Read Time:4 Minute
പുതുതായി ആവിർഭവിച്ച ഡെൽറ്റാ പ്ലസ് (Delta Plus) കോവിഡ് വൈറസ് വകഭേദത്തെ സംബന്ധിച്ച് വിദഗ്ധർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചകൾ നടന്നു വരികയാണ്. ഇതിനകം കണ്ടുവരുന്ന ഡെൽറ്റാ വൈറസിൽ സംഭവിച്ചിട്ടുള്ള കെ 417 എൻ (K417N) എന്ന ജനിതക മാറ്റമാണ് ഡെൽറ്റാ പ്ലസ് വകഭേദത്തിന് കാരണമായിട്ടുള്ളത്. അതായത് വൈറസിന്റെ സ്പൈക്ക് പ്രോട്ടിനിലെ ജനിതക ശ്രേണിയുടെ 417 ആം സ്ഥാനത്തുള്ള കെ (ലൈസിൻ; Lysince) അമിനോആസിഡിന്റെ സ്ഥാനത്ത് എൻ (അസ്പരാജിൻ:n- Asparagine) എന്ന അമിനോആസിഡ് മാറിവരുന്നതാണ് ജനിതകമാറ്റത്തിന്റെ അടിസ്ഥാനം.
രണ്ട് ജനിതക സ്വഭാവത്തോടെ ഡെൽറ്റ പ്ലസിന്റെ ഉപവിഭാഗങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വകഭേദങ്ങളെ AY.1 , AY.2 എന്നിങ്ങനെ നാമകരണം ചെയ്തിട്ടുണ്ട്. എ വൈ.1, നേപ്പാൾ, ബിട്ടൻ, അമേരിക്ക, ജപ്പാൻ. എന്നീ രാജ്യങ്ങളിലും എവൈ.2 അമേരിക്ക, തുർക്കി പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും കാണുന്നുണ്ട്. രണ്ടും ഇന്ത്യയിൽ കണ്ട് തുടങ്ങിയിട്ടുണ്ട്. തമിഴ് നാട്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒറീസാ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും മൊത്തം 40 ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പാലക്കാട് നിന്നും രണ്ടും പത്തനംതിട്ടയിൽ നിന്നും ഒരു കേസുമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇതിൽ ഒരെണ്ണം വാക്സിൻ എടുത്തയാളിൽ വന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ ആയിരുന്നു,
ഡൽറ്റാവൈറസിന്റെ സ്വഭാവത്തിൽ നിന്നും കാര്യമായ വ്യത്യാസം ഡെൽറ്റാ പ്ലസ് വൈറസിനില്ല. ഡെൽറ്റ വൈറസിനെ പോലെ വ്യാപന നിരക്ക് കൂടുതലായിരിക്കും പരിമിതമായി വാക്സിൻ പ്രതിരോധത്തെ മറികടന്ന് വാക്സിൻ സ്വീകരിച്ചവരിൽ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ ഉണ്ടാക്കാം. അതോടൊപ്പം അധിക സ്വഭാവമെന്ന നിലയിൽ മോണോ ക്ലോണൽ ആന്റിബോഡി (Mono Clonal Antibody) ചികിത്സ ഡൽറ്റാ പ്ലസ് വൈറസ് ബാധിച്ചവരിൽ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല എന്നും കണ്ടിട്ടുണ്ട്. എന്നാൽ പരിമിതമായ ചികിത്സാ സാധ്യത മാത്രമാണ് മോണോ ക്ലോണൽ ആന്റിബോഡിക്കുള്ളത്. ഡെൽറ്റ വൈറസിനെ പോലെ തന്നെ ഡെൽറ്റ പ്ലസ് വൈറസും ലോകാരോഗ്യസംഘടന ആശങ്കപ്പെടേണ്ട വൈറസുകളുടെ വിഭാഗത്തിലാണ് (Variant of Concer: VoC) പെടുത്തിയിട്ടുള്ളത്.
ഇതെല്ലാം പരിഗണിക്കുമ്പോൾ ഡെൽറ്റാ പ്ലസ് വൈറസ് വകഭേദത്തെ അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ല, മാത്രമല്ല ചിലരെല്ലാം അഭിപ്രായപ്പെടുന്നത് പോലെ മൂന്നാം തരംഗത്തിന് കാരണമാവാനുള്ള സാധ്യതയുമില്ല. എന്നാൽ ആദ്യഘട്ടത്തിലുണ്ടായ വൈറസിന് പുറമേ , അതിനേക്കാൾ വ്യാപന നിരക്ക് കൂടിയ ഡെൽറ്റാ, ഡെൽറ്റ പ്ലസ് വൈറസ് വകഭേദങ്ങൾ കൂടി വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ധാരണം, ശരീരദൂരം പാലിക്കൽ, ആവർത്തിച്ച് കൈകഴുകൽ ചെറുതും വലുതുമായ കൂടിചേരലുകൾ ഒഴിവാക്കൽ തുടങ്ങിയ കോവിഡ് പെരുമാറ്റചട്ടങ്ങൾ കൂടുതൽ ജാഗ്രതയോടെ പിന്തുടരേണ്ടതാണ്.
Related
0
0