Read Time:10 Minute

മന്‍സൂര്‍ പാറമ്മല്‍

ബില്‍ ബ്രൈസന്റെ The body , Guide for occupants എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു

മെെക്രോസ്കോപ്പിന്റെ കണ്ടുപിടുത്തത്തോടെ  പതിനാറാം നൂറ്റാണ്ടിലാണ് മനുഷ്യന്‍ സൂക്ഷ്മ ജീവികളെ ആദ്യമായി കണ്ട് തുടങ്ങിയത്. അതുവരെ തങ്ങളറിയാത്ത കോടിക്കണക്കിന് ജീവിവര്‍ഗങ്ങള്‍ തങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് അവനെ ഞെട്ടിക്കുന്നതായിരുന്നു. ആൻ്റണ്‍ വാന്‍ ലൂവന്‍ ഹോക്ക്  (Antonie van Leeuwenhoek) ആണ് സ്വന്തമായി നിര്‍മിച്ച മെെക്രോസ്ക്കോപ്പിലൂടെ ആദ്യമായി സൂക്ഷ്മ ജീവികളുടെ ലോകം കണ്ട മനുഷ്യന്‍.
സൂക്ഷ്മ ജീവികള്‍ രോഗം ഉണ്ടാക്കും എന്ന് കണ്ടെത്താന്‍ വീണ്ടും രണ്ട് നൂറ്റാണ്ടെടുത്തു, 1876ല്‍ റോബര്‍ട്ട് കോക് (Robert Koch) എന്ന ശാസ്ത്രജ്ഞന്‍ ആന്ത്രാക്സ് ബാധിച്ച കന്നുകാലികളില്‍ നടത്തിയ പഠനമായിരുന്നു സൂക്ഷ്മ ജീവികള്‍ രോഗം ഉണ്ടാക്കും എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. ആ കണ്ടുപിടുത്തം ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു എന്ന് പറയാം. പതിനേട്ടാം നൂറ്റാണ്ടിന് മുമ്പ് ലോകത്തൊന്നാകെ പല സമയങ്ങളിലായി കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ പല പകര്‍ച്ച വ്യാധികളും ചെകുത്താന്റെ‍റെയും ഭൂതങ്ങളുടെയുമൊക്കെ തലയിലും രോഗം ബാധിച്ച ഗോത്രങ്ങളുടെ പാപം കാരണം ഇറങ്ങിയ ദെെവിക ശിക്ഷയായുമൊക്കെ വക മാറ്റിയിരുന്ന അവസ്ഥയില്‍ നിന്ന് ഈ കുഞ്ഞു ജീവികളാണ് രോഗം ഉണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞത് അന്ന് മുതലാണ്.

മനുഷ്യ ശരീരത്തില്‍ എത്ര സൂക്ഷ്മ ജീവികള്‍ കാണുമെന്നാണ് ഊഹം..?

ഏകദേശം നാല്‍പ്പതിനായിരത്തോളം സ്പീഷീസ് സൂക്ഷ്മ ജീവികള്‍ വീടായി കാണുന്നത് നിങ്ങളുടെ ശരീരം ആണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..??അതെല്ലാം കൂടി ഏതാണ്ട് 30-50 ട്രില്ല്യണ്‍ സൂക്ഷ്മ ജീവികള്‍ വരും..! കോശങ്ങളുടെ അടിസ്ഥാന ഘടകമായ മെെറ്റോകോണ്‍ട്രിയയും ന്യൂക്ലിയസും ഇല്ലാത്ത, 85% ത്തോളം വരുന്ന ചുവന്ന രക്താണുക്കളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി വരുന്ന മനുഷ്യ കോശങ്ങള്‍ വെറും 30 ട്രില്ല്യണ്‍ ആണ്. എന്ന് വെച്ചാല്‍ നമ്മുടെ ശരീരത്തിലെ മൊത്തം മനുഷ്യകോശങ്ങളേക്കാള്‍ കൂടുതല്‍ വരും ശരീരത്തിലെ സൂക്ഷ്മ ജീവികളുടെ എണ്ണമെന്ന് ചുരുക്കം.!!
ജീനുകളുടെ എണ്ണം കണക്കാക്കിയാല്‍ നമ്മുടെ ശരീരത്തില്‍ നമ്മുടെതായി ഉള്ളത് വെറും ഇരുപത്തിരണ്ടായിരം എണ്ണമാണെങ്കില്‍ 20 മില്യണ്‍ ബാക്റ്റീരിയ ജീനുകള്‍ ഉണ്ടെന്നാണ് കണക്ക്. മുപ്പതിനായിരത്തില്‍ പരം സ്പീഷിസ് ബാക്റ്റീരിയകള്‍ നമ്മുടെ ദഹന വ്യവസ്ഥയില്‍ മാത്രം ഉണ്ടെന്നാണ് കരുതുന്നത്. ഏതാണ്ട് 10%ത്തോളം കലോറിയും വിറ്റാമിന്‍ B2,B12,ഫോളിക് ആസിഡ് പോലുള്ള ന്യൂട്രിയന്‍സും നമുക്ക് കിട്ടുന്നതും ഇവരുടെ പ്രവര്‍ത്തന ഫലമായാണ്.
 പഠിക്കാന്‍ ഉള്ള സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ കാരണം മനുഷ്യന് ഇപ്പോഴും  വലിയ ഒരു അളവ് വരെ വലിയ പിടിയില്ലാത്ത വിഭാഗമാണ് സൂക്ഷ്മ ജീവികള്‍. പത്തോ ഇരുപതോ മിനിറ്റ് മാത്രം ആയുസ്സുള്ള ബാക്റ്റീരിയകള്‍ നാലോ അഞ്ചോ ദിവസം കൊണ്ട് മനുഷ്യന്‍ ഇതുവരെ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ തലമുറകള്‍ ജനിപ്പിച്ച് വിടും, അത്കൊണ്ട് തന്നെ ഒരോ മനുഷ്യനിലും പലപ്പോഴും വേറെ വേറെ വകഭേധങ്ങളെ ആവും കാണുക.
ഇവയില്‍ ബഹുഭൂരിപക്ഷവും മനുഷ്യന് രോഗങ്ങള്‍ വരുത്താത്തതാണെങ്കിലും പലതും രോഗങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
 ബാക്റ്റീരിയകളുടെ അവസ്ഥ ഇതാണെങ്കില്‍ വെെറസുകളുടെത് കുറച്ച് കൂടി വിചിത്രമാണ് കാര്യങ്ങള്‍. ജീവനുള്ള കോശങ്ങളില്‍ പ്രവേശിച്ചാല്‍ മാത്രം ആക്റ്റീവാവുന്ന ഇവര്‍, അല്ലാത്ത സമയങ്ങളില്‍ അനേകകാലം നിര്‍ജീവമായി കിടക്കും. തിരിച്ച് വീണ്ടും ജീവകോശങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഒരു പക്ഷേ പഴയ വെെറസിന്റെ കെട്ടുംമട്ടുമെല്ലാം മാറി പുതിയ അവതാരമായാവും രംഗ പ്രവേശനം. സാര്‍സും കൊറോണയും ഒരേ വെെറസാണെന്ന് പറയുന്നത് പോലെ.
2014 ല്‍ ഫ്രാന്‍സിലെ ശാസ്ത്രജ്ഞരുടെ ഒരു കൂട്ടം സെെബീരിയയിലെ ഐസ് പാളികള്‍ക്കടിയില്‍ നിന്ന് കണ്ടെത്തിയ വെെറസിന് മുപ്പതിനായിരം വര്‍ഷം പഴക്കമുണ്ടായിരുന്നു. അതിന്റെ കോശങ്ങളെടുത്ത് അമീബയിലേക്ക് കുത്തിവെച്ചപ്പോള്‍ അടുത്ത നിമിഷം മുതല്‍ ആശാന്‍ വീണ്ടും പഴയ പോലെ ആക്റ്റീവായി.
ആഗോള താപനം വഴി ഐസ് ഉരുകുകയോ മറ്റോ ചെയ്ത് ഇതുവരെ ഉറങ്ങി കിടന്ന അതിമാരകമായ വെെറസുകള്‍ ചിലപ്പോള്‍ തിരിച്ച് വന്നേക്കാം,അതിനെയൊക്കെ എങ്ങനെ നേരിടും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

സൂക്ഷ്മ ജീവികളുടെ ആക്രമണത്തിനെതിരെ മനുഷ്യന്‍ നടത്തിയ ഐതിഹാസിക സമരം

സൂക്ഷ്മ ജീവികളുടെ ആക്രമണത്തിനെതിരെ മനുഷ്യന്‍ നടത്തിയ ഐതിഹാസിക സമരം മനുഷ്യവംശത്തിന്റെ അതിജീവനത്തിന്‍റെ കൂടി കഥയാണ്. മെക്സിക്കൊയിലും പെറുവിലുമൊക്കെ കാല് കുത്തിയ സ്പെയിനുകാരോട് ഇടപെട്ട ലാറ്റിനമേരിക്കന്‍ ജനതയുടെ മുക്കാല്‍ ഭാഗവും സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ച് പോയ കഥ എഡ്വാര്‍ഡ് ഗലാന്‍സിയോയുടെ  Open vein of latin america എന്ന വിഖ്യാത പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പ്രദേശവാസികള്‍ മരിച്ച് തീര്‍ന്നതിനാല്‍ ലാറ്റിനമേരിക്കന്‍ ഖനികളില്‍ പണിയെടുക്കാന്‍ ആളില്ലാതെ വരികയും ആഫ്രിക്കന്‍ അടിമകളെ പിടിച്ച് ലാറ്റിനമേരിക്കയിലേക്ക് കൊണ്ടുവരാനും കാരണം സ്പാനിഷ് ഫ്ലൂ ആണെന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലീഷ് ജനതയുടെ പാതിയും മരിച്ച് തീര്‍ന്ന പ്ലേഗ്, ഒരുകാലത്ത് ലോകം മുഴുവന്‍ കോടിക്കണക്കിന് മനുഷ്യരെ കൊന്ന വസൂരി….
പണ്ട് കാലത്ത് യുദ്ധത്തില്‍ ഇരുമ്പ് കൊണ്ട് മുറിവേറ്റാല്‍ ആ ഭാഗം മുറിച്ച് കളയാറായിരുന്നു പതിവ്, അല്ലെങ്കില്‍ അണുബാധ ഏറ്റ് മരണം ഉറപ്പാണ്. കെെക്ക് മുറിവേറ്റാല്‍ കെെ, കാലിന് വെട്ടേറ്റാല്‍ കാല്‍. ഇംഗ്ലണ്ടിലെ ലൂയി  രാജാവിന്റെ തോളില്‍ അമ്പേറ്റതിനാല്‍ അവയവം മുറിച്ച് മാറ്റാന്‍ പറ്റാതെ ദയനീയമായി മരിച്ചു പോയ കഥയുണ്ട്. ഇന്നാണെങ്കില്‍ ഒരു PHC യില്‍ പോയി ഡ്രസ് ചെയ്ത് TT എടുത്താല്‍ തീരാവുന്ന കേസിനാണ് രാജ്യത്തെ സകല വെെദ്യന്‍മാരും നോക്കി നില്‍ക്കെ ഒരു രാജാവ് ദയനീയമായി മരിച്ച് പോയത്.
അലക്സാണ്ടര്‍ ഫ്ലമിങ് 1920 കളില്‍ തന്റെ ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്ന് യാദൃശ്ചികമായി പിറന്ന പെന്‍സുലിനില്‍ നിന്നാണ് മനുഷ്യന്‍ സൂക്ഷ്മ ജീവികള്‍ ഉണ്ടാക്കുന്ന രോഗത്തിനെതിരെ പൊരുതിയ ചരിത്രത്തിന്‍റെ തുടക്കം. തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധത്തോടെ വ്യാപകമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. പിന്നീട് ആന്റിബയോട്ടിക്കുകളുടെ ഒരു വരവ് തന്നെ ആയിരുന്നു.  1950 മുതല്‍ 1990 വരെയൊക്കെ വര്‍ഷം മൂന്ന് വരെ ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഇറങ്ങിയിടത്ത് ഇന്ന് വര്‍ഷത്തില്‍ ഒന്ന് വെച്ച് പുതിയ മരുന്നുകള്‍ നിര്‍മിച്ച് വരുന്നു.
ബില്‍ ബ്രൈസന്‍ നിങ്ങള്‍ക്ക് ഉള്ളിലെ സൂക്ഷ്മ ജീവികളെ പറ്റി പറഞ്ഞു നിര്‍ത്തുന്നത് ഇവിടെയാണ്. മനുഷ്യ ശരീരത്തിന്റെ ഉള്ളറകളിലേക്ക് ഒരു എത്തി നോട്ടമാണീ പുസ്തകം, കോശങ്ങളില്‍ തുടങ്ങി ഓരോ അവയവങ്ങളിലൂടെയും കടന്നുപോകുന്നു.  ഒരു നോവലെന്ന പോലെ വായിച്ചു പോകാവുന്ന രീതിയിലാണ്  ബില്‍ ബ്രെെസണ്‍ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തെ പറ്റിയുള്ള ഓരോ കണ്ടെത്തലിന് പിന്നിലെ കഥകളും കഷ്ടപ്പാടുകളും ചരിത്രങ്ങളുമെല്ലാം ആധുനിക മനുഷ്യന്‍ അറിഞ്ഞിരിക്കുക തന്നെ വേണം, ആയിരക്കണക്കിന് മനുഷ്യര്‍ ചോരയും നീരും വിയര്‍പ്പും ഒഴുക്കിയാണ് ആധുനിക വെെദ്യശാസ്ത്രം ഇവിടെ വരെ എത്തിയത്‌, ഈ കൊറോണ കാലത്ത് വായിക്കേണ്ട പുസ്തകം തന്നെയാണിത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ലേബര്‍ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Next post കേരളത്തില്‍ നിഴലില്ലാനേരം – സമയം അറിയാം
Close