ഈ വാലെന്റൈൻ ദിനത്തിൽ ഞാൻ ആഘോഷിക്കുന്നത് 90000 വർഷം മുൻപ് ജീവിച്ചിരുന്ന ഡെന്നി എന്ന പതിമൂന്ന് വയസ്സുകാരിയെ. ജാതി – മത – വർഗ്ഗ – കാലങ്ങൾക്കൊക്കെ അതീതമാണ് പ്രണയം എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഡെന്നി!
ഡെന്നിയുടെ അമ്മ നിയാൻഡർതാലും അച്ഛൻ ഡെനിസോവനുമായിരുന്നു. അത്യപൂർവ്വമായ ഒരു യാദൃച്ഛികതയായിരുന്നു ഡെന്നിയുടെ കണ്ടെത്തൽ. നിയാൻഡർതാൽ മനുഷ്യരും ഡെനിസോവന്മാരും നമ്മുടെ സാപ്പിയൻസുമെല്ലാം പല ഘട്ടങ്ങളിലും ഇണ ചേർന്നിട്ടുണ്ടെന്ന് നമുക്കിന്നറിയാം. പക്ഷെ അത്തരത്തിൽ ഉണ്ടായ ഒന്നാം തലമുറ സങ്കരസന്തതിയെ കണ്ടെത്തുക എന്നത് അത്യപൂർവമായ ഒരു ചാൻസ് സംഭവമാണ്. സൈബീരിയയിലെ ഡെനിസോവ ഗുഹകളിലാണ് ഈ കണ്ടെത്തൽ നടന്നത്. അവിടെ നിന്ന് കിട്ടിയ ഇവളുടെ എല്ലിന്റെയും പല്ലിന്റെയും പരിശോധനയിൽ ഡി.എൻ.എ വേർതിരിച്ച് ജിനോം സീക്വെൻസിങ്ങ് ചെയ്തപ്പോഴാണ് കൃത്യം പപ്പാതി ഡെനിസോവൻ ഡി.എൻ.എ സീക്വെൻസും നിയാൻഡർതാൽ ഡി.എൻ.എ സീക്വെൻസും ആണ് ഡെന്നിയ്ക്ക് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. ഏതായാലും ഡെന്നി ഇന്ന് നമ്മുടെ മുന്നിലുണ്ട് – അനശ്വര പ്രേമത്തിന്റെ സന്ദേശവുമായി.