Read Time:8 Minute

ദക്ഷിണേന്ത്യയിൽ പൊതുവേയും, ഇന്ത്യയിൽ കിഴക്കൻ ഹിമാലയത്തിലും, പശ്ചിമഘട്ട വനമേഖലകളിലും കൂടുതലായി പ്രകൃത്യാ കാണപ്പെടുന്ന ഒരു സസ്യമാണ് കസ്തൂരിമഞ്ഞൾ (Musk Turmeric). മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മറ്റ് ഔഷധ മൂല്യമുള്ളതിനാലും കേരളത്തിൽ പരക്കെ പ്രത്യേകിച്ച് മലഞ്ചെരുവുകളിൽ ഇവ വൻതോതിൽ കൃഷി ചെയ്യപ്പെടുന്നു. Curcuma aromatica എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. നമ്മുടെ ഇഞ്ചിയും മഞ്ഞളും ഒക്കെ അടങ്ങിയ സസ്യകുടുംബമായ Zingiberaceae യിൽ കസ്തൂരിമഞ്ഞൾ ഉൾപ്പെടുന്നു. സൗന്ദര്യവർദ്ധകയായ ഈ സസ്യത്തിന്റെ കിഴങ്ങ് മലയാളികൾക്ക് പ്രിയങ്കരിയാണ്.

. സാധാരണ മഞ്ഞൾ (Curcuma longa)

എന്നാൽ ഔഷധമൂല്യമുള്ള കസ്തൂരി മഞ്ഞൾ നമ്മൾ പലരും വഴിവക്കിൽ കാണുന്ന കടും മഞ്ഞ നിറമുള്ള കൊഴുത്തുരുണ്ട കിഴങ്ങുകൾ അല്ല എന്ന വസ്തുത ആദ്യം തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണ മഞ്ഞളിന് Curcuma longa എന്നാണ് ശാസ്ത്രീയ നാമം. ഇവയ്ക്ക് മഞ്ഞനിറവും മെലിഞ്ഞ കിഴങ്ങുകളും ആയിരിക്കും. എന്നാൽ കാട്ടുമഞ്ഞളിന് (Curcuma pseudomontana) തടിച്ച ഓറഞ്ച് മഞ്ഞ നിറത്തിലുള്ള കിഴങ്ങുകളാണുള്ളത്.. സാധാരണയായി ഈ കാട്ടുമഞ്ഞളാണ് (ഇതിന് മഞ്ഞക്കൂവ എന്നും പേരുണ്ട്) വഴിവക്കിൽ കസ്തൂരി മഞ്ഞൾ എന്ന പേരിൽ വിൽക്കപ്പെടുന്നത്.

കസ്തൂരിമഞ്ഞൾ (Musk Turmeric).

ഔഷധഗുണങ്ങൾ  കാട്ടുമഞ്ഞളിലും അടങ്ങിയിട്ടുണ്ട് എന്ന് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നുണ്ട് എങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിനോയിഡുകൾ (Curcuminoid) കാരണം ഇവ ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ മഞ്ഞ നിറം തൊലിയിൽ പറ്റുന്നു (pigmentation). കാട്ടുമഞ്ഞളിൽ നിന്നും കസ്തൂരിമഞ്ഞളിനെ തിരിച്ചറിയാനുള്ള എളുപ്പമാർഗം ഇതിന്റെ കിഴങ്ങുകൾ വെള്ള/ ക്രീം നിറത്തിലുള്ളവ ആയിരിക്കും മാത്രമല്ല കസ്തൂരിമഞ്ഞളിന്റെ കിഴങ്ങുകൾക്ക് തടി താരതമ്യേന കുറവായിരിക്കും.

ഇതിന്റെ കിഴങ്ങുകൾ പൊടിച്ചത് മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ നിറം പറ്റുകയില്ല എന്നു മാത്രമല്ല ഇതിന് കസ്തൂരിയുടെ അല്ലെങ്കിൽ കർപ്പൂരത്തിന്റെ മണം ആയിരിക്കും. മുഖകാന്തി  വർദ്ധിപ്പിക്കുന്നതിനും, മുഖത്തെ രോമ വളർച്ച തടയുന്നതിനും, പാടുകൾ പോകുന്നതിനും, മുഖക്കുരു മാറുന്നതിനും ഒരു പരിഹാരമായി പണ്ടുമുതൽക്കേ കസ്തൂരി മഞ്ഞൾ ഉപയോഗിച്ചുവരുന്നു. കസ്തൂരിമഞ്ഞളിൽ ആൽഫ ബീറ്റ ടെർമറോൺ ആൽഫ കുറുക്കുമിൻ ബീറ്റാ കുറുക്കുമിൻ തുടങ്ങിയ നിരവധി ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പ്രോട്ടീനുകൾ ആമിനോ ആസിഡുകൾ കരോട്ടിനോയിഡുകൾ വിറ്റാമിൻ സി മുതലായ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

കസ്തൂരി മഞ്ഞളിന്റെ ഔഷധഗുണങ്ങൾ

Apoptosis ( കോശങ്ങളുടെ മരണം അനിവാര്യം എന്ന് തോന്നുമ്പോൾ ശരീരം സ്വമേധയാ അവയെ നശിപ്പിക്കുന്നത്), കോശ ചക്രം (Cell cycle) തടയുകയും ചെയ്യുന്നു. ഇവയ്ക്കു Antioxidant ഗുണങ്ങൾ ഉള്ളതിനാൽ ഇവ  free radical (ശരീരത്തിലുള്ള ഹാനികരമായ തന്മാത്രകളെ) നിർജീവമാക്കുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു എന്നും ബാക്ടീരിയൽ അണുബാധയ്ക്ക് ഇവ ഒരു പ്രതിരോധ ഔഷധമായി ഉപയോഗിക്കാം എന്നും പഠനങ്ങൾ പറയുന്നു. ഇതുകൂടാതെ പാരമ്പര്യ വൈദ്യത്തിൽ കസ്തൂരി മഞ്ഞൾ വേദനസംഹാരിയായും ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ലിനലൂൾ, കർപ്പുര തുടങ്ങിയ സംയുക്തങ്ങൾ വേദനസംഹാരിയായി പ്രവർത്തിക്കാൻ ഇവയെ സഹായിക്കുന്നു. കസ്തൂരിമഞ്ഞൾ ഉപയോഗിചുള്ള തൈലം മുറിവുണക്കാൻ സഹായിക്കുന്നു എന്നു മാത്രമല്ല ഇവയുടെ Anti microbial, Anti fungal, Anti inflammatory, തുടങ്ങിയ ഗുണങ്ങൾ കാരണം ഇവയെ ഒരു ഹെയർ ടോണിക്കായും ഉപയോഗിക്കാം. ചില ശാസ്ത്രീയ പഠനങ്ങൾ പ്രകാരം ഇവയിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങൾ UVB യിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുമെന്നും പറയുന്നു.

കസ്തൂരിമഞ്ഞൾ സാധാരണ അളവിൽ കഴിക്കുന്നത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നുവെങ്കിലും മറ്റു മരുന്നുകളുമായി ഇവയിലുള്ള ഘടകങ്ങൾ സംവദിക്കുമ്പോൾ ചിലപ്പോൾ ശരീരത്തിന് പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ആയതിനാൽ പുറമേയുള്ള സൗന്ദര്യവർദ്ധക ഉപയോഗത്തിനും അപ്പുറമുള്ള ഇവയുടെ ഔഷധ ഫോർമുലേഷൻ നമ്മൾ സ്വയം ചെയ്യാതിരിക്കുന്നതാണ് നല്ലത്.

അധിക വായനയ്ക്ക്

  1. Al-Reza, S. M., Rahman, A., Sattar, M. A., Rahman, M. O., & Fida, H. M. (2010). Essential oil composition and antioxidant activities of Curcuma aromatica Salisb. Food and Chemical Toxicology, 48(6), 1757-1760.
  2. Sikha, A., & Harini, A. (2015). Pharmacological activities of wild turmeric (Curcuma aromatica Salisb): a review. Journal of Pharmacognosy and Phytochemistry, 3(5), 01-04.
  3. Umar, N. M., Parumasivam, T., Aminu, N., & Toh, S. M. (2020). Phytochemical and pharmacological properties of Curcuma aromatica Salisb (wild turmeric). Journal of Applied Pharmaceutical Science, 10(10), 180-194.

അനുബന്ധ വായനയ്ക്ക്

Happy
Happy
13 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
6 %
Angry
Angry
13 %
Surprise
Surprise
13 %

Leave a Reply

Previous post കൃതി @ പ്രകൃതി -കുട്ടികൾക്ക് പരിസരദിന മത്സരങ്ങൾ
Next post വോട്ടർ പട്ടിക ‘വൃത്തിയാക്കാൻ’ നിർമ്മിതബുദ്ധി ഉപയോഗിച്ചാലോ?
Close