കോവിഡ് 19 – സ്ത്രീയും പുരുഷനും

ഡോ.യു.നന്ദകുമാർ

കോവിഡ് 19 വ്യാപനത്തിനിടെ ചർച്ചയായ കാര്യമാണ്, കോവിഡ് രോഗവും ലിംഗപരമായ വ്യത്യാസങ്ങളും. തുടക്കത്തിൽ തന്നെ വളരെപ്പേർ രോഗാതുരതയിൽ ലിംഗവ്യത്യാസം ശ്രദ്ധിച്ചിരുന്നു. ചൈനയിലും കൊറിയയിലും ആശുപത്രിയിൽ എത്തുന്നതും മരണപ്പെടുന്നതും പുരുഷന്മാരാണെന്ന് ശ്രദ്ധിക്കപ്പെട്ടു.

ഡിസംബർ 2019 മുതൽ  ഫെബ്രുവരി 2020 വരെയുള്ള കാലയളവിൽ ചൈനയിൽ നിന്നുള്ള ആദ്യ  റിപ്പോർട്ടുകൾ പുറത്തുവന്നു. രോഗബാധിതർ 60% പുരുഷന്മാർ ആയിരുന്നു. ഫെബ്രുവരി 11 ആം തിയതി ചൈനയിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത് മരണ നിരക്ക് സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് 65% കൂടുതലായിരുന്നു എന്നാണ്. ഇത് വലിയ അന്തരമാണ് കാണിക്കുന്നത്. ദക്ഷിണ കൊറിയയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യപഠനങ്ങളിൽ പരുഷന്മാർക്ക് മരണസാധ്യത സ്ത്രീകളെക്കാൾ 89% കൂടുതലാണെന്ന് ശ്രദ്ധിക്കപ്പെട്ടു.

തുടക്കത്തിൽ ലളിതമായ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമമുണ്ടായി. പുകവലി ചൈനയിലും കൊറിയയിലും പുരുഷന്മാരുടെ സ്വഭാവമാണ്. വളരെ കുറച്ചു സ്ത്രീകൾ മാത്രമാണ് പുകവലിക്കാരായുള്ളത്. കോവിഡ് ശ്വാസകോശങ്ങളെ ബാധിക്കുന്നു എന്നതിനാൽ ഇതൊരു വിശദീകരണമായി പലരും കരുതി.

എന്നാലിക്കാര്യത്തില്‍ മാറി ചിന്തിക്കേണ്ട അവസരം പിന്നാലെ എത്തി. 2016, 2017, കാലത്തു സാർസ്, മെർസ്, രോഗങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന മൃഗപരീക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടു. എലികളിൽ മുൻ കൊറോണ വൈറസുകൾ കുത്തിവെച്ചപ്പോൾ ആൺ എലികൾക്ക് വർധിച്ച രോഗസാധ്യതയും മരണസാധ്യതയും ഉള്ളതായി കാണപ്പെട്ടു. പെൺ എലികളുടെ ഓവറികൾ മാറ്റിയപ്പോൾ അവയുടെ രോഗസാധ്യതയും വർധിച്ചു. ഓവറികളുടെ പ്രവർത്തനം നിർത്തുന്ന മരുന്നുകൾ നല്കിയപ്പോളും സമാനമായ ഫലങ്ങൾ ഉളവായി. കൂടുതൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ ഈ വിഷയത്തിൽ വേണമെന്നുറപ്പായി.

പുകവലിയിൽ സ്ത്രീപുരുഷ വ്യത്യാസം ഏറെയില്ലാത്ത ഇറ്റലിപോലുള്ള രാജ്യങ്ങളിലും പുരുഷന്മാരിൽ കോവിഡ് ബാധ കൂടുതലായി കാണുന്നതിനാൽ കൂടുതൽ പഠനങ്ങളുണ്ടായി.

ഇപ്പോൾ ലഭ്യമായ അറിവുകൾ ഇപ്രകാരമാണ്.

  1. പല രോഗങ്ങളിലും സ്ത്രീപുരുഷ വ്യത്യാസങ്ങൾ കാണാനാകും. അവ പ്രത്യേകമായി പഠിക്കാറില്ലായിരുന്നു എന്നു മാത്രം. ലിംഗപരമായ വ്യത്യാസങ്ങൾക്കപ്പുറം സ്ത്രീപുരുഷ ശരീരങ്ങൾക്ക് വ്യത്യാസമില്ലെന്ന ധാരണയാണ് ഇതിനുപിന്നിൽ. കോവിഡ് പശ്ചാത്തലത്തിൽ ലിംഗവ്യത്യാസവും രോഗവും പുതിയ പഠനമേഖലയായി വികസിച്ചുവരും.
  2. ഇറ്റലിയിൽ നടത്തിയ പഠനമനുസരിച്ചു ചികിത്സയിൽ എത്തിയ13882 രോഗികളിൽ 58% വും, മരണത്തിൽ 72% വും പുരുഷന്മാരായിരുന്നു. ശ്വാസകോശ രോഗാവസ്ഥയിൽ എത്തിയ പുരുഷന്മാർക്ക് മരണസാധ്യത സ്ത്രീകളെക്കാൾ 75% കൂടുതലായി കണ്ടു.
  3. അമേരിക്കയിൽ 15 ലക്ഷം കോവിഡ് രോഗനിര്‍ണയ ടെസ്റ്റുകൾ പരിശോധിച്ചപ്പോൾ കണ്ടത് സ്ത്രീകൾ നേരത്തെതന്നെ ടെസ്റ്റുകൾ നടത്താറുണ്ട് എന്നാണ്. 56% സ്ത്രീകൾ ടെസ്റ്റുകൾ നടത്തിയപ്പോൾ 44% പുരുഷന്മാർ മാത്രമാണ് ടെസ്റ്റ് ചെയ്യപ്പെട്ടത്. കോവിഡ് ബാധിതരായി കണ്ടത് 16% സ്ത്രീകളും 23% പുരുഷന്മാരും. കോവിഡ് മരണനിരക്ക് അന്വേഷിച്ച ഏറ്റവും വലിയ പഠനത്തിൽ 44672 പേരെ ഉൾപ്പെടുത്തി. സ്ത്രീ മരണനിരക്ക് 1.7% ഉം പുരുഷ മരണനിരക്ക് 2.8% ഉം ആയിരുന്നു.
  4. ഇതിന് കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണിപ്പോൾ. പല മേഖലകളിൽ അന്വേഷണം നടക്കുന്നുണ്ട്. സ്ത്രീകളുടെ രോഗ പ്രതിരോധ സിസ്റ്റം മെച്ചപ്പെട്ടതാണ് എന്നത് ചർച്ചയിൽ വരുന്നു. മിക്കവാറും എല്ലാ വൈറൽ രോഗങ്ങൾക്കെതിരെയും അവരുടെ പ്രതിരോധശേഷി കൂടുതലാണ്. ഈസ്ട്രോജൻ എന്ന ഹോർമോൺ നൽകുന്ന സംരക്ഷണമാവാം മറ്റൊരു കാരണം. സ്ത്രീകളുടെ ജനിതക ഘടനയിൽ തന്നെയുള്ള പ്രത്യേകതയ്ക്ക് എന്തെങ്കിലും റോൾ ഉണ്ടോയെന്നും പഠിക്കേണ്ടിയിരിക്കുന്നു.

എന്തായാലും കോവിഡ് കാട്ടിത്തരുന്ന സ്ത്രീപുരുഷവ്യത്യാസം മദ്യത്തിന്റെ സിഗരറ്റിലോ ഒതുങ്ങുമെന്നു കരുതാനാവില്ല. എന്തായാലും കോവിഡ് കാട്ടിത്തരുന്ന സ്ത്രീപുരുഷവ്യത്യാസം മദ്യത്തിന്റെ സിഗരെറ്റിലോ ഒതുങ്ങുമെന്നു കരുതാനാവില്ല.

 

Leave a Reply