[author title=”ഡോ.പി. മുഹമ്മദ് ഷാഫി ” image=”https://luca.co.in/wp-content/uploads/2019/10/shafi-sir.png”]രസതന്ത്ര അദ്ധ്യാപകന്‍ [/author]
പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?
[dropcap]അ[/dropcap]പസർപ്പക കഥകളുടെ പ്രശസ്ത സൃഷ്ടാവായ അഗത ക്രിസ്റ്റി തന്റെ നോവലുകളിൽ സയനൈഡ് ‘യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടല്ലോ!. അവരുടെ ഒരു നോവലിൻറെ പേരുപോലും Sparkling cyanide എന്നാണ്. സയനൈഡുമായി ബന്ധപ്പെട്ടു അനേകം കഥകളുമുണ്ട്. പൊട്ടാസിയം സയനൈഡിന്റെ രുചി എന്താണെന്നു എഴുതിവെക്കാനായി പേനയും കടലാസുമെടുത്ത ഒരാൾക്കു രുചിച്ച ശേഷം ഇംഗ്ലീഷ് അക്ഷരമായ ‘S’ എഴുതാനേ കഴിഞ്ഞുള്ളു എന്ന കഥയ്ക്ക് വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. ഉടനെ മരിച്ചുപോയതിനാൽ പൊട്ടാസിയം സയനൈഡിന്റെ രുചി മധുരം(Sweet), പുളിരസം(Sour), ഉപ്പുരസം(Salty) ഇതിൽ ഏതാണെന്നു അറിയാനായില്ലെന്നതാണ് ഈ നുണക്കഥ.
ചെറിയ അളവിൽ സയനൈഡ് ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ നിർവീര്യമാക്കാനുള്ള സംവിധാനമുണ്ട്. റോഡാനീസ് (Rhodanese) എന്ന എൻസൈം സയനൈഡിനെ താരതമ്യേന അപകടം കുറഞ്ഞ തയോസയനേറ്റ് (Thiocyanate)ആക്കി മാറ്റും. ഇരുനൂറു മില്ലിഗ്രാമോളം പൊട്ടാസിയം സയനൈഡ് കഴിച്ചാലേ ഒരാൾ മരിക്കാൻ സാധ്യതയുള്ളൂ . ഇതും വ്യക്തിയുടെ ശരീര ഭാരം ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സയനൈഡ് രക്തത്തിൽ പ്രവേശിച്ചാൽ തലവേദന, തലകറക്കം, മനോവിഭ്രമം, ക്ഷീണം, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുക, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നതാണ്.
സയനൈഡ് എന്ന് കേൾക്കുമ്പോഴേക്കും ഒരുതരം ഞെട്ടലാണ് പലർക്കും അനുഭവപ്പെടുന്നത്. ജലത്തിന്റെ സാന്നിദ്ധ്യത്തിൽ പൊട്ടാസിയം സയനൈഡ്, സോഡിയം സയനൈഡ് എന്നിവ വേഗത്തിൽ അയോണീകരണത്തിനു (Ionisation) വിധേയമായി സയനൈഡ് അയോണുകളെ (CN–) ഉൽപ്പാദിപ്പിക്കുന്നു. ഇതാണ് വിഷമായി പ്രവർത്തിക്കുന്നത്. ഇതിനു Cytochrome oxidase എന്ന എൻസൈമുമായി സംയോജിക്കാനാകും. ഈ രാസപ്രവർത്തനം നടന്നാൽ സെല്ലുകൾക്കു ഊർജം നൽകുന്ന ATP (Adinosine triphosphate) യുടെ നിർമാണം നിലച്ചു സെല്ലുകൾ നശിച്ചുപോകുന്നു. ഹൃദയത്തിലെയും നാഡീവ്യൂഹത്തിലെയും സെല്ലുകൾ വൻതോതിൽ നശിക്കുന്നത് പെട്ടെന്നുള്ള മരണത്തിൽ കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ.
സയനൈഡ് കണ്ടുപിടിച്ചത് സ്വീഡൻകാരനായ ഷീലെ (Carl Wilhelem Scheele) ആണ്. എന്നാൽ ഭക്ഷ്യ വസ്തുക്കളിൽ അടങ്ങിയ സയനൈഡ് മനുഷ്യനും മൃഗങ്ങൾക്കും ചരിത്രാതീത കാലം മുതൽക്കുതന്നെ അപകടം വരുത്തിയിട്ടുണ്ട്. നമുക്ക് പരിചിതമായ കപ്പ (Cassava), ബദാ൦ എന്നീ ഭക്ഷ്യ പദാർത്ഥങ്ങളിൽ Cyanogenic glycosides അടങ്ങിയിട്ടുണ്ട്. ഇവ ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ഹൈഡ്രോലിസിസിനു(Hydrolysis) വിധേയമായി ഹൈഡ്രജൻ സയനൈഡ് ഉൽപ്പാദിപ്പിക്കുന്നു. അയോണീകരണത്തിനു വിധേയമായി ഇത് സയനൈഡ് അയോണിനെ സ്വതന്ത്രമാക്കും. കപ്പയിൽ ലൈനമറിൻ(Linamarin), ലോട്ടോസ്ട്രലിൻ (Lotaustralin) എന്നീ സംയുക്തങ്ങളും ബദാമിൽ അമിഗ്ഡാലിൻ (Amigdalin) എന്ന പദാർത്ഥവുമാണ് സയനൈഡിനു കാരണമാകുന്നത്. ( ഇവയിൽ -CN എന്ന ഭാഗം ഉള്ളത് ശ്രദ്ധിക്കുക .)
സയനൈഡുകൊണ്ടുള്ള വിഷബാധയേറ്റാൽ അമൈൽ നൈട്രേറ്റ് (Amyl nitrate), സോഡിയം നൈട്രൈറ്റ് (Sodium nitrite), സോഡിയം തയോസൾഫേറ്റ് (Sodium thiosulphate) എന്നീ പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. കപ്പയില തിന്നു വിഷമേറ്റ മൃഗങ്ങൾക്കു സാധാരണ സോഡിയം നൈട്രൈറ്റിന്റെ ലായനി കൊടുക്കാറുണ്ട്. കപ്പയുടെ ഇനം മാറുന്നതിനു അനുസരിച്ചു വിഷാ൦ശത്തിന്റെ അളവും മാറുന്നതായി കണ്ടിട്ടുണ്ട്. കപ്പ പുഴുങ്ങി വെള്ളമൂറ്റിയാൽ വിഷാ൦ശം ഏറെക്കുറെ പൂർണമായും നഷ്ടപ്പെടും.