Read Time:6 Minute


ഡോ.ദീപക് ഗോപാലകൃഷ്ണൻ

ഒരിക്കൽ അമേരിക്കയിലെ ഫ്ലോറിഡയ്ക്കടുത്ത് ഒരു ചുഴലിക്കാറ്റ് വീശിയടുത്തു. മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽത്തന്നെ ആളുകൾ ശക്തമായ കാറ്റും കടൽ ക്ഷോഭവും പ്രതീക്ഷിച്ചിരുന്നു. ഏതാണ്ട് പുലർച്ചയോടെ ഉഗ്രമായ കാറ്റോടുകൂടി ചുഴലിക്കാറ്റ് മിയാമി തീരം തൊട്ടു. അതിശക്തമായ മഴ. പക്ഷെ, വളരെ പെട്ടന്നു തന്നെ എല്ലാം ശാന്തമായി. കാറ്റും മഴയും മാറി, ആകാശം തെളിഞ്ഞു. ഭീതിയൊഴിഞ്ഞെന്നുകരുതി ആളുകൾ പതിവുപോലെ ദിവസമാരംഭിച്ചു. കുറേയാളുകൾ ബീച്ചിലേക്ക് കുളിക്കാനിറങ്ങി. തെളിഞ്ഞ നീലാകാശത്തിനും കാറ്റും കോളുമൊഴിഞ്ഞ തീരത്തിനും ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അധികം വൈകാതെ ആകാശം ഭീമാകാരങ്ങളായ മേഘങ്ങളെക്കൊണ്ട് നിറഞ്ഞു. വീണ്ടും ശക്തമായി കാറ്റുവീശുകയും കടൽ ക്ഷോഭിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയെന്നു കരുതി അൽപ്പം മുൻപ് കുളിക്കാനിറങ്ങിയവർ ഉൾപ്പടെ നൂറുകണക്കിനാളുകൾക്ക് കൂറ്റൻ തിരമാലകൾക്കടിയിലും ജീവൻ നഷ്ടമായി.

1926 സെപ്റ്റംബർ മാസം 18 ന് മിയാമി തീരത്തു വീശിയടിച്ച ഒരു ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതാണ് മുകളിൽ ചേർത്ത സംഭവകഥ. സത്യത്തിൽ അന്നവിടെ എന്താവും സംഭവിച്ചിരിക്കുക ?

ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും. “eye” ക്ക് ചുറ്റും (eye wall) മതിലുകൾ കണക്കെയുള്ള കൂറ്റൻ മേഘങ്ങളാണ്. ഇവയെ wall clouds എന്ന് വിളിക്കുന്നു. ഏതാണ്ട് 16-18 km ഉയരം കാണും ഇത്തരം മേഘങ്ങൾക്ക്. ഇവിടെയാവും കാറ്റിന് ഏറ്റവും കൂടുതൽ വേഗത. ചുഴലിക്കാറ്റിന്റെ തീവ്രതയനുസരിച്ച് മണിക്കൂറിൽ 260-280 km വേഗത വരെ കണ്ടെന്നുവരും. ഒരു ഏകദേശ കണക്കുപറഞ്ഞാൽ 500 km ഒക്കെയാണ് സാധാരണ ചുഴലിക്കാറ്റിന്റെ വ്യാസം. നമ്മൾ ചുഴലിക്കാറ്റിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തേയ്ക്ക് ഒരു സാങ്കൽപ്പിക യാത്രനടത്തിയാൽ, പതുക്കെ കാറ്റിന് വേഗത വർധിക്കുന്നതായും കേന്ദ്രത്തിന് 25-30 km അകലെയായി, “eye wall” എത്തുമ്പോൾ കാറ്റിന് പരമാവധി വേഗത്തിലാവുന്നതായും കാണാം. കിലോമീറ്ററുകൾ വലുപ്പമുള്ള wall clouds താണ്ടി കേന്ദ്രഭാഗത്തെത്തുമ്പോൾ (eye) വളരെ പെട്ടന്ന് എല്ലാം ശാന്തമാകുന്നു. മേഘങ്ങളൊഴിയുന്നു. എന്നാൽ പുറത്തേയ്ക്ക് കടക്കുന്നതോടെ വീണ്ടും കാറ്റിന് വേഗമേറിയ eye wall നടുത്തെത്തുന്നു. അവിടെനിന്ന് അകന്നു പോകുംതോറും സാവധാനം കാറ്റിന് വേഗം കുറയുന്നു. മേഘങ്ങളൊഴിഞ്ഞ, തെളിഞ്ഞ “eye” കാണുന്നത് ചുഴലിക്കാറ്റ് ഒരു പരിധിയിലധികം ശക്തിപ്രാപിക്കുമ്പോഴാണ്. സൈക്സോണിന്റെ കേന്ദ്രഭാഗത്തായി, മുകളിൽ നിന്ന് താഴേക്ക് വീശുന്ന വായുപ്രവാഹം കാണാം. ഇവയാണ് മേഘങ്ങൾ ഉണ്ടാവുന്നതിനെ തടസ്സപ്പെടുത്തി കേന്ദ്രഭാഗം ക്ലിയറാക്കി നിലനിർത്തുന്നത്.

ഇനി ആദ്യം പറഞ്ഞ മിയാമി കഥയിലേക്ക് വന്നാൽ, അവിടെ എന്താവും സംഭവിച്ചിരിക്കുക എന്നത് ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ. അതിൽ പറയുന്നതുപ്രകാരം, മിയാമി തീരത്തേയ്ക്ക് ശക്തിയേറിയൊരു ചുഴലിക്കാറ്റ് വീശിയടുക്കുന്നതിന്റെ ഭാഗമായി വലിയ കാറ്റും മഴയും വരുന്നു. ചുഴലിക്കാറ്റിന്റെ “eye” എന്ന കേന്ദ്രഭാഗം കരയിൽ പ്രവേശിക്കുന്നതോടെ സ്ഥിതിഗതികൾ താൽക്കാലികമായി ശാന്തമാകുന്നു. കാറ്റിന്റെ ഭീതിയൊഴിഞ്ഞുവെന്ന് തെറ്റിദ്ധരിച്ച് ആളുകൾ പുറത്തിറങ്ങുന്നു. എന്നാൽ ചുഴലിക്കാറ്റ് കൂടുതൽ നീങ്ങുന്നതോടെ മറുഭാഗം കരയിൽ പ്രവേശിക്കുകയും വീണ്ടും പഴയതുപോലെ കാറ്റും മഴയും വരികയും കടൽ ക്ഷോഭിക്കുകയും ചെയ്യുന്നു. നിരീക്ഷണ സംവിധാനങ്ങളും ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിവും വളരെ പരിമിതമായിരുന്ന അന്നത്തെ കാലത്തുനിന്നും വളരെ ചെറിയ കാലയളവിൽ തന്നെ ഈ മേഖലയിൽ സയൻസ് വളരെയേറെ പുരോഗതി നേടി. വിശേഷിച്ചും സാറ്റലൈറ്റുകളുടെ വരവോടെ. ചിത്രത്തിൽ കാണുന്നത് ഒരു പൂർണ്ണവളർച്ചയെത്തിയ ചുഴലിക്കാറ്റിന്റെ ഘടനയുടെ ഏകദേശ ചിത്രവും ഇസബെൽ ചുഴലിക്കാറ്റിന്റെ (Hurricane Isabel) ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽനിന്നുള്ള ചിത്രവുമാണ്. ഇതിൽ “eye” വളരെ വ്യക്തമായി കാണാവുന്നതാണ്.

ഇസബെൽ ചുഴലിക്കാറ്റിന്റെ (Hurricane Isabel) ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ നിന്നുള്ള ചിത്രം കടപ്പാട്: NASA.

ചുഴലിക്കാറ്റുകളും കാലാവസ്ഥാവ്യതിയാനവും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “സൈക്ലോണിന്റെ കണ്ണ്

Leave a Reply

Previous post വംശനാശ ഭീഷണിയുള്ള കേരളത്തിലെ പക്ഷികൾ
Next post നിങ്ങളുടെ ഫോട്ടോയും ശബ്ദരൂപത്തിലാക്കാം
Close