കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ് ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.
പോക്‌സ്‌വിറിഡേ (Poxviridae) കുടുംബത്തിലെ വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് Lumpy skin disease(LSD). പനി, ചർമ്മം, ശ്ലേഷ്‌മപടലം, ആന്തരിക അവയവങ്ങൾ- എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചെറിയ വീക്കം,ശോഷണം, വലിപ്പം വച്ച ലസികാ ഗ്രന്ഥികൾ, നീര്ബാധിച്ച ത്വക്ക് എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. വൈറസ് ബാധിച്ച് ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് പനി ആരംഭിക്കുന്നത്. പാലുത്പാദനത്തിൽ കുറവ് , കാളകളിൽ താത്കാലികമോ സ്ഥിരമോ ആയ വന്ധ്യത, ദ്വിതീയ ബാക്റ്റീരിയൽ അണുബാധ മൂലമുള്ള മരണം എന്നീ സങ്കീർണതകൾ കന്നുകാലികളിൽ ഈ രോഗം ഉണ്ടാക്കുന്നു. കാപ്രിപോക്‌സ് വൈറസ് (Capripoxvirus -CaPV) ജനുസ്സിൽ പെട്ടതാണ് ലംപി സ്കിൻ ഡിസീസ് വൈറസ് (LSDV) . ചില ഇനം ഈച്ചകൾ, കൊതുകുകൾ, ചെള്ള് തുടങ്ങിയ രക്തം കുടിക്കുന്ന പ്രാണികൾ വഴിയാണ് ഈ അസുഖം പകരുന്നത്. ചർമമുഴ രോഗം മിക്ക ആഫ്രിക്കൻ, മധ്യ-പശ്ചിമേഷ്യൻ രാജ്യങ്ങളിലും വ്യാപകമാണ്.
ലംപി സ്കിൻ ഡിസീസ് വൈറസ്
ലംപി സ്കിൻ ഡിസീസ് വൈറസ് (LSDV) എന്നത് ഡബിൾ സ്ട്രാൻഡഡ് ഡിഎൻഎ (double stranded DNA) വൈറസാണ്. ഇത് ഉൾപ്പെടുന്ന കാപ്രിപോക്സ് വൈറസ് ജനുസ്സിൽ പെട്ടതാണ് ഷീപ്പ് പോക്സ്, ഗോട്ട് പോക്സ് വൈറസുകൾ (SGPV). ലംപി സ്കിൻ ഡിസീസ് വൈറസ് ഈ വൈറസുകളുമായി വളരെയേറെ ആന്റിജെനിക് സാമ്യം പുലർത്തുന്നുണ്ട്. പോക്‌സ്‌വിറിഡേ കുടുംബത്തിലെ മറ്റ് വൈറസുകളെപ്പോലെ, കാപ്രിപോക്സ് വൈറസുകളും ഇഷ്ടികയുടെ ആകൃതിയിലാണ്. കാപ്രിപോക്സ് വൈരിയോണുകൾ മറ്റ് ഓർത്തോപോക്സ് വൈരിയോണുകളിൽ നിന്ന് വ്യത്യസ്തമാണ്, അവ കൂടുതൽ അണ്ഡാകാരമുള്ളതും കൂടുതൽ വലിയ ലാറ്ററൽ ബോഡികളുള്ളതുമാണ് (ചിത്രം 2). കാപ്രിപോക്സ് വെരിയോണിന്റെ ശരാശരി വലിപ്പം 320 nm x 260 nm ആണ്. വൈറസിന് 151-kbp വലിപ്പമുള്ള ജനിതകഘടന ഉണ്ട്, ഇതിൽ 156 ജീനുകൾ അടങ്ങിയിട്ടുണ്ട്. ലംപി സ്കിൻ ഡിസീസ് വൈറസിന് മനുഷ്യനിൽ രോഗമുണ്ടാക്കാൻ കഴിയില്ല.
രോഗവ്യാപനം
പൊതുവെ ഉയർന്ന താപനിലയും, ഉയർന്ന ആർദ്രതയും ഉള്ള അന്തരീക്ഷത്തിലാണ് ലംപി സ്കിൻ ഡിസീസ് വ്യാപനം കാണപ്പെടുന്നത് . നനഞ്ഞ വേനൽക്കാലത്തും ശരത്കാല മാസങ്ങളിലും ഇത് സാധാരണയായി കൂടുതലായി കാണപ്പെടുന്നു. കൊതുക്, ഈച്ച തുടങ്ങിയ രക്തം കുടിക്കുന്ന പ്രാണികൾ രോഗം പരത്തുന്ന മെക്കാനിക്കൽ വെക്റ്ററായി (രോഗാണു വാഹകർ) പ്രവർത്തിക്കുന്നു.
രോഗത്തിന്റെ വ്യാപനം മൃഗങ്ങളുടെ ചലനം, പ്രതിരോധശേഷി, വെക്റ്റർ ജനസംഖ്യയെ ബാധിക്കുന്ന കാറ്റ്, മഴയുടെ ക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രക്തം, മൂക്കിലെ സ്രവങ്ങൾ, ലാക്രിമൽ (കണ്ണുനീർ ഗ്രന്ഥി) സ്രവങ്ങൾ, ബീജം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകരാം. രോഗം ബാധിച്ച പാലിലൂടെ മുലകുടിക്കുന്ന പശുക്കിടാക്കളിലേക്കും രോഗം പകരാം. പരീക്ഷണാടിസ്ഥാനത്തിൽ രോഗം ബാധിച്ച കന്നുകാലികളിൽ, പനി വന്ന് 11 ദിവസത്തിന് ശേഷം ഉമിനീരിലും 22 ദിവസത്തിന് ശേഷം ശുക്ലത്തിലും 33 ദിവസത്തിന് ശേഷം ചർമ്മത്തിലെ തടിപ്പുകളിലും ലംപി സ്കിൻ ഡിസീസ് വൈറസ് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിലും മലത്തിലും വൈറസ് കാണപ്പെടുന്നില്ല.
ചരിത്രം
1929-ൽ തെക്കൻ ആഫ്രിക്കൻ രാജ്യമായ സാംബിയയിലാണ് ലംപി സ്കിൻ രോഗം (LSD) ആദ്യമായി കാണപ്പെട്ടത്, ഈ അസുഖം 1943-ഓടെ സമീപ രാജ്യങ്ങളായ ബോട്സ്വാനയിലേക്കും, സിംബാവെയിലേക്കും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും വ്യാപിച്ചു, അവിടെ എട്ട് ദശലക്ഷത്തിലധികം കന്നുകാലികളെ ബാധിച്ചു. ഈ അസുഖം ആ രാജ്യങ്ങളിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി.1957-ൽ ലംപി സ്കിൻ രോഗം കെനിയയിൽ വ്യാപിച്ചു , ഇത് ഷീപ്പ് പോക്സ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ടിരിക്കുന്നു. 1970-ൽ ലംപി സ്കിൻ രോഗം വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിലേക്കും 1974-ഓടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലേക്കും വ്യാപിച്ചു, 1977-ൽ മൗറിറ്റാനിയ, മാലി, ഘാന, ലൈബീരിയ എന്നിവിടങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1981-നും 1986-നും ഇടയിൽ ലംപി സ്കിൻ രോഗം ടാൻസാനിയ, കെനിയ, സിംബാബ്‌വെ, സൊമാലിയ, കാമറൂൺ എന്നീ രാജ്യങ്ങളിൽ പടർന്നു പിടിച്ചു, രോഗം ബാധിച്ച കന്നുകാലികളുടെ മരണനിരക്ക് 20% ആയിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യമായി ലംപി സ്കിൻ രോഗം ആദ്യമായി സ്ഥിരീകരിച്ചത് 1989-ൽ ഇസ്രായേലിലാണ്. ഈ അസുഖം ഇസ്രയേലിൽ എത്തിച്ചേർന്നത് ഈജിപ്തിൽ നിന്നുള്ള ഒരു തരം ഈച്ച (Stomoxys calcitrans) വഴിയാണ്. കഴിഞ്ഞ ദശകത്തിൽ, മധ്യ പൂർവേഷ്യ (2012) , യൂറോപ്യൻ (2015), പടിഞ്ഞാറൻ ഏഷ്യൻ മേഖലകളിൽ ലംപി സ്കിൻ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015 ഓഗസ്റ്റിൽ ഗ്രീസ് -തുർക്കി അതിർത്തിയിൽ LSD ആവിർഭവിച്ചു, അവിടുന്ന് 2016-ൽ ബാൽക്കൻ പ്രദേശത്തു അസുഖം വ്യാപിച്ചു. ഏതാണ്ട് ഇതേ സമയത്ത് ഈ അസുഖം കോക്കസസ് മേഖലയിലും, കസാഖിസ്ഥാനിലും പടർന്നു പിടിച്ചു. ഈ രോഗം പിന്നീട് കസാഖിസ്ഥാനിൽ നിന്ന് റഷ്യയിലേക്കും വ്യാപിച്ചു. 2019-ൽ ലംപി സ്കിൻ രോഗം ചൈനയിലെ പടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്-ലേക്ക് വ്യാപിച്ചു,പിന്നീട് ഈ അസുഖം ചൈനയിലെ മറ്റ് പ്രവിശ്യകളിലേക്ക് വ്യാപിച്ചു.
2019 ജുലൈ മാസം ബംഗ്ലാദേശിൽ (ചിറ്റഗോങ്) ആദ്യമായി ലംപി സ്കിൻ രോഗ വ്യാപനം റിപ്പോർട് ചെയ്യപ്പെട്ടു. ഏകദേശം 500,000 കന്നുകാലികളെയാണ് ഈ അസുഖം ബാധിച്ചത്. ഇതേ സമയം ഇന്ത്യയിൽ ഒഡിഷയിലും, പശ്ചിമ ബംഗാളിലും ഈ അസുഖ വ്യാപനം രേഖപ്പെടുത്തി. 2022-ൽ പാകിസ്താനിലും (സിന്ധ് പ്രവിശ്യ) ഈ രോഗം റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 9-ലെ റിപ്പോർട്ട് പ്രകാരം ഇവിടെ രോഗബാധിതരായ 190,000 കന്നുകാലികൾകളിൽ 7,500 കന്നുകാലികൾ മരിച്ചു.
ഇന്ത്യയിൽ 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ലംപി സ്കിൻ രോഗം ഇന്ത്യയിലേക്ക് വ്യാപിച്ചു. ഈ രോഗവ്യാപനത്തിന്റെ ഫലമായി ഏകദേശം 80, 000 കന്നുകാലികൾ മരണപ്പെട്ടു. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയും ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്തേയുമാണ് ഈ അസുഖം മുഖ്യമായും ബാധിച്ചത്. ഇതിൽ രാജസ്ഥാനിലാണ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയത്. .
രോഗാണുവിനെ തിരിച്ചറിയൽ
അണുബാധ കണ്ടുപിടിക്കുന്നതിനായി പ്രത്യേക ടെസ്റ്റുകൾ ലഭ്യമാണ്. ഇവ സീറോളജിക്കൽ ടെസ്റ്റായ വൈറസ് ന്യൂട്രലൈസേഷൻ ടെസ്റ്റ് (VNT), ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകളായ പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (RT-PCR) എന്നിവയാണ്.
വാക്സിനേഷൻ
കാപ്രിപോക്സ് വൈറസുകൾ (CaPV) വളരെയേറെ പരസ്പരം സാമ്യമുള്ളവയാണ്, അതിനാൽ ലംപി സ്കിൻ രോഗം നിയന്ത്രിക്കാൻ ലോകമെമ്പാടും ഹോമോലോഗസ് (ലംപി സ്കിൻ ഡിസീസ് വൈറസ് അടിസ്ഥാനമാക്കിയുള്ളത്) അല്ലെങ്കിൽ ഹെറ്ററോളജിക്കൽ (ഷീപ്പ് പോക്സ്, അല്ലെങ്കിൽ ഗോട്ട് പോക്സ് വൈറസുകൾ-അടിസ്ഥാനമാക്കിയുള്ള) വാക്സിനുകൾ ഉപയോഗിക്കുന്നു. ഈ വാക്സിനുകളിൽ ഉപയോഗിക്കുന്നത് ജീവനുള്ള രോഗം ഉണ്ടാക്കാത്ത രീതിയിൽ നേർമവരുത്തിയ വൈറസ് (live attenuated virus ) ആണ്. മിക്ക ഹോമോലോഗസ് വാക്സിനുകളിലും അടങ്ങിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന് വേർതിരിച്ചടുത്ത നെറ്റിലിംഗ് സ്ട്രെയിൻ (Neethling) ആണ്. നെറ്റിലിംഗ് അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ പൊതുവെ നല്ല സംരക്ഷണം നൽകുന്നു. മറ്റ് ഹോമോലോഗസ് വാക്സിനുകൾ KSGP സ്ട്രെയിൻ (Kenyan sheep and goat pox LSDV strain) അടങ്ങിയിട്ടുള്ളവയാണ്.
റീകോമ്പിനന്റ് സ്ട്രെയിനുകളുടെ ആവിർഭാവവും, വ്യാപനവും
വിവിധ തരം വൈറൽ സ്ട്രെയിനുകളുടെ സങ്കര വൈറസിനെയാണ് റീകോമ്പിനന്റ് സ്ട്രൈനുകൾ (recombinant strain) എന്ന് പറയുന്നത്. 2016 വരെ വേർതിരിച്ച LSDV സ്ട്രെയിനുകൾ ആഫ്രിക്കൻ LSDV സ്ട്രെയിനുകളുമായി (വൈൽഡ് ടൈപ്പ്) വളരെ അധികം ജനിതക സാമ്യം പുലർത്തിയിരുന്നു. എന്നാൽ, 2017ന് ശേഷം ചില ഏഷ്യൻ രാജ്യങ്ങളിലുണ്ടായ രോഗവ്യാപനത്തിന് നെറ്റിലിംഗ് വാക്സിൻ സ്‌ട്രെയിൻ കാരണമായിട്ടുണ്ട്. ഇവ ആഫ്രിക്കയിലും, യൂറോപ്പിലും മധ്യ- പശ്ചിമേഷ്യയിലും അസുഖം ഉണ്ടാക്കിയ LSDV വൈൽഡ് ടൈപ്പ് സ്ട്രെയിനുകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. 2017 നും 2019 നും ഇടയിൽ അസുഖം ബാധിച്ച കസാഖിസ്ഥാനിലെയും റഷ്യയിലെയും കാലികളിൽ നിന്ന് വാക്സിനുകളിൽ കാണപ്പെടുന്ന അസാധാരണമായ LSDV സ്ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്. കസാഖിസ്ഥാനിൽ രോഗ നിർമാർജനത്തിന് വ്യാപകമായി ഉപയോഗിച്ച ഹോമോലോഗസ് LSDV വാക്‌സിൻ റഷ്യയിൽ അംഗീകരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അസുഖം ബാധിച്ച കന്നുകാലികളിൽ നെറ്റിലിംഗ് പോലെയുള്ള സ്ട്രൈന്റെയും, KSGP പോലെയുള്ള സ്ട്രൈന്റെയും ജനിതക മുദ്രകൾ (Genetic Signature) കാണപ്പെട്ടു. പിന്നീട് നടന്ന ഒരു പഠനത്തിൽ, കസാഖിസ്ഥാനിൽ വിതരണം ചെയ്ത നെറ്റിലിംഗ് അടിസ്ഥാനമായ വാക്സിനിൽ, നെറ്റിലിംഗ് പോലെയുള്ള LSDV വാക്സിൻ സ്ട്രെയിൻ (CaPV ഉപഗ്രൂപ്പ് 1.1) കൂടാതെ , KSGP പോലെയുള്ള LSDV വാക്സിൻ സ്ട്രെയിൻ (CaPV ഉപഗ്രൂപ്പ് 1.2) കൂടാതെ, സുഡാൻ GTPV പോലെയുള്ള സ്ട്രെയിൻ (CaPV ഉപഗ്രൂപ്പ് 2.3) എന്നിവയുടെ മിശ്രിതം കണ്ടെത്തി.
2019-ൽ ചൈനയിൽ നിന്ന് വേർതിരിച്ച മറ്റ് LSDV, മറ്റ് ഏഷ്യൻ സ്ട്രെയിനുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വാക്‌സിൻ സ്ട്രൈനും, റഷ്യൻ റീകോമ്പിനന്റ് സ്ട്രൈനിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. 2020 -ൽ ഹോങ്കോംഗിൽ ലംപി സ്കിൻ രോഗ വ്യാപനം ഉണ്ടായി. ഇതിനെ തുടർന്ന് നടത്തിയ പോക്‌സ് വൈറസ് ജീനുകളുടെ വിശകലനത്തിൽ രോഗവ്യാപനത്തിന് കാരണം LSDV-യുടെ നെറ്റിലിംഗ് വാക്സിൻ സ്ട്രെയിനാണെന്നു തെളിഞ്ഞു, ഇവ ആഫ്രിക്കയിലും, യൂറോപ്പിലും മധ്യ-പൂർവേഷ്യയിലും അസുഖം ഉണ്ടാക്കിയ LSDV വൈൽഡ് ടൈപ്പ് സ്ട്രെയിനുകളിൽ (പൂര്‍വ്വിക ഇനം) നിന്നും വളരെ വ്യത്യസ്തമായിരുന്നു.
2019-ൽ ബംഗ്ലാദേശിലും, പശ്ചിമ ബംഗാളിലും, ഒഡിഷയിലും നിന്നും വേർതിരിച്ചെടുത്ത ലംപി സ്കിൻ ഡിസീസ് വൈറസിൽ, റഷ്യയിലും, ചൈനയിലും കാണപ്പെട്ട വൈറൽ സ്ട്രൈനുകളിൽ നിന്ന് വ്യത്യസ്തമായി, LSDV KSGP-0240, LSDV NI2490, LSDV കെനിയ എന്നിവയുടെ ജനിതക മുദ്രകൾ കണ്ടെത്തി. 2022-ൽ ഇന്ത്യയിൽ വ്യാപിക്കുന്ന LSDV നെറ്റിലിംഗ് സ്ട്രെയിനിലും ധാരാളം മ്യൂറ്റേഷൻ ഉള്ളതായി ചില പഠനങ്ങളിൽ വെളിപ്പെട്ടു. ഈ മ്യൂട്ടേഷനുകൾ മറ്റ് LSDV സ്ട്രെയിനുകളിൽ നിന്ന് ഇന്ത്യയിലെ സ്ട്രെയിനുകളെ വ്യത്യസ്തമാക്കുന്നു .
ഉപസംഗ്രഹം
കാലാവസ്ഥ വ്യതിയാനവും, തൽഫലമായി ഉണ്ടാകുന്ന അസാധാരണ പ്രതിഭാസങ്ങളും, വർദ്ധിച്ച അന്താരാഷ്ട്ര വ്യാപാരവും പുതിയ രോഗങ്ങളുടെ ആവിർഭാവത്തിനും, അറിയപ്പെടുന്ന മറ്റ് അസുഖങ്ങളുടെയും ത്വരിത ഗതിയിലുള്ള വ്യാപനത്തിന് കാരണമായി. ചർമമുഴ ഇതിന് മികച്ച ഉദാഹരണമാണ് . നിയമപരവും അല്ലാത്തതുമായ അന്താരാഷ്ട്ര കന്നുകാലി വ്യാപാരവും, കാറ്റിലൂടെയുള്ള പ്രാണികളുടെ വ്യാപനവും പ്രഭവകേന്ദ്രത്തിൽ നിന്ന് മറ്റുള്ള പ്രദേശങ്ങളിലേക്ക് ഈ രോഗത്തിന്റെ വ്യാപനത്തിന് കാരണമായി.
കൂടാതെ കസാഖിസ്ഥാനിലും, റഷ്യയിലും LSDV-യുടെ റീകോമ്പിനന്റ് സ്ട്രൈനുകൾ വ്യാപിക്കപ്പെട്ടു. കസാഖിസ്ഥാനിൽ രോഗ നിർമാർജനത്തിന് വ്യാപകമായി ഉപയോഗിച്ച വാക്‌സിൻ സ്ട്രെയിനാണെന്ന് ഇതിന്റെ മൂലകാരണമെന്ന് കരുതപ്പെടുന്നു. ഈ സ്ട്രൈനുകൾ പിന്നീട് ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും കൂടുതൽ മ്യൂട്ടെഷനുകളോടെ വ്യാപിച്ചു. ഇത് വാക്‌സിൻ നിർമാണ സമയത്തും, അതിന്റെ വിതരണത്തിന് ശേഷവും അതിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.
- https://www.woah.org/fileadmin/
- https://pubmed.ncbi.nlm.nih.gov/34529889/
- https://bmcvetres.biomedcentral.com/
- https://doi.org/10.1101/2021.04.20.440323
- https://doi.org/10.3390/vaccines9101136
- https://doi.org/10.3390/v14071429
- https://www.thehindu.com/the-evolution-of-lumpy-skin-disease-virus/article65928113.ece
- https://theprint.in/theprint-essential/whats-lumpy-skin-disease
- https://theprint.in/india/lumpy-skin-disease-
- https://pubmed.ncbi.nlm.nih.gov/Guangdong%2C
- https://pubmed.ncbi.nlm.nih.gov/33119963/