ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ തന്നെയാണ് താരങ്ങൾ. വേനൽക്കാലത്തൊക്കെ മണ്ണിനടിയിൽ തങ്ങളുടെ പുറംതോട് തുറക്കുന്ന ഭാഗത്തായി കാൽസ്യം കൊണ്ടുള്ള പാട കൊണ്ട് മൂടി ഉഷ്ണകാല നിദ്രയിൽ ഏർപ്പെടുന്ന ഈ ജീവികൾ മഴക്കാലമാകുന്നതോടെ ഈ പാട പൊട്ടിച്ച് പുറത്തേക്ക് വരുന്നു. ആഫ്രിക്കൻ ഒച്ചുകൾ ഒരു ശല്യക്കാരൻ ആണെന്നും അഞ്ഞൂറിൽ അധികം ചെടികൾ തിന്നു നശിപ്പിക്കുന്നുവെന്നും ചുമരിലെ ചുണ്ണാമ്പും മറ്റും തിന്നുന്നു എന്നും വീടുകൾക്കുള്ളിൽ വരെ ഇഴഞ്ഞു കയറിവരുന്നു എന്നും ഇവയുടെ സ്രവം ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ ഉണ്ടാകുന്നു എന്നും എല്ലാം നാം ധാരാളമായി കേട്ടിട്ടുണ്ടാകും അല്ലെ? എന്നാൽ ഈ ആഫ്രിക്കൻ ഭീകരർ മറ്റെന്തെങ്കിലും മാരകമായ അസുഖങ്ങൾ ഉണ്ടാക്കുന്നുണ്ടോ ?
ഉണ്ടെന്നാണ് ലോകത്ത് ആകമാനം ഉള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഫ്രിക്കൻ ഒച്ചുകൾ ഇയോസിനോഫിലിക് മെനിഞ്ജയ്റ്റിസ് എന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ആഞ്ജിയോസ്ട്രോങ്ങയില്സ് കന്റോനെൻസിസ് (Angiostrongylus cantonensis) എന്ന നിമാവിരകളുടെ വാഹകരാണ്. ഈ നിമാവിരകൾ സാധാരണയായി എലികളുടെ ശ്വാസകോശ ധമനികളിൽ ആണ് വസിക്കുന്നത് അതിനാൽ ഇവയെ സാധാരണയായി എലി ശ്വാസകോശ പുഴുക്കൾ (Rat Lungworm) എന്നാണ് വിളിക്കുന്നത്. ഈ നിമാവിരകളെ ആദ്യമായി വിവരിച്ചത് ചൈനീസ് പാരസെറ്റോളജിസ്റ്റായ ചെൻ ആയിരുന്നു. 1935-ൽ. നെമറ്റോഡ ഫൈലത്തിലെ ക്രോമഡോറിയ ക്ലാസ്സിൽ റബ്ഡിറ്റിഡ ഓർഡറിൽ ആൻജിയോസ്ട്രോങ്ങ്ലിഡേ കുടുംബത്തിലാണ് ഇവയെ വർഗീകരിച്ചിട്ടുള്ളത്.
ഈ നിമാവിരകൾ എലികളുടെ ശ്വാസകോശ ധമനികളിൽ മുട്ടയിടുകയും ഈ മുട്ടകൾ ശ്വാസകോശത്തിനുള്ളിൽ വിരിയുകയും ചെയ്യുന്നു. ഈ മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവയുടെ ആദ്യഘട്ടം എലികളുടെ കാഷ്ടം ഭക്ഷിക്കുന്നത് വഴി ഇവയുടെ ഇന്റർമിഡിയറ്റ് ഹോസ്റ്റ് ആയ ഒച്ചുകളിൽ എത്തിച്ചേരുന്നു. ഇവയുടെ മൂന്നാമത്തെ ലാർവൽ ഘട്ടം വരെയുള്ള വളർച്ച പിന്നീട് ഒച്ചുകളിലാണ് നടക്കുന്നത്. ഈ മൂന്നാമത്തെ ലാർവൽ ഘട്ടമാണ് രോഗം പരത്തുന്നത്. മൂന്നാമത്തെ ലാർവ വരെയുള്ള വളർച്ചയ്ക്ക് ശേഷം ഈ ലാർവകൾ ഒച്ചുകളിൽ നിന്ന് വീണ്ടും എലികളിൽ എത്തിച്ചേരുകയും അവയുടെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഒച്ചുകളെ മനുഷ്യൻ അറിയാതെ കൈകാര്യം ചെയ്യുമ്പോഴോ, അല്ലെങ്കിൽ കഴുകാത്ത പച്ചക്കറികളിലൂടെയോ മറ്റോ ഇവ മനുഷ്യ ശരീരത്തിൽ എത്തിപ്പെടുന്നു.
ഒച്ചുകളിൽ ഈ ലാർവകൾ അവയുടെ ശരീര സ്രവത്തിലോ അല്ലെങ്കിൽ കാഷ്ടത്തിലോ ആണ് കാണപ്പെടുന്നത്. മനുഷ്യരിൽ എത്തപ്പെടുന്ന ഈ ലാർവകൾ മനുഷ്യരുടെ തലച്ചോറിലാണ് പിന്നീട് വസിക്കുന്നത്. ഇവ അവിടെ പിന്നീട് മസ്തിഷ്കജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഈ ലാർവകൾ മനുഷ്യരുടെ ശ്വാസകോശത്തിലും കണ്ണുകളിലും വരെ കാണപ്പെടാറുണ്ട്. ഈ നിമാവിരകൾക്ക് മനുഷ്യ ശരീരത്തിനുള്ളിൽ പ്രത്യുൽപാദനം നടത്താൻ സാധ്യമല്ല. Slom et al. 2002.
ആഫ്രിക്കൻ ഒച്ചുകളോടൊപ്പം തന്നെ ഈ നിമാവിരകളും ഇപ്പോൾ ലോകത്തു ധാരാളം ഇടങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവ പ്രധാനമായും പസിഫിക് ദ്വീപുകൾ, ഏഷ്യയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടു വരുന്നു. 2019-ൽ ഞാൻ നടത്തിയ പഠനത്തിൽ കേരളത്തിലെ ആഫ്രിക്കൻ ഒച്ചുകളിൽ ഈ നിമാവിരകൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഈ നിമാവിരകൾ ഉണ്ടാക്കുന്ന മസ്തിഷ്കജ്വരവുമായി 2013-ൽ എറണാകുളത്തെ അമൃത ആശുപത്രിയിൽ പത്തിൽ അധികം കുഞ്ഞുങ്ങളെ ചികിത്സിക്കുകയുണ്ടായി. അവിടുത്തെ കുട്ടികളുടെ നാഡീരോഗ വിദഗ്ധനായ ഡോക്ടർ വിനയനുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും ഈ അസുഖബാധിതരായ കുട്ടികളുടെ എല്ലാം വീടുകളിലും പരിസരത്തും ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്നതായി ഞങ്ങൾക്ക് കണ്ടെത്തുവാനായി സാധിച്ചു. പിന്നീട് തിരുവനന്തപുരത്ത് നാല്പതിലധികം വയസ്സുള്ള ഒരു സ്ത്രീയുടെ കണ്ണിൽ നിന്നും ഈ നിമാവിരകളെ കണ്ടെത്താനായി. അവർക്കും ഈ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് അമൃത ആശുപത്രിയിലെ മറ്റൊരു കുട്ടികളുടെ നാഡീരോഗ വിദഗ്ധനായ ഡോക്ടർ വൈശാഖിൽനിന്നും അറിയാൻ സാധിച്ചത് ഇപ്പോഴും എല്ലാവർഷവും നാലോ അഞ്ചോ കുഞ്ഞുങ്ങൾ ഈ അസുഖവുമായി എത്തുന്നുണ്ട് എന്നാണ്. പിന്നീട് ഈ ആശുപത്രിയിലെ ഡോക്ടർമാർ അസുഖബാധിതനായ കുട്ടികളുടെ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡിൽ നിന്നും ഈ നിമാവിരകളെ പി സി ആർ പരീക്ഷണം ഉപയോഗിച്ച് തിരിച്ചറിഞ്ഞിട്ടും ഉണ്ട്. ഈ രോഗബാധ ഏറ്റവും അധികം കാണപ്പെടുന്നത് ഉഷ്ണമേഖലയിലെ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലും മറ്റുമാണ്.
ഉഷ്ണമേഖലാരാജ്യങ്ങളിലെ അവഗണിക്കപ്പെടുന്ന ഒരു അസുഖം ആയിട്ടാണ് ഇപ്പോഴും ശാസ്ത്രലോകം ഈ അസുഖത്തെ കാണുന്നത്. ഈ അസുഖത്തെക്കുറിച്ച് ഇനിയും ധാരാളമായി പഠനങ്ങൾ നടത്തേണ്ടതുണ്ട് മനുഷ്യർക്ക് ചെമ്മീനിലൂടെയും ഞണ്ടുകളിലൂടെയും മറ്റു ഒച്ചുകളിലൂടെയും മറ്റും എല്ലാം ഈ അസുഖം വരാനുള്ള സാധ്യത ഉണ്ടെങ്കിലും ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിന്റെ വലുപ്പം കൂടുതലായതിനാൽ ഈ നിമാവിരകളെ ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിൽ വലിയ അളവിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന ഉയർന്ന അനുപാതത്തിലുള്ള മഴ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ആഫ്രിക്കൻ ഒച്ചുകളിൽ വസിക്കുന്ന ഈ നിമാവിരകൾക്ക് 50-72 മണിക്കൂർ വരെ വെള്ളത്തിൽ കഴിയാൻ സാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ആഫ്രിക്കൻ ഒച്ചുകളിൽ നിന്നും മറ്റു ഒച്ചുകളിൽനിന്നുമുള്ള ഈ നിമാവിരകൾക്ക് കുടിവെള്ളത്തെ മലീമസമാക്കാനുള്ള കഴിവുണ്ടെന്ന് റിച്ചാർഡ് മെറിറ്റ് 1967-ൽ റിപ്പോർട്ട് ചെയ്തിരുന്നു.
ആഫ്രിക്കൻ ഒച്ചുകൾ കുടിവെള്ള സംഭരണിക്ക് മുകളിലൂടെ ഇഴഞ്ഞു നടന്നതാണ് 2010-ൽ ഹവായ്ൽ പൊട്ടിപ്പുറപ്പെട്ട മസ്തിഷ്കജ്വരത്തിനു കാരണമെന്നു അവിടുത്തെ മാധ്യമങ്ങൾ അന്ന് റിപ്പോർട് ചെയ്തിരുന്നു. 1964-ൽ ചെന്നും അലിക്കാറ്റായും ചേർന്ന് ഈ നിമാവിരകൾക്ക് 24 മണിക്കൂർ വരെ വെള്ളത്തിൽ ജീവിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ക്രൂക്കും മറ്റുള്ളവരും 1961-ൽ തായ്‌ലൻഡിൽ ആഫ്രിക്കൻ ഒച്ചുകൾ മുങ്ങി ചത്തുപോയ കിണറ്റിലെ വെള്ളത്തിൽ നിമാവിരകൾ 50 മണിക്കൂർ വരെ ജീവിക്കുമെന്ന് കണ്ടെത്തി. പിന്നീട് ഇവയ്ക്ക് ഒരാഴച വരെ വെള്ളത്തിൽ കഴിയുവാൻ ആകുമെന്ന് റിച്ചാർഡും മെറിറ്റും 1967-ൽ റിപ്പോർട്ട് ചെയ്തു. വാൾഡിനും മറ്റുള്ളവരും 2017-ൽ ജമൈക്കയിൽ നടത്തിയ പഠനത്തിൽ നിമാവിരകൾ നിറഞ്ഞ വെള്ളം ഉപയോഗിച്ച് കഴുകിയ പച്ചക്കറികളിലൂടെ ധാരാളം പേർക്ക് മസ്തിഷ്കജ്വരം ഉണ്ടായതായി കണ്ടെത്താനായിട്ടുണ്ട്. മനുഷ്യരുടെ ശരീരത്തിലുള്ള തുറന്ന മുറിവുകൾ കൂടെയും ഈ നിമാവിരകൾക്ക് കയറാൻ സാധിക്കുമെന്ന് 2013-ൽ കോവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഫ്രിക്കൻ ഒച്ചുകൾ നമ്മുടെ വിളകൾക്കും മറ്റും ഭീഷണിയാകുന്നതിനോടൊപ്പം തന്നെ ഇവ മാരകമായ ഒരു അസുഖവും പരത്തുന്നുണ്ടെന്നു നാം മനസ്സിലാക്കണം. കൊച്ചു കുഞ്ഞുങ്ങളും മറ്റും ഇവയെ തൊടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുവാൻ അവരോട് പറയേണ്ടതാണ്. അതുപോലെതന്നെ മഴക്കാലത്ത് ആണെങ്കിലും എപ്പോഴാണെങ്കിലും നമ്മൾ കിണറ്റിൽ നിന്നും മറ്റും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം മാത്രം ഉപയോഗിക്കാനും പച്ചക്കറികളെല്ലാം പറിച്ചതിനുശേഷം നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കിണറ്റിലോ വീടിന്റെ പരിസരത്തോ ആഫ്രിക്കൻ ഒച്ചുകളെ കണ്ടാൽ ഉടൻ തന്നെ അവയെ നശിപ്പിച്ചു കളയേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് പനി വിട്ടുമാറാത്ത തലവേദന മുതലായവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ഇത്തരത്തിൽ മസ്തിഷ്കജ്വരം ബാധിച്ച കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കോളം എത്തിയാണ് തിരിച്ചുവന്നിരിക്കുന്നത്. അതിനാൽ തന്നെ അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗമായ (neglected tropical disease) ഈ നിമാവിരകൾ മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരത്തെ നമുക്ക് വളരെയധികം ശ്രദ്ധയോടെ നേരിടാം.
റഫറൻസുകൾ
- Cowie R. 2013. Pathways for Transmission of Angiostrongyliasis and the Risk of Disease Associated with Them. Hawai‘I Journal of Medicine & Public Health, June 2013, Vol 72, No 6, Supplement 2.
- Cheng TC, and Alicata J. 1964. The possible role of water in the transmission of Angiostrongylus cantonensis (Nematoda: Metastrongylididae). J Parasitology Vol 50 No 30 Section 2 Supplement. P39.
- Crook, J.R., Fulton, S.E., Supanwong, K. 1971. The infectivity of third stage Angiostrongylus cantonensis larvae shed from drowned Achatina fulica snails and the effect of chemical agents on infectivity. Transactions of the Royal Society of Tropical Medicine and Hygiene. 65:602-605.
- Kathleen Howe, Robert McHugh, Michael Severino Susan Jarvi. The potential for rainwater catchment as a source of human infection by Angiostrongylus cantonensis in Hawaii. Project submitted to the Department of Pharmaceutical Sciences, Daniel K. Inouye College of Pharmacy, University of Hawaii, Hilo
- Richards, C.S., Merritt, J.W. 1967. Studies on Angiostrongylus cantonensis in molluscan intermediate hosts. The Journal of Parisitology. 53:382-388
- Slom TJ, Cortese MM, Gerber SI, Jones RC, Holtz TH, Lopez MHS, Zambrano CH, Sufit RL, Sakilvaree Y, Chaicumpa W, Herwaldt BL, Johnson S. 2002. An outbreak of eosinophilic meningitis caused by Angiostrongylus cantonensis in travelers returning from the Caribbean. New England Journal of Medicine 346: 668-574.
- Walden SHD, Slapcinsky JD, Roff S, Mendieta Calle J, Diaz Goodwin Z, Stern J, et al. (2017) Geographic distribution of Angiostrongylus cantonensis in wild rats (Rattus rattus) and terrestrial snails in Florida, USA. PLoS ONE 12(5): e0177910. https://doi.org/10.1371/ journal.pone.0177910.
എറണാകുളം കുസാറ്റിൽ വെച്ചു നടന്ന സയൻസ് സ്ലാമിൽ ഡോ. കീർത്തി വിജയന്റെ ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ചുള്ള അവതരണം കണ്ടിരുന്നു. ഈ ലേഖനം നന്നായി.
ഇവയുടെ എണ്ണം മാത്രമല്ല വലിപ്പവും വർഷാവർഷം കൂടുന്നുണ്ടോ..?
ലേഖനം നന്നായി. നാട്ടിൽ (മലയാറ്റൂർ) ഇപ്രാവശ്യം പോയപ്പോൾ ഇത് വലിയ ശല്യമായിട്ടുണ്ട്. ഭിത്തിയിൽ ഈർപ്പമുള്ള എല്ലായിടത്തും.. ഇതിനെ നശിപ്പിക്കാൻ ഫലപ്രദമായ വഴി എന്താണെന്ന് കൂടി സൂചിപ്പിച്ചാൽ ഉപകാരമായിരുന്നു.