Read Time:18 Minute

ഡോ.രാജേഷ് കെ.

കേരളത്തിന്റെ ആഭ്യന്തര ധന വിനിയോഗത്തേയും, പുറത്തു നിന്നുള്ള വരുമാനത്തേയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിക്കുന്നത്. ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം ലോകം തന്നെ നേരിടുന്ന ഏറ്റവും ഗുരുതരമായ അതിജീവന പ്രതിസന്ധി കൂടിയാണിത്.

ഒരു ആശ്രിത സമ്പദ് വ്യവസ്ഥ എന്ന നിലയിൽ കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക  എന്നിവയെ കടുത്ത തോതിൽ ബാധിക്കും. വലിയൊരു വിഭാഗം മലയാളികൾ പണിയെടുക്കുന്ന  ഈ രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ തൊഴിലാളികളെ കുറച്ചു കൊണ്ടും, കൃത്രിമ ബുദ്ധി ഉൾപ്പെടെയുള്ള യന്ത്രവത്ക്കണം വ്യാപകമാക്കിക്കൊണ്ടും ഉള്ള അതിജീവനത്തിനാകും  ശ്രമിക്കുക. ഇത് മലയാളികളുടെ വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം.

യൂറോപ്യൻ രാജ്യങ്ങളിലേയും, അമേരിക്കയിലേയും പ്രതിസന്ധി പത്തനംതിട്ട,കോട്ടയം മുതലായ ജില്ലകളെയാണ്  പ്രധാനമായും ബാധിക്കുന്നതെങ്കിൽ, ഗൾഫ് പ്രതിസന്ധി മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളെ സാരമായി ബാധിക്കും. മറ്റു ജില്ലകളിലും ഇത് എറിയും കുറഞ്ഞും പ്രതിഫലിക്കും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ എങ്ങനെ ഉൾക്കൊള്ളും എന്ന പുതിയ വെല്ലുവിളിയാണ് കേരള സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കാൻ പോകുന്നത്. യൂറോപ്യൻ , അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച അവിടുത്തെ ഐ.ടി. കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം ഐ .ടി . സ്ഥാപനങ്ങളെ ബാധിക്കും. ഐ.ടി. പാർക്കുകളിലും വിദേശ അധിഷ്ഠിത ജോലികൾ ചെയ്യുന്ന ഐ.ടി. സ്ഥാപനങ്ങളിലും ഇത് പ്രതിസന്ധി ഉണ്ടാക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന 80,000 കോടിക്ക് മുകളിൽ വരുന്ന പ്രവാസി പണത്തിന്റെ ഒഴുക്കിലും കുറവുകൾ സംഭവിക്കും.

ആഭ്യന്തര പ്രതിസന്ധി

കേരളത്തിന്റെ നിർമ്മാണ മേഖല, ടൂറിസം മേഖല, റെസ്റ്റോറന്റ് മേഖല, ഓട്ടോമൊബൈൽ മേഖല എന്നിവയെയും  കച്ചവട രംഗത്തേയും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബാധിക്കും. ജി.ഡി.പി.യുടെ മൂന്നിൽ രണ്ട് ഭാഗം സേവന മേഖലയിൽ നിന്ന് വരുന്ന സംസ്ഥാനം എന്ന നിലയിൽ സേവന മേഖലയുടെ തകർച്ച സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും.  സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ 9% വരുന്ന നിർമ്മാണ മേഖലയിലും പ്രതി വർഷം 36000 കോടിയോളം നൽകുന്ന ടൂറിസം മേഖലയിലും ഉണ്ടാകുന്ന പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കും.  ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ പുറം പണം ഇറക്കാൻ കഴിയാത്ത അവസ്ഥ പ്രതിസന്ധി രൂക്ഷമാക്കും. വിദേശ വരുമാനത്തേയും, ടൂറിസം പോലുള്ള വരുമാനത്തേയും നിർമ്മാണ മേഖലയേയും ആശ്രയിച്ചുള്ള കേരളത്തിന്റെ അതിജീവനം പ്രതിസന്ധി നേരിടും എന്ന് സാരം.

അതിജീവനത്തിന്റെ വഴികൾ

മറ്റു സംസ്ഥാനങ്ങളിൽ  നിന്ന് വ്യത്യസ്തമായി വാങ്ങൽ ശേഷിയുള്ളവരുടെ ശതമാനം പ്രതിസന്ധി ഘട്ടത്തിലും ഉയർന്ന് നിൽക്കുന്നു എന്നിടത്താണ് കേരളത്തിന്റെ അതിജീവന സാധ്യതകൾ നില നിൽക്കുന്നത്. അഞ്ച് ലക്ഷത്തോളം വരുന്ന സ്ഥിര വരുമാനക്കാരായ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കേരളത്തിലെ കുടുംബങ്ങളിൽ 7- 8 ശതമാനം വരുന്നു. നാലിലൊന്ന് കേരള കുടുംബങ്ങളുടെ പ്രവാസി നിക്ഷേപം പ്രതിസന്ധി ഘട്ടത്തിൽ നമ്മെ സഹായിക്കും.  പകുതിക്ക് മുകളിൽ കുടുംബങ്ങൾക്ക് പല വിധത്തിലും നൽകുന്ന സാമൂഹിക സുരക്ഷ പെൻഷൻ സാധാരണക്കാരുടെ വാങ്ങൽ ശേഷിയെ ചെറിയ തോതിൽ സഹായിക്കും. അയ്യായിരത്തിന് മുകളിൽ വരുന്ന സഹകരണ സ്ഥാപനങ്ങളുടെ ശൃംഖല വിപണിയിലേക്ക് പണമിറക്കാൻ പല വിധത്തിൽ നമ്മെ സഹായിച്ചേക്കും. കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ള പ്രതിവർഷം 80,000 കോടി എന്ന കണക്കിലുള്ള പ്രവാസി നിക്ഷേപവും നമ്മുടെ പ്രതീക്ഷകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്.

പ്രാദേശിക ഉത്പാദനത്തിലെ സാധ്യതകൾ

മുൻപ് സൂചിപ്പിച്ചതു പോലെ പ്രതിസന്ധി ഘട്ടങ്ങളിലും വാങ്ങൽ ശേഷിയുള്ള 35-40 ശതമാനം വരുന്ന കുടുംബങ്ങളാണ് കേരള സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കാതെ നില നിർത്താനുള്ള വലിയ സാധ്യത. എന്നാൽ ഇവർ പരമ്പരാഗതമായി നിക്ഷേപം നടത്തിയിരുന്ന റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണം, വിദ്യാഭ്യാസ കച്ചവടം എന്നിവയിൽ ഉള്ള നിക്ഷേപ സാധ്യത ഇനിയുള്ള കാലത്ത് ക്രമാനുഗതമായി കുറയും.

  • എന്നാൽ  കേരളത്തിലെ  കുടുംബങ്ങളുടെ, വിശിഷ്യാ 40 ശതമാനം വരുന്ന മദ്ധ്യ  ഉപരി വർഗ്ഗത്തിന്റെ ദൈനം ദിന ഉപഭോഗം മാറ്റമില്ലാതെ നില നിൽക്കും.
  • ഭക്ഷ്യ ധാന്യങ്ങൾ, പാൽ, പച്ചക്കറികൾ, മാസം ചെറുകിട ഉത്പ്പന്നങ്ങൾ എന്നിവയുടെ ഉപഭോഗ വിപണി കേരളത്തിൽ തുടർന്നുണ്ടാകും.
  • കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തേയും, വിപണിയേയും ശക്തിപ്പെടുത്തി കൊണ്ട് ശക്തമായ സാമ്പത്തിക  പ്രതിസന്ധിയെ നമുക്ക്  അതിജീവിക്കാൻ കഴിഞ്ഞേക്കും.

ഭക്ഷ്യ ഉത്പാദന സാധ്യതകൾ 

നമുക്ക് ആവശ്യമുള്ള അരിയുടെ അളവ് പ്രതിവർഷം 38 ലക്ഷം ടൺ ആണ്. അതിന്റെ 20 ശതമാനത്തിൽ താഴെ ഉത്പാദിപ്പിക്കാനെ നമുക്ക് കഴിയുന്നുള്ളൂ. കേരളത്തിന് അരി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ ആകില്ല. എന്നാൽ അവശേഷിക്കുന്ന ഒന്നര ലക്ഷം ഹെക്ടർ സ്ഥലത്ത് മുഴുവൻ നെൽക്കുഷി ചെയ്യുന്നു എന്ന് ഉറപ്പാക്കാനും, അവശേഷിക്കുന്ന തരിശ് നിലങ്ങളിൽ കൃഷി ചെയ്യാനും സാധിച്ചാൽ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കാനും, വിപണിയെ സജീവമാക്കാനും കഴിയും. ഏറ്റവും കൂടുതൽ തൊഴിൽ നൽകാൻ സാധ്യതയുള്ള ഭക്ഷ്യ വസ്തു എന്ന നിലയിൽ നെൽ കൃഷി വ്യാപനം പ്രതിസന്ധി ഘട്ടത്തിൽ ഏറെ സഹായിക്കും.

സംസ്ഥാനത്ത് നമ്മുടെ പ്രതിവർഷ പച്ചക്കറി ആവശ്യം 25 ലക്ഷം ടണ്ണാണ്. നമ്മുടെ ആഭ്യന്തര ഉത്പാദനം 15 ലക്ഷം ടൺ ആണ്.  10 ലക്ഷം ടൺ അധികമായി ഉത്പാദിപ്പിച്ചാലേ നമുക്ക് പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനാകൂ. ഇതിനായി, കഴിഞ്ഞ കുറെ വർഷങ്ങളായി കുടുംബശ്രീ വഴിയും അല്ലാതെയും നടക്കുന്ന ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്താൻ സാധിക്കും.

ഒരു ഭക്ഷ്യ വസ്തു എന്ന നിലയിൽ മരച്ചീനിക്ക് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയിൽ വലിയ പങ്കുണ്ട്.  1975 ൽ  50 ലക്ഷം മെട്രിക് ടൺ ആയിരുന്ന മരച്ചീനി ഉത്പാദം 2016 ആയപ്പോഴേക്കും പകുതി ആയി കുറഞ്ഞു. ഇത് വർദ്ധിപ്പിച്ചാൽ ആഭ്യന്തര ഭക്ഷ്യ സുരക്ഷ കുറെയൊക്കെ  നമുക്ക് ഉറപ്പാക്കാം.

പാൽ, മുട്ട, മാംസ ഉത്പാദനം

സംസ്ഥാനത്തെ പാലിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. പാലിന്റെ ആഭ്യന്തര ഉത്പാദനം 3563.30 ലക്ഷം ലിറ്റർ ആയിരിക്കുമ്പോൾ ഉപഭോഗം  3734.77 ലക്ഷം ലിറ്ററാണ്.  ഏകദേശം 200 ലക്ഷം ലിറ്റർ പാലിന്റെ അന്തരം ആണ് നിലവിലുള്ളത്. മലബാറിൽ പാൽ ഉത്പാദനം കൂടുതലും, തെക്കൻ കേരളത്തിലേക്ക് വരുമ്പോൾ അത് കുറവും ആണ്.  മുട്ടയുടെ ആവശ്യവും ഉപഭോഗവും തമ്മിലുള്ള അന്തരം 350 കോടിയോളം ആണ്.  ചിട്ടയായ ആസൂത്രണത്തിലൂടെ ഈ വിടവ് മറി കടക്കാവുന്നതേയുള്ളു.

സൂക്ഷ്മ സംരംഭക ശൃംഖലകളും തൊഴിൽ സാധ്യതകളും

കേരളത്തിന്റെ ആഭ്യന്തര ഉപഭോഗവും, കയറ്റുമതിയും കേന്ദ്രീകരിച്ച് അരി, പാൽ, പച്ചക്കറികൾ, മുട്ട, മാംസം എന്നിവയിൽ വലിയ തോതിൽ സൂക്ഷ്മ സംരംഭങ്ങളുടെ സാധ്യതകൾ നില നിൽക്കുന്നു. ഒറ്റയ്ക്കും കൂട്ടായും ചെയ്യാവുന്ന ശാസ്ത്രീയ രീതികളിൽ ഉള്ള പച്ചക്കറി ഉത്പാദന യൂണിറ്റുൾ ഓരോ വാർഡിലും ചുരുങ്ങിയത് 2-3 ഏക്കർ സ്ഥലത്ത് വികസിപ്പിക്കാം. ഇതിലൂടെ ഓരോ യൂണിറ്റിലും 5 പേർക്ക് വീതം തൊഴിൽ കണ്ടെത്താം.

ഇത്തരത്തിൽ പഞ്ചായത്തിൽ 100 പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കാനാവും. 4-5 പശുക്കൾ ഉള്ള ഇടത്തരം ഫാമുകൾ ഓരോ വാർഡിലും 5 എണ്ണം എങ്കിലും സാധ്യമാണ്.  പഞ്ചായത്ത് തലത്തിൽ ഒരു പാൽ ശീതീകരണ യൂണിറ്റും സംസ്കരണ, ഉത്പ്പന്ന നിർമ്മാണ യൂണിറ്റും ആകാം.  ഒരു പഞ്ചായത്തിൽ 100 പേർക്ക് എങ്കിലും തൊഴിൽ നൽകാവുന്ന ഒരു മേഖലയാണത്. ഇപ്പോൾ തന്നെ കന്നുകാലി ഫാമുകൾ കേരളത്തിൽ വ്യാപകമാണ് എന്നത് ഇതിന്റെ സംരംഭകത്വ സാധ്യതക്ക് തെളിവാണ്. ഗാർഹിക അടിസ്ഥാനത്തിലുള്ള പാൽ വിതരണം, ഉത്പാദകന് മികച്ച വില കിട്ടുന്നതിനും ഉപഭോക്താവിന് ഗുണമുള്ള പാൽ ലഭ്യമാക്കാനും സഹായിക്കും. അധികം വരുന്ന പാൽ പഞ്ചായത്ത് അടിസ്ഥാനത്തിൻ ശേഖരിച്ച് വൈവിധ്യമുള്ള ഉത്പ്പന്നങ്ങൾ ആക്കുന്ന ചെറു യൂണിറ്റുകൾ പ്രവർത്തിപ്പിക്കാം. ഇതേ രീതിയിൽ കോഴി, താറാവ് എന്നിവയെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ എണ്ണത്തെ വളർത്തുന്നതിനുള്ള സാധ്യതകളും സങ്കേതങ്ങളും ഇന്ന് ലഭ്യമാണ്. ഇത്തരത്തിൽ 50-100 കോഴി, താറാവ് എന്നിവയെ വളർത്താവുന്ന 100 യൂണിറ്റുകളെങ്കിലും ഒരു പഞ്ചായത്തിൽ സാധ്യമാണ്. പാലിന്റേയും, മുട്ടയുടേയും ഉത്പാദന യൂണിറ്റുകളെ അംഗൻവാടികളിലെ ഭക്ഷണ വിതരണവും, സ്കൂളുകളിലെ ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധിപ്പിച്ചാൽ ഒരേ സമയം ഉത്പാദകന് വിപണി ഉറപ്പാക്കാനും  കുട്ടികളുടെ പോഷകാഹാര ലഭ്യത വർദ്ധിപ്പിക്കാനും കഴിയും.

ഇറച്ചി ഉത്പാദനം ലക്ഷ്യമിട്ടുള്ള ആട്, പോത്ത് യൂണിറ്റുകളുടെ ശൃംഖല കേരളം മുഴുവൻ വ്യാപിപ്പിക്കാൻ കഴിയും. 5 പോത്തുകൾ, 10 ആടുകൾ എന്നിവ വീതം ഉള്ള 5 യൂണിറ്റുകൾ വീതം ഓരോ വാർഡിലും വികസിപ്പിച്ചാൽ ഏകദേശം 100 പേർക്കെങ്കിലും തൊഴിൽ നൽകാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള മാംസം ഉറപ്പാക്കാം.

ഗാർഹിക അടിസ്ഥാനത്തിലുള്ള മത്സ്യ ഉത്പാദനം ഒരു പുതിയ സംരംഭക സാധ്യതയാണ്. റീ സർക്കുലേറ്ററി അക്വാ കൾച്ചർ, അക്വാപോണിക്സ്, മുതലായവ വഴി കറഞ്ഞ സ്ഥലത്ത് ഇന്ന് മത്സ്യ ഉത്പാദനം കുറഞ്ഞ ചെലവിൽ സാധ്യമാണ്. കടൽ മത്സ്യ ലഭ്യത കുറഞ്ഞു വരുന്ന ഇക്കാലത്ത് വീടുകളിലുള്ള മത്സ്യ ഉത്പാദനം വഴിയുള്ള പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാനാവും. ഓരോ വാർഡിലും ഇത്തരത്തിൽ 5 യൂണിറ്റ് സാധ്യമാക്കിയാൽ 100 പേർക്ക് എങ്കിലും ഓരോ തദ്ദേശ സ്ഥാപന തലത്തിലും തൊഴിൽ നൽകാനാകും.

മാലിന്യ സംസ്കരണം: ഒരു തൊഴിൽ സാധ്യത

ഗാർഹിക മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം- തരംതിരിക്കൽ, ഗാർഹിക മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ തുടങ്ങി മാലിന്യ ശേഖരണ, സംസ്കരണ, വിപണന രംഗത്ത് ഓരോ പഞ്ചായത്തിലും 25 പേർക്കെങ്കിലും തൊഴിൽ നൽകാം. ഇതോടൊപ്പം ഹരിത സാങ്കേതിക വിദ്യകളുടെ പ്രചരണ വിപണന കേന്ദ്രങ്ങളായ ഗ്രീൻ ടെക്നോളജി സെന്ററുകൾ ഓരോ പഞ്ചായത്തിലും സ്ഥാപിക്കാം. ഹരിത സാങ്കേതിക വിദ്യകളുടേയും, നൂതന കാർഷിക ഉപാധികളുടേയും വ്യാപനം സംരംഭകത്വ ശൈലിയിൽ ഇതിലൂടെ നടത്താൻ കഴിയും. സോളാർ, ബയോഗ്യാസ് പ്ലാന്റുകൾ, മാലിന്യ സംസ്കരണ ഉപാധികൾ, ബദൽ നിർമ്മാണ സാങ്കേതിക വിദ്യകൾ, സൂക്ഷ്മ ജലസേചന രീതികൾ, ഫെർട്ടിഗേഷൻ രീതികൾ എന്നിവ ഗ്രീൻ ടെക്നോളജി സെന്ററുകൾ വഴി പ്രചരിപ്പിക്കാം ഇതിനെ ഒരു സംരംഭകത്വ ശൃംഖലയായി മാറ്റാനാവും.

സാങ്കേതിക വിദ്യകളുടെ സാധ്യതകൾ

നെല്ല് അരിയാക്കൽ, പാൽ സംസ്കരണം പഴവർഗ്ഗ സംസ്കരണം, മാംസ സംസ്കരണം എന്നിവയ്ക്ക് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെലവു കുറഞ്ഞ ചെറുകിട യൂണിറ്റുകളും സാങ്കേതിക വിദ്യകളും ഇന്ന് ലഭ്യമാണ്. അവയ്ക്കാവശ്യമായ നിക്ഷേപവും വൻകിട യൂണിറ്റുകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇവ ഓരോ പഞ്ചായത്തിലും ഒന്ന് എന്ന തോതിൽ സ്ഥാപിക്കുക താരതമ്യേന എളുപ്പമാണ്.

കാർഷിക യന്ത്രവത്കരണ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദകാലത്ത് വന്ന മാറ്റം വിസ്മയകരമാണ്. നെൽകൃഷിയ്ക്കും പറമ്പ് കൃഷിയ്ക്കും ഇന്ന് ഇടത്തരം യന്ത്രങ്ങൾ ലഭ്യമാണ്. ചെറുകിട യന്ത്രങ്ങളുടെ ലഭ്യതയും പുതിയ സാധ്യത തുറന്ന് തരുന്നു. ഓരോ പഞ്ചായത്തിലും 20-25 ചെറുപ്പക്കാരുടെ കാർഷിക കർമ്മ സേന പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഇതിലൂടെ തുറന്ന് കിട്ടുന്നു.

സാമൂഹിക സംരംഭകത്വവും പ്രാദേശിക ധനസമാഹരണവും

ഓരോ പ്രദേശത്തുമുള്ള സഹകരണ ബാങ്കുകൾക്ക് ഉത്പാദന മേഖലയിലെ സംരംഭക ശൃംഖല വികസിപ്പിക്കുന്നതിന് വലിയ പങ്ക് വഹിക്കാനാകും. ഓരോ പഞ്ചായത്തിലും പ്രവാസികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവയുടെ കീഴിലും ഉത്പാദന അധിഷ്ഠിതമായ സംരംഭകത്വ ശൃംഖലകൾ വികസിപ്പിക്കാം.

കുടുംബ ശ്രീകളെ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് പഞ്ചായത്ത് വനിതാ സഹകരണ സംഘങ്ങൾ ഉണ്ടാക്കി അവ വഴി സ്ത്രീകളുടെ സംരംഭകത്വ ശൃംഖലകളെ ഏകോപിപ്പിക്കാം. കുടുംബശ്രീകളെയും വ്യക്തികളേയും അംഗങ്ങളായി ചേർത്താൽ മൂലധന സ്വരൂപണ സാധ്യത എളുപ്പമാകും.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഉത്പാദന സംരംഭങ്ങൾക്ക് ആവശ്യമായേക്കാവുന്ന എല്ലാ സഹായവും ഏകോപിപ്പിച്ച് നൽകുന്ന ഒരു സംരഭകത്വ സഹായ സെൽ ബ്ലോക്ക് തലത്തിൽ പ്രവർത്തിപ്പിച്ചാൽ ഇവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ആകും.

മേൽ സൂചിപ്പിച്ച രീതിയിൽ ഓരോ പഞ്ചായത്തിലും 1000പേർക്കെങ്കിലും  ഉത്പാദന മേഖലയിൽ സംരംഭകത്വത്തിലൂടെയും തൊഴിൽ കൂട്ടായ്മകളിലൂടെയും തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. ഇതിലൂടെ പ്രാദേശിക ഉത്പാദന മേഖലയേയും വിപണിയേയും ശക്തിപ്പെടുത്തി കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കുറെയെങ്കിലും കേരള സമ്പദ് വ്യവസ്ഥയ്ക്ക് കര കയറാനാകും.


(ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, സാമൂഹ്യശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകൻ)

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓൺലൈന്‍ ക്ലാസ്സും, വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകളും
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 3
Close