ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്.
ദിവസത്തിന്റെ അളവും അതില്‍ രാവുംപകലും എത്രയെന്നുമെല്ലാം നിര്‍ണ്ണയിച്ചു തുടങ്ങിയത് സ്വാഭാവികമായും സൂര്യനെ അടിസ്ഥാനമാക്കിയാണ്. ഋതു ചക്രം പൂർത്തിയാക്കുന്ന സമയമെന്ന നിലയിലാണ് വര്‍ഷം ഒരു കാലയളവായി രൂപപ്പെട്ടത്. എന്നാലത് സൂര്യന്റെ അയനചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വര്‍ഷം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞത്. 7000 വര്‍ഷം പ്രായം കണക്കാക്കുന്ന ഈജിപ്തിലെ നബ്താപ്ലയയും 5000വര്‍ഷം മുമ്പുള്ള സാലിസ്ബറിയിലെ (ഇംഗ്ലണ്ട്) സ്റ്റോണ്‍ഹെഞ്ചും അത്തരത്തിലുള്ള ആവശ്യത്തിന് നിര്‍മ്മിച്ചവയായി കരുതപ്പെടുന്നു. പിന്നീട് നക്ഷത്രങ്ങളുടെ ഉദയം നോക്കിയും വര്‍ഷം ഗണിക്കാമെന്ന് കണ്ടെത്തി. നൈല്‍ നദിയിലെ വെള്ളപ്പൊക്കസമയവും സിറിയസ് നക്ഷത്രത്തിന്റെ പ്രഭാത ഉദയവും ഒത്തൊരുമിച്ച് വരുന്നതായി ശ്രദ്ധിച്ച ഈജിപ്തുകാരാണ് ഇക്കാര്യത്തില്‍ തുടക്കക്കാര്‍. എന്നാല്‍ പിന്നീട് ഈ രണ്ടുവിധത്തിലുള്ള വര്‍ഷവും സമയദൈര്‍ഘ്യത്തില്‍ നേരിയ വ്യത്യാസം വരുത്തുന്നതായി മനസ്സിലാക്കി. കാലാവസ്ഥയുമായി ഒത്തുപോകുന്ന സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയ സായന വർഷം അഥവാ സൗരവര്‍ഷം (Tropical Year) 365.242189-ഉം നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയ നിരയന വര്‍ഷം (Sidereal Year) 365.25636-ഉം ദിവസങ്ങള്‍ ആണ്. ഭൂമിയുടെ പുരസ്സരണം മൂലം സംഭവിക്കുന്നതാണ് ഈ വ്യത്യാസം. വളരെ നിസ്സാരമെന്ന് തോന്നുന്ന ഈ വ്യത്യാസം 72 വര്‍ഷം കൂടുമ്പോള്‍ ഒരുദിവസം എന്ന തോതില്‍ ഗണ്യമായ നിലയിലെത്തും.
മാസസങ്കല്‍പം രൂപപ്പെട്ടത് ചന്ദ്രന്റെ വൃദ്ധിക്ഷയത്തിനുള്ള കാലയളവിനെ (29.52 ദിവസം – ഏകദേശം 30 ദിവസം) അടിസ്ഥാനമാക്കിയാണ്. ആകാശത്ത് ഏറ്റവും ശ്രദ്ധേയവും സവിശേഷവുമായ പ്രതിഭാസമാണ് ചന്ദ്രന്റെ വൃദ്ധിക്ഷയമെന്നതിനാല്‍ വര്‍ഷം ഗണിക്കുന്നതിനു മുമ്പേ ലോകത്തെല്ലായിടത്തും 29-30 ദിവസങ്ങളുള്ള മാസം കണക്കാക്കിയിരുന്നു എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ വര്‍ഷവുമായി മാസത്തെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ചാന്ദ്രമാസത്തിനു പകരം 30-31 ദിവസമുള്ള സൗരമാസങ്ങള്‍ മിക്ക രാജ്യക്കാരും പിന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അറബികളുടെ ഹിജറാവര്‍ഷത്തില്‍ ഇപ്പോഴും ആധാരമാക്കുന്നത് അമാവാസികഴിഞ്ഞ് ആദ്യ ചന്ദ്രക്കല കാണുന്നതുമുതലുള്ള ചാന്ദ്രമാസമാണ്. അതിലെ വര്‍ഷമാകട്ട, 12 ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന 354 ദിവസവും.
വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദിവസത്തെയും വേര്‍തിരിച്ചറിയാനുള്ള വിദ്യകള്‍ പണ്ടുകാലത്ത് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വൈദികകാലം മുതല്‍ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന തിഥിയും നക്ഷത്രവും അത്തരത്തിലുള്ളവയാണ്. അമാവസി മുതല്‍ പൗര്‍ണ്ണമിവരെയും തിരിച്ചുമുള്ള ചന്ദ്രന്റെ രൂപമാറ്റം ദിവസം തിരിച്ചറിയാന്‍ നല്ല സൂചകമാണല്ലോ. അതിനെ അടിസ്ഥാനമാക്കി ദിവസം കണക്കാക്കുന്നതാണ് തിഥി. ചന്ദ്രന്‍ സൂര്യനില്‍ നിന്ന് എത്ര അകലെയാണ് ആകാശത്ത് കാണുന്നത് എന്നതിനെ ആസ്പദമാക്കിയാണ് കൃത്യമായി തിഥി ഗണിക്കുന്നത്. സൂര്യനും ചന്ദ്രനും തമ്മില്‍ 12 ഡിഗ്രി വീതം അകലുന്നതിന് വേണ്ട സമയമാണ് ഒരു തിഥി. ആദ്യ 12 ഡിഗ്രി പ്രഥമ, 12 ഡിഗ്രി മുതല്‍ 24 ഡിഗ്രി വരെ ദ്വതീയ എന്നിങ്ങനെ. അത് കൃത്യം ഒരു ദിവസമല്ല. 19 മുതല്‍ 26 മണിക്കൂര്‍ വരെ തിഥിയുടെ സമയദൈര്‍ഘ്യം മാറാം. എന്നാല്‍ ശരാശരിയെടുത്താല്‍ ദിവസത്തിനോടടുത്ത്, എന്നാൽ ദിവസത്തെക്കാൾ അല്പം കുറഞ്ഞ കാലയളവാണ് തിഥി.
നക്ഷത്രമണ്ഡലത്തില്‍ ചന്ദ്രന്‍ എവിടെയെന്നതിനെ അടിസ്ഥാനമാക്കി ദിവസത്തിനെ വേര്‍തിരിക്കുന്നതാണ് നക്ഷത്രം. 27 ചാന്ദ്രരാശികളെ അടിസ്ഥാനമാക്കിയാണ് അത് നിര്‍ണ്ണയിക്കുന്നത്. അതും ദിവസത്തിനോട് അടുത്ത സമയമെങ്കിലും അതിന്റെ ശരാശരി ദൈര്‍ഘ്യം ഒരു ദിവസത്തില്‍ അല്പം കൂടുതലാണ്. തിഥിയും നക്ഷത്രവും ദിവസത്തോട് കൃത്യമായി ചേരാത്തതിനാല്‍ അവ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓരോ ദിവസവും വ്യത്യസ്ത സമയത്താവും .
ചാന്ദ്രരാശികള്‍
ഭാരതത്തില്‍ വേദകാലം മുതല്‍ പ്രചാരത്തിലുള്ളവയാണ് ചാന്ദ്രരാശികൾ. ചന്ദ്രന്റെ പാതയില്‍ ഓരോ ദിവസവും വരുന്ന 27 നക്ഷത്രങ്ങളെയോ നക്ഷത്രക്കൂട്ടങ്ങളെയോ ആണ് അതിന് ആധാരമാക്കിയത്. പിന്നീട് അത് ക്രാന്തിവൃത്തത്തിലെ 130 20/ വരുന്ന ആകാശഭാഗമായി നിജപ്പെടുത്തി. സൂര്യന്റെ സ്ഥാനവും ചാന്ദ്രരാശിയെ ബന്ധപ്പെടുത്തിയാണ് വൈദികകാലത്ത് പറഞ്ഞിരുന്നത്. ആദ്യ നക്ഷത്രമായി അന്ന് കണക്കാക്കിയത് കാര്‍ത്തിക ആയിരുന്നു. ചാന്ദ്രമാസങ്ങള്‍ക്ക് പേരിട്ടത് പൗര്‍ണ്ണമി ഏത് നക്ഷത്രത്തിനു സമീപം വരുന്നു എന്നതിനനുസരിച്ച്. (ചൈത്രം, വൈശാഖം, ജ്യേഷ്ഠ, ആഷാഢം, …). ശകവര്‍ഷത്തില്‍ സൗരമാസങ്ങള്‍ക്കും ഈ പേരുകളാണ് നല്കിയിരിക്കുന്നത്. വസന്തത്തിലെ സമരാത്രദിനത്തിലാണ് വര്‍ഷാരംഭം നിശ്ചയിക്കപെട്ടിരുന്നത്. എന്നാല്‍ പുരസ്സരണം മൂലമുള്ള മാറ്റം പരിഗണിക്കാത്തതിനാല്‍ ശകവര്‍ഷത്തിന്റെ ആരംഭം സമരാത്രദിനത്തില്‍ നിന്ന് മാറിപോയിരുന്നു. പിന്നീട് 1957-ല്‍ ശകവര്‍ഷകലണ്ടര്‍ പരിഷ്കരിച്ചപ്പോള്‍ ഇപ്പോഴുള്ള സമരാത്രദിനമായ മാര്‍ച്ച് 21-ഓ 22-ഓ ആകും വിധമായി അത് ക്രമീകരിച്ചു.
സൗരരാശികള്‍
നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയുടെ പാറ്റേണില്‍ വിവിധരൂപങ്ങള്‍ സങ്കല്പിക്കുന്ന രീതി എല്ലാ പ്രാചീന സംസ്കാരങ്ങളിലും നിലനിന്നിരുന്നു. സൗരരാശികള്‍ക്കാധാരമായ Aries, Taurus, Gemini, Cancer, Leo, … Pisces (മേടം മുതല്‍ മീനം വരെയുള്ള നക്ഷത്ര രൂപങ്ങള്‍) ബാബിലോണിയക്കാരാണ് ആവിഷ്കരിച്ചത്. ബി സി ഇ അഞ്ചാം നൂറ്റാണ്ടോടെ അവയെ കാലഗണനക്കായി അവര്‍ ഉപയോഗിച്ചു തുടങ്ങി.
1 മുതല്‍ 6 വരെയുള്ള സംഖ്യകള്‍ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യയായ 60-നെ അടിസ്ഥാനമാക്കിയാണ് ബാബിലോണിയന്‍ സംഖ്യാസമ്പ്രദായം രൂപം കൊണ്ടത്. അതിനാല്‍ 12, 30, 360 തുടങ്ങിയ സംഖ്യകളും അവര്‍ക്ക് പ്രധാനമായിരുന്നു. ഒരുവര്‍ഷം മിക്കവാറും 12 ചാന്ദ്രമാസങ്ങളാണ് ഉള്ളത്. അതിനാല്‍ ആകാശഗോളങ്ങളെ സ്ഥാനപ്പെടുത്താന്‍, ക്രാന്തിവൃത്തത്തിന്റെ ഇരുപുറവുമായി 20 ഡിഗ്രി വിസ്തൃതിയില്‍ വരുന്ന ആകാശഭാഗത്തെ അവര്‍ 12 തുല്യഭാഗങ്ങളായി വീതിച്ചു . (ക്രാന്തിവൃത്തം എന്നത് ഖഗോള മധ്യരേഖക്ക് 23.5 ഡിഗ്രി ചരിഞ്ഞ് സൂര്യന്‍ നക്ഷത്രമണ്ഡലത്തില്‍ സഞ്ചരിക്കുന്നതായി കാണുന്ന വൃത്തമാണ്) . അതിന്റെ തുടക്കബിന്ദുവായി കണക്കാക്കിയത് വസന്തത്തിലെ സമരാത്ര ദിനത്തില്‍ (Vernal Equinox) സൂര്യന്‍ വരുന്ന ബിന്ദു അഥവാ ക്രാന്തിവൃത്തവും ഖഗോള മധ്യരേഖയും സന്ധിക്കുന്ന ബിന്ദുവാണ്. ആ മുപ്പത് ഡിഗ്രിയില്‍ അക്കാലത്ത് കണ്ടിരുന്ന നക്ഷത്ര രൂപമായ Aries എന്ന് ആ രാശിക്ക് പേരുനൽകി. തുടക്കബിന്ദുവിനെ Point of Aries എന്നും. ഇതുപോലെ ഓരോ 30 ഡിഗ്രിയിലും അന്ന് കണ്ട നക്ഷത്രകൂട്ടത്തിന് അവര്‍ വിളിച്ച പേരിലുമായിരുന്നു ആ രാശി അറിയപ്പെട്ടത്.
സി ഇ രണ്ടാം നൂറ്റാണ്ടോടെയാണ് ഗ്രീക്കുകാര്‍ വഴി 30 ഡിഗ്രി വീതമുള്ള സൗരരാശികള്‍ ഭാരതത്തില്‍ പ്രചാരമായത്. സൗരരാശികള്‍ക്ക് തത്തുല്യമായ സംസ്കൃതപദങ്ങളും സ്വീകരിക്കപ്പെട്ടു. (മേഷം, വൃഷഭം, മിഥുനം …). രാശികള്‍ കണക്കാക്കാനുള്ള തുടക്കബിന്ദു അപ്പോള്‍ വസന്തവിഷുവത്തില്‍ സൂര്യന്‍ എത്തിയിരുന്ന ബിന്ദുവായി. ചാന്ദ്രരാശികളും അതിനനുസൃതമായി ക്രമീകരിച്ചപ്പോള്‍ ആദ്യ നക്ഷത്രം അശ്വിനിയായി. ഒരു സൗരരാശിയിൽ രണ്ടേകാല്‍ ചാന്ദ്രരാശിയാണ് ഉണ്ടാവുക. 30-31 ദിവസങ്ങളുള്ള സൗരമാസങ്ങളും ഇതോടൊപ്പം പ്രചാരത്തിലായി. മലയാളമാസത്തില്‍ മാസത്തിന്റെ പേരും കാലയളവും നിശ്ചയിക്കുന്നത് സൂര്യന്‍ ഏത് രാശിയില്‍ നില്ക്കുന്നു എന്നതിനെയും അത് മറികടക്കാന്‍ സൂര്യന് എത്ര ദിവസം വേണമെന്നതിനെയും ആശ്രയിച്ചാണ്.
ആഴ്ചകള്‍
മാസം താരതമ്യേന അല്പം ദീര്‍ഘിച്ച കാലയളവായതിനാലാവാം ചാന്ദ്രമാസത്തിന്റെ ഏകദേശം നാലിലൊന്ന് ദൈര്‍ഘ്യമുള്ള ആഴ്ച ഉപയോഗിച്ചുതുടങ്ങിയത്. ഓരോ ഗ്രഹത്തിന്റെയും (സൂര്യനും ചന്ദ്രനും ഉള്‍പ്പടെ)പേരില്‍ ദിവസത്തിന് പേര്‍ നല്കി ഏഴു ദിവസമുള്ള ആഴ്ച ആവിഷ്കരിച്ചത് ബാബിലോണിയക്കാരാണ്. അതാണ് പിന്നീട് ഗ്രീക്കുകാര്‍ മുഖേന ഇന്ത്യയിലേക്കെത്തിയത്.
കൃഷിക്കും ആചാരങ്ങള്‍ക്കുമായിരുന്നു മുമ്പ് കലണ്ടര്‍ പ്രധാനമായും പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ഇന്ന് നമ്മുടെ സാമൂഹ്യജീവിതം ആകെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കലണ്ടറുകളുടെ അടിസ്ഥാനത്തിലാണ്. ആധുനിക കാലത്തേക്ക് കടന്നപ്പോള്‍ പണ്ട് ആവിഷ്കരിക്കപ്പെട്ട കലണ്ടറുകളില്‍ കാലയളവുകളെ പരസ്പരം ബന്ധപ്പെടുത്താനുതകുംവിധം അളവില്‍ തന്നെ ചിലമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മാസത്തിന്റെയും വര്‍ഷത്തിന്റെയും ദൈര്‍ഘ്യമെല്ലാം ആ വിധം മാറ്റിയിട്ടുണ്ട്. ഒപ്പം ശാസ്ത്രീയ അറിവുകളുടെ വെളിച്ചത്തില്‍ അപ്രസക്തമെന്ന് തിരിച്ചറിഞ്ഞിട്ടും ഓരോ നാട്ടിലും നിലനിന്ന ആചാരങ്ങള്‍ പലതിനെയും നിലനിര്‍ത്തിയും ആണ് ഇന്ന് നാം കാണുന്ന ആധുനികകലണ്ടറുകള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
കലണ്ടറുകള്‍ ഉപയോഗിച്ച് സൂര്യോദയത്തിന്റെ സമയം, സ്ഥാനം, ചന്ദ്രന്റെ കാഴ്ചയിലെ വലിപ്പം, ചന്ദ്രനും സൂര്യനും തമ്മിലെ ആകാശ അകലം എന്നിവ മനസ്സിലാക്കാം. നഗ്നനേത്രം കൊണ്ട് കാണാനാകുന്ന അഞ്ച് ഗ്രഹങ്ങള്‍ എവിടെ എന്നറിയാന്‍ കലണ്ടറിലെ ഗ്രഹനില സഹായിക്കും. എന്നാല്‍ നമ്മുടെ കലണ്ടറില്‍ കൊടുക്കുന്ന ഗ്രഹനില പ്രധാനമായും ജ്യോതിഷ വിശ്വാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ്. ഭൂകേന്ദ്രീകൃതമായ ആകാശവീക്ഷണത്തില്‍ സൂര്യനും ചന്ദ്രനും അഞ്ചുഗ്രഹങ്ങളും കൂടാതെ ഗ്രഹണകാരണമായി സങ്കല്പിക്കപ്പെട്ട രാഹുവും കേതുവും കൂടി എവിടെ നില്‍ക്കുന്നു എന്ന് കള്ളിയാക്കി രേഖപ്പെടുത്തിയതാണ് കലണ്ടറില്‍ കാണിക്കുന്ന ഗ്രഹനില. ഇവിടെ ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നത് സൗരരാശികള്‍ അനുസരിച്ചാണ്. എന്നാല്‍ ഈ സൗരരാശികള്‍ പാശ്ചാത്യ ലോകത്തും നമ്മുടെ നാട്ടിലും ഒരുപോലെയല്ല കണക്കാക്കുന്നത് . ആധുനിക ജ്യോതിശ്ശാസ്ത്രം ഇന്നുപയോഗിക്കുന്ന സ്ഥാന നിര്‍ണ്ണയരീതിയിയാകട്ടെ ഇതു രണ്ടില്‍ നിന്നും വ്യത്യസ്തവുമാണ്.
സി ഇ രണ്ടാം നൂറ്റാണ്ടില്‍ ആവിഷ്കരിച്ച ആ സൗരരാശികളാണ് നമ്മുടെ നാട്ടിലെ ജ്യോതിഷികള്‍ ഇന്നും ഉപയോഗിക്കുന്നത് . മലയാള മാസം കണക്കാക്കാന്‍ ഉപയോഗപ്പെടുത്തുന്നതും അതുതന്നെ. അതായത് സി ഇ രണ്ടാം നൂറ്റാണ്ടിലെ വസന്തവിഷുവത്തില്‍ സൂര്യന്‍ വരുന്ന സ്ഥാനം വെച്ചാണ് നമ്മുടെ കലണ്ടറുകളില്‍ രാശികള്‍ ഇന്നും കണക്കാക്കുന്നത്.
എന്നാല്‍ അന്നത്തെ വസന്ത വിഷുവമല്ല ഇന്നത്തേത്. ഭൂമിയുടെ പുരസ്സരണം മൂലം 72 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം എന്ന കണക്കില്‍ സമരാത്രദിനം മുന്നോട്ട് വരുമെന്ന് പറഞ്ഞല്ലോ. ഇന്ന് വസന്തവിഷുവ ബിന്ദു (Point of Aries) മാര്‍ച്ച് 21-നോ 22-നോ സൂര്യന്‍ എത്തുന്ന ആകാശബിന്ദുവാണ്. ഈ മാറ്റത്തിനനുസരിച്ച് പാശ്ചാത്യര്‍ സൗരരാശികളും മാറ്റി. അതായത് പാശ്ചാത്യര്‍ മാര്‍ച്ച് 21(മീനം 8) സൂര്യന്‍ എത്തുന്ന ബിന്ദുമുതല്‍ Aries, Taurus..എന്നിങ്ങനെയുള്ള രാശികള്‍ കണക്കാക്കുമ്പോള്‍ ഭാരതത്തില്‍ ഏപ്രില്‍ 14 ന് (മേടം 1) ന് സൂര്യന്‍ എത്തുന്ന ബിന്ദുമുതലാണ് 30 ഡിഗ്രി വീതമുള്ള രാശികള്‍ കണക്കാക്കുന്നത്. പാശ്ചാത്യജ്യോതിഷികള്‍ അവരുടെ രാശിയും ഭാരതത്തിലെ ജ്യോതിഷികള്‍ ഇവിടുത്തെ രാശിയും അടിസ്ഥാനമാക്കി ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കി ഗ്രഹനില കണക്ക് കൂട്ടുന്നു.
രാശിയടിസ്ഥാനത്തിലുള്ള ഗ്രഹനിലക്ക് ആധുനിക ജ്യോതിശ്ശാസ്ത്രത്തില്‍ പ്രാധാന്യമൊന്നുമില്ല.
പകരം ആകാശ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഖഗോള അക്ഷങ്ങളും (Celestial Coordinates ) നക്ഷത്രരാശികളും (Constellations) ഉപയോഗിച്ചാണ്.
എവിടെയും ഉപയോഗിക്കാവുന്ന ഖഗോള അക്ഷങ്ങളാണ് Declination-ഉം Right Ascension-ഉം. ഭൂപടങ്ങളിലെ അക്ഷാംശ രേഖക്കും രേഖാംശ രേഖക്കും സമാനമാണിത്. ഖഗോള മധ്യ രേഖയില്‍ നിന്ന് വടക്കോ തെക്കോ എത്ര ഡിഗ്രി മാറി എന്നതാണ് ഡക്ലിനേഷന്‍. Point of Aries (ഖഗോള മധ്യ രേഖയും ക്രാന്തിവൃത്തവും സന്ധിക്കുന്ന ബിന്ദു) ഉദിച്ചതിന് എത്ര സമയം മുമ്പോ പിമ്പോ ആണ് നമ്മള്‍ പരിഗണിക്കുന്ന നക്ഷത്രമോ ഗ്രഹമോ ഉദിക്കുന്നത് എന്നതാണ് റൈറ്റ് അസന്‍ഷന്‍. ഒരു മണിക്കൂര്‍ എന്നത് 15 ഡിഗ്രി എന്ന തോതില്‍ കണക്കാക്കിയാല്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ എത്ര ഡിഗ്രി മാറി അതെന്ന് കണ്ടുപിടിക്കാനാവും.
ഒരു സ്ഥലത്ത് നിന്ന് എളുപ്പത്തില്‍ കണക്കാക്കാന്‍ പറ്റുന്ന അക്ഷങ്ങളാണ് ആള്‍റ്റിറ്റ്യൂഡും അസിമത്തും. ആകാശവസ്തു ചക്രവാളത്തില്‍ നിന്ന് എത്ര ഉയരെ അല്ലെങ്കില്‍ താഴെ എന്നതാണ് ആള്‍റ്റിട്യൂഡ്. അത് 0 മുതല്‍ 90ഡിഗ്രി വരെ പോസിറ്റീവോ നെഗറ്റീവോ ആയിരിക്കും. നേര്‍വടക്ക് നിന്ന് പ്രദക്ഷിണദിശയില്‍ എത്ര ഡിഗ്രി മാറിയെന്നതാണ് അസിമത്ത്. അത് 0 മുതല്‍ 360 ഡിഗ്രി വരെ ആകാം.
നക്ഷത്രങ്ങളെ വിവിധ സംസ്കാരങ്ങള്‍ ഓരോ രൂപവും സങ്കല്പിച്ച് പേരിട്ടു വിളിച്ചു എന്ന് പറഞ്ഞു. ഇരുപതാം നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ ഏകദേശം നൂറോളം നക്ഷത്രക്കൂട്ടങ്ങളെ ഈ വിധം പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനു പുറത്തും നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. 1920-കളിലാണ് അന്തരാഷ്ട്ര ആസ്ട്രോണമിക്കല്‍ യൂണിയന്‍ നക്ഷത്രമണ്ഡലത്തെ ആകെ 88 നക്ഷത്ര രാശികളായി വിഭജിച്ചത്. അപ്പോള്‍ ആ രൂപം സങ്കല്പിക്കാനുതകുന്ന നക്ഷത്രങ്ങള്‍ മാത്രമല്ല, കൃത്യമായി നിര്‍വചിച്ച അതിര്‍ത്തിക്കുള്ളില്‍ വരുന്ന നക്ഷത്രങ്ങളെയെല്ലാം ആ രാശിയുടെ ഭാഗമാക്കി. നക്ഷത്ര രാശിയിലെ (Constellation) നക്ഷത്രങ്ങള്‍ക്ക് പേര് വിളിക്കുന്നത് അതിലെ നക്ഷത്രങ്ങളുടെ കാന്തിമാനത്തിന്റെ ക്രമമനുസരിച്ച് ഗ്രീക്ക് അക്ഷരമാല ഉപയോഗപ്പെടുത്തിയാണ്. അതായത് ആൽഫാ സെൻ്റോറി എന്നാല്‍ സെന്റാറസ് നക്ഷത്രഗണത്തിലെ ഏറ്റവും ശോഭയുള്ള നക്ഷത്രം. എപ്സിലോണ്‍ കാപല്ല എന്നാല്‍ കാപെല്ലാ നക്ഷത്രഗണത്തിലെ അഞ്ചാമത് ശോഭയുള്ള നക്ഷത്രം. പക്ഷേ ഓരോ രാശിയിലും നിരവധി നക്ഷത്രങ്ങളുണ്ട്. അവയെയെല്ലാം പേരുചൊല്ലി വിളിക്കേണ്ടി വരുന്നതിനാല്‍ ആ രീതിയോടൊപ്പം കാന്തി മാനത്തിന്റെ ക്രമത്തില്‍ എണ്ണല്‍സംഖ്യകള്‍ രാശിയോട് ചേര്‍ത്തും ഇന്ന് സൂചിപ്പിക്കുന്നുണ്ട്. അതായത് 61 Cygni എന്നാല്‍ Cygnus നക്ഷത്ര രാശിയിലെ 61-മത് ശോഭയുള്ള നക്ഷത്രം.
സൗരരാശിയും (Zodiac) നക്ഷത്രരാശിയും (Constellation) തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഒരിക്കല്‍ കൂടി വ്യക്തമാക്കാം. സൗരരാശിയെന്നാല്‍ ക്രാന്തി വൃത്തത്തെ 30 ഡിഗ്രി ദൈര്‍ഘ്യത്തില്‍ ഭാഗിച്ചതാണ്. ഓരോ രാശിയും ഒരു ദീര്‍ഘചതുരമാണെന്ന് പറയാം. എന്നാല്‍ നക്ഷത്ര രാശികള്‍ക്ക് എല്ലാം ഒരേ ആകൃതിയോ വലിപ്പമോ അല്ല. ക്രാന്തിവൃത്തത്തില്‍ വരുന്ന നക്ഷത്രരാശികള്‍ക്കും സൗരരാശികളുടെ പേര് തന്നെയാണെങ്കിലും അവരണ്ടും ഒന്നല്ല. ക്രാന്തി വൃത്തത്തിലെ വൃശ്ചികം നക്ഷത്രരാശി (Scorpio Constellation) 5 ഡിഗ്രിയോളമേ വരൂ. എന്നാല്‍ മിഥുനവും (Gemini constellation) കന്നിയും (Virgo constellation) 45 ഡിഗ്രിയോളം വരും. കൂടാതെ ഒഫിയൂക്കസ് എന്ന നക്ഷത്രരാശിയും ഒറിയോണ്‍, സീറ്റസ് രാശികളുടെ കുറച്ചുഭാഗം വീതവും ക്രാന്തിവൃത്തത്തിനു ചുറ്റുമുള്ള 20ഡിഗ്രി പാതയില്‍ വരുന്നുണ്ട്.
അപ്പോള്‍ കൗുകകരമായ കാര്യം രാശികളെ നിര്‍വചിക്കുന്നതിനനുസരിച്ച് ഗ്രഹനിലയും മാറും എന്നതാണ്.
2025 ജനുവരി 1-ന്റെ മൂന്ന് വിധത്തിലുമുള്ള ഗ്രഹനിലയും എപ്രകാരമെന്ന് നോക്കാം. അത് കൂടാതെ നക്ഷത്രരാശികളില്‍ സൂര്യന്‍ കടക്കുന്ന ഒരു വര്‍ഷത്തെ പട്ടികയും ചുവടെ ചേര്‍ക്കുന്നു.
ജ്യോതിഷ പ്രവചനത്തിന്റെ അര്‍ത്ഥശൂന്യത ബോധ്യപ്പെടാന്‍ ഈ പട്ടികകള്‍ സഹായകമാകും.
2025 ജനുവരി 1-ന്റെ ഗ്രഹനില
പാശ്ചാത്യ രീതി
(പുരസ്സരണം മൂലം വന്ന മാറ്റം കണക്കിലെടുത്തത്) | ഭാരതീയ രീതി
(സി ഇ രണ്ടാം നൂറ്റാണ്ടിലെ രാശികളുടെ സ്ഥാനം അതേ നിലയില്‍) | ആധുനിക രീതി
ഏത് നക്ഷത്രരാശി(Constellation) | |
ബുധന്‍ | ധനു | വൃശ്ചികം | ഒഫിയൂക്കസ് |
ശുക്രന് | കുംഭം | കുംഭം | കുംഭം |
ചൊവ്വ | ചിങ്ങം | കര്‍ക്കടകം | കര്‍ക്കിടകം |
വ്യാഴം | മിഥുനം | ഇടവം | ഇടവം |
ശനി | മീനം | കുംഭം | കുംഭം |
യുറാനസ് | ഇടവം | ഇടവം | ഇടവം |
നെപ്ട്യൂണ്‍ | മീനം | മീനം | മീനം |
സൂര്യന് | മകരം | ധനു | ധനു |
ചന്ദ്രന്‍ | മകരം | മകരം | മകരം |
ഗ്രഹങ്ങളുടെ സ്ഥാനം-ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ രീതി
നക്ഷത്രരാശി | കാന്തിമാനം | ഉദയം | ഉച്ച | അസ്തമയം | ആള്‍റ്റിട്യൂഡ് | അസിമത്ത് | റൈറ്റ് അസന്‍ഷന്‍ | ഡക്ലിനേഷന്‍ | |
ബുധന്‍ | ഒഫിയൂക്കസ് | -0.37 | 09.51am | 3.43pm | 9.35pm | 47.17 | 123.23 | 22h3m | -22.02 |
ശുക്രന് | കുംഭം | -4.46 | 04.06am | 10.23am | 2.40pm | -43.69 | 308.65 | 8h43m | -13.45 |
ചൊവ്വ | കര്‍ക്കടകം | -1.2 | 7.38pm | 2.03am | 08.22am | -54.24 | 343.96 | 8h20m | 23.58 |
വ്യാഴം | ഇടവം | -2.73 | 4.08pm | 10.26pm | 4.49am | -36.41 | 52.39 | 4h47m | 21.78 |
ശനി | കുംഭം | 0.97 | 10.50am | 4.46pm | 10.41pm | 35.45 | 107.69 | 23h6m | -7.91 |
യുറാനസ് | ഇടവം | 5.65 | 2.49pm | 9.04pm | 03.24am | -20.39 | 65.47 | 3h25m | 18.44 |
നെപ്ട്യൂണ്‍ | മീനം | 7.9 | 11.32am | 5.32pm | 11.31pm | 25.96 | 97.74 | 23h52m | -2.25 |
രാശികളിലേക്ക് സൂര്യന് കടക്കുന്ന ദിവസം
ആധുനിക ജ്യോതിശ്ശാസ്ത്രം (നക്ഷത്രരാശി) | പാശ്ചാത്യ ജ്യോതിഷം | ഭാരതീയ ജ്യോതിഷം | |
മേടം | ഏപ്രില്‍18 | മാര്‍ച്ച് 19 | ഏപ്രില്‍ 14 |
ഇടവം | മെയ് 14 | ഏപ്രില്‍ 19 | മെയ് 15 |
മിഥുനം | ജൂണ്‍ 21 | മെയ് 20 | ജൂണ്‍ 15 |
കര്‍ക്കിടകം | ജൂലൈ20 | ജൂണ്‍ 20 | ജൂലൈ16 |
ചിങ്ങം | ആഗസ്ത് 10 | ജൂലായ് 22 | ആഗസ്റ്റ് 17 |
കന്നി | സെപ്തംബര്‍16 | ആഗസ്റ്റ് 22 | സെപ്തംബര്‍ 17 |
തുലാം | ഒക്ടോബര്‍31 | സെപ്തംബര്‍22, | ഒക്ടോബര്‍17 |
വൃശ്ചികം | നവംബര്‍ 23 | ഒക്ടോബര്‍ 22 | നവംബര്‍ 16 |
ഒഫിയൂക്കസ് | നവംബര്‍ 29 | … | .. |
ധനു | ഡിസംബര്‍ 17 | നവംബര്‍ 21 | ഡിസംബര്‍ 16 |
മകരം | ജനുവരി19 | ഡിസംബര്‍21 | ജനുവരി 14 |
കുംഭം | ഫെബ്രുവരി16 | ജനുവരി 20 | ഫെബ്രുവരി 13 |
മീനം | മാര്‍ച്ച് 12 | ഫെബ്രുവരി 18 | മാര്‍ച്ച് 15 |
വർഷം , മാസം, ആഴ്ച്ച, ദിവസം – കാലഗണനയും വാനനിരീക്ഷണവും
വാനനിരീക്ഷണവും മാനവചരിത്രവും
അധിക വായനയ്ക്ക്
- മാനത്ത് നോക്കുമ്പോൾ
- ഭൂമിയുടെ ചരിവും മാനവ സംസ്കാരവും
- ഭൂമിയുടെ പരിക്രമണവും സൗരരാശികളും
- തനതു ചലനങ്ങളും ആരോപിത ചലനങ്ങളും
- രാശിരൂപങ്ങളും സൗരകലണ്ടറും
- ചാന്ദ്രപഥവും ജന്മനക്ഷത്രങ്ങളും
- മുകളും താഴെയും
- കാലവും കലണ്ടറും – വീഡിയോയും കുറിപ്പും
- രാശിചക്രവും സൗരകലണ്ടറിന്റെ ആവിർഭാവവും
- രാത്രിയിലെ ആകാശക്കാഴ്ചകളും സമയഗണനയും – അനുബന്ധ അവതരണം
- ആകാശത്തൊരു ഭീമൻക്ലോക്ക്
- ജനുവരി 1 – പുതവർഷമായതെങ്ങനെ ?
- അതെന്താ ഫെബ്രുവരിക്ക് മാത്രം 28 ദിവസം
- മാർച്ച് 20/21 – യഥാർത്ഥ വിഷു
- കണിക്കൊന്ന നേരത്തെ പൂക്കുന്നതെന്തേ ?
- സെപ്റ്റംബർ 22/23 – സൂര്യൻ കൃത്യം കിഴക്കുതിക്കും.
- നിഴലില്ലാ നേരം
- സിറിയസ് നക്ഷത്രത്തെ കാണാം
- തിരുവോണത്തിന്റെ നക്ഷത്രവഴി
Ask LUCA യിൽ പ്രസിദ്ധീകരിച്ചവ
- ആഴ്ചകൾ എങ്ങനെ ഉണ്ടായി?
- ഞായറാഴ്ച്ച പൊതു അവധിയായത് എങ്ങനെ ?
- കാർത്തികവിളക്കിന്റെ സമയത്ത് ആകാശത്തെന്താണ് സംഭവിക്കുന്നത്?
- 12 വർഷത്തെ വ്യാഴവട്ടം എന്ന് പറയാൻ കാരണമെന്ത്?