ ഭൂമിയിലെ മണ്ണിൽ ഒരു സ്പൂൺ മണ്ണെടുത്താൽ അതിൽ മാത്രം 10,000 മുതൽ 20,000 വരെ വിവിധങ്ങളായ ബാക്ടീരിയകളെ കണ്ടെത്താൻ കഴിയും. നാമിതുവരെ കണ്ടെത്തിയിട്ടില്ലാത്ത പല ജീവ ജനുസ്സുകളും നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നതാണ് വസ്തുത. ഹാഫ് എർത്ത് (Half Earth)എന്ന പുസ്തകത്തിന്റെ കർത്താവായ അമേരിക്കൻ ബയോളജിസ്റ്റ് എഡ്വേർഡ് .ഓ. വിത്സൻ്റെ അഭിപ്രായത്തിൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനം ഇനിയും എത്രയോ വികസിക്കേണ്ടതുണ്ട്. മനുഷ്യനു തന്നെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള ചെറിയ അറിവേ നാം ഇതേ വരെ നേടിയിട്ടുള്ളൂ. ഉദാഹരണമായി ഭക്ഷ്യയോഗ്യമായ 7000 സസ്യങ്ങൾ മാത്രമാണ് നാം തിരിച്ചറിഞ്ഞതും, കൃഷി ചെയ്യുന്നതുമായിട്ടുള്ളൂ. ഇവയിൽ തന്നെ 20 ജനുസ്സുകളാണ് ലോകത്താകെയുള്ള ഭക്ഷ്യവസ്തുക്കളുടെ 90 ശതമാനവും നിർവഹിക്കുന്നത്. ഗോതമ്പ്, ചോളം, നെല്ല് എന്നീ മൂന്നുതരം ധാന്യങ്ങളാണ് ഈ 90 ശതമാനത്തിൽ പകുതിയും നിർവഹിക്കുന്നത്. ആഫ്രിക്കയിലെ വനപ്രദേശങ്ങളിൽ നിരവധി ഔഷധ പ്രാധാന്യമുള്ള ചെടികളും, ഭക്ഷ്യയോഗ്യമായ സസ്യങ്ങളും അടുത്ത കാലത്ത് കണ്ടെത്തുകയുണ്ടായത്രെ.
എന്നാൽ ഇപ്പോൾ ഒരു ദശലക്ഷം ജീവജാതികൾ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭൂമിയിൽ ജീവൻ്റെ ഒരു ആറാം സർവനാശത്തിൻ്റെ സൂചനകളാണ് കാലാവസ്ഥാമാറ്റവും ,ജൈവ വൈവിധ്യനാശവും നൽകുന്നത് എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ഈ ഭൂമിയുടെ ചരിത്രത്തിൽ ഇതുവരെയായി 5 തവണ ജീവൻ്റെ സർവനാശം സംഭവിച്ചതായി നാം കണ്ടെത്തിയിട്ടുണ്ട്. പല തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളായിരുന്നു ഇവയുടെ കാരണങ്ങൾ. ഭൂകമ്പങ്ങൾ, അഗ്നിപർവതങ്ങൾ, ഉൽക്കകളുടെ പതനം, ഹിമയുഗങ്ങൾ, ഭൂഖണ്ഡങ്ങളുടെ കൂടിച്ചേരലുകൾ ഒക്കെയായിരുന്നു അവ. എന്നാൽ ഇനി സംഭവിക്കാൻ പോകുന്ന സർവനാശത്തിനു കാരണക്കാരൻ മനുഷ്യൻ എന്ന ജീവിവർഗ്ഗമായിരിക്കും.
മലിനീകരണമെന്ന ഗുരുതര പ്രശ്നം.
- ജനസംഖ്യയിൽ ഉണ്ടാവുന്ന വർധനവും, മനുഷ്യരുടെ ജീവിത ശൈലികളിലും,ഉപഭോഗ രീതികളിലും വരുന്ന മാറ്റങ്ങളും പ്രകൃതിക്കു മേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ജീവി വർഗ്ഗങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള പല പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളായി വളരുന്നു. കരയിൽ കൃഷിസ്ഥലങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ, പുരയിടങ്ങൾ എല്ലാം തന്നെ വലിയ തോതിൽ മലിനീകരിക്കപ്പെടുന്നു.
- പ്ലാസ്റ്റിക് , മലിന ജലം, രാസവസ്തുക്കൾ എന്നിവയാൽ സമുദ്രങ്ങൾ മലിനീകരിക്കപ്പെടുന്നു. അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓഓക്സൈഡ് ആഗിരണം ചെയ്യുക വഴി അവ അമ്ലവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത് വലിയ തോതിൽ മത്സ്യങ്ങളുടെയും ,കടൽസസ്യങ്ങളുടെയും വംശനാശത്തിന്നിടയാക്കുന്നു.
- വർധിച്ച അളവിലുള്ള മലിനീകരണം രോഗവ്യാപനങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ജലജന്യരോഗങ്ങളായ ഡയേറിയ, കോളറ എന്നീ സാംക്രമികരോഗങ്ങൾ വർഷംതോറും ആവർത്തിച്ചു പ്രത്യക്ഷമാവുന്നു.WHOവിൻ്റെ കണക്കുകൾ പ്രകാരം വർഷംതോറും ഇത്തരം രോഗങ്ങൾ ഭൂമിയിൽ 400 കോടിയോളം ജനങ്ങളെ ബാധിക്കുകയും ശരാശരി 2.2 ദശലക്ഷത്തോളം മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുന്നത്.
- വായു മലിനീകരണമാണ് മറ്റൊരു പ്രശ്നം. ഇന്ന് ലോകത്തെ എല്ലാ മഹാനഗരങ്ങളിലെയും അന്തരീക്ഷം വലിയ തോതിൽ മലിനമായിരിക്കുകയാണ്.90 ശതമാനം ജനങ്ങളും മോശമായ വായുവാണ് ശ്വസിക്കുന്നത്.
- ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ22 എണ്ണവും ഇന്ത്യയിലാണത്രെ. ദൽഹി ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരവുമാണ്.
പ്രകൃതിയുമായുള്ള അനുരഞ്ജനം
2021 ഫെബ്രുവരി22-23 തിയ്യതികളിൽ നടന്ന UNEP യുടെ അഞ്ചാമത്തെ പരിസ്ഥിതി സമ്മേളന(Environment Assembly) ത്തിന്റെ മുന്നോടിയായി ഫെബ്രുവരി 18 ന് ‘പ്രകൃതിയുമായുള്ള അനുരഞ്ജനം ‘(Making Peace with Nature:A Scientific Blueprint to tackle the climate,biodiversity,and pollution emergencies) എന്ന പേരിൽ UNEP യുടെ ആദ്യത്തെ സംശ്ലേഷണ റിപ്പോർട്ട്(Synthesis Report) പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭൂമിയിൽ ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ മാറ്റം, ജൈവ വൈവിധ്യനാശം, മലിനീകരണം എന്നീ മൂന്ന് ഗുരുതരമായ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശാസ്ത്രത്തിന്റെ പിൻബലമുള്ള പരിപാടികളുടെ ഒരു റിപ്പോർട്ട് എന്ന നിലയിലാണ് ഇതിനെ വിശേഷിപ്പിച്ചത്. റിപ്പോർട്ട് പ്രസിധീകരിച്ചു കൊണ്ട് UN സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് ഇന്നത്തെ പ്രകൃതിവിഭവ ചൂഷണത്തെക്കുറിച്ച് പരാമർശിച്ചത് ഇപ്രകാരമാണ്:
“മനുഷ്യവർഗ്ഗം പ്രകൃതിയുമായി ഒരു യുദ്ധത്തിലാണിന്നുള്ളത്. തികച്ചും ആത്മഹത്യാപരമായ ഒരു യുദ്ധം. പ്രകൃതി തിരിച്ചടിക്കുമെന്നത് നാം അനുഭവിച്ചറിയുന്നു.”
“എന്തു ചെയ്യണമെന്നതിന് നമുക്ക് മുൻകാല മാതൃകകൾ ഇല്ല .2020 നമുക്ക് ഒരു മഹാദുരന്ത കാലമായിരുന്നു. 2021 പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുന്നതിന് തുടക്കം കുറിക്കാനുള്ള വർഷമാണ് “
റിപ്പോർട്ടിന്റെ ഭാഗമായി മുന്നോട്ടു വെച്ചിട്ടുള്ള സുപ്രധാനമായ സന്ദേശങ്ങളുടെ ഒരു സംക്ഷിപ്തം ഇപ്രകാരമാണ്.
- ജൈവ വൈവിധ്യനാശം, മലിനീകരണം എന്നിവ ഭൂമിയിൽ മനുഷ്യൻ സ്വയം സൃഷ്ടിച്ചിട്ടുള്ളതും ഭാവി തലമുറകളുടെ ജീവിതത്തെ തീർത്തും അസ്വീകാര്യമായ രൂപത്തിൽ ബാധിക്കുന്നതുമായ പ്രതിസന്ധികളാണ്.
- -ആഗോളതലത്തിൽ സർക്കാറുകളും , ബിസിനസ് സ്ഥാപനങ്ങളും , സർക്കാരേതര സംഘടനകളും, ജനങ്ങളും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചു കൊണ്ടു വേണം ഈ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ.
- ഭൂവിനിയോഗം, ജല പരിപാലനം, ഊർജ ഉല്പാദനം തുടങ്ങി വികസനവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടു വേണം ഇത് സാധ്യമാക്കാൻ.
- പ്രകൃതിയുമായുള്ള ബന്ധത്തെ പുനർനിർണയിച്ചു കൊണ്ടുള്ള സമ്പദ്ഘടനയുടെയും, സാമൂഹ്യ വ്യവസ്ഥയുടെയും പരിവർത്തനമാണിപ്പോഴത്തെ ആവശ്യം. പ്രകൃതിയുമായുള്ള ബന്ധത്തിന്റെ മൂല്യമെന്താണെന്നു മനസ്സിലാക്കിക്കൊണ്ടു വേണം നമ്മുടെ തീരുമാനങ്ങളെല്ലാം.
പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക എന്നത് UN നേരത്തെ പ്രഖ്യാപപിച്ച 2030 ഓടെ കൈവരിക്കേണ്ടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുള്ളിൽ നിർവഹിക്കപ്പെടാനുള്ളതാണ്. ഇതിന്റെ ഭാഗമായുള്ള ആഹ്വാനമെന്ന നിലയിലാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമെന്ന നിലയിൽ “പുനർ വിഭാവനം ചെയ്യുക , പുനരുജ്ജീവിപ്പിക്കുക, പുനസ്ഥാപിക്കുക “ എന്നിവ മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്.
ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിനായുള്ള ഒരു പതിറ്റാണ്ട്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്നായുള്ള ഒരു പതിറ്റാണ്ടിന്റെ ആരംഭം കുറിക്കുന്ന ദിനമായാണ് ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്നത്. പരസ്പരവും, ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മ ജീവികളും ഉൾപ്പെട്ട ജൈവവും അജൈവവുമായ ഒരു പരിസ്ഥിതി വ്യൂഹത്തെയാണ് ആവാസവ്യവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ ഇത്തരത്തിലുള്ള കോടിക്കണക്കിന് വ്യൂഹങ്ങളെ വരുന്ന പത്തു വർഷത്തിനുളളിൽ പുനരുജ്ജീവിപ്പിക്കാനുള്ള ആഗോള ദൗത്യത്തിന് തുടക്കമിടുന്നത് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലാണ്.
എന്തൊക്കെയാണ് ചെയ്യേണ്ടത്?
വനങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും.
- ഭൂമിയെ വാസയോഗ്യമാക്കുന്നതിൽ വനങ്ങൾക്ക് വലിയ പങ്കാണുള്ളത്. ശുദ്ധവായു, ശുദ്ധജലം, വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങൾ, ഔഷധങ്ങൾ എന്നിവയുടെയൊക്കെ ഉറവിടങ്ങളും സംഭരണികളുമാണ് വനങ്ങൾ. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിർഗമകേന്ദ്രങ്ങൾ (Carbon sinks)കൂടിയാണ് വനങ്ങൾ. ഭൂമിയിലെ 80 ശതമാനത്തോളം ഉഭയജീവികളുടെയും , സസ്തനികളുടെയും, പറവകളുടെയും ആവാസ വ്യവസ്ഥ കൂടിയാണ് വനങ്ങൾ. ഇന്ന് ആഗോള തലത്തിൽ തന്നെ ഓരോ വർഷവും 4.7 ദശലക്ഷം ഹെക്ടർ ഉഷ്ണമേഖലാ വനങ്ങൾ നഷ്ടമാവുന്നുണ്ട്. വനങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനമാണെന്നറിയുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും വേണം.
കൃഷി ഭൂമിയുടെ സംരക്ഷണം.
- ഭൂമിയുടെ കരപ്രദേശങ്ങളുടെ മൂന്നിലൊന്ന് കൃഷി ഭൂമിയാണ്. മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ട ജൈവ വ്യവസ്ഥയാണ് കൃഷി ഭൂമിയുടെത്.ഭക്ഷണലഭ്യതയും അനുബന്ധമായ മറ്റാവശ്യങ്ങളും എല്ലാം നിറവേറ്റുന്നതോടൊപ്പം മനുഷ്യ സംസ്ക്കാരത്തിന്റെ രൂപീകരണം തൊട്ടുള്ള മാനവികമായ എല്ലാറ്റിന്റെയും ഉപാധി കൂടിയാണ് കൃഷി ഭൂമികൾ.
- അനേകം സൂക്ഷ്മ ജീവികൾ തൊട്ട് ചെറുപ്രാണികൾ, മത്സ്യങ്ങൾ, ഉഭയജീവികൾ, കന്നുകാലികൾ, പറവകൾ, വൃക്ഷങ്ങൾ എല്ലാം ചേർന്ന് സഹവർത്തിക്കുന്ന ആവാസ വ്യവസ്ഥകളാണ് കൃഷി ഭൂമികൾ. വ്യാവസായികാവയങ്ങൾക്കുള്ള ഏകവിള കൃഷികളും,അമിതമായ രാസവള പ്രയോഗവും കീടനാശിനികളുടെ പ്രയോഗവും ഈ ആവാസ വ്യവസ്ഥയുടെ തകർച്ചക്ക് കാരണമാവുന്നുണ്ട്.
- കൃഷി ഭൂമികളുടെ പുനരുജ്ജീവനം സാധ്യമാവണമെങ്കിൽ കടും കൃഷികൾ ഉപേക്ഷിക്കണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കണം. വിള വൈവിധ്യം ഉറപ്പാക്കണം. ഭാവിതലമുറകളെക്കൂടി പരിഗണിച്ചു കൊണ്ടുള്ള സ്ഥായിയായ കാർഷിക രീതികൾ വികസിപ്പിക്കണം.
ശുദ്ധജല സ്രോതസ്സുകളുടെയും സംഭരണികളുടെയും സംരക്ഷണം
- ശുദ്ധജല ലഭ്യത ഇന്ന് ഏറെ വില പിടിപ്പുള്ള കാര്യമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങൾ നിക്ഷേപിച്ചും , മലിന ജലം ഒഴുക്കി വിട്ടും ശുദ്ധജലസംഭരണികളായ നദികൾ, തടാകങ്ങൾ, കുളങ്ങൾ, കിണറുകൾ എന്നിവയെല്ലാം വലിയ തോതിൽ നശിപ്പിക്കപ്പെടുകയാണ്. അവയുടെയൊക്കെയും അവയുമായി ബന്ധപ്പട്ട ജൈവവ്യൂഹങ്ങളുടെയും സംരക്ഷണം ഏറെ പ്രാധാന്യം നൽകി നിർവഹിക്കേണ്ടതുണ്ട്.
കുന്നുകളുടെയും മലകളുടെയും സംരക്ഷണം.
- ഭൂമിയുടെ കരപ്രദേശങ്ങളുടെ നാലിലൊന്ന് കുന്നുകളും,മലകളുമാണ്.കുന്നുകളും മലകളും ജല സ്രോതസ്സുകളും ജൈവ വൈവിധ്യക്കലവറകളുമാണ്. നിരവധി ജീവജാലങ്ങളുടെ ആവാസസ്ഥലങ്ങളുമാണ്.കുന്നിടിച്ചുള്ള വികസന പ്രവർത്തനങ്ങൾ മണ്ണൊലിപ്പ്, ഉരുൾ പൊട്ടലുകൾ,പ്രളയങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമായിത്തീരുന്നുണ്ട്. അതുകൊണ്ടു തന്നെ അവയുടെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നു.
പുൽമേടുകളുടെയും, മേച്ചിൽ സ്ഥലങ്ങളുടെയും സംരക്ഷണം.
- കന്നുകാലികൾ മനുഷ്യരുടെ കാർഷിക ആവശ്യത്തിനും ജീവസന്ധാരണത്തിനുമുള്ള ഉപാധിയാണ്. മനുഷ്യ വാസമുള്ള ഇടങ്ങളിലെ പുൽമേടുകളും മേച്ചിൽ സ്ഥലങ്ങളും അവർക്കായി സംരക്ഷിക്കപ്പെടണം. വനപ്രദേശങ്ങളിലെ പുൽമേടുകളെ ആശ്രയിച്ച് നിരവധി മൃഗങ്ങളും ചെറു ജീവികളും ജീവിക്കുന്നുണ്ട്. പ്രാദേശികമായി വളരുന്ന പുൽച്ചെടികൾ വളരാനനുവദിച്ചും, നഷ്ടമായവയെ പുനരുജ്ജീവിപ്പിച്ചും പുൽമേടുകളെയും മേച്ചിൽ സ്ഥലങ്ങളെയും സംരക്ഷിക്കണം.
സമുദ്രങ്ങളുടെയും തീരങ്ങളുടെയും സംരക്ഷണം.
ഭൂമിയുടെ 70 ശതമാനവും സമുദ്രങ്ങളാണ്. മത്സ്യങ്ങളുടെ അമിത ചൂഷണം, മലിനീകരണം, അമ്ലവൽക്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മലിന ജലം എന്നിവയുടെ നിക്ഷേപം എല്ലാം തന്നെ സമുദ്രങ്ങളിലെ ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനു പുറമെ കാലാവസ്ഥാ വ്യതിയാനം പവിഴപ്പാറകൾ തുടങ്ങിയ ആവാസ വ്യവസ്ഥകളെ തകർക്കുന്നു. കടൽ സസ്യങ്ങൾ കാർബൺ നിഗ്ഗമന ഉപാധികൾ എന്ന നിലയിൽ വനങ്ങളേക്കാൾ പ്രാധാന്യമുള്ളവയാണ്.
ചതുപ്പുനിലങ്ങളുടെ സംരക്ഷണം.
- ഏറെ പ്രവർത്തനക്ഷമതയുള്ള കാർബൺ നിക്ഷേപ കേന്ദ്രങ്ങളെന്ന നിലയിൽ ചതുപ്പുനിലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഹരിത നഗരങ്ങൾ.
- വലിയ തോതിലുള്ള നഗരവൽക്കരണം നടക്കുകയാണ്. നഗരങ്ങളെ ഹരിത നഗരങ്ങളാക്കി മാറ്റണം. മാലിന്യ സംസ്ക്കരണം, ജല സ്രോതസ്സുകളുടെ സംരക്ഷണം, പുരപ്പുറ പൂന്തോട്ട നിർമാണം, വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, പാർക്കുകളുടെ നിർമാണവും പരിചരണവും , തുറന്ന പ്രദേശങ്ങളുടെയും മൈതാനങ്ങളുടെയും സംരക്ഷണം എല്ലാം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ നഗരങ്ങളിൽ നടക്കണം.
- ഒരു ദശാബ്ദ പരിപാടിയെന്ന നിലയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ പരിപാടികളും നടപ്പിലാക്കേണ്ടുന്ന ഒരു സംസ്ഥാനമാണ് കേരളം. പശ്ചിമഘട്ട സംരക്ഷണവും,തീരദേശ സംരക്ഷണവും അടിയന്തിര പ്രാധാന്യം നൽകി നിരവഹിക്കപ്പെടേണ്ടതുണ്ട്. നെല്ലുൽപാദനത്തിൽ കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന്റെ ഭക്ഷ്യവിളകളുടെ വൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.
- മാലിന്യ സംസ്ക്കരണം ,പ്രത്യേകിച്ച് നഗരങ്ങളിലെ മാലിന്യ സംസ്ക്കരണം വലിയ പ്രശ്നമായിത്തന്നെ നിലനില്ക്കുന്നു. മാലിന്യങ്ങൾ നിരുത്തരവാദപരമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കി ഉറവിട മാലിന്യ സംസ്ക്കരണം എന്നത് ഒരു ജീവിത സംസ്ക്കാരമാക്കി മാറ്റാൻ നമുക്ക് കഴിയേണ്ടതുണ്ട്.
- ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാർഷിക മേഖലയിലെ തനതു പ്രവർത്തനമാക്കി മാറ്റി അവയുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിയണം.