ചൊവ്വയിലെ ജൈവസാന്നിദ്ധ്യം അന്വേഷിക്കാൻ പോയ ക്യൂരിയോസി റോവർ അവിടത്തെ വിശാലമായ ഗെയിൽ ഗർത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഷാർപ്പ് എന്ന പർവ്വതത്തിൽ കയറാൻ തയ്യാറെടുക്കുകയാണ്.
ഇപ്പോള്‍ അടിവാരത്ത് എത്തിക്കഴിഞ്ഞ ക്യൂരിയോസിറ്റി പർവ്വതത്തിന്റെ ചരിഞ്ഞ പ്രതലത്തിലൂടെയാണ് അതിന്റെ ആരോഹണം തുടങ്ങുക. പാറമ്പ് ഹിൽസ് എന്നറിയപ്പെടുന്ന ഭാഗമാണ് ഇതിനായി കണ്ടുവെച്ചിട്ടുള്ളത്. നിരവധി പ്രദേശങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഈ പ്രദേശം അനുയോജ്യമാണെന്നു കണ്ടെത്തിയത്
ചൊവ്വയെ പ്രദിക്ഷണം ചെയ്യുന്ന മാർസ് റക്കനൈസൻസ് ഓർബിറ്റർ (MRO) എന്ന ഉപഗ്രഹം ആണ് ക്യൂരിയോസിറ്റിയുടെ പാത തീരുമാനിക്കുന്നതിനുള്ള വിവരങ്ങൾ നൽകുന്നത്. ഇതനുസരിച്ച് ആ പാത സഞ്ചാരയോഗ്യമാണോ എന്നു ക്യൂരിയോസിറ്റി പരിശോധിക്കുന്നു. ഇതിനായി ഈ ഭാഗത്തെ പാറയും മണ്ണും ഡ്രിൽ ചെയ്തെടുത്ത് ക്യൂരിയോസിറ്റിക്കുള്ളിലെ സംവിധാനങ്ങളുപയോഗിച്ചു തന്നെ പരിശോധിക്കുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏത് ഭാഗത്തേക്കാണ് യാത്ര തുടരേണ്ടത് എന്ന് അന്തിമതീരുമാനമെടുക്കുന്നത്. ഭാവിയിൽ MROക്കു പകരം മാവെൻ ബഹിരാകാശ പേടകമായിരിക്കും ക്യൂരിയോസിറ്റിയെ സഹായിക്കാനെത്തുക.
ആദ്യം തീരുമാനിച്ച റൂട്ട് പരിഷ്കരിക്കേണ്ടി വന്നതുകൊണ്ടാണ് ക്യൂരിയോസിറ്റിക്ക് അത് ഇപ്പോൾ എത്തിനിൽക്കുന്ന സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. അതിന്റെ ആറു ചക്രങ്ങളിൽ നാലെണ്ണവും കേടുവന്നത് കഴിഞ്ഞ വർഷം തന്നെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ കേടു സംഭവിക്കുന്നതിനു കാരണമായത് അത് യാത്ര ചെയ്തിരുന്ന പ്രദേശം പരുക്കനും കൂർത്ത കല്ലുകൾ നിറഞ്ഞതും ആയതുകൊണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ അനുയോജ്യമായ പാത തെരഞ്ഞെടുക്കുകയും ആദ്യം തീരുമാനിച്ചതിനേക്കാൾ കുറെ തെക്കുഭാഗത്തായി മൗണ്ട് ഷാർപ്പ് പർവ്വതത്തിന്റെ താഴ്‌വരയിൽ എത്തിച്ചേരുകയും ചെയ്തു.
രണ്ടു വർഷം മുമ്പ് 2012 ആഗസ്റ്റ് മാസത്തിലാണ് ക്യൂരിയോസിറ്റി റോവർ ചൊവ്വയിലെ ഗെയിൽ ഗർത്തത്തിൽ ഇറങ്ങിയത്. ചൊവ്വയിൽ ഏകകോശജീവികൾക്ക് ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ഉണ്ടോ എന്ന അന്വേഷണമായിരുന്നു ഇതിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഒരു കാലത്ത് ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന യെല്ലൊനൈഫ് ബേ എന്ന ശുദ്ധജല തടാകത്തെ കുറിച്ചും ഏതെങ്കിലും തരത്തിലുള്ള ജൈവസാന്നിദ്ധ്യം എന്നെങ്കിലും ഉണ്ടായിന്നോ എന്നും അറിയുക, ബാക്ടീരിയ തലത്തിലുള്ള ജീവികൾക്ക് ആവശ്യമായ ഊർജ്ജം ലഭ്യമാക്കാൻ ഉതകുന്ന തരത്തിലുള്ള രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുക എന്നീ ഉദ്ദേശ്യങ്ങളും ക്യൂരിയോസിറ്റി റോവറിനുണ്ട്.
ഇതു വരെയായി ക്യൂരിയോസിറ്റി ചൊവ്വയെ കുറിച്ച് വിലയേറിയ പല വിവരങ്ങളും ഭൂമിയിലേക്കെത്തിച്ചു തന്നിട്ടുണ്ട്. ഇനിയുള്ള പർവ്വതാരോഹണം കഴിയുമ്പോൾ കൂടുതൽ അത്ഭുപ്പെടുത്തുന്ന വിവരങ്ങൾ അവിടെനിന്നും ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
[divider]ഇതും വായിക്കുക :
ഓപ്പർച്യൂണിറ്റിയുടെ സഞ്ചാരം ചരിത്രത്തിലേക്ക്
[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]
മനുഷ്യജന്മത്തിന് അഭിമാനം