Read Time:20 Minute

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴം,  കിഴക്ക് ചൊവ്വയും പടിഞ്ഞാറ് ശനിയും, കിഴക്കുദിച്ചുവരുന്ന വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര … താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2022 ഡിസംബറിലം ആകാശം

2022 ഡിസംബർ 15ന് രാത്രി 7.30 ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശം

Sky map december 2022.svg
2022 ഡിസംബറിന്റെ ആകാശമാപ്പ് – കടപ്പാട്: Shajiarikkad  സി.സി. ബൈ-എസ്.എ. 4.0, കണ്ണി

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

രാശികൾ

സന്ധ്യാകാശത്ത് ഡിസംബറിൽ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് (ecliptic) ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം മകരം, കുംഭം, മീനം, മേടം, ഇടവം എന്നീ രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേർ കിഴക്കുപടിഞ്ഞാറായല്ല, മറിച്ച് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്കായാണ് ക്രാന്തിപഥം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). 18° വീതിയിൽ ക്രാന്തി പഥത്തിനിരുവശത്തുമായി ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

മകരം (Capricorn)

മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശി ആണ്‌ മകരം (Capricorn). രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ, ധനുവിനും മുകളിലായി ഏകദേശം 20°-40° മുകളിലായി മകരം രാശിയെ ഡിസംബറി‍ൽ കാണാനാകും.

കുംഭം (Aquarius).

കുടമേന്തിയ ആളിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രഗണമാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും ശ്രദ്ധേയമായ നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് കുംഭം രാശി. തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽനിന്നും ഏകദേശം 40°-60° മുകളിലായി കുംഭംരാശിയെ കാണാം.

മീനം (Pisces)

ശീർഷബിന്ദുവിനു ചുറ്റുമായി മീനം രാശിയെ (Pisces) ഡിസംബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. 2022 ഡിസംബറിൽ വ്യാഴഗ്രഹത്തിന്റെ സ്ഥാനം ഈ രാശിയിലായാണ്.

ഒരു സ്ഥലത്തിന് നേർമുകളിലായി (ഗുരുത്വാകർഷണബലത്തിന് വിപരീതമായ ദിശ) ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (zenith). ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു.

മേടം (Aries)

ശീർഷബിന്ദുവിൽ നിന്നും 25° കിഴക്കു ദിശയിൽ (അല്പം വടക്കുമാറി ) മേടം രാശിയെ (Aries) നിരീക്ഷിക്കാം. നീണ്ടുമെലിഞ്ഞ ഒരു ത്രികോണം പോലെയുള്ള ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടം നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ടു നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

ഇടവം (Taurus)

വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സൗരരാശിയാണ് ഇടവം (Taurus). ഡിസംബറിൽ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിനു മുകളിൽ (അല്പം വടക്കുമാറി) ഏകദേശം 20° മുതൽ 50° വരെ മുകളിലായി ഇടവം രാശി ഈ മാസം കാണപ്പെടും. ഇടവം രാശിയിലെ ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് ബ്രഹ്മർഷി (Aldebaran). ഇതിൽ Λ എന്ന ആകൃതിയില്‍ കാണുന്നത് രോഹിണി എന്ന ചാന്ദ്രഗണമാണ്. രോഹിണിയും അതിനു താഴെ (അല്പം വടക്കുമാറി)കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം രാശി.

മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

Orion the hunter.jpg

ശബരൻ എന്ന വേട്ടക്കാരന്‍ (Orion the hunter)

സൗരരാശികള്‍ കഴിഞ്ഞാല്‍ ഡിസംബറിൽ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ്  ശബരൻ എന്ന വേട്ടക്കാരന്‍ (Orion the hunter). ഈ മാസം സന്ധ്യയ്ക്ക് ഇത് കിഴക്കന്‍ ചക്രവാളത്തിനു മുകളില്‍ പൂര്‍ണമായും ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ്. വടക്കോട്ടാണ് അയാളുടെ തല (നമ്മുടെ മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണം). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോളിലെ നക്ഷത്രം ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റായി സങ്കല്പിച്ചിരിക്കുന്നു. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. പുതുനക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന ഒരു നെബ്യൂലയാണിത്.

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

ഓറിയോണിന്റെ വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും. കപ്പൽ സഞ്ചാരികളും മറ്റും പുരാതന കാലത്ത് രാത്രിയിൽ ദിശ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആശ്രയിച്ചിരുന്നത് വേട്ടക്കാരനെയാണ്.

ഓറിയോണ്‍ – ഒരു വഴികാട്ടി

മറ്റ് നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനുള്ള ഒരു സഹായി കൂടിയാണ് വേട്ടക്കാരൻ. വേട്ടക്കാരന്റെ ബല്‍റ്റിലെ നക്ഷത്രങ്ങളിൽ കൂടി ഒരു രേഖ സങ്കല്പിച്ച് വടക്ക് പടിഞ്ഞാറേക്ക് നീട്ടിയാൽ അത് തിളക്കമുള്ള ചുമന്ന ഒരു നക്ഷത്രത്തിലെത്തും. ഇടവം രാശിയിലെ ബ്രഹ്മഹൃദയം (Aldebaran) എന്ന നക്ഷത്രമാണ് അത്.  വേട്ടക്കാരന്റെ ബൽറ്റിൽ നിന്നും രോഹിണിയിലേക്കുള്ള സങ്കല്പരേഖ വീണ്ടും വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള കാര്‍ത്തിക (Pleiades) എന്ന നക്ഷത്രക്കൂട്ടം കാണാം.

വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius). സൂര്യൻ കഴിഞ്ഞാൽ നാം കാണുന്ന നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രക്കൂട്ടമാണ് വേട്ടക്കാരന്റെ നായ. ബൃഹത്ഛ്വാനന്‍ (Canis major) എന്നാണ് നായയുടെ പേര്. നായയുടെ കണ്ണിന്റെ ഭാഗത്താണ് സിറിയസ്സ് ഉള്ളത്.

കാര്‍ത്തിക

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades).

ഭാദ്രപഥം

സൗരരാശികള്‍ കഴിഞ്ഞാല്‍ ഡിസംബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇത് അറിയപ്പെടുന്നു. സന്ധ്യയ്ക്ക് ശീർഷബിന്ദുവിൽ നിന്നും അല്പം വടക്കുപടിഞ്ഞാറായിട്ടാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, കിഴക്കുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

ഭാദ്രപഥം
ഭാദ്രപഥവും ആന്ഡ്രോമിഡയും

ഗരുഡന്‍

പടിഞ്ഞാറേ ചക്രവാളത്തോടു ചേര്‍ന്ന് സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് ഗരുഡൻ (Aquila). ഇതിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). പടിഞ്ഞാറേ ചക്രവാളത്തിനു മുകളിൽ ഈ സമയം കാണാൻ കഴിയുന്ന തിളക്കമുള്ള നക്ഷത്രവും ഇതാണ്. ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

കാശ്യപി

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). സന്ധ്യയോടെ ഇത് വടക്കെ ചക്രവാളത്തിനിന്നും 40 ° മുകളിലായി കാണപ്പെടുന്നു.

മറ്റുള്ളവ

ഭാദ്രപഥത്തിൽ നിന്നും വടക്കുപടിഞ്ഞാറായി ജായര (Cygnus), അതിനു താഴെ (പടിഞ്ഞാറ്) ലൈറ (Lyra) എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. ജായരയിലെ പ്രധാന നക്ഷത്രമായ ദെനബ് (Deneb), ലൈറയിലെ വീഗ (Vega) എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. വടക്കു കിഴക്ക് ചക്രവാളത്തിനു മുകളിൽ ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹമാണ് ഓറിഗ (Auriga). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല (Capella). തെക്കുഭാഗത്ത് ചക്രവാളത്തോട് ചേര്‍ന്ന് കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് അകെർനർ (Achernar). യമുന (Eridanus) എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണിത്.

വടക്കൻ ചക്രവാളത്തിൽ കാണാൻ കഴിയുന്ന നക്ഷത്രഗണങ്ങൾ

കാശ്യപിക്കു പടിഞ്ഞാറായി സെഫ്യൂസ് നക്ഷത്രഗണം, വടക്കുകിഴക്കായി പെഴ്സിയസ് നക്ഷത്രഗണം എന്നിവയും കാണാവുന്നതാണ്. തെക്കേ ചക്രവാളത്തിനു മുകളിൽ കാണുന്ന തിളക്കമേറിയ നക്ഷത്രം അകെർനർ (Achernar)ആണ്. യമുന (Eridanus) നക്ഷത്രഗണത്തിലെ അംഗമാണ് അകെർനർ. തിളക്കത്തിൽ ഒമ്പതാം സ്ഥാനമുള്ള നക്ഷത്രമാണിത്.

Summer Triangle ML.svg

ഖഗോള മദ്ധ്യരേഖയ്ക്ക് വടക്കായി കാണപ്പെടുന്ന തിളക്കമേറിയ നക്ഷത്രങ്ങളായ ശ്രവണൻ, അഭിജിത്, ദെനബ് എന്നിവ ചേര്‍ത്ത് ഒരു ത്രികോണം സങ്കല്പിക്കാവുന്നതാണ്. ഇതിനെ വേനൽ ത്രികോണം (Summer triangle) എന്നു വിളിക്കുന്നു.

ഗ്രഹങ്ങൾ

നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2022 ഡിസംബറിലെ സന്ധ്യാകാശത്ത് പ്രയാസം കൂടാതെ തന്നെ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിക്കും.

വ്യാഴം

വ്യാഴം

അസ്തമനത്തോടെ ശീർഷബിന്ദുവിൽ നിന്നും ഏകദേശം 15° തെക്കുപടിഞ്ഞാറായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). മീനം രാശിയുടെ തുടക്ക ഭാഗത്തായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്ത വർഷം മേടം രാശിയിലായിരിക്കും വ്യാഴം ഉണ്ടാവുക.

ശനി

സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറെ ചക്രവാശത്തിൽ നിന്നും ഏകദേശം 35° മുകളിൽ വ്യാഴത്തിനു താഴെയായി മകരംരാശിയിൽ ശനിയെ (Saturn) കാണാം. വ്യാഴത്തേക്കാൾ അല്പം തിളക്കം കുറഞ്ഞു കാണപ്പെടുന്ന ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. ധനു രാശിയിലാണ് ഇപ്പോൾ ശുക്രന്റെ സ്ഥാനം. സൂര്യന്റെ സമീപമായതിനാൽ ഈ മാസം ഇതിനെ നിരീക്ഷിക്കാൻ പ്രയാസമാണ്. മാസാവസാനത്തോടെ സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിൽ, സൂര്യനു ശേഷം അസ്തമിക്കുന്ന ശുക്രനെ തിരിച്ചറിയാൻ സാധിക്കും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

 

ബുധൻ

മാസാവസാനം അസ്തമനത്തോടെ പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ (ശുക്രനോട് ചേർന്ന്) ബുധനെ കാണാം.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
യ അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2022 ഡിസംബർ 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Happy
Happy
53 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
18 %
Surprise
Surprise
0 %

One thought on “2022 ഡിസംബറിലെ ആകാശം

Leave a Reply

Previous post ‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍
Next post ഭരണകൂട വിമർശകർക്ക് നൊബേൽ സമ്മാനിക്കുമ്പോൾ
Close