Read Time:5 Minute
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.
- ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ബാഷ്പം (പുകമഞ്ഞ്) സ്പ്രേ ചെയ്യുന്ന തുരങ്കത്തിലൂടെ ഏതാനും സെക്കന്റ് കടന്നു പോകുന്ന മനുഷ്യർ അണുവിമുക്തരാകും എന്ന ധാരണയാണ് പരത്തുന്നത്.
- ലോകാരോഗ്യ സംഘടന, അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ (CDC) എന്നിവയുടെ രോഗാണുനാശന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇന്ത്യയടക്കം ലോകരാജ്യങ്ങളിൽ അനുവർത്തിക്കുന്നത്. അതിൽ സോഡിയം ഹൈപ്പോ ക്ളോറൈറ്റോ ഹൈഡ്രജന്‍ പെറോക്സൈഡോ അണുനാശനപ്പുകയ്ക്ക് (Fumigation) ഉപയോഗിക്കാമെന്ന് പറയുന്നില്ല.
- ആശുപത്രികളിലെ മേശ, ഉപകരണങ്ങൾ, തറ എന്നിവ ശുചീകരിക്കുന്നതിന് ഹൈപ്പോക്ളോറൈറ്റ് ലായനിയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ വൈറസുകള്‍ കൈകാര്യം ചെയ്യുന്ന ലാബുകളിലോ നമ്മുടെ ആശുപത്രികളിലെ ഓപ്പറേഷൻ തീയറ്ററുകളിലോ ഇത് അണുനാശനത്തിനായി (fumigation) പരീക്ഷിക്കപ്പെടുന്നില്ല.
- രോഗപ്പകർച്ചക്ക് പ്രധാനഹേതുവായ ഉള്ളങ്കയ്യിലെ വൈറസുകളെ ഇത്തരത്തിലുള്ള മാർഗ്ഗം നശിപ്പിക്കുമെന്ന് കരുതാൻ വയ്യ. അതിന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസറുകൾ ഉപയോഗിക്കുകയോ വേണം. ശ്വാസകോശനാളികളിലുള്ള വൈറസുകളാണ് യഥാർത്ഥ അപകടം. അവ മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ മാസ്ക് തന്നെ ഉപയോഗിക്കണം. തുരങ്കങ്ങൾ ഇതു രണ്ടിനെയും പ്രതിരോധിക്കുന്നില്ല.
- ആളുകളുടെ ശ്രദ്ധ മേൽപറഞ്ഞ കൂടുതൽ പ്രാധാന്യമുള്ള പ്രവർത്തനങ്ങളിൽ നിന്നും മാറുന്നതിനും തുരങ്കത്തിൽ കയറി എന്ന കാരണത്താൽ തെറ്റായ ഒരു സുരക്ഷിതത്വബോധം ഉണ്ടാകുന്നതിനും അത് ആളുകളുമായി കരുതലില്ലാതെ ഇടപഴകുന്നതിനും കാരണമാകും.
- വൈറസിനെ ചെറുക്കുന്നതിന് ഏതൊരു രാസവസ്തുവിനും നിശ്ചിതസമയം (Contact time) വേണം. അതിനാൽ പ്രതലങ്ങളിലും അചേതന വസ്തുക്കളിലും ഉള്ള വൈറസുകളെ നശിപ്പിക്കാൻ പോലും തുരങ്കങ്ങൾ പര്യാപ്തമാകില്ല.
- തുരങ്കങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ്, ക്ലോറിൻ തുടങ്ങിയവ മനുഷ്യന്റെ ത്വക്കിനും കണ്ണിനും അലർജി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടിയ അളവിൽ ശ്വാസകോശത്തിൽ എത്തിയാൽ ന്യൂമോണിയ, പൾമണറി എഡീമ, എ.ആർ.ഡി.എസ് എന്നിവയ്ക്ക് കാരണമാകാം. ശ്വാസംമുട്ടുള്ള രോഗികൾക്ക് രോഗം മൂർഛിക്കുന്നതിന് ഇതിടയാക്കും.
- മാത്രമല്ല കൊറോണ രോഗികളാണ് ടണലിൽ കൂടി പോകുന്നതെങ്കിൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് രോഗം വഷളാകാനിടയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം അണുനാശിനികൾ മനുഷ്യശരീരത്തിൽ നേരിട്ട് ഉപയോഗിക്കരുത്.
- കൊവിഡ് പ്രതിരോധത്തിന് ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, അത്യാവശ്യമായി പുറത്തിറങ്ങേണ്ടി വന്നാല്‍ തുണിമാസ്ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ജനങ്ങൾ ശീലമാക്കുകയാണ് വേണ്ടത്.
- ദക്ഷിണേന്ത്യയില്‍ ആദ്യമായി തിരുപ്പൂരിലാണ് ഇത്തരം കവാടം സ്ഥാപിച്ചത്. ദോഷമുണ്ടാകാനിടയുണ്ടെന്ന് കണ്ടതോടെ ഇത് എടുത്തുമാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
രോഗപ്രതിരോധത്തെ കുറിച്ച് ജനങ്ങളിൽ തെറ്റായ ധാരണ പരത്തുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും അപകടസാധ്യതയും സാമ്പത്തിക ചെലവുമുണ്ടാക്കുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും അതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
Related
0
0