Read Time:8 Minute


സുനന്ദ എൻ
ഗവേഷണ വിദ്യാർത്ഥിനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ, പശ്ചിമ ബംഗാൾ.

ഒന്നിന് പിറകെ ഒന്നായി ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. ബുറെവി സൈക്ലോണിനെ കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ഇതിനു മുൻപ് ഏതാണ്ട് ഇതേപാതയിൽ സഞ്ചരിച്ച മറ്റു സൈക്ലോണുകൾ ഏതൊക്കെ എന്നും പരിശോധിക്കാം.

കടപ്പാട് IMD

ബുറെവിയുടെ പാത ഒരൽപം കുഴപ്പിക്കുന്നതായിരുന്നു. ബംഗാൾ ഉൾക്കടലിൽ 28 നവംബറിന് ഒരു ന്യൂനമർദ്ദം (low pressure) തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപം കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ടു. ഇതിനെതുടർന്ന് മഴയെക്കുറിച്ചും കാറ്റിനെക്കുറിച്ചും കൃത്യമായ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department, IMD) നൽകിയിരുന്നു.  ഈ ന്യൂനമർദ്ദം നവംബർ 30ന് ഒരു തീവ്ര ന്യൂനമർദ്ദമായി (depression) മാറുകയും തുടർന്ന് ഡിസംബർ 1 ന് അതിതീവ്ര ന്യൂനമർദ്ദമായി (deep depression) മാറുകയും ചെയ്തു. ഡിസംബർ 2 ന് ഇതൊരു ചുഴലിക്കാറ്റായി (cyclonic storm) ആയി മാറുകയും, ഇതിനെ തുടർന്ന് തെക്കൻ തമിഴ്‌നാട് ജില്ലകളിലും തെക്കൻ കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് IMD മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ബുറെവി വടക്കൻ ശ്രീലങ്കയിlലൂടെ കടന്നു ഗൾഫ് ഓഫ് മാന്നാറിലേക്ക് (Gulf of Mannar) പ്രവേശിക്കുകയും, പടിഞ്ഞാറു വടക്കു പടിഞ്ഞാറു (west-northwestwards) ദിശയിലേക്കു നീങ്ങി ഇതൊരു അതിതീവ്ര ന്യൂനമർദ്ദമായി (deep depression) ദുർബലമാവുകയും ചെയ്തു. അതിനുശേഷം ഗൾഫ് ഓഫ് മാന്നാറിൽ ഇത് ഏതാണ്ട് നിശ്ചലമായി നിൽക്കുകയാണ്. നിലവിലെ പ്രവചനമനുസരിച്ചു ഇത് ഏതാനും മണിക്കൂറുകൾ കൂടി അവിടെ തന്നെ നിശ്ചലമായി തുടരാനാണ് സാധ്യത. പിന്നീട് വീണ്ടും ശക്തി കുറഞ്ഞു ഒരു ന്യൂനമർദ്ദമായിട്ടാവും (well marked low pressure) തെക്കൻ കേരളത്തിൽ പ്രവേശിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ബുറൈവി ചുഴലിക്കാറ്റ് ഡിസംബർ 2, 2020 കടപ്പാട് വിക്കിപീഡിയ NASA

ഇന്നലെ വരെ ഉള്ള സഞ്ചാരപാത (track) അനുസരിച്ചു, ഇത് ഒരു deep depression ആയി തന്നെ തെക്കൻ കേരളത്തിൽ കടക്കുമെന്നും, തെക്കൻ കേരളത്തിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി അത് ഗൾഫ് ഓഫ് മാന്നാർ ഭാഗത്തുവെച്ചു നിശ്ചലമാവുകയും തുടർന്ന് depression ആയി ദുർബലപ്പെടുകയും ചെയ്തു. ഒരു ന്യൂനമർദ്ദമായി ഇത് രൂപം കൊണ്ടപ്പോൾ തന്നെ തെക്കൻ തമിഴ്‌നാട്ടിലെ കന്യാകുമാരി (Kanyakumari), തിരുനെൽവേലി (Tirunelveli), തൂത്തുക്കുടി (Thoothukudi), തെങ്കാശി (Tenkasi), രാമനാഥപുരം (Ramanathapuram) ശിവഗംഗ (Sivaganga) ജില്ലകളിൽ 2, 3 തീയതികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാവുമെന്നും, 3, 4 തീയതികളിൽ തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാവുമെന്നും IMD മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൊണ്ട് നേരത്തെ തന്നെ നമ്മൾ എല്ലാ തയ്യാറെടുപ്പുകളും എടുത്തിരുന്നു. ഇത് കൂടാതെ ദീർഘ ദൂരത്തിൽ പോയ മത്സ്യ തൊഴിലാളികളെ എല്ലാം തന്നെ മുന്നറിയിപ്പ് നൽകി തിരിച്ച കരയിലേക്കു കൊണ്ടുവരാൻ സാധിച്ചു എന്നതാണ് പ്രത്യേകം എടുത്ത് പറയേണ്ടത്. മറ്റൊരു കാര്യം, ഗൾഫ് ഓഫ് മാന്നാർ വരെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സഞ്ചാരപാത കൃത്യമായിരുന്നു എന്നതാണ്. ഡിസംബർ 3 ന് ശ്രീലങ്കൻ തീരത്തു പ്രവേശിച്ചതിനു ശേഷമാണ് പാതയിൽ ചെറിയ മാറ്റം വരുകയും ശക്തി കുറയുകയും ചെയ്തത്. അതോടെ വലിയൊരു ദുരന്തത്തിൽ നിന്ന് കേരളത്തിന് രക്ഷപെടാൻ സാധിക്കുകയും ചെയ്തു.

കടപ്പാട് IMD

2017 ൽ ഏകദേശം ഇതേ സമയത്തു രൂപപ്പെട്ട ശക്തിയേറിയ ചുഴലിക്കാറ്റായ ഓഖി (Extremely Severe Cyclonic Storm Ockhi) കേരളത്തിൽ നാശനഷ്ടങ്ങൾക്കും ഒരുപാട് ജീവനുകൾ നഷ്ടപ്പെടുന്നതിനും കാരണമായി. Ockhi യെ Burevi യിൽ നിന്ന് വ്യത്യസ്തമാക്കിയത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി രൂപപ്പെട്ടശേഷം, പെട്ടന്ന് തന്നെ അതിതീവ്രന്യൂനമർദ്ദവും പിന്നീട് ചുഴലിക്കാറ്റായി മാറുകയും ചെയ്തതാണ്. ഓഖി ശ്രീലങ്കയുടെ തെക്കൻ ഭാഗത്തിലൂടെ ആണ് സഞ്ചരിച്ചത് കൂടാതെ അതിവേഗത്തിൽ ശക്തി പ്രാപിക്കുകയും ഒരു Severe Cyclonic Storm ആയി ലക്ഷദ്വീപ് തീരത്തു പ്രവേശിക്കുകയും ചെയ്തു. അതായത് ഓഖി ശക്തി പ്രാപിച്ചതിന് ശേഷമാണ് കേരളതീരത്തെത്തുന്നത്. ഓഖിയുടെ കാര്യത്തിൽ ഒരു “rapid intensification” ആണ് സംഭവിച്ചത്, അത് കൊണ്ട് തന്നെ നമുക്ക് തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ല. ഇതേപോലെ മറ്റൊരു ചുഴലിക്കാറ്റാണ് 2018 ൽ ഉണ്ടായ ഗജ (Gaja) സൈക്ലോൺ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദമായി രൂപം കൊണ്ട് തമിഴ്‌നാട് പുതുച്ചേരി തീരത്തു ഒരു severe cyclonic storm ആയി മാറുകയും പിന്നീട് കരയിൽ പ്രവേശിക്കുകയും തമിഴ്‌നാട് കടന്ന് മധ്യ കേരളത്തിലൂടെ ഒരു ന്യൂനമർദ്ദമായി സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിക്കുകയും അത് വീണ്ടും ശക്തിപ്രാപിച്ചുകൊണ്ട് അതിതീവ്രന്യൂനമർദ്ദമായി മാറുകയും ചെയ്തു. രണ്ടു ദിവസത്തിന് ശേഷം ഒരു ന്യൂനമർദ്ദമായി അറബിക്കടലിൽ വെച്ചു തന്നെ ഗജ ദുർബ്ബലപ്പെട്ടു.

അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങളനുസരിച്ച്, സാഹചര്യങ്ങൾ അനുകൂലമായാൽ ഒരു ന്യൂനമർദ്ദത്തിനു ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധിക്കും. അതുപോലെ തന്നെ പ്രതികൂല സാഹചര്യങ്ങൾ, അവയെ ദുർബ്ബലമാക്കുകയും ചെയ്യുമെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. കൃത്യമായ മുൻകരുതലുകൾ നൽകുവാൻ നിലവിൽ കാലാവസ്ഥ വകുപ്പിന് സാധിക്കുന്നു എന്നത് തീർച്ചയായും അഭിമാനാർഹമായ നേട്ടം തന്നെ ആണ്. 1999 ലെ ഒഡീഷ super cyclone തൊട്ട് Nivar Cyclone വരെ ഒന്നോടിച്ചു നോക്കിയാൽ, നമ്മുടെ കാലാവസ്ഥ പ്രവചനം എത്രമാത്രം പുരോഗമിച്ചിട്ടുണ്ടെന്ന് മനസിലാക്കുവാൻ സാധിക്കും. അതും പ്രവചനങ്ങൾ ദുഷ്കരമായ ട്രോപിക്കൽ മേഖലയിൽ നിന്നാണീ വലിയ നേട്ടം IMD നേടിയതെന്നത് എടുത്തുപറയേണ്ടതാണ്.


കടപ്പാട് : ഡോ ദീപക് ഗോപാലകൃഷ്ണൻ

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങൾ

  1. മഴയും ചുഴലിക്കാറ്റും
  2. ചുഴലിക്കാറ്റ് കറങ്ങുന്നതെന്ത്കൊണ്ട് ?
  3. ചുഴലിക്കാറ്റിന്റെ കണ്ണ്
  4. സൈക്ലോണും കാലാവസ്ഥാമാറ്റവും
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ഡിസംബറിലെ ആകാശം
Next post സ്ത്രീപക്ഷ ഗവേർണൻസ് – തിരഞ്ഞെടുപ്പിന് ശേഷം
Close