സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ, ഒരുപാട് ഒന്നിച്ചു താമസിക്കുന്നയിടങ്ങളാണ് ലേബർ ക്യാമ്പുകൾ. കൂടെ താമസിക്കുന്നവർക്ക് കോവിഡ് ബാധയുണ്ടെന്നു അറിഞ്ഞാൽ പോലും താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാതെ കൂടെ കഴിയേണ്ടിവരുന്ന സ്ഥിതിയിലാണ് ഇവർ. പല ഗള്‍ഫ് രാജ്യങ്ങളും ലേബര്‍ക്യാമ്പുകളി‍ല്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാനടപടികളും ചികിത്സാ പിന്തുണയും  ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടേയുള്ളു. ലേബർ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • രോഗലക്ഷണങ്ങൾ കാണിക്കുന്ന കൂട്ടത്തിലുള്ള ഒരാളെ ഹോസ്പിറ്റലിൽ എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ആണെങ്കിൽ അദ്ദേഹവുമായിശാരീരിക അകലം പാലിക്കുക എന്നതാണ് വഴി.
  • പറ്റുമെങ്കിൽ അയാൾക്ക് ഒരു മുറി അനുവദിക്കുക. അതിനു പറ്റിയ സാഹചര്യമില്ലെങ്കിൽ മുറിയുടെ ഒരു മൂല രോഗിക്ക് അനുവദിക്കുക. മറ്റുള്ളവരിൽ നിന്നും രണ്ടു മീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ വസ്തുവഹകൾ പങ്കു വെക്കാത്ത വിധം അവിടെ അദ്ദേഹത്തിന്  കഴിയാൻ പറ്റുന്ന രീതിയിൽ മുറി സജ്ജീകരിക്കുക.
  • പൊതു ടോയ്‍ലെറ്റ് സംവിധാനമാണ് ഉള്ളതെങ്കിൽ ഗ്ലൗസും മാസ്കും ധരിച്ച് മുറി തുറന്നു കൊടുക്കുക. യാതൊരു രീതിയിലുള്ള സമ്പര്‍ക്കവും ഇല്ലാത്ത രീതിയിലാവണം കൈകാര്യം ചെയ്യേണ്ടത്.അദ്ദേഹം ഉപയോഗിച്ച ബക്കറ്റ്, മഗ്ഗുകൾ വാതിലിന്റെ കൈപ്പിടികൾ എന്നിവ അണുനശീകരണം ചെയ്തു എന്നുറപ്പ് വരുത്തുക
  • രോഗി തൊട്ട പ്രതലങ്ങൾ 1% ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • ഒരു ലിറ്റർ വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ ഇട്ട് കുഴമ്പു പരുവത്തിലാക്കി ഒരു ബക്കറ്റ് വെള്ളത്തിലേക്കൊഴിച്ച് കമ്പോ മറ്റോ ഉപയോഗിച്ച് നന്നായി ചേര്‍ത്തിളക്കുക. ലയിക്കാത്തവ അടിഞ്ഞതിന് ശേഷം മുകളിലുള്ള തെളിഞ്ഞ വെള്ളമാണ് വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത്.
  • രോഗി ഉപയോഗിച്ച വസ്തുക്കള്‍ മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ ലായനിയില്‍ അര മണിക്കൂർ മുക്കി വെച്ച ശേഷം സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കുക.
  • ബ്ലീച്ചിങ്‌ പൗഡറും കിട്ടാനില്ലെങ്കിൽ – 60 ഡിഗ്രിയിലധികം ചൂടാക്കിയ വെള്ളത്തിൽ ഡിറ്റർജന്റ് / ഡിസിൻഫെക്റ്റന്റ് ചേര്‍ത്ത് കലക്കി 25 മിനുട്ടിന് ശേഷം അതിൽ തുണികളും മറ്റും മുക്കി വെച്ച ശേഷം കഴുകി വെയിലത്ത് ഉണക്കിയെടുക്കുക.
  • പത്രം എല്ലാവരും വായിച്ചു കഴിഞ്ഞ ശേഷം രോഗിക്ക് നൽകുക.
  •  മൊബൈൽ ഫോൺ കമ്പ്യൂട്ടർ  കാമറ, കാൽക്കുലേറ്റർ തുടങ്ങിയവ രോഗിയുമായി പങ്കിടരുത്.
  • ശാരീരിക അകലമേ പാടുള്ളു. മാനസിക അകലം പാടില്ല.
  • മുറിയിൽ 60 വയസ്സിന് മുകളിലുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹരോഗ ബാധിതർ, വൃക്കരോഗികൾ, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, അവയവം മാറ്റിവെച്ചവർ, സ്റ്റിയറോഡ് ഉപയോഗിക്കുന്നവർ, ഗർഭിണികൾ എന്നിവരുണ്ടെങ്കില്‍ അവരെ അടിയന്തരമായി മാറ്റി പാർപ്പിക്കുക.
  • ഗുരുതരമാവുമ്പോൾ മാത്രം ആശുപത്രിയിൽ കാണിക്കാം എന്ന ലാഘവത്തോടെ സമീപിക്കാതിരിക്കുക. ഹെല്‍പ് ലൈൻ നമ്പറിൽ വിളിച്ചു അവിടുത്തെ ഹെൽത്ത് സിസ്റ്റം സജ്ജമാണെന്നു ഉറപ്പ് വരുത്തുക.
  • രോഗം കൂടുന്നുണ്ടോ എന്ന് എപ്പോഴും ആലോചിച്ചു ആശങ്കപ്പെടാതിരിക്കുക
  • പരമാവധി റിലാക്സ് ചെയ്യുക. എഫ് എം റേഡിയോ,മറ്റു സംഗീത ഉപാധികൾ ദൃശ്യ മാധ്യമങ്ങൾ എല്ലാം ശരിയായ ദൂരം പാലിച്ചു അദ്ദേഹത്തിന് ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കാം
    • നല്ല പുസ്തകങ്ങൾ വായിക്കാം. പങ്കു വെക്കാതെ.
    • പുകവലി മദ്യപാനം എന്നിവ ദോഷം ചെയ്യും
    • അസുഖത്തെകുറിച്ചല്ലാത്ത വിഷയങ്ങൾ സംസാരിക്കാൻ ശ്രദ്ധിക്കണം.
    • മാറ്റി നിര്‍ത്തുന്നു എന്ന തോന്നൽ ഉണ്ടാക്കാതെ എന്നാൽ ശാരീരിക അകലം പാലിച്ചു കൊണ്ട് ആവണം പരിപാലനം.
  • വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം നന്നായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. നന്നായി ഉറങ്ങുക.
  • രോഗിയും കൂടെയുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കുക.
  • മറ്റെന്തെങ്കിലും അസുഖം ഉള്ളയാൾ ആണെങ്കിൽ മരുന്നുകൾ മുടക്കാതെ കഴിക്കാൻ ശ്രദ്ധിക്കണം

കടപ്പാട് : ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് ലൈവ് കാണാം

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 12
Next post മനുഷ്യശരീരത്തിന്റെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം
Close