Read Time:17 Minute

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്. ഇന്ത്യൻ ജിയോളജിയുടെ ആദ്യനാളുകളിൽ അദ്ദേഹം നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങളും ഇന്നും പ്രസക്തമായി തുടരുന്നു.

1883 ഒക്‌ടോബർ 23 ന് സൂറത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അർദാസേർ കുർസെട്ജിയുടെ (നേവൽ ആർക്കിടക്റ്റ് എന്ന നിലയിലും ഇന്ത്യയിൽനിന്ന് ആദ്യമായി റോയൽ സൊസൈറ്റി അംഗത്വത്തിന് അർഹത നേടിയ വ്യക്തി എന്ന നിലയിലും പ്രശസ്തൻ) കുടുംബത്തിലായിരുന്നു വാഡിയയുടെ ജനനം. ഒരു സാധാരണ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ ജോലിസ്ഥലത്ത് നല്ല സ്‌കൂളുകളൊന്നുമില്ലാതിരുന്നതിനാൽ സൂറത്തിൽ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം താമസിച്ചാണ് വാഡിയ സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. പതിനൊന്നാം വയസ്സു വരെ അദ്ദേഹം സൂറത്തിലെ ജെ. ജെ. ഇംഗ്ലീഷ് സ്‌കൂളിലാണ് പഠിച്ചത്. വാഡിയക്ക് 11 വയസ്സു പൂർത്തിയായ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബം ബറോഡയിലേക്ക് താമസം മാറ്റി. ഈ ഘട്ടത്തിലാണ് തന്റെ മൂത്ത സഹോദരന്റെ സ്വാധീനം മൂലം വാഡിയ ദേശീയ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളുമായി അടുത്തത്. ഇതേ കാലത്തു തന്നെയാണ് അദ്ദേഹം ശാസ്ത്രത്തിൽ ഗാഢമായ താൽപര്യം പ്രകടിപ്പിച്ചു  തുടങ്ങിയതും.

1903-ൽ അദ്ദേഹം സസ്യശാസ്ത്രം, ജീവശാസ്ത്രം എന്നിവ വിഷയങ്ങളായെടുത്ത് ബി.എസ്.സി. ബിരുദം നേടി. 1906-ൽ അദ്ദേഹം സസ്യശാസ്ത്രം, ഭൂവിജ്ഞാനീയം എന്നീ വിഷയങ്ങളിൽ എം.എസ്.സി. ബിരുദം നേടി. പ്രശസ്ത ജീവശാസ്ത്ര പ്രൊഫസറായിരുന്ന എ. എം. മസാനിയാണ്, ബറോഡാ കോളേജിൽ വച്ച്, വാഡിയായുടെ ശ്രദ്ധ ഭൂവിജ്ഞാനീയത്തിലേക്ക് തിരിച്ചുവിട്ടത്. ബറോഡയിലെ ആർട്‌സ് ആന്റ് സയൻസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഭൂവിജ്ഞാനീയ മാതൃകകൾ അദ്ദേഹത്തിന്റെ പഠനത്തിന് ഏറെ സഹായകമായി.

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, 1907-ൽ വാഡിയ ജമ്മുവിലെ പ്രിൻസ് ഓഫ് വെയ്ൽസ് കോളേജിൽ അധ്യാപകനായി. തുടർന്ന് 14 വർഷം അദ്ദേഹം അവിടെ സേവനമനുഷ്ഠിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ കോളേജ് മഹാത്മാഗാന്ധി കോളേജ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി. ഇന്ന് അത് ജമ്മു സർവകലാശാലയുടെ ഭാഗമാണ്. വാഡിയ തന്റെ ഇഷ്ട വിഷയമായ ഭൂവിജ്ഞാനീയത്തിനു പുറമേ ഇംഗ്ലീഷും പഠിപ്പിക്കുമായിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് തെളിവാണിത്. ജമ്മുവിൽ താമസിക്കുന്ന കാലത്ത് അവധിക്കാലങ്ങളിൽ വാഡിയ ഹിമാലയൻ പ്രദേശങ്ങൾ സന്ദർശിക്കുകകയും പലതരം പാറകൾ, ഫോസിലുകൾ എന്നിവ ശേഖരിക്കുകയും പതിവായിരുന്നു. ഇവയൊക്കെത്തന്നെ ഭൂവിജ്ഞാനീയക്ലാസുകൾ കൂടുതൽ രസകരമാക്കുന്നതിനായി അദ്ദേഹം പ്രയോജനപ്പെടുത്തിവന്നു.

നംഗപർബദ് കൊടുമുടി

അദ്ദേഹം തന്റെ വിദ്യാർത്ഥികളുമൊത്ത് ജമ്മുപ്രദേശത്തെ ശിവാലിക് കുന്നുകളിലേക്ക് സാഹസികയാത്രകൾ സംഘടിപ്പിക്കുകയും ആ പ്രദേശങ്ങൾ അത്യന്തം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു പര്യടനത്തിനിടയിലാണ് സ്റ്റെഗെഡോൺ ഗണേശ (Stegodon ganesa) എന്ന പടുകൂറ്റൻ സസ്തനിയുടെ മൂന്നുമീറ്റർ നീളമുള്ള കൊമ്പിന്റെ ഫോസിൽ അദ്ദേഹം കണ്ടെത്തിയത്. അത്യന്തം പ്രധാനപ്പെട്ട ഒരു കണ്ടെത്തലായിരുന്നു അത്.

Stegodon ganesa -ഒരു ചിത്രീകരണം

ഹിമാലയത്തിന്റെ ഘടനയും ഭൂവിജ്ഞാനീയപരമായ പ്രത്യേകതകളും ആഴത്തിൽ അറിയുന്നതിനായി അദ്ദേഹം അനേകം പർവതശിഖരങ്ങൾ കയറിയിറങ്ങി. ഈ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി വടക്കുപടിഞ്ഞാറൻ ഹിമാലയസാനുക്കളിൽ കാണപ്പെടുന്ന ക്രമരഹിതമായ ശിലാഘടനകൾ, നംഗപർബദ് കൊടുമുടിക്ക് ചുറ്റുമായി കാണപ്പെടുന്ന പർവതശൃംഖലയിലെ സവിശേഷമായ മുട്ടുകാൽ വളവ് (Knee bend) തുടങ്ങിയ പ്രതിഭാസങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹിമാലയത്തെ സംബന്ധിച്ചുള്ള പഠനങ്ങളിൽ അതീവ തൽപരനായിരുന്ന വാഡിയ തന്നെയാണ് ദെഹ്‌റാദൂണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത്. പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറും അദ്ദേഹം തന്നെയായിരുന്നു. പിൽക്കാലത്ത് വാഡിയയുടെ സ്മരണാർത്ഥം, പ്രസ്തുത സ്ഥാപനത്തിന്റെ പേർ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി എന്നാക്കി മാറ്റുകയുണ്ടായി. ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗോവയിലെ പനാജിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി എന്നിവ സ്ഥാപിക്കുന്നതിലും അവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നതിലും അദ്ദേഹം താൽപര്യപൂർവം പങ്കാളിയാവുകയുണ്ടായി.

ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി

 

1921-ലാണ് വാഡിയ പ്രിൻസ് ഓഫ് വെയിൽസ് കോളേജിലെ അധ്യാപകജോലിയിൽനിന്നു വിരമിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ (GSI) അസിസ്റ്റന്റ് സുപ്രണ്ട് തസ്തികയിൽ ചേരുന്നത്. അദ്ദേഹത്തിന് അന്ന് 38 വയസ്സു പ്രായമേ ഉള്ളൂ. വിദേശ ബിരുദങ്ങൾ ഒന്നും ഇല്ലാത്ത ഒരാൾ GSI യിൽ നിയമിതനാകുന്നത് അത് ആദ്യമായിരുന്നു. GSI യിൽ ജോലി ചെയ്യുന്ന കാലത്ത് വടക്കുപടിഞ്ഞാറൻ ഹിമാലയത്തെക്കുറിച്ചുള്ള ഒട്ടേറെ ശ്രദ്ധേയമായ ഗവേഷണ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. R. D വെസ്റ്റ് എന്ന ശാസ്ത്രജ്ഞൻ വാഡിയയെ കുറിച്ച് ഇപ്രകാരം എഴുതി: ”വാഡിയ ഹിമാലയത്തിൽ സഞ്ചരിച്ചപ്പോഴെല്ലാം ഹിമാലയത്തിന്റെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട സ്ട്രാറ്റിഗ്രാഫി, ടെക്‌റ്റോണിക്‌സ് സമസ്യകൾ സംബന്ധിച്ച് ഏറെ വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുവരേക്കും ആരും അന്വേഷിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്യാത്ത മേഖലകളായിരുന്നു ഇവ’.

അദ്ദേഹം വ്യത്യസ്ത ഭൂവിജ്ഞാനീയ വിഷയങ്ങളെ ആധാരമാക്കി നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും മോണോഗ്രാഫുകളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1928-ൽ അദ്ദേഹം കേടുപാടുകളൊന്നും സംഭവിക്കാത്ത ഒരു ആക്ടിനോഡൊൺ (Actinodon) തലയോട്ടി കണ്ടെത്തുകയുണ്ടായി. കാശ്മീരിലെ ഹിമാലയ പ്രദേശങ്ങളിലെ ശിലാരൂപവൽകരണത്തിന്റെ    കാലഗണനയ്ക്ക് ഇത് അത്യന്തം പ്രയോജനപ്പെടുകയുണ്ടായി. ചെമ്പ്, നിക്കൽ, ലെഡ്, സിങ്ക് എന്നിങ്ങനെ വിവിധ ലോഹങ്ങളുടെ സൾഫൈഡ് അയിരുകൾ സമൃദ്ധമായി ലഭിക്കുന്ന ഒട്ടേറെ പ്രദേശങ്ങളും വാഡിയ കണ്ടെത്തുകയുണ്ടായി.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം ഒരു വർഷത്തെ (1926-27) സ്റ്റഡി ലീവിൽ ഇംഗ്ലണ്ടിലെത്തി. കാശ്മീരിൽ നിന്നു കണ്ടെടുത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന നട്ടെല്ലി ഫോസിലുകളെക്കുറിച്ച് പഠിക്കാനാണ് അദ്ദേഹം ഈ പഠനകാലം ചെലവഴിച്ചത്. അതോടൊപ്പം ജർമനി, ഓസ്ട്രിയ, ചെക്കോസ്ലോവാക്കിയ എന്നിവിടങ്ങളിലെ ഭൂവിജ്ഞാനീയപഠനകേന്ദ്രങ്ങൾ സന്ദർശിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി.

മണ്ണ് ഗവേഷണരംഗത്ത് ഇന്ത്യയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല എന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇതിനുള്ള ചില പരിഹാരമാർഗങ്ങൾ അദ്ദേഹം തന്റെ പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ചു. 1935-ൽ എം. എസ്. കൃഷ്ണൻ, പി. എൻ. മുഖർജി എന്നിവരുമൊത്ത് വാഡിയ ഇന്ത്യയുടെ ഒന്നാമത്തെ മൺഭൂപടം പ്രസിദ്ധീകരിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയായിരുന്നു ഇതിന്റെ പ്രസാധകർ. പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടേറെ മൺഭൂപടങ്ങൾക്ക് പ്രചോദനമായിത്തീർന്നു ഈ സംരംഭം.

1938-ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചതിനുശേഷം വാഡിയ ശ്രീലങ്കൻ സർക്കാരിന്റെ (അന്നത്തെ സിലോൺ) കീഴിൽ മിനറോളജിസ്റ്റ് (ധാതു ഗവേഷകൻ) ആയി ചുമതലയേറ്റു. ശ്രീലങ്കയുടെ കൃത്യതയുള്ള ഭൂവിജ്ഞാനീയ മാപ്പുകളുടെ നിർമാണം, ജലവിതരണം, അണക്കെട്ട് നിർമാണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നിവയ്ക്ക് ഇക്കാലത്ത് അദ്ദേഹം നേതൃത്വം നൽകി. കൊളംബോ നഗരത്തിന്റെ ആദ്യത്തെ ജിയോളജിക്കൽ സ്‌കെച്ച് മാപ്പ് തയ്യാറാക്കിയത് വാഡിയയാണ്.

1947-ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, 1949-ൽ പ്രവർത്തിച്ചുതുടങ്ങിയ ആറ്റൊമിക് മിനറൽ ഡിവിഷൻ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകഡയറക്ടർ സ്ഥാനവും അദ്ദേഹം വഹിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തെ വാതകങ്ങൾ, എണ്ണ, ജലം എന്നിവയടക്കമുള്ള എല്ലാവിധ ഖനിജ/ധാതുസമ്പത്തുക്കളുടെയും സംരക്ഷണം, അവയ്ക്കായുള്ള അന്വേഷണം, അവയുടെ ഉപഭോഗം എന്നിവ ശാസ്ത്രീയമായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് ഒരു ദേശീയനയം ഉണ്ടായേ മതിയാവൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

ഇന്ത്യൻ ഭൂവിജ്ഞാനീയത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരിമായ പാഠപുസ്തകം ശ്രീ. ഡി. എൻ. വാഡിയയുടേതാണ്. ഈ മേഖലയിലെ ഒരു ‘ക്ലാസിക്കാ’യി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ 6-ാം പതിപ്പ് 1966-ൽ പ്രസിദ്ധീകൃതമായി. ഈ പുസ്തകത്തെക്കുറിച്ച് ശ്രീ. കെ. എസ്. വൈദ്യ വിവരിക്കുന്നത് ഇപ്രകാരമാണ് : ”1919-ലാണ് ശ്രീ വാഡിയ രചിച്ച ഇന്ത്യൻ ജിയോളജി എന്ന പ്രശസ്ത ഗ്രന്ഥം മാക്മില്ലൻ (ലണ്ടൻ) ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ ഗ്രന്ഥത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ ഭൂവിജ്ഞാനപരമായ പ്രത്യേകതകളെക്കുറിച്ച് തനിക്കുള്ള വിപുലവും ഗഹനവുമായ വിജ്ഞാനം അദ്ദേഹം ആറ്റിക്കുറുക്കി അവതരിപ്പിച്ചിരിക്കുന്നു. ഐതിഹാസികം എന്നു വിളിക്കാവുന്ന ഈ     ഗ്രന്ഥത്തിന്റെ ആറു പതിപ്പുകളിലൂടെ അദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി തലമുറകളിൽപെടുന്ന ഭൂവിജ്ഞാനീയ വിദ്യാർത്ഥികളുടെ ഗുരുസ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു”.

ജീവിതകാലം മുഴുവൻ അതീവ ഊർജ്ജസ്വലതയോടെ കഠിനാധ്വാനത്തിലേർപ്പെട്ടിരുന്ന വാഡിയ, തികച്ചും ലളിതമായ ജീവിതശൈലിയുടെ ഉടമയായിരുന്നു. 1945-ൽ വാഡിയ, ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ദേശീയ ഗവൺമെന്റിന്റെ ഭൂവിജ്ഞാനീയ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ഖനിജ നയം (Mineral Policy) ആവിഷ്‌കരിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. 1963-ൽ ഇന്ത്യാഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയിലെ ഒന്നാമത്തെ ജിയോളജി നാഷണൽ പ്രൊഫസർ ആയി നിയമിച്ചു. 1957-ൽ അദ്ദേഹം ലണ്ടനിലെ റോയൽ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1958-ൽ പത്മഭൂഷൺ ബഹുമതിക്ക് അർഹനായി. ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും നിരവധി സർവകലാശാലകളുടെ ഹോണററി ഡോക്ടറേറ്റുകളും അദ്ദേഹത്തെ തേടിയെത്തി.

അതീവ മനോഹരമായ ഏതാനും പോപ്പുലർ സയൻസ് ലേഖനങ്ങളും ശ്രീ വാഡിയ രചിക്കുകയുണ്ടായി. അദ്ദേഹം രചിച്ച The Story of a Stone (ഒരു കല്ലിന്റെ കഥ) ഏറെ പ്രശസ്തമാണ്. ആത്മകഥാശൈലിയിൽ രചിച്ചിട്ടുള്ള ഈ പ്രബന്ധത്തിലൂടെ ഭൂവിജ്ഞാനീയത്തിന്റെ അടിസ്ഥാനതത്വങ്ങൾ അദ്ദേഹം നമുക്ക് വിവരിച്ചു തരുന്നു. അതു വായിച്ചുകഴിയുമ്പോൾ കല്ലുകളുടെ അരുളപ്പാടുകൾ നമ്മുടെ കാതിൽ മുഴങ്ങുന്നതുപോലെ നമുക്കനുഭവപ്പെടും. ഇന്ത്യൻ ഭൂവിജ്ഞാനീയത്തിന്റെ മഹാനായ ഈ ആചാര്യൻ 1969 ജൂൺ 15 ന് 86-ാം വയസ്സിൽ കഥാവശേഷനായി.


ഡി.എൻ.വാഡിയ എഡിറ്റു ചെയ്ത Minerals Of India പുസ്തകം വായിക്കാം


ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രപ്രചാരകനായ രുചിറാം സാഹ്‌നി
Next post കോവിഡ് കാലാനുഭവങ്ങൾ ചെറുകഥകളിലൂടെ…
Close