ഡാർട്ട് മിഷൻ വിജയകരം – ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം
ഡാർട്ട് മിഷൻ വിജയകരം. അതേ, അവസാനം അതു നമ്മൾ സാധിച്ചെടുത്തു. ഒരു ബഹിരാകാശ വസ്തുവിന്റെ സഞ്ചാരപഥം നമ്മൾ മാറ്റിയിരിക്കുന്നു…
നവനീത് കൃഷ്ണൻ എഴുതുന്നു..
ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിന്റെ ഓർബിറ്റ് മാറ്റപ്പെട്ടതായി ഡാർട്ട് മിഷൻ ടീം സ്ഥിരീകരിച്ചു. പേടകത്തെ ഇടിച്ചിറക്കി ഛിന്നഗ്രഹത്തിന്റെ സ്ഥാനം മാറ്റാനുള്ള ദൗത്യമായിരുന്നു ഡാർട്ട് മിഷൻ. കഴിഞ്ഞ സെപ്തംബർ 27നായിരുന്നു ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹമായ ഡൈമോർഫിസിൽ ഡാർട്ട് പേടകം ഇടിച്ചിറങ്ങിയത്. അന്നെടുത്ത ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. അതിനുശേഷം ഭൂമിയിലെ പല ടെലിസ്കോപ്പുകളും ഡിഡിമോസ് – ഡൈമോർഫിസ് ഛിന്നഗ്രഹവ്യൂഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.
11 മണിക്കൂറും 55 മിനിറ്റും എടുത്താണ് ഡൈമോർഫിസ് എന്ന ഛിന്നഗ്രഹഉപഗ്രഹം ഡിഡിമോസിനെ വലംവച്ചിരുന്നത്. ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് 11 മണിക്കൂറും 23മിനിറ്റും മാത്രമാണ് ഡൈമോർഫിസ് ഡിഡിമോസിനെ ചുറ്റാൻ എടുക്കുന്നത്. 32 മിനിറ്റിന്റെ കുറവ്. ചെറിയ കുറവൊന്നുമല്ല ഇത്. നിരീക്ഷണങ്ങൾ ഇനിയും സൂക്ഷ്മതയോടെ നടത്താനുണ്ട്. എന്നിരുന്നാലും 2 മിനിറ്റിന്റെ അധികം വ്യത്യാസം ഈ നിഗമനത്തിൽ ഉണ്ടാവില്ല എന്നാണ് നാസയുടെ അഭിപ്രായം.
നാസ ലക്ഷ്യംവച്ചിരുന്നത് ചുരുങ്ങിയത് 73 സെക്കൻഡിന്റെ മാറ്റമായിരുന്നു. എന്നാൽ അതിനെക്കാൾ 25 മടങ്ങിന്റെ വ്യത്യാസമാണ് കൂട്ടിയിടിയിൽ സംഭവിച്ചിരിക്കുന്നത്. ഇക്കാര്യവും കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. എത്രത്തോളം ഊർജ്ജം ഈ കൂട്ടിയിടിയിലൂടെ ഡൈമോർഫിസിലേക്കു കൈമാറി എന്ന പഠനത്തിനാണ് ഊന്നൽ. മണിക്കൂറിൽ 22530കിലോമീറ്റർ വേഗതയിലായിരുന്നു കൂട്ടിയിടി. അതായത് സെക്കൻഡിൽ ആറു കിലോമീറ്ററിലധികം വേഗത. ഇത്രയും വേഗതയിൽ 570കിലോഗ്രാം ഭാരമുള്ള വസ്തുവാണ് ഡൈമോർഫിസിലേക്ക് ഇടിച്ചിറങ്ങിയത്. അതിന്റെ ഫലമായി ഡൈമോർഫിസിൽനിന്ന് ഒത്തിരി മണ്ണും കല്ലും പൊടിയുമെല്ലാം പുറത്തേക്കു തെറിച്ചിരുന്നു. എത്ര അളവിൽ ഇത് നഷ്ടപ്പെട്ടു എന്നതും പ്രധാനമാണ്. കാരണം ഇതിനെയെല്ലാം അടിസ്ഥാനമാക്കിയായിരിക്കും ഭാവിദൗത്യങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുക.
ലിസിയ ക്യൂബ് എന്ന സാറ്റ് ലൈറ്റിൽനിന്ന് ലഭിച്ച ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ പഠനങ്ങൾ തുടരുകയാണ് ഡാർട്ട് ടീം. മാത്രമല്ല നാലു വർഷത്തിനുശേഷം യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന ഹീര എന്ന ദൗത്യം ഡിഡിമോസിനെയും ഡൈമോർഫിസിനെയും കുറച്ചുള്ള വിശദമായ സർവേയാണ് ലക്ഷ്യമിടുന്നത്. അതിന്റെ വിവരങ്ങൾകൂടി ലഭ്യമാകുന്നതോടെ പ്ലാനറ്ററി ഡിഫൻസ് സംവിധാനം അതിന്റെ ആദ്യലക്ഷ്യങ്ങൾ പൂർത്തിയാക്കും.
അതേ, ആ കൂട്ടിയിടി ചെറുതായിരുന്നിരിക്കാം. പക്ഷേ പ്ലാനറ്ററി ഡിഫൻസിന്റെ കാര്യത്തിൽ മനുഷ്യന്റെ ഒരു വലിയ കാൽവയ്പ്പ് നടന്നുകഴിഞ്ഞു.