എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണിപ്പോൾ. മാത്രമല്ല ഉറവിടമറിയാൻ കഴിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വർധനയുണ്ട്. നിരവധി ജില്ലകളിൽ രോഗികളുടെ ക്ലസ്റ്ററുകൾ (ഏതെങ്കിലും പ്രദേശത്തോ ജനവിഭാഗങ്ങളിലോ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുക) രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമനുസരിച്ച് കോവിഡ് വ്യാപനത്തിൽ സാമൂഹ്യവ്യാപനത്തിന് തൊട്ട് മുൻപുള്ള ഘട്ടത്തിലാണ് ക്ലസ്റ്ററുകൾ കണ്ടു തുടങ്ങുന്നത്. ബഹുമാനപെട്ട മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ടിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ എന്ത് നടപടികളാണ് ജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ടതെന്ന് സമചിത്തത കൈവിടാതെ ശാസ്തീയമായി വിശകലനം ചെയ്തും മറ്റ് രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടേയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലും തീരുമാനിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്നും ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ യാതൊരു അലംഭാവും കൂടാതെ കർശനമായി നടപ്പിലാക്കാനായി ശ്രമിക്കേണ്ടതാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ വീടുകളിൽ മറ്റംഗങ്ങൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ള വിഭാഗത്തിലുള്ളവരുണ്ടെങ്കിൽ മാസ്ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത് പോലെ ഗാർഹിക സമ്പർക്ക വിലക്കും സംരക്ഷണ സമ്പർക്ക് വിലക്കും പഴുതുകളില്ലാതെ നടപ്പിലാക്കാനും ശ്രദ്ധിക്കണം.
ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം (Epidemiological Study) നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിംഗ് നടത്തിയും രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനിപോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ച് കഴിഞ്ഞിട്ടുണ്ട്. പൊന്നാനി രീതിയിൽ ഇടപെടാൻ കഴിയുന്നതോടെ മറ്റ് ക്ലസ്റ്ററുകളിൽ നിന്നുള്ള രോഗ പകർച്ചയും നിയന്ത്രിക്കാൻ കഴിയും.
ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ-ഐ സി യു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) പരിചരിക്കുക. ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങ:ളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. സൌകര്യങ്ങളൂള്ള സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഊർജ്ജിതമായി ശ്രമിച്ച് വരികയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകുന്നതും പരിശോധിച്ച് വരികയാണ്.
കേരളത്തിലുള്ള രോഗികളിൽ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ് ഇവരെ വീടുകളിൽ തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിഗഗ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകട സാധ്യത വിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥാലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റ് പലരാജ്യങ്ങളിലേയും രീതികൾ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഈ നിർദ്ദേശവും പരിഗണിക്കാവുന്നതാണ്.
നീപ്പയും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടു നിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറുമാസത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് നിരന്തര ജാഗ്രത പുലർത്തിയേ പറ്റൂ. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയെയാണ് നമുക്ക് നേരിടാനുള്ളതെന്നത് മറക്കരുത്.