Read Time:11 Minute


വിജയകുമാർ ബ്ലാത്തൂർ

പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു നോക്കൂ. മാംസം ചവച്ച് തിന്ന് അത് മൂത്രസഞ്ചി ലക്ഷ്യമാക്കി നീങ്ങുന്നു. ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യാവുന്ന ഏക വഴി പീച്ചാത്തി എടുത്ത് ലിംഗം പറ്റെ മുറിച്ച് കളയുക മാത്രമാണ്. രക്തദാഹികളായ പിരാനകളുടെ നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു മീനാണ് ലിംഗം തുരപ്പൻ – “കാണ്ടിരു “

പണ്ട് യൂറോപ്യൻ സഞ്ചാരികൾ ആമസോൺ തടങ്ങളിൽ യാത്രകൾ നടത്തിയപ്പോൾ ഇത്തരത്തിൽ ലിംഗ ഛേദിതരായ നിരവധി യുവാക്കളെ കണ്ടതായി രേഖപ്പെടുത്തീട്ടുണ്ട്. പിരാനയേപ്പോലെ വളഞ്ഞിട്ട് ആക്രമിക്കുന്നതായല്ല ഈ മീനുകൾ – ആമസോണിൽ കുളിക്കാനിറങ്ങിയ പുരുഷന്മാരുടേയും സ്ത്രീകളുടെയും ലിംഗാവയവങ്ങൾക്ക് ഉള്ളിലേക്ക് തുരന്ന് കയറലാണ് ഇഷ്ടന് ഇഷ്ടമത്രെ! ! പക്ഷെ മലദ്വാരത്തിൽ കയറിയതായി എങ്ങും പരാതിയില്ല. അങ്ങിനെയാണ് മൂത്രഗന്ധം ആണ് ഈ മാരകമീനിനെ ലിംഗത്തിലേക്ക് ആകർഷിക്കുന്നത് എന്ന തീരുമാനത്തിൽ പലരും എത്തിയത്. പല്ലിട കുത്താൻ ഉപയോഗിക്കുന്ന കോലിന്റെ കോലത്തിലുള്ളതും ഏകദേശം അതേ നീളവും ഉള്ള കാണ്ടിരു എന്നകുഞ്ഞ് കാറ്റ് ഫിഷ് അങ്ങിനെ പ്രശസ്തനായി – കുപ്രസിദ്ധിയാർന്ന ഒരു രക്തരക്ഷസ് മീൻ ആയി.

Trichomycteridae കുടുംബത്തിൽ പെട്ട കാണ്ടിരുവിന്റെ ശാസ്ത്രനാമം Vandellia cirrhosa എന്നാണ്. വലിയ മീനുകളുടെ ചെകിളപ്പൂക്കളിൽ തുരന്ന് കയരി ചോര കുടിച്ച് ജീവിക്കുന്ന പരാന്ന ജീവിയാണിത്. – 17 cm വരെ നീളം വളരുമെങ്കിലും പലതും കുഞ്ഞന്മാർ ആണ്. ചോരക്കുടിച്ച് കുടൽ നിറഞ്ഞാൽ അർദ്ധതാര്യമായ ഇതിന്റെ ശരീരം കലക്കവെള്ളത്തിൽ തിരിച്ചറിയാൻ വിഷമമാണ്. നൂറ്റാണ്ടുകളായി ബൊളിവിയ , കൊളംബിയ , ബ്രസീൽ, പെറു, ഇക്വഡോർ എന്നിവിടങ്ങളിലെ ഗോത്രവർഗക്കാരും യൂറോപ്യൻ അന്വേഷകരും ഈ ഭീകര മീനിനെ കുറിച്ചുള്ള പല കഥകളും വിശ്വാസങ്ങളും മിത്തുകളും കൊണ്ട് നടക്കുന്നവരാണ്. പിരാനയുടെ അനിയൻകുഞ്ഞായാണ് കഥകളിലൊക്കെ ഈ കുഞ്ഞൻ ഉള്ളത്. പത്തൊൻപതാം നൂറ്റാണ്ട് വരെ പല നിറം പിടിപ്പിച്ച കെട്ടുകഥകളും അന്ധവിശ്വാസങ്ങളും കാണ്ടിരുവിനെക്കുറിച്ച് ലോകമെങ്ങും പ്രചരിച്ചിരുന്നു. പുരുഷലിംഗത്തിൽ കയറുന്നതായി 1829 ൽ സി. എഫ്. പി. വോൺ മാർതിയൂസ് എന്ന ജർമൻ ബയോളജിസ്റ്റ് ആണ് ആദ്യമായിരേഖപ്പെടുത്തീട്ടുള്ളത്. അദ്ദേഹം നേരിട്ട് കണ്ടതായിട്ടല്ലെങ്കിലും തദ്ദേശീയ ഗ്രാമീണർ പറഞ്ഞതായാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തത്. കൂടാതെ അവിടത്തുകാർ പുഴയിൽ ഇറങ്ങുമ്പോൾ ലിംഗാഗ്രത്തിൽ സുരക്ഷക്കായി നൂലുകൊണ്ട് കെട്ടിടാറുണ്ട് എന്ന കാര്യവും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ മറ്റ് പലയിടങ്ങളിലെയും ഗോത്ര മനുഷ്യരും പുഴയിലിറങ്ങുമ്പോൾ ലിംഗം രക്ഷിക്കാനുള്ള സുരക്ഷാ കവചങ്ങൾ ഉപയോഗിക്കാറുണ്ട് എന്ന കാര്യവും വിശദീകരിച്ചിട്ടുണ്ട്. കാണ്ടിരു ലിംഗത്തിലെ മൂത്ര മണത്തിൽ ആകർഷിക്കപ്പെട്ടാണ് അരികിലേക്ക് വരുന്നത് എന്ന് ഇദ്ദേഹം ഉറപ്പിച്ചിരുന്നു. ഫ്രാൻസിസ് ഡെ കാസ്റ്റെൽന എന്ന ഫ്രഞ്ച് നാച്വറിസ്റ്റ് 1855 ൽ അരാഗ്വേ മീൻ പിടിത്തക്കാർ പറഞ്ഞ മുന്നറിയിപ്പിനെക്കുറിച്ച് എഴുതിട്ടുണ്ട്. ഒരു കാരണവശാലും പുഴയിലേക്ക് മൂത്രമൊഴിക്കരുത് എന്നാണ് അവരുടെ വിശ്വാസം.. അങ്ങിനെ ചെയ്താൽ മൂത്രപാതയിലൂടെ കാണ്ടിരു ചാടിക്കയറി തുളച്ച് ഉള്ളിൽ കയറാൻ സാദ്ധ്യത ഉണ്ടത്രെ!. പക്ഷെ കാസ്റ്റെൽന അത് ശുദ്ധ അസംബന്ധമാണെന്ന് തന്റെ റിപ്പോർട്ടിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്ലൂയിഡ് മെക്കാനിക്സിന് നിരക്കാത്തതും ഭൗതീക ശാസ്ത്ര നിയമങ്ങൾക്ക് എതിരുമാണ് ഈ കാണ്ടിരുച്ചാട്ടം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.. അതിവേഗതയിൽ പുറത്തേക്ക് ഒഴുകുന്ന മൂത്ര വീഴ്ചയ്ക്കെതിരെ വായുവിലൂടെ ഒരു നരുന്ത് മീനിന് കുതിക്കാൻ വേണ്ട ഊർജ്ജ വേഗത സാദ്ധ്യമല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു പോലെ ചില കേസുകൾ അവിടുത്തെ ഫിസിഷൻമാർ കൈകാര്യം ചെയ്തതായുള്ള കേട്ടറിവുകൾ പല റിപ്പോർട്ടുകളിലും ഉണ്ട്. പക്ഷെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കാണ്ടിരു ഇല്ലാത്ത ഇടങ്ങൾ കൂടി ഉണ്ടായിരുന്നു എന്നത് പിന്നീട് തെളിഞ്ഞു.. ലിംഗ ഛേദ കഥകളിൽ പലതും പിരാന ആക്രമണത്തേ തുടർന്ന് സംഭവിച്ചത് ആകാനാണ് സാദ്ധ്യത. പിന്നീട് റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളിലും പുരുഷലിംഗത്തിനു പകരം സ്ത്രീകളുടെ യോനിക്കുള്ളിൽ കയറിയ മീനുകളെ പുറത്തെടുത്തതായി മാത്രമേ പറയുന്നുള്ളു. പുരുഷ ലിംഗത്തിലെ സുഷിരത്തിലൂടെ വളർച്ച മുറ്റാത്ത കാണ്ടിരു കുഞ്ഞിന് പോലും കയറാനുള്ള വലിപ്പം യഥാർത്ഥത്തിൽ ഇല്ല എന്നതിനാൽ ഇത് വെറും കെട്ടുകഥകളായി തന്നെ ശാസ്ത്രലോകം കണ്ടു. എങ്കിലും 1997ൽ ബ്രസീലിൽ ആണ് ആദ്യമായി കാണ്ടിരു ഒരു മനുഷ്യന്റെ ലിംഗത്തിനുള്ളിൽ കയറിപ്പറ്റിയത് ഓപ്പറേറ്റ് ചെയ്ത് നീക്കിയതായി ഒരു മെഡിക്കൽ കേസ് ഒരു സർജന്റെ നേരിട്ടുള്ള റിപ്പോർട്ട് ആയി വരുന്നത്. 23 വയസുള്ള ഒരു യുവാവ് മുട്ടൊപ്പം വെള്ളത്തിൽ നിന്ന് പുഴയിലേക്ക് മൂത്രമൊഴിച്ചപ്പോൾ കാണ്ടിരു ചാടിക്കയറി എന്നാണ് കേസ്. അനോസർ സമദ് എന്ന യൂറോളജി സർജൻ രണ്ട് മണിക്കൂർ നീണ്ട സർജറിയിലൂടെ അതിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തു എന്നാണ് അവകാശപ്പെട്ടത്. നീക്കം ചെയ്ത കാണ്ടിരുവിനെ ഫോർമാലിനിൽ സൂക്ഷിച്ചും വെച്ചു. സർജറി വിഡിയോവിലും പകർത്തി.

Candiru: Life and Legend of the Bloodsucking Catfishes എന്ന പുസ്തകത്തിന്റെ കവർ

1999ൽ അമേരിക്കൻ മറൈൻ ബയോളജിസ്റ്റായ സ്റ്റീഫൻ സ്പോട്ട് ഇതിലെ സത്യം അന്വേഷിക്കാനായി ഈ സർജനെ സമീപിച്ചു. തെളിവുകൾ പരിശോധിച്ചു. എന്നിട്ട് മനസിലാക്കിയ കാര്യങ്ങൾ ചേർത്ത് Candiru: Life and Legend of the Bloodsucking Catfishes. എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. വ്യാജ അവകാശവാദമാണ് ആ കേസ് എന്ന് ഓരോരോ സാദ്ധ്യതകൾ മുന്നോട്ട് വെച്ച് ശാസ്ത്രീയമായി തെളിയിക്കുന്നുണ്ട്. ഇതിന് മുമ്പ് തന്നെ കാണ്ടിരുവിന് മൂത്രത്തോടോ മറ്റ് രാസ വസ്തുക്കളോടോ പ്രത്യേക ഇഷ്ടം ഇല്ല ചില പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു. കാഴ്ച മാത്രമാണ് കണ്ടിരു ഭക്ഷണം തേടാൻ സഹായമായി ഉപയോഗിക്കുന്നത്.
133.5 mm നീളവും 11.5 mm.വ്യാസവും ഉള്ളതായിരുന്നു സർജൻ സൂക്ഷിച്ച മീനിന്റെ വലിപ്പം – ഇടുങ്ങിയ ലിംഗ നാളിയിലേക്ക് പിടിച്ച് കയറാൻ ഇത്ര വലിയ മീനിന് യാതൊരു പ്രത്യേക അവയവങ്ങളും തലഭാഗത്ത് ഇല്ല. മൂത്രം പുറത്തേക്ക് കുതിക്കുന്ന സമയത്ത് ഒരു കാരണവശാലും അത്തരം ശ്രമം അസാദ്ധ്യവും ആണ്. മാംസം കടിച്ച് തുരന്ന് മീൻ യുവാവിന്റെ വൃഷണത്തിലേക്ക് കടന്നിരുന്നു എന്നാണ് സർജൻ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷെ പരിശോധനയിൽ അത്തരത്തിലുള്ള പല്ലുകൾ ഒന്നും ഈ മീനിന് കണ്ടെത്താൻ പറ്റിയില്ല. പല മാധ്യമങ്ങളും

കാണ്ടിരുവിനെ ഭീകരജീവിയാക്കി കഴിഞ്ഞിരുന്നു. വളരെ പ്രശസ്തമായ BBC പോലും ഈ കാര്യത്തിൽ മണ്ടത്തരം പ്രചരിപ്പിച്ചു. പല തരം അത്ഭുത കൗതുക വാർത്തകൾ – വിശേഷങ്ങൾ കേൾക്കുമ്പോൾ നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കാൻ മറക്കരുത് എന്ന കാര്യമാണ് കാണ്ടിരു കഥയിൽ നിന്ന് തെളിയുന്നത്.


കാണ്ടിരുവിനെ ഭീകരജീവിയാക്കി ചിത്രീകരിക്കുന്ന BBC വീഡിയോ


അധികവായനയ്ക്ക്

  1. Froese, Rainer and Pauly, Daniel, eds. (2007). “Vandellia cirrhosa” in FishBase. July 2007 version.
  2. Ricciuti, Edward R.; Bird, Jonathan (2003). Killers of the Seas: The Dangerous Creatures That Threaten Man in an Alien Environment. The Lyons Press. ISBN 978-1-58574-869-3.
  3. Froese, Rainer and Pauly, Daniel, eds. (2017). Species of Vandellia in FishBase. May 2017 version.
  4. Dark Banquet: Blood and the Curious Lives of Blood-Feeding Creatures (via Google Books), by Bill Schutt, published by Random House, 2008
  5. Spotte, Stephen (2002). Candiru : life and legend of the bloodsucking catfishes. Berkeley, Calif.: Creative Arts Book Co. ISBN 0-88739-469-8.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്
Next post ന്യൂട്രിനോ ഗവേഷണവും ഇന്ത്യയും – LUCA TALK രജിസ്ട്രേഷൻ ആരംഭിച്ചു.
Close